യൂറോപ്പിലെ റൈൻ നദീത്തീരത്തെ പച്ചപട്ടണിച്ച മലകളുടെ താഴ്വാരങ്ങൾ.

യൂറോപ്പിലെ റൈൻ നദീത്തീരത്തെ പച്ചപട്ടണിച്ച മലകളുടെ താഴ്വാരങ്ങൾ.

യൂറോപ്പ് യാത്രയിൽ മനസ്സിൽ നിന്ന് മറഞ്ഞുപോകാതെ ഓർത്തിരിക്കുന്ന സുന്ദരമായ കാഴ്ചകളിൽ ഒന്നാണ് റൈൻ നദി തീരങ്ങളെന്ന് പറയാം. നെതർലാൻ്റിലെ യാത്രയ്ക്ക് ശേഷം, പിറ്റേ ദിവസം രാവിലെയാണ് ജർമനിയിലേക്ക് യാത്രതിരിച്ചത്. ജർമനിയിലേക്ക് കടക്കുന്നതിനായി ഞങ്ങൾക്ക് ഹോളണ്ടിൻ്റെയും ബെൽജിയത്തിൻ്റെയും അതിരുകൾ കടക്കേണ്ടിയിരുന്നു.

ഏതാണ്ട് ഇരുന്നൂറ്റി തൊണ്ണൂറ് മൈൽ അകലെയാണ് ജർമ്മനിയെന്നും, അവിടേക്ക് ഏതാണ്ട് മൂന്നാല് മണിക്കൂർ യാത്ര ഉണ്ടെന്നും ടൂർ മാനേജർ മുൻകൂട്ടി പറഞ്ഞിരുന്നു.

 

ഞങ്ങൾക്ക്  താമസിക്കുവാൻ  ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ ഒരു കാടിൻ്റെ മദ്ധ്യത്തിലായിരുന്നു. അതൊരു പഴക്കം ചെന്ന കെട്ടിടമായിരുന്നെന്നും പണ്ട് കൊടും വനമായിരുന്നെന്നും ടൂർ മാനേജർ വിശദീകരിച്ചതിന് ശേഷമാണ് ഞങ്ങൾ ആ ഹോട്ടലിലേക്ക് എത്തിയത്.

 

1886 ൽ പണിത കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പണ്ട് യുദ്ധത്തിൽ മരിച്ചിരുന്ന നിരവധിപേരെ സംസ്ക്കരിച്ചിട്ടുണ്ടെന്നും അതിന് ശേഷം ഇത് ഭ്രാന്താശുപത്രിയായി ഉപയോഗിക്കുകയായിരുന്നെന്നുള്ള വിശദീകരണങ്ങളും പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകളും സഹയാത്രികരിൽ നിന്നും കിട്ടി.  

ഹോട്ടലാക്കിയ ശേഷം രാത്രിയിൽ കരയുന്നതും, രാത്രിയിൽ കതകിൽ ആരോ മുട്ടുന്നതുമായ ശബ്ദം കേൾക്കാറുണ്ടെന്നും പറഞ്ഞു. ഇത് കേട്ടപ്പോൾ ഞാനോർത്ത് പകൽസമയത്ത് എന്ത്കൊണ്ടാണ് കരയാത്തതും വാതിലിൽ മുട്ടാത്തതുമെന്ന്. അപ്പോഴാണ് ചിലരിൽ പ്രകടമായ ഭീതിയും ആകാംഷയും ഉള്ള മുഖഭാവം കണ്ട് എനിക്ക് ഉള്ളിൽ ചിരി വന്നു.

 

എൻ്റെ അപ്പുപ്പൻ മക്കളോട് പറയാറുണ്ടായിരുന്നു അദേഹത്തിൻ്റെ മാതാപിതാക്കൾ  ജീവിച്ചിരുന്നപ്പോഴും അദേഹത്തിൻ്റെ കാലത്തും ഒരു പ്രേതഭൂതങ്ങളേയും കണ്ടിട്ടില്ലെന്നും അടുത്ത തലമുറയ്ക്കും അത് പറഞ്ഞ് കൊടുക്കണമെന്നും. ഇത്രയും നാളത്തെ എൻ്റെ ജീവിതത്തിലും എനിക്കു അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. ഇനി അങ്ങനെ ഒന്നുണ്ടെങ്കിൽ തന്നെ കിട്ടിയ അവസരം വിനിയോഗിക്കാനുള്ള സമയമെത്തിയിരിക്കുന്നെന്ന് കരുതി.

 

രാത്രി ഹോട്ടൽമുറിയിൽ ചൂട് അനുഭവപ്പെട്ടത്കൊണ്ട് ഫാനിടുവാൻ നോക്കിയപ്പോൾ അവിടെ ഫാൻ പിടിപ്പിച്ചിട്ടില്ല. നല്ല തണുത്ത കാറ്റുള്ള സ്ഥലമെന്ന് എഴുതി വെച്ചിട്ടുണ്ട്. അപ്പോൾ  ജനാലകൾ  തുറന്നിട്ടു. പെട്ടെന്ന് കുറേ പ്രാണികൾ റൂമിലേക്ക് കാറ്റിനൊപ്പം പറന്ന് കയറുന്നത് കണ്ട് ജനാലകൾ അടച്ചു. അപ്പോൾ മറ്റൊരു സന്ദേശം ശ്രദ്ധയിൽപ്പെട്ടു, ജനാലകൾ തുറന്നിടുന്നതിന് മുൻപ് അവിടെയുള്ള നെറ്റിൻ്റെ കർട്ടൻ വലിച്ചിടണം എന്ന്. അങ്ങനെ നല്ല തണുത്ത കാറ്റ് ഫാനിടുന്നതിനേക്കാൾ സുഖമായി ലഭിച്ചപ്പോൾ ഞങ്ങൾ ആഴത്തിൽ ഉറങ്ങി. പ്രേതഭൂതങ്ങളെയൊന്നും കണ്ടില്ല.

 

പിറ്റേ ദിവസം ജർമ്മിനിയിലെ യാത്രക്കിടെ ബസ്സിലെ വിരസത മാറ്റുവാൻ ഓരോരുത്തരും തലേ ദിവസത്തെ അനുഭവം പങ്ക് വെക്കുകയായിരുന്നു. അതിനിടയിൽ ഞങ്ങളുടെ യാത്രയിൽ സന്തോഷം പകർന്നിരുന്ന സഹയാത്രിക ഹരേ ബാപ്പരേ, (ഞങ്ങൾ തമാശയ്ക്ക് നല്കിയ ഓമനപ്പേരാണിത്. കാരണം എന്ത് പ്രശ്നമുണ്ടായാലും അവരുടനെ ഹരേ ബാപ്പരേയെന്ന് പറയുന്ന രസികത്തിയായ വടക്കേ ഇന്ത്യക്കാരിയാണ്.)

ഹരേ ബാപ്പരേയുടെ വാതിലിൽ രാത്രിയിൽ ആരോ മുട്ടിയെന്നും, പേടിച്ച് വിറച്ചിട്ട് ഉറങ്ങുവാൻ  കഴിഞ്ഞില്ലെന്നും പറഞ്ഞു. ബാപ്പരേയുടെ ഭാവപ്രകടനവും ആംഗ്യഭാഷയിലുള്ള വിശദീകരണവും മുഖഭാവവും ഒക്കെയുള്ള അഭിനയം നാല്  മണിക്കൂറോളമുള്ള  ബസ് യാത്രയുടെ വിരസതയും ദൈർഘ്യവും കുറയ്ക്കുവാൻ സഹായിച്ചു. മറ്റുള്ളവരുടെ രസം പകർന്ന പ്രതികരണത്തിലും എല്ലാവരും ഒരുപോലെ ആഘോഷിച്ചു.

 

ജർമ്മിനിയിലെത്തിയശേഷം വളരെ പുരാതനമായ, ഗോത്തിക്ക് ശിൽപ്പകലയിൽ തീർത്ത, വിശേഷപ്പെട്ട പള്ളി സന്ദർശിച്ചു. ഇതിൻ്റെ പണി1200ൽ തുടങ്ങിയിട്ട് 1800 ലാണ് പൂർത്തീകരിച്ചത്.  ഈ പള്ളിക്ക് നൂറ്റി അൻപത്തിയേഴ് മീറ്റർ ഉയരമുണ്ട്. ഇതിന് ആർച്ച് ബിഷപ്പായ കോളോഗ്നിയുടെ പേരാണ് നല്കിയിരിക്കുന്നത്. മദർ മേരിയുടെ തൊള്ളായിരം പഴക്കമുള്ള പ്രതിമകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്.

പള്ളിയുടെ അകത്ത് പ്രവേശിച്ചിട്ട് ധാരാളം കാഴ്ചകൾ  കാണുവാനുണ്ടായിരുന്നു. കൊത്തുപണികളും ഗ്ലാസിൽ തീർത്തിരിക്കുന്ന ചിത്രങ്ങളും ആകർഷകമായ ഗ്രില്ലുകളും തൂണുകളും കെങ്കേമമായിരുന്നു. കൂടാതെ സാങ്കേതികവൈദഗ്ദ്യവും, വിദഗ്ദരായ  ആർക്കിടെക്റ്റുന്മാരുടെ ഭാവനയിൽ നിന്ന് രൂപപ്പെടുത്തിയ പള്ളിയുടെ ഡിസൈനും മറ്റും വരുംതലമുറയ്ക്ക് ഈ രംഗത്തുള്ള പഠനത്തിന് സഹായിക്കുമെന്ന് തീർച്ച.

തിരുരൂപങ്ങളുടെ മുന്നിൽ ഭക്തിപുരസരം സമർപ്പിച്ച മെഴുകുതിരി അഗ്നിജ്വാലയിൽ ഉരുകുമ്പോൾ, അതിൽ നിന്നൊഴുകുന്ന മെഴുകു ശേഖരിക്കുവാനായി, സ്റ്റാൻ്റിനോട് ചേർന്ന് തവി പോലുള്ള പാത്രം ഘടിപ്പിച്ചിരിക്കുന്നത് എനിക്കു ഇഷ്ടമായി. അത് മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക സംവിധാനമാണ്.

 

ഭീമാകാരമായ പള്ളിയുടെ പുറത്തേ കാഴ്ചകൾ, പള്ളിയുടെ ഉയരം, പണിതിരിക്കുന്ന മാതൃക എന്നിവ അവരുടെ പൂർവ്വികരുടെ കലാവൈഭവത്തെ വിളിച്ചോതുന്നതാണ്.

ഉച്ചസമയമായതിനാൽ ഭക്ഷണം കഴിക്കുന്നതിന് രംഗോളിയെന്ന ഹോട്ടലിൽ കയറി. സുഭിക്ഷമായ വെജ് ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് ശേഷം നാരങ്ങ ചേർത്ത നല്ല കട്ടൻചായ  കൂടി ലഭിച്ചപ്പോൾ, ഊണ് പൂർത്തിയായി.

 

ഭക്ഷണത്തിന് ശേഷമാണ് റൈൻ നദി കാണുവാനായി തിരിച്ചത്. ബസിലിരുന്ന് നല്ല പച്ചപ്പാർന്ന മലകളും നീലമേഘങ്ങളും മറ്റും കണ്ണിന് ആനന്ദം പകരുകയായിരുന്നു. ജെട്ടിയിലെത്തി അവിടെയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നേരത്തെ എടുത്തിട്ടുണ്ടായിരുന്നു. ഇരുഭാഗങ്ങളും വനങ്ങളും മലകളുമുള്ള നദിയിലൂടെ നാലുവശവും ഗ്ലാസിട്ട ബോട്ടിൽ യാത്ര ചെയ്യുന്ന ഹരമൊന്ന് ആലോചിച്ച് നോക്കു. ആധുനികസംവിധാനങ്ങളുള്ള എ.സി ബോട്ടിൽ നല്ലൊരു റെസ്റ്റോറൻ്റുമുണ്ട് .

 

 

എല്ലാവരും  ക്യാമറയും പിടിച്ച് ഫോട്ടോയെടുക്കുവാനല്ല തിരക്കിൽ നിൽക്കുകയാണ്. ബോട്ട് നീങ്ങി തുടങ്ങിയപ്പോൾ നദിയിലൂടെ നീങ്ങുന്ന മറ്റു ബോട്ടുകളേയും കാണാമായിരുന്നു. ചില ബോട്ടുകളിൽ പൂച്ചട്ടികൾവെച്ച് മനോഹരമാക്കിയിരിക്കുന്നു. ബോട്ടിൽ സ്ഥലത്തെക്കുറിച്ച് പരിചയപ്പെടുത്തുന്ന റെക്കോഡുകൾ  ഇട്ടിട്ടുണ്ട്. ഓരോ സ്ഥലങ്ങളും അതിമനോഹരമായിരുന്നു. പച്ചപട്ടണിഞ്ഞ മലകളിൽ കൊട്ടാരസമാനമായ കെട്ടിടങ്ങളും പള്ളികളും വലുതും ചെറുതുമായ തീപ്പെട്ടി കൂടുകൾപോലുള്ള കുടിലുകളും പിന്നെ വനങ്ങളുടെയും മലകളുടേയും ഇടയിലൂടെ പോകുന്ന വഴികളും റെയിൽപാളങ്ങളും അതിലൂടെ കളിപ്പാട്ടം കണക്കെ ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളായ ട്രയിൻ, ബസ്, കാർ, സൈക്കിൾ, വാനുകൾ എന്നിവ കണ്ടപ്പോൾ, കുഞ്ഞുനാളിൽ കീ കൊടുത്താൽ ഇഴയുന്ന പാവകളും ചെറിയ കാറുകളും വെച്ച് കളിച്ചതാണ് ഓർമ്മ വന്നത്. അത്പോലെത്തന്നെ മലമുകളിലൂടെ ബസ്സിൽ യാത്ര ചെയ്യുന്നവർക്കും നദിയിലൂടെ ഒഴുകുന്ന ബോട്ടുകൾ ഇതേ പ്രതീതി നല്കുന്നുണ്ടാവാം.

 

എത്ര മനോഹരമായ കാഴ്ചയായിരുന്നെന്നോ! സാധാരണ കലണ്ടറിൽ കാണാറുള്ള ഭംഗിയുള്ള സീനറികളാണ് മനസ്സിലേക്കോടിയെത്തിയത്. മലകളും തീരങ്ങളും കാനനഭംഗിയും കവിതകളായി രൂപാന്തരപ്പെടുന്നത് ഇത്തരം സ്ഥലങ്ങൾ നേരിൽ സന്ദർശിക്കുമ്പോഴായിരിക്കുമെന്ന് ഞാനോർത്തു. എന്തെന്നാൽ വാക്കുകൾക്ക് ക്ഷാമമുണ്ടെങ്കിൽ കൂടെ എൻ്റെ മനസ്സിലും കവിത വിരിയുകയായിരുന്നു.

 

നീണ്ട യാത്രയ്ക്ക് ശേഷം ഞങ്ങൾ മറ്റൊരു ഹോട്ടലിൽ എത്തിച്ചേർന്നു. ഹോട്ടലിൽ കയറി ലഗേജ് വെച്ചശേഷം ഭംഗിയുള്ള ഹോട്ടലിൻ്റെ പരിസരം നടന്ന് കാണുവാനായി പുറത്തിറങ്ങി. ഹോട്ടലിന് വെളിയിൽ നിറയെ റോസാച്ചെടികൾ. അതിലൊക്കെ വലിയ വലിയ പൂക്കൾ, ചില ചെടികളിൽ റോസിൻ്റെ വിത്തുകളും ഉണ്ട്. ഞാൻ ആദ്യമായിട്ടാണ് റോസാച്ചെടികളിൽ വിത്ത് കാണുന്നത്.

കുറച്ച് കഴിഞ്ഞപ്പോൾ ഡിന്നർ കഴിക്കുന്ന സമയമായി, ഭക്ഷണം കഴിഞ്ഞയുടനെ യാത്രാക്ഷീണത്താൽ ഞങ്ങൾ ഉറങ്ങുവാൻ കിടന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.