ബെല്ജിയം സന്ദർശനത്തിനിടെ, ബ്രസ്സൽസിലെ കാഴ്ചകൾ..

ബെല്ജിയം സന്ദർശനത്തിനിടെ, ബ്രസ്സൽസിലെ കാഴ്ചകൾ..

പാരീസിൽ നിന്ന് നീണ്ട യാത്രയ്ക്ക് ശേഷം, ഞങ്ങൾ ബെൽജിയത്തിലെത്തി. ബെൽജിയത്തിൻ്റെ അതിർത്തിയിലുള്ള പെയിഡ് കംഫർട്ട് സ്റ്റേഷനിലാണ് വണ്ടി നിർത്തിയത്. വളരെ വൃത്തിയും മനോഹരവുമായ കംഫർട്ട് സ്റ്റേഷൻ്റെ വെന്ഡിംങ്ങ് മെഷീനിൽ പൈസയിട്ട് നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ഓട്ടോമാറ്റിക്ക് മെഷീൻ വഴി വാങ്ങിക്കാം.

 

യൂറോപ്പിൻ്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബെൽജിയം. അവിടെ ഡെച്ച്, ഫ്രഞ്ച്, ജർമ്മൻ  എന്നീ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. ബെൽജിയത്തിൻ്റെ തലസ്ഥാനം ബ്രസ്സൽസ് ആണ്. ചരിത്രപ്രാധാന്യമുള്ള ധാരാളം കെട്ടിടങ്ങൾ ബെൽജിയത്തിലുണ്ടെന്നതാണ് ആ രാജ്യത്തിൻ്റെ ഏറ്റവും വലിയ സവിശേഷത.

ബെൽജിയം എന്ന പരമാധികാരമുള്ള രാജ്യത്തിന് മുപ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തിയെട്ട് സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. സ്ട്രീറ്റ് മുഴുവൻ ലൈറ്റുകൾ ഉള്ള ലോകത്തിലെ ഏക രാജ്യമെന്ന ബഹുമതികൂടി ഈ രാജ്യത്തിനുണ്ട്. ഈ രാജ്യത്ത് ക്രിസ്ത്യൻ  മതവിശ്വാസികളും ഇസ്ലാം മതവിശ്വാസികളുമാണുള്ളത്. ബെൽജിയം, ചോക്ലൈറ്റ്, ഡയമണ്ട്, ബിയർ എന്നിവയ്ക്ക് പ്രസിദ്ധമാണ്.

കുട്ടികളേയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ചിരുന്ന  “ടിൻ  ടിൻ”  എന്ന  കോമിക്ക് കഥാപാത്രത്തെ അവതരിപ്പിച്ച കാർട്ടൂണിസ്റ്റിൻ്റെ ജന്മനാടാണ് ബെല്ജിയമെന്നത് നാമൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.  കഥാപാത്രങ്ങളെയാണ് ആദ്യം അവതരിപ്പിച്ചതെങ്കിലും, പിന്നീട് ‘ടിൻ  ടിൻ’ എന്ന പേരിൽ മാഗസിനാക്കി പ്രസിദ്ധപ്പെടുത്തുകയും ലോകം മുഴുവനും  അംഗീകരിക്കപ്പെടുന്ന രീതിയിൽ പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു.

 

ബെൽജിയത്തിൽ  എത്തുന്നവർ ഏറെ പ്രതീക്ഷയോടെ കാണുവാൻ  ആഗ്രഹിക്കുന്നത് ബെൽജിയത്തിൻ്റെ പേരിനൊപ്പം പ്രസിദ്ധിയാർജ്ജിച്ച ഒരു കൊച്ചുകുട്ടിയുടെ പ്രതിമയാണ്. പ്രതിമ സ്ഥാപിച്ചിട്ടുള്ള തിരക്കുള്ള ആ സ്ട്രീറ്റ് സന്ദർശിക്കാതെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ആരുംതന്നെ മടങ്ങാറില്ലെന്നതാണ് വാസ്തവം. ഈ തെരുവിൽ  നിറയെ ചോക്ലൈറ്റ് ഷോപ്പുകളാണ്. പക്ഷെ ചോക്ലൈറ്റിന് വലിയ വിലയായതിനാൽ ഞങ്ങൾ വാങ്ങിയില്ല. ഓരോ കടയുടെ മുന്നിലും ഈ കുട്ടിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

 

വളരെ തിരക്കുള്ള ഈ തെരുവിലെ മൂലയിൽ നഗ്നനായ ഒരു ആൺകുട്ടി ഫൗണ്ടനകത്തേക്ക് മൂത്രമൊഴിച്ച് നിൽക്കുന്ന ഓടിൽ തീർത്ത പ്രതിമ കാണാം. ഈ പ്രതിമയ്ക്ക് അറുപത്തിമൂന്ന് സെൻ്റീമീറ്റർ ഉയരമേയുള്ളൂ. എന്നിരുന്നാലും ഇതിൻ്റെ പ്രാധാന്യമെന്താണെന്നറിയാൻ ആർക്കും കൗതുകമുണ്ടാവാം.

ഈ പ്രതിമയ്ക്ക് പിന്നിലുള്ള കഥ ഇങ്ങനെയാണ്. ഒരു വൻ തീപിടത്തത്തിൽ നിന്ന് ബ്രസ്സലിനെ രക്ഷിച്ച കുട്ടിയാണിത്. എങ്ങനെയെന്നറിയണ്ടേ? ആ കുട്ടി തീപടരുന്നതിനിടത്തിലേക്ക് പൂ നടത്തിയപ്പോൾ  തീയണഞ്ഞെന്നാണ് പറയപ്പെടുന്നത്. ഒരു തീപ്പൊരി മതിയല്ലോ നിബിഡവനങ്ങൾപോലും കത്തിച്ചാമ്പലാകുവാൻ ചിലതൊക്കെ നമുക്ക് അവിശ്വസനീയമായിരിക്കാമെങ്കിലും അതവരുടെ വിശ്വാസങ്ങളിൽ ഒന്നാണ്. മറ്റൊന്ന്, ഈ കുട്ടി പ്രേതങ്ങൾ വസിക്കുന്ന വീടിൻ്റെ വാതിലിൽ  മൂത്രമൊഴിച്ചെന്നും അവർ ശപിച്ചതിനാൽ ആ കുട്ടി പ്രതിമയായി പോയെന്നുമാണ്.

സത്യമെന്തൊക്കെയായാലും കുട്ടിയുടെ പ്രതിമ ലോകപ്രശസ്തമാണ്, അത്കൊണ്ട് ആ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലവും പ്രസിദ്ധമാണ്. ബ്രസ്സലിലെ പ്രധാനപ്പെട്ട പരിപാടികൾ  മുഴുവനും  കീർത്തികേട്ട ഈ പ്രദേശത്താണ് നടത്താറ്.

പിന്നീട് ഞങ്ങൾ ഗോത്തിക് ശില്പചാരുതയിൽ തീർത്തിട്ടുള്ളതും 1952 കാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ളതുമായ സെൻ്റ് മൈക്കൾ ചർച്ച് കാണുവാനായി പോയി.1952-ൽ  പണി പൂർത്തീകരിച്ചെങ്കിലും 1962 ലാണ് ഇതൊരു കത്തീഡ്രൽ  ആയി അംഗീകരിക്കപ്പെട്ടത്. ഗോത്തിക്ക് വാസ്തുനിർമ്മാണത്തിൻ്റെ പ്രത്യേകതയെന്നത് സാധാരണ സൗന്ദര്യസങ്കൽപ്പത്തിന് എതിരായ ഒരു ശൈലി എന്നാണ് കരുതുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൻ്റെ അധപതനത്തിന് ശേഷം, റോമൻ  ശൈലിയിലുള്ള മാളികകളും മറ്റും നശിപ്പിക്കപ്പെട്ടപ്പോൾ, പുതുതായി ഉയർന്നുവന്ന കെട്ടിടങ്ങൾ വിഭിന്ന ശൈലിയിലുള്ളതാക്കി മാറ്റിയിരുന്നു.

 

ഉരുണ്ടതും മിനുസവുമായ ആകൃതിക്ക് പകരം മുകളിലേക്ക് മുനകൾപോലെ കൂർത്തിരിക്കുന്നതും ഭീമാകാരവുമായ രീതിയിൽ കെട്ടിടങ്ങൾ നിർമ്മിച്ചുതുടങ്ങി, കൂടാതെ ചില്ലുജനാലകളും ഇരുണ്ട അറകളുംകൊണ്ട് ഭയാനകമായ അന്തരീക്ഷം ജനിപ്പിക്കുന്ന വിധത്തിൽ പണിതിരിക്കുന്ന വാസ്തുനിർമ്മാണരീതിയാണിത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗോത്തിക്ക് കഥകൾ പ്രേതകഥകൾകൊണ്ട് പ്രസിദ്ധമാണല്ലോ. ഈ കെട്ടിടത്തിന് കൊടുത്തിരിക്കുന്ന ഇരുണ്ട നിറങ്ങളും മറ്റും ഭീമാകാരമായ കൂർത്ത മുകൾഭാഗവും ഭയാനകമായ പ്രതീതിയുളവാക്കുന്നതായിരുന്നു. അവിടെ നിന്നും ഞങ്ങൾ ബ്രസ്സലിൻ്റെ അഭിമാനമായ അറ്റോമിയം എന്ന കെട്ടിടം സന്ദർശിക്കുവാനായിപോയി. ആറ്റത്തിൻ്റെ ആകൃതിയിൽ 1958 ൽ നിർമ്മിച്ച ഈ കെട്ടിടം, 9 ഗോളങ്ങൾ കൂടിയിരിക്കുന്നതുപോലുണ്ട്. ഈ ഗോളങ്ങളൊക്കെ വലിയ വലിയ ഹാളുകളായിട്ടാണ് പണിതിരിക്കുന്നത്. ഓരോന്നിലേക്കും പ്രവേശിക്കുവാൻ  ലിഫ്റ്റ് സൗകര്യവുമുണ്ട്.

 

ജനായത്ത ഭരണസംവിധാനത്തെ പ്രതിനിധീകരിക്കുന്ന കെട്ടിടത്തിന് 102 മീറ്റർ ഉയരമുണ്ട്. നിർമ്മാണസമയത്ത് അതൊരു സ്ഥിരം സംവിധാനമാക്കുവാൻ തീരുമാനിച്ചിട്ടില്ലായിരുന്നു. എന്നാൽ അറ്റോമിയം ആവശ്യാനുസരണം പുതുക്കി പണിതും ശക്തിപ്പെടുത്തിയും, മോടിപിടിപ്പിച്ചതിനാൽ അൻപത് വർഷത്തിലധികമായിട്ടും ഇന്നും ആ കെട്ടിടം ബ്രസ്സലിൻ്റെ വേൾഡ് ട്രേഡ് സെൻ്റർ എന്ന നിലയിൽ അഭിമാനമായി നിലകൊള്ളുന്നു.

 

ഇവിടെ നിന്നും കുറെ ഫോട്ടോകൾ എടുക്കുവാൻ ശ്രമിക്കുമ്പോൾ, തൊട്ടടുത്ത് നിന്നാൽ ഭീമാകാരമായ കെട്ടിടവും നിങ്ങളും തമ്മിലുള്ള ഫോട്ടോകൾ ലഭിക്കില്ലെന്ന് ടൂർ മാനേജർ സൂചിപ്പിച്ചതിനാൽ വളരെയകലെ നിന്ന് കുറെ ഫോട്ടോകൾ എടുത്തു. അതിന്ശേഷം റോഡിലേക്കിറങ്ങി നടന്നപ്പോൾ അശ്രദ്ധയോടെയാണ് അവിടെയുള്ളവർ വാഹനങ്ങൾ ഓടിക്കുന്നതെന്ന് മനസ്സിലായി. വഴിയുടെ ഇരുഭാഗത്തുമുള്ള ഭംഗിയുള്ള വീടുകളും പൂന്തോട്ടങ്ങളും ആസ്വദിച്ച് നടന്നശേഷം നെതർലാൻ്റിൽ ഞങ്ങൾക്ക് താമസിക്കുവാൻ  ഏർപ്പാടാക്കിയ ഹോട്ടൽ ലക്ഷ്യമാക്കി യാത്ര തുടർന്നു. കോർസൻടോക് ബ്രസ്സലിൻ്റെയും നെതർലാൻ്റിൻ്റെയും ഇടയിലുള്ള കാടിനകത്താണ് ഞങ്ങൾക്ക് താമസസൗകര്യമൊരുക്കിയിട്ടുള്ള ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഒരു ഭാഗത്ത്കൂടെ നദി ഒഴുകുന്നുണ്ട്. നെപ്പോളിയനെ അടക്കിയത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ബ്രസ്സൽ  കടന്ന് നെതർലാൻ്റിൽ എത്തിയപ്പോൾ സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും തന്നെയില്ലെന്നത് ശ്രദ്ധയിൽപ്പെട്ടു. 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.