അവര്‍ ചിറകടിച്ച് ഉയരട്ടെ – അജിത് രവി

അവര്‍ ചിറകടിച്ച് ഉയരട്ടെ – അജിത് രവി

MW-BZ111_cute_b_MG_20140411074006

ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതല്‍ മാതാപിതാക്കള്‍ സ്വപ്നം കാണുവാന്‍ തുടങ്ങുന്നത് പതിവാണ്. അവര്‍ എങ്ങിനെ വളരണം, എന്തായിത്തീരണം, സ്വഭാവം, അവരുടെ ജീവിതപങ്കാളി….പിന്നെ ഇതൊക്കെ എപ്പോള്‍ എങ്ങിനെ അവര്‍ നിറവേറ്റണം എന്നിങ്ങനെയുള്ള മാതാപിതാക്കളുടെ കണക്ക് കൂട്ടലുകള്‍. ചില മാതാപിതാക്കളെ സംബന്ധിച്ച് മക്കളുടെ സന്തോഷവും അവരുടെ ആഗ്രഹങ്ങളും ആണ് പ്രധാനം. കുട്ടികള്‍ സന്തുഷ്ടരാണെങ്കില്‍ അവരും സന്തുഷ്ടരാണ്. എന്നാല്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് കുട്ടികള്‍ നീങ്ങുന്നതിനുവേണ്ടി നിരന്തരം സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി അവസാനം കലം ഉടയ്ക്കുന്ന അവസ്ഥ ഉണ്ടാക്കുന്ന മാതാപിതാക്കളാണെങ്കിലോ…..? ഞാന്‍ അവരോടാണ് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നത്. ദയവായി ക്ഷമയോടെ കേള്‍ക്കുക.

നിങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിരു ന്നു…….എന്താ ശരിയല്ലേ? അതുപോലെ നിങ്ങളുടെ കുട്ടികള്‍ക്കും അവരുടേ തായ സ്വപ്നങ്ങള്‍ ഉണ്ടാകുമല്ലോ. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ആഗ്രഹങ്ങള്‍ അവരുടെ ചുമലില്‍ കെട്ടിവയ്ക്കുന്നത്. നിങ്ങള്‍ക്ക് ഒരു പക്ഷേ അംഗീകരിക്കുവാന്‍ കഴിയാത്തതാണെങ്കിലും അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിന് സഹായിക്കുന്നതല്ലേ കൂടുതല്‍ ഉചിതം? എന്തിനാണ് ഏത് നേരവും പഠനം എന്ന പേരില്‍ അവരുടെ പിന്നാലെ നടക്കുന്നത്? ജീവിതത്തില്‍ പഠനം മാത്രമല്ല പ്രധാനം. കുട്ടികള്‍ കലാ – കായിക രംഗങ്ങളില്‍ അഭ്യസിക്കുന്നതും അവര്‍ക്ക് ഭാവിയില്‍ ഒരു മികച്ച ജീവിതമാര്‍ഗ്ഗം തുറന്ന് കൊടുത്തേക്കാം. എന്ന് കരുതി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കായികരംഗവും, നിങ്ങള്‍ ഇഷ്ടപ്പെട്ട സംഗീത ഉപകരണവും തിരഞ്ഞെടുക്കുവാന്‍ നിര്‍ബന്ധിക്കരുത്. അവര്‍ക്ക് എന്താണോ ഇഷ്ടം അത് നിങ്ങള്‍ മനസ്സിലാക്കി അതിനുള്ള സൗകര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്.

എന്റെ പഠനം  വരെ എത്തുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ പഠനം മാത്രമല്ല ജീവിതം എന്ന് ഞാന്‍ തിരിച്ചറിയുന്നു. കൂടാതെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠനത്തിന് പ്രായപരിധി ഇല്ല എന്ന കാര്യം നാം ഓര്‍ക്കണം. ഇരുപത് വയസ്സ് പ്രായത്തില്‍ രണ്ടാം ബിരുദാനന്തര ബിരുദവും എം.ബി.എ.യുമൊക്കെ കരസ്ഥമാക്കിയ യുവാക്കളെയും അവരുടെ മാതാപിതാക്കളെയും എനിക്കറിയാം. ജീവിതത്തില്‍ ഓരോ ദിവസവും നമുക്ക് പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ളതാണ്. അതിനാല്‍ പഠനങ്ങള്‍ക്ക് നിശ്ചിത പ്രായപരിധി കല്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. മാതാപിതാക്കളെ സംതൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ഒരു പുസ്തകപ്പുഴു ആകുന്നതിനുപകരം നിങ്ങളുടെ ബാല്യവും, കൗമാരവും കൂടുതല്‍ ആസ്വദിക്കുകയാണ് വേണ്ടത്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മാതാപിതാ ക്കളോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്നതിനും അവര്‍ക്ക് നിങ്ങളെ മനസ്സിലാക്കുവാനും സാധിക്കും. അത് ഒരു ഭാഗ്യമാണ്. അല്ലാത്ത പക്ഷം പിന്നീട് ഓര്‍മ്മിച്ചുവയ്ക്കുവാന്‍ നല്ല അനുഭവങ്ങള്‍ ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ലഭിച്ചില്ലെന്ന് വരും.

മാതാപിതാക്കള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കേണ്ടതായ ഒരു കാര്യം ഉണ്ട്. കുട്ടികളുടെ അല്ലെങ്കില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധ്യമാക്കുന്നതിന് പാഠഭാഗങ്ങള്‍ അവരുടെ തലയിലേക്ക് കുത്തിനിറയ്ക്കുകയല്ല വേണ്ടത്. ഇത്തരം രീതി അവരുടെ സ്വാഭാവിക മാനസിക വളര്‍ച്ചയെയും, അവരുടെ ചിന്തകള്‍, ഭാവനകള്‍ ഇവയൊക്കെ മുരടിപ്പിക്കുവാന്‍ കാരണമാകും. പഠനത്തിന് ഇടയില്‍ വിശ്രമവും ചെറിയ കളികളും കുട്ടികള്‍ക്ക് അനിവാര്യമാണ്. അതുപോലെ ഇടയ്ക്കുള്ള ചെറിയ വിനോദസഞ്ചാരങ്ങളും കുട്ടികളുടെ മാനസികവളര്‍ച്ചയ്ക്ക് സഹായകരമാകും.

വിനോദസഞ്ചാരങ്ങള്‍ നമ്മുടെ ലോകത്തെ, പ്രകൃതിയെ മനസ്സിലാക്കുവാനും, നമ്മുടെ വിവിധ സംസ്‌ക്കാരങ്ങളെ തിരിച്ചറിയുവാനും അവരെ പ്രാപ്തരാക്കും. പുതിയ ഭാഷകള്‍ ആ നാട്ടിലെ ജനങ്ങളുടെ ജീവിതം ഇവയൊക്കെ കുട്ടികള്‍ക്ക് പുതിയ അനുഭവമാകും. സ്വന്തം നാടിന് പുറത്ത് ജോലി ലഭിക്കുന്നവര്‍ക്ക്, ആ ദേശത്ത് നല്ല രീതികള്‍ തിരഞ്ഞെടുക്കുവാനും പുതിയ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടുവാനും കുട്ടിക്കാലത്ത് ലഭിക്കുന്ന അനുഭവങ്ങള്‍ ഉപകരിക്കും. അവരുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍ ഇവയെക്കുറിച്ച് സ്വന്തമായി ഒരു ധാരണയുണ്ടാകും. ശാരീരിക – മാനസിക വളര്‍ച്ചകള്‍ പരസ്പര പൂരകങ്ങളാണ്. അതിനാല്‍ നിങ്ങളുടെ കുട്ടികള്‍ അവരുടെ ഭാവനകളെ ആസ്വദിക്കട്ടെ, അവരുടെ ക്രിയാത്മകത വളരട്ടെ. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ അവരെ ഒരിക്കലും നിര്‍ബന്ധിക്കരുത്. മക്കളെന്ന നിലയില്‍ നാമെല്ലാവരും നമ്മുടെ മാതാപിതാ ക്കളെ ബഹുമാനിക്കുകയും, സ്‌നേഹിക്കുകയും അവര്‍ക്ക് അഭിമാനകരമായ പ്രവൃത്തികള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മളെ സ്വതന്ത്രരായി, നമ്മള്‍ നമ്മളായിരിക്കേണ്ടത് ആവശ്യമാണ്. അത് നമ്മുടെ വളര്‍ച്ചയുടെ ഭാഗമാണ്. പുസ്തകങ്ങളും, പരീക്ഷകളും മാത്രമല്ലാതെ നിരവധി കാര്യങ്ങള്‍ ഈ ഭൂമുഖത്ത് കുട്ടികള്‍ അറിയുവാനുണ്ട്. പഠനത്തോടൊപ്പം കുട്ടികളില്‍ ക്രിയാത്മകതയും വളരട്ടെ.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.