ലണ്ടന് സിറ്റിയിലെ വിസ്മയാവഹമായ കാഴ്ച്ചകൾ

ലണ്ടന് സിറ്റിയിലെ വിസ്മയാവഹമായ കാഴ്ച്ചകൾ

 

                                               

 1841 – ൽ സ്ഥാപിതമായ പ്രശസ്തമായ തോമസ് കുക്ക്  എന്ന വിനോദസഞ്ചാരകന്വനി വഴിയാണ്, ഞങ്ങൾ യൂറോപ്പ് യാത്ര നടത്തിയത്. യൂറോപ്പ് സന്ദർശിക്കുന്നവരുടെയൊക്കെ സ്വപ്നമാണല്ലോ ഇംഗ്ലണ്ടിൽ പോവുകയെന്നത്., അതിനായി ആദ്യം യു.കെ. സന്ദർശനവിസ ശരിയാക്കി. പിന്നീട് യു.കെ. ഒഴിച്ചുള്ള മറ്റ് യൂറോപ്പ്യൻ രാജ്യങ്ങൾ   സന്ദർശിക്കാനുള്ള  ഷെങ്കൻ  വിസയും ലഭ്യമാക്കി.

 

 വലിയ പ്രതീക്ഷയോടെ ലണ്ടൻ  സിറ്റിയിൽ ചെന്നിറങ്ങിയപ്പോൾ , ആദ്യകാല എയറോഡ്രോമെന്ന വിശേഷണം കൊണ്ട് പ്രശസ്തിയാർജ്ജിച്ചതാണെങ്കിലും, കാലാനുസൃതമായ മോടി കൂട്ടാത്ത, ആധുനികസൗകര്യങ്ങൾ  ഏർപ്പെടുത്തിയിട്ടുള്ള എയറോഡ്രോമാണ് ലണ്ടൻ  സിറ്റിയിലുള്ളതെന്ന് മനസ്സിലായി. .ഞങ്ങൾ  അവിടെയെത്തിയദിവസം യാത്രാക്ഷീണം തീർക്കുവാനുള്ള  സമയം ലഭിച്ചെങ്കിലും പിറ്റേ ദിവസം മുതൽ വിശ്രമമില്ലാത്ത യാത്രകളായിരുന്നു.

 

ടൂർ മാനേജർ സ്വയം പരിചയപ്പെടുത്തിയശേഷം, നാളെ ലണ്ടൻ  സിറ്റി സന്ദർശത്തിന് തയ്യാറായി രാവിലെ കൃത്യസമയത്ത് റിസപ്ഷൻ  ഹാളിൽ എത്തണമെന്ന് അറിയിച്ചശേഷം, ഞങ്ങളുടെ യാത്രാപ്രോഗ്രാമനുസരിച്ച് ലണ്ടൻ  സിറ്റി കാഴ്ചകൾ  കാണുന്നതിന് ഒരു ദിവസം മാത്രമേയുള്ളൂവെന്നും എന്നാൽ ഒരൊറ്റ ദിവസം കൊണ്ട് ലണ്ടൻ  മുഴുവനും  സന്ദർശിക്കാനൊക്കില്ലന്നും, എന്നാലും തെരഞ്ഞെടുത്ത പ്രധാനസ്ഥലങ്ങൾ  സന്ദർശിക്കുമെന്നും പറഞ്ഞു.

തലേദിവസം പറഞ്ഞിരുന്നതുപോലെ എല്ലാവരും കൃത്യസമയത്ത് തന്നെയെത്തി. ഞങ്ങളോടൊപ്പം ഒരു ഗൈഡ് ബസ്സിൽ കയറിയിട്ടുണ്ട്. അയാൾ  സ്വയം പരിചയപ്പെടുത്തിയ ശേഷം, ഈ സിറ്റി ലോകപ്രശസ്തി നേടിയ മ്യൂസിയങ്ങളും, കൊട്ടാരങ്ങളും രമ്യഹർമ്മ്യങ്ങളും, റോഡുകളും പാലങ്ങളും, നദികളും  കൊണ്ട് നിറഞ്ഞിരിക്കുന്ന വലിയ പട്ടണമാണെന്നുമൊക്കെ  വിവരിച്ചു .  ഏതായാലും ചരിത്രസ്മരണകൾ  ഉണർത്തുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ  കാണാമല്ലോയെന്ന ചിന്തയിൽ, ലണ്ടനിലെ പരിസരസൗന്ദര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു ഞാനുൾപ്പെടെയുള്ളവർ  

 

തിരക്കുള്ള സിറ്റിയിലൂടെ ഞങ്ങളുടെ ബസ് ചീറി പാഞ്ഞു പോകുന്നുണ്ടെങ്കിലും, നല്ല ഭംഗിയും വീതിയുമുള്ള പ്രത്യേകിച്ച് കർശനഗതാഗതാനിയമമുള്ള റോഡിലൂടെയുള്ള യാത്ര നല്ലൊരു കാർ യാത്ര ചെയ്യുന്നതിനേക്കാൾ  സുഖകരമായി അനുഭവപ്പെട്ടു. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള പൂന്തോട്ടത്തിന്റെയും കെട്ടിടങ്ങളുടെയും ഭംഗി ആസ്വദിച്ചിരിക്കുവാൻ  പറ്റുംവിധമുള്ള  ബസിലെ ഇരിപ്പിടങ്ങളും ചുറ്റിലും ചില്ലിട്ട ജാലകങ്ങളും, വിനോദയാത്രക്കാരുടെ മനസ്സറിഞ്ഞ് നിർമ്മിച്ചതായിരിക്കുമെന്ന് ഞാനോർത്തു.

 നാലുചക്രവാഹനങ്ങൾക്ക്  പാതയൊരുക്കിയത് പോലെ സൈക്കിൾ  സവാരിക്കാർക്കും പ്രത്യേകം  പാതകളുണ്ട്. അതിലൂടെ സ്വസ്തമായി നിരവധിയാളുകൾ  സൈക്കിൾ  സവാരി നടത്തുന്നത് എനിക്കൊരു പുതുമ നല്കിയ അനുഭവമായിരുന്നു.

 യൂറോപ്പ് സന്ദർശനത്തിൽ  ലണ്ടന് സിറ്റി ഒരിക്കലും ഒഴിച്ച് കൂടാനാവാത്തതിനാലാണ് സിറ്റിയിലെ തിരക്ക് അവഗണിച്ച് ഈ റൂട്ടിൽ യാത്ര ചെയ്യുന്നതെന്നും ഗൈഡ് വ്യക്തമാക്കി. അവിടെ ധാരാളം മ്യൂസിയമുണ്ടെങ്കിലും അതിലൊരണ്ണം മാത്രം കാണുവാനെ  സമയം ലഭിക്കൂവെന്നും സൂചിപ്പിച്ചു.

ഏതായാലും ചുരുങ്ങിയസമയം കൊണ്ട് ഞങ്ങൾ  ബക്കിംഗ്ഹാം കൊട്ടാരം, ഹൈഡ് പാർക്ക് , ദ ബിഗ് ബെന്, വെസ്റ്റ് മിനിസ്റ്റർ ആബി, ഹൗസ് ഓഫ് പാർലമെന്റ്, ട്രഫാൽഗർ സ്ക്വയർ, പിക്കാഡെലി സർക്കിൾ , ടവർ ബ്രിഡ്ജ്, റിവർ തൈയിംസ് എന്നിവ കാണുവാനുള്ള  സമയം കണ്ടെത്തി.

 

ഞങ്ങൾ  യാത്ര ചെയ്യുന്ന റോഡിനടിയിലൂടെ മെട്രോ പോവുന്നുണ്ടെന്നും, അത് പോവുന്ന ടണലിന് സമാന്തരമായി  എസ്.ഒ.എസ് ടണൽ ഉണ്ടെന്നും അത് കൊണ്ട് ടണലിൽ വെച്ച് അപകടം സംഭവിച്ചാൽ, ആബുലന്സിന്  അവിടെയ്ക്ക് അതിവേഗം പാഞ്ഞെത്തുവാനും അപകടത്തിൽപ്പെട്ടവരെ ഉടനടി ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകാനും കഴിയുമെന്നും ഗൈഡ് വിശദീകരിച്ചു.

 

സൈക്കിൾ  പാത്തിനെക്കുറിച്ച് ഞാൻ  പറഞ്ഞിരുന്നല്ലോ. സൈക്കിളുകൾ  വാടകയ്ക്ക് ഉപയോഗിക്കുവാൻ  തക്കവണ്ണം സർക്കാർ സംവിധാനമുണ്ട്. സൈക്കിളുകൾ  ഈ പാത്തിനരികെ നിരനിരയായി വെച്ചിരിക്കുന്നതു കാണാം.   ഓൺ  ലൈൻ  ബുക്ക് ചെയ്താൽ ആവശ്യക്കാർക്ക് എപ്പോൾ  വേണമെങ്കിലും സൈക്കിൾ  ഉപയോഗിക്കാവുന്ന വിധത്തിൽ നിരത്തിവെച്ചിരിക്കുന്നതും നല്ല ഭംഗിയുള്ള കാഴ്ചയായിരുന്നു.

ലണ്ടനിലെ പോഷ് സിറ്റിയിലൂടെ കടന്നു പോയപ്പോൾ  ഡബിൾ ഡക്കർ  ബസ്സുകളുടെ മുകളിലെ സീറ്റിൽ വിനോദസഞ്ചാരികൾ കൂളിംങ്ങ് ഗ്ളാസും തൊപ്പിയും വെച്ച്, നാടൻ  ഭാഷയിൽ പറഞ്ഞാൽ  സായിപ്പുമ്മാരും മദാമ്മമാരും യാത്രചെയ്യുന്ന  കാഴ്ച്ച പോലും നമുക്ക് രസം പകരും.

പോഷ് സിറ്റിയിലെ കടകളിൽ നിന്ന് കീരിടവകാശികൾ  അഞ്ച് വർഷം തുടർച്ചയായി എന്തെങ്കിലും വാങ്ങിയാൽ കീരീടത്തിന്റെ എബ്ളം നല്കും. അത് കടയിൽ വയ്ക്കുന്നത് വലിയ ബഹുമതിയായി കടക്കാർ കരുതുന്നു.

വെസ്റ്റ് മിനിസ്റ്റർ ആബിയിലെ പുണ്യസ്ഥലമാണ് സെന്റ് പീറ്റേഴ്സ് ചർച്ച്. പ്രശസ്തമായ ഈ പള്ളിയിലാണ് കീരിടധാരണചടങ്ങുകൾ  സംഘടിപ്പിക്കാറ്. ശവശരീരം മറവ് ചെയ്യുന്നതിനും പ്രത്യേക സംവിധാനമുണ്ടവിടെ

. പ്രധാനപ്പെട്ട പിക്കാഡ്ലി സർക്കിളിനരികെ കൂടെ ബസ്സ് കടന്നു പോയപ്പോൾ ലണ്ടനിൽ നല്ലൊരു പോലിസ് സംവിധാനമുണ്ടെന്ന് ഗൈഡ് പറഞ്ഞ് കഴിഞ്ഞയുടനെ തന്നെ എല്ലാവരും പാസ്പോർട്ടും വാലറ്റും സൂക്ഷിച്ചില്ലെങ്കിൽ കളവ് പോകുവാൻ  സാദ്ധ്യതയുണ്ടെന്നും സൂചിപ്പിച്ചപ്പോൾ  മനസ്സിൽ തമാശ തോന്നി.

ഞങ്ങൾ  വെസ്റ്റ് മിനിസ്റ്റർ ആബിയിൽ ഭരണതന്ത്രജ്ഞരുടെ ആവാസകേന്ദ്രമായ ബക്കിംഹാം കൊട്ടാരം കാണുവാൻ  ബസ്സിൽ നിന്നിറങ്ങി. ബസ്സ് പാർക്ക് ചെയ്തശേഷം കുറച്ച് ദൂരം നടന്നാലേ അവിടേയ്‌ക്കെത്തുള്ളു .

അപ്പോൾ  ഒരു കുതിരവണ്ടിയും കുറെ സംഘം ആളുകളുമായി ഒരു കൂട്ടർ റോഡിലൂടെ നടന്ന് പോവുന്നു. വണ്ടിയിൽ ഒരു വെള്ള കുതിരയേയും ഒരു ബ്രൗൺ  നിറമുള്ള കുതിരയേയുമാണ് കെട്ടിയിരിക്കുന്നത്. വണ്ടി ഓടിക്കുന്നത് പട്ടാളവേഷധാരിയായ സ്ത്രീ അതിന് പിന്നിൽ യൂണിഫോം ധരിച്ച കുറെ പടയാളികൾ . ആ കാഴ്ച കണ്ടപ്പോൾ  ഗൈഡ് പറഞ്ഞു. കൊട്ടാരത്തിലെ ആരെങ്കിലും വന്നിറങ്ങിയിട്ടുണ്ടാവും അവരെ സ്വീകരിക്കുവാൻ  പോവുന്ന രംഗമാണിത്.

കാലമെത്ര പുരോഗമിച്ചിട്ടും പഴയ പ്രതാപം നിലനിർത്തി കൊണ്ട് ഇന്നും രാജകീയപദവി ആസ്വദിച്ച് തന്നെയാണ് കീരിടാവകാശികൾ  ജീവിക്കുന്നത്. നമ്മുടെ രാജ്യത്തായിരുന്നെങ്കിൽ തന്റെ പദവിയനുസരിച്ച് വസ്ത്രധാരണം ചെയ്യുന്ന ഭരണാധികാരികളെ പോലും വിമർശിക്കുമല്ലോയെന്ന് ഞാൻ  ചിന്തിച്ചു പോയി.

കൊട്ടാരത്തിന് തൊട്ടടുത്ത് തന്നെയാണ് ഇംഗ്ളണ്ടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്നത്. തന്വുരാട്ടി പറന്വിൽ നിന്ന് ബക്കിംഹാമിലേക്ക് എന്ന പുസ്തകത്തിലെ ചെറുവിവരണമാണ് ഈ ലേഖനത്തിലുള്ളത്. ഈ ക്ലോക്കിന് അമിത പ്രധാന്യമാണ് നല്കിയിട്ടുള്ളത്. ഈയിടെ അതിന്റെ നൂറ്റിയന്വതാം വാർഷികം ആഘോഷിക്കുകയുണ്ടായി. 

ഞങ്ങൾ  കൊട്ടാരസന്ദർശനത്തിന് പോയത് അവിടെ ദിവസവും നടത്താറുള്ള മാർച്ച് പാസ്റ്റ് കാണുവാനാണ്. ആ കാഴ്ച കാണുവാൻ  ധാരാളം വിനോദസഞ്ചാരികൾ  എത്താറുണ്ട്. കൊട്ടാരത്തിന് മുന്നിലെ വലിയ വിസ്താരമുള്ള ചതുരാകൃതിയിലുള്ള സ്ഥലത്ത്, വെട്ടി നിരത്തിയ പച്ചപുൽത്തകിടിയുടെ ചുറ്റിനുമുള്ള പ്രതിമകൾ  സ്വർണ്ണം പോലെ വെട്ടി തിളങ്ങുന്നു. നാലുപാടുമുള്ള പരിസരം വിനോദസഞ്ചാരികളെ കൊണ്ട്  നിറഞ്ഞ് കവിഞ്ഞു. നമ്മുടെ നാട്ടിലാണെങ്കിൽ ഒരു ദേശീയഗാനം ആലപിക്കുന്നതിനോട് പോലും വിയോജിപ്പ് പ്രകടിപ്പിക്കുന്ന ജനങ്ങൾ  ഈ ആഘോഷങ്ങൾ  കാണേണ്ടത് തന്നെയാണ്.

മാർച്ച് പാസ്റ്റ് നല്ലൊരു കാഴ്ചതന്നെയായിരുന്നു. കുതിരപ്പുറത്ത് കുറെ പട്ടാളക്കാർ, അതിന് പിന്നാലെ ബാന്റും മേളവുമായി നടന്ന് നീങ്ങുന്ന മറ്റൊരു സംഘം പട്ടാളക്കാർ, കറുത്ത പാന്റസും നല്ല ചുവന്ന് മിന്നുന്ന കോട്ടും കറുത്ത നിറമുള്ള മിനുസമുള്ള രോമതൊപ്പിയും തിളങ്ങുന്ന ബാന്റ് ഉപകരണങ്ങൾ  കൈകളിലേന്തിയ ബാന്റമേളക്കാരുടെ മാർച്ച് പാസ്റ്റ് ഒരു തകർപ്പൻ  കാഴ്ച തന്നെയാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഈ ദൃശ്യം നേരിൽ കാണാനും കാഴ്ചകൾ  ക്യാമറകളിൽ പകർത്താനും നിരവധി പേർ ഇവിടെയെത്തുന്നു.

 നമ്മുടെ സ്വാതന്ത്രദിനത്തിൽ ഡൽഹിയിൽ നടക്കാറുള്ള പരിപാടിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അര മണിക്കൂർ നീണ്ട വർണ്ണാഭമായ പരിപാടി കെങ്കേമമായിരുന്നു. നല്ല തിരക്കുള്ളതിനാൽ എല്ലാവരും പാസ്പോർട്ട് കളയാതെ സൂക്ഷിക്കണമെന്ന് പലതവണ മുന്നറിയിപ്പ് ലഭിച്ചു .

മടങ്ങും വഴി, നിരവധി സിനിമകളിൽ ഇടം നേടിയിട്ടുള്ള ലണ്ടൻ  ബ്രിഡ്ജ് കണ്ടു. പാർലമെന്റെ സ്ക്വയറിൽ ഗാന്ധിജിയുടെയും നെൽസൺ  മണ്ടേലയുടെയും പ്രതിമകളും കൂടാതെ മറ്റു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

പള്ളികളിൽ കയറിയപ്പോൾ  നമ്മുടെ നാട്ടിലെ പോലെ അവിടെയും ഭിക്ഷക്കാരെ കണ്ടു. അവർ ഭിക്ഷക്കാരെന്ന് മനസ്സിലാവുന്നത് അവരുടെ കയ്യിൽ ഒരു പ്ളാസ്റ്റിക്ക് ഗ്ളാസുണ്ടാവും. ആവശ്യത്തിന് പൈസ ലഭിച്ചാൽ ഉടനെ അവർ സ്ഥലം വിടുകയും ചെയ്യും.

 

അവിടെ ധാരാളം ഇന്ത്യൻ  റെസ്റ്റോറണ്ടുകൾ  ഉണ്ട്. വെജ് ഫുഡ് കഴിക്കുവാൻ  ധാരാളം യൂറോപ്യൻസ്  എത്തുന്നു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ  ചെൽസിയ ടൂർണ്ണമെന്റ് ഫുഡ്ബോൾ  ഓഡിറ്റോറിയം കാണുവാൻ പോയി. അതൊരു നല്ല എക്സപീരിയന്സ് ആയിരുന്നു. കാണികൾ  ഇരിക്കുന്ന അതിമനോഹരമായ ഗ്യാലറി, മദ്ധ്യത്തിലായുള്ള കണ്ണിന് കുളിർമ നല്കുന്ന പച്ചവെൽവറ്റ് പോലുള്ള പുൽത്തകിടി  ആരേയും ആകർഷിക്കും. ഞങ്ങളുടെ കൂട്ടത്തിലുള്ളവർക്ക് അത് മനുഷ്യനിർമ്മിതമായ പരവതാനിയാണോയെന്ന സംശയം തീർക്കുവാൻ  താഴെയ്ക്കിറങ്ങി തൊട്ടു നോക്കുവാൻ  ശ്രമിച്ചപ്പോൾ , സംശയിക്കേണ്ട പലരും സംശയിക്കാറുണ്ടെന്നും പക്ഷെ അതിനടുത്തേക്ക് പോകുവാൻ  ആരേയും അനുവദിക്കില്ലെന്നും അത്രയ്ക്ക് പരിപാലിച്ചാണ് അവ സംരക്ഷിക്കുന്നതെന്നും ചെൽസിയ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. പിന്നെ കളിക്കാർക്ക് പ്രത്യേക പരിശീലനത്തിനും, അത്യാവശ്യം വ്യായാമം ചെയ്യാനുള്ള ട്രഡ് മിൽ അടക്കമുള്ള സൗകര്യങ്ങളും സെമിനാറുകളും ചർച്ചകളും നടത്തുന്ന ഹാളുകൾ , അവർക്ക് വിശ്രമിക്കാനുള്ള സ്ഥലം, സിക്ക് റൂം, വീൽചെയർ , സ്ട്രച്ചർ , വാഷ് റൂം എന്നീ സൗകര്യങ്ങൾ , സ്പോട്ട്സ് സംബന്ധമായ വിവരണങ്ങൾ  നല്കുന്ന എക്സിബിഷൻ  ഹാൾ  എന്നിവയൊക്കെ കാണേണ്ട കാഴ്ചകൾ  തന്നെയായിരുന്നു.

പിന്നീട് ലണ്ടന് ഐ എന്ന ലോകത്തിലെ ഏറ്റവും വലിയ നീരിക്ഷണവീൽ ആയ ഒബ്സർവേഷൻ  ട്ടെക്കിൽ കയറി. അത്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. അവിടെ നിന്ന് നോക്കിയാൽ ലണ്ടനിലെ മുഴുവൻ  സ്ഥലങ്ങളും കാണാം. ആ വീലിലെ ഓരോ കാന്വിനും പത്തന്വത് പേർക്ക് ഒരേ സമയം യാത്ര ചെയ്യാം.

ലണ്ടനിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളിലൊന്നാണ് മാഡം റ്റുസാട്ട്സ് എന്ന വാക്സ് മ്യൂസിയം. ഇന്ത്യൻ  പ്രധാനമന്ത്രിയടക്കം പല പ്രശസ്തരുടെയും പ്രതിമകൾ  അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഞാനും കിട്ടിയ സമയം പാഴാക്കാതെ നമ്മുടെ പ്രധാനമന്ത്രി മോദിജിയോടൊപ്പം നിന്ന് ഫോട്ടോയെടുത്തു. ഒരു ദിവസം കൊണ്ട് ലണ്ടനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ  കണ്ട് തീർക്കുവാൻ  പറ്റില്ലെന്ന് ഗൈഡ് പറഞ്ഞത് പോലെ ലണ്ടനിൽ ഒരു ദിവസം കണ്ട കാഴ്ചകൾ  ഒരൊറ്റ ലേഖനത്തിൽ ഉൾക്കൊള്ളിക്കാനും ബുദ്ധിമുട്ടാണ് അത്രയ്ക്കേറെയുണ്ട് ഞങ്ങൾ  കണ്ട മനംകുളിർപ്പിക്കുന്ന കാഴ്ചകൾ.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.