“ഇൻ്റർ ലൈക്കൺ” സമ്പന്നരാജ്യമായ സ്വിസ്സ്സർലണ്ടിലെ മനോഹരമായ പട്ടണം.

“ഇൻ്റർ ലൈക്കൺ” സമ്പന്നരാജ്യമായ സ്വിസ്സ്സർലണ്ടിലെ മനോഹരമായ പട്ടണം.

ആൽപ്‌സ് സന്ദർശിക്കുവാൻ പോവുന്നതിനിടെയാണ് ഇൻ്റർ ലൈക്കൺ എന്ന മനോഹരമായ സ്ഥലം സന്ദർശിക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചത്. ഈ മനോഹരമായ സ്ഥലം കണ്ടാൽ ഭൂമിയിലെ സ്വർഗ്ഗമാണെന്നേ തോന്നൂ. അവിടെയ്ക്ക് പോവുന്നതിന് മുൻപ് ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ മുതൽ വളരെ ആകർഷമായകമായ റോഡുകളും വീതി കൂടിയ റോഡിൻ്റെ ഇരുഭാഗത്തും സുന്ദരമായ വീടുകളും പൂങ്കാവനങ്ങളും മനോഹാരിത നിറഞ്ഞ കാഴ്ചകളായിരുന്നു.

 

ഇൻ്റർ ലൈക്കൺ എന്ന പുരാതനപട്ടണം സ്വിസ്സ്സർലാൻഡിൻ്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു. സ്വിസ്സ് ഒരു ധനികരാജ്യമാണ്. ലോകത്തെ ജനങ്ങൾ സഞ്ചരിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമെന്നാണ് പൊതുവേ പറയുന്നത്.

 

ആൽപ്‌സ് സന്ദർശിക്കാമെന്ന ആവേശത്തോടെ ഇരുന്നിരുന്ന സഞ്ചാരികൾക്ക് ഈ സ്ഥലത്തെക്കുറിച്ച് വലിയ  അറിവില്ലായിരുന്നുവെന്ന് തോന്നുന്നു. ഐറ്റനറിയിൽ പൊതുവേ വലിയ വിശദീകരണം തരാറുണ്ടെങ്കിലും ആരും അതത്രയ്ക്ക് ഗൗനിക്കാറില്ലല്ലോ, ഞാനും മനസ്സിലോർത്തത് ആൽപ്സ് സന്ദർശനത്തിനിടെ വിശ്രമത്തിനുള്ള താവളമായിരിക്കുമിതെന്നാണ്.

 

ഇൻ്റർലൈക്കണിലേക്ക് പോകുംവഴി റോഡിന് ഇരുഭാഗത്തും സൂര്യകാന്തി പൂക്കൾ കൃഷി ചെയ്യുന്ന സ്ഥലമായിരുന്നു. ഏക്കർ കണക്കിന് സ്ഥലത്ത് പൂക്കൾ വിരിഞ്ഞ് നില്ക്കുന്ന മനോഹരമായ കാഴ്ച. സിനിമ പിടിക്കുവാൻ പറ്റിയ സ്ഥലം, മനസ്സിനൊരു കുളിർമ ലഭിച്ചത്പോലുണ്ട്. ഇൻ്റർ ലൈക്കൺ എന്ന സ്ഥലത്ത് പ്രവേശിക്കുന്നതിന് മുൻപ് പ്രകൃതിയൊരുക്കിയ ചെറിയൊരു പുഷ്പോത്സവമായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലായി.

 

ഇൻ്റർലൈക്കണിലേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. സൂര്യകാന്തി പൂക്കളുടെ പാടം കഴിഞ്ഞ് മുന്നോട്ട് വണ്ടി നീങ്ങിയപ്പോൾ, തുരങ്കത്തിലൂടെ അധികദൂരം യാത്ര ചെയ്യേണ്ടി വന്നു. അവിടെയും വീതിയും വൃത്തിയുമുള്ള റോഡുകൾ. ഗതാഗതം സുഗമമാക്കുവാൻ വിദേശങ്ങളിൽ അതീവ ശ്രദ്ധയാണ്. റോഡുകളൊക്കെ കൃത്യമായ റോഡ് മാർക്കുകളും സൂചനാബോർഡുകളും നല്കി അപകടങ്ങൾ  ഒഴിവാക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്.

 

തുരങ്കത്തിലൂടെ പോയപ്പോൾ അതിന് സമാന്തരമായി മറ്റൊരു റോഡുള്ളത് ശ്രദ്ധയിൽപ്പെട്ടു. അത് എസ്.ഒ.എസ്, റോഡുകളാണ് അപകടത്തിൽപ്പെട്ട് പരിക്കേൽക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുവാനും ചികിത്സനല്കാനും ആബുലൻസിന് കടന്ന് വരാനും ഉള്ളതാണ്.

 

ഇത്രയും വൃത്തിയും സൗകര്യവുമുണ്ടായിട്ടും എന്ത്കൊണ്ട് കൊറോണയെ പ്രതിരോധിക്കാനായില്ലെന്ന സംശയം പലർക്കുമുണ്ട്. ധാരാളം രാജ്യങ്ങളുമായി വിവിധതരത്തിൽ സമ്പർക്കം പുലർത്തുകയും ബിസിനസ്സ്, ടൂറിസം എന്നീ ആവശ്യങ്ങൾക്കായി ഈ രാജ്യങ്ങളിൽ വിദേശികൾ വന്നെത്തുകയും ചെയ്യുന്നതിനാൽ അവർക്ക് പെട്ടെന്ന് സോഷ്യൽ ഡിസ്റ്റൻസിങ്ങ് ബുദ്ധിമുട്ടിലാക്കും.

 

ധാരാളം മലകളും നദികളും ഉള്ള പച്ചപ്പുള്ള താഴ്വാരമാണ്. ഇവിടെ പുരാതനരീതിയിലുള്ള ഭംഗിയുള്ള ധാരാളം മരവീടുകൾ കാണാം. മാളികവീടുകൾ വരെ മരത്തിൽ തീർത്തിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സ്ഥലം സന്ദർശിച്ചിരിക്കണമെന്നേ പറയാനാകുള്ളൂ ഇത്രയും മനോഹരമായ സ്ഥലം ക്യാമറയിൽ എത്ര പകർത്തിയാലും മതിയാവില്ല.

ഞങ്ങൾ കുറേ ദൂരം യാത്ര ചെയ്ത് ലോട്ടർ ബ്രണ്ണൻ എന്ന പട്ടണത്തിലെത്തിച്ചേർന്നു. ഇത് രണ്ട് മലകളുടെ ഇടയിലുള്ള മനോഹരമായ സ്ഥലമാണ്. ധാരാളം വിനോദസഞ്ചാരികളെത്തുന്ന സ്ഥലമായതിനാൽ പ്രകൃതിസൗന്ദര്യമുള്ളസ്ഥലം നല്ല വീതിയുള്ള റോഡുകളും റോഡുകളുടെ ഇരുഭാഗത്തും നല്ല വൃക്ഷങ്ങളും ചെടികളുമൊക്കെ പിടിപ്പിച്ച് ഒരു പാർക്കിലൂടെ പോവുന്ന പ്രതീതിയാണ് റോഡിലൂടെ യാത്ര ചെയ്താൽ.

റോഡിൻ്റെ അരികിലൊക്കെ പുൽത്തകിടികൾ പിടിപ്പിച്ച് അവിടെയൊക്കെ ഫ്ലവർബെഡിൽ നിറയെ പൂക്കൾ, കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലം. വണ്ടി അവിടെ നിർത്തിയിട്ട് എല്ലാവരും കുറെ ഫോട്ടോകൾ എടുത്തു.അപ്പോഴാണറിയുന്നത് ഹിന്ദി സിനിമയിൽ ഷാറൂഖ് ഖാൻ്റെ ഇവിടെ നിന്നുള്ള കുറെ ഷൂട്ടുകൾ ഉണ്ടായിരുന്നെന്ന്. അതും കൂടെ കേട്ടപ്പോൾ എല്ലാവർക്കും വലിയ ആവേശത്തിലായി.

മലയടിവാരത്തിൽ ഒരു കൊട്ടാരമുണ്ടെന്ന് കേട്ട് എല്ലാവരും അവിടെയ്ക്ക് പോയി. റോഡിൽ നിന്ന് കൊട്ടാരത്തിലേക്ക് കുറെയധികം നടക്കാനുണ്ട്. കൊട്ടാരം എത്തുവോളം വീതിയുള്ള റോഡുകളാണ്. കൊട്ടാരത്തിനകത്തേക്ക് പോവുന്ന വഴികളിലൊക്കെ ധാരാളം ചെടികൾ, നിറയെ പൂക്കൾ, വിവിധനിറത്തിലും ആകൃതിയിലും വലിപ്പത്തിലും എത്ര മനോഹരമായിരിക്കുന്നു. മദ്ധ്യഭാഗത്തായി ഒരു വലിയ ഫൗണ്ടൻ, ഇവിടെയാണ് സിനിമ ഷൂട്ട് ചെയ്തിരുന്നതെന്ന് പറഞ്ഞ് എല്ലാവർക്കും ആവേശമായി.

കൊട്ടാരത്തിലെ പൂന്തോട്ടം മതിയാവോളം കണ്ട ശേഷം വെളിയിലേക്ക് ഇറങ്ങിയപ്പോൾ പച്ചപ്പാർന്ന മലയുടെ മുകളിൽ നിന്ന് വിവിധ വർണ്ണത്തിലുള്ള പാരച്യൂട്ടുകൾ താഴെയ്ക്ക് വീഴുന്നു. അത് നോക്കി നിന്നാൽ ഭംഗിയുള്ള പച്ചപ്പുള്ള മൈതാനത്തെ പൂക്കളിൽ നിന്ന് തേൻ നുകരാൻ  പറന്നിറങ്ങുന്ന ചിത്രശലഭങ്ങളായേ തോന്നൂ. അത്രയ്ക്ക് ഭംഗിയുള്ള കാഴ്ച. പിന്നീടാണറിഞ്ഞത് മലമുകളിൽ പാരാച്ച്യൂട്ട് പരിശീലനം നല്കുന്ന സ്ഥലമുണ്ടെന്ന്. അവിടെ കണ്ട പൂക്കളുടെ പേരുകളൊന്നും നമുക്ക് സുപരിചിതമല്ലാത്തതായിരുന്നു. വ്യവസായമോ കച്ചവടമോ ഒന്നും അവിടെ സാദ്ധ്യമല്ല. ആകെ മലപ്രദേശമായതിനാൽ പ്രകൃതീസൗന്ദര്യം  ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾ മാത്രമേ അവിടെ വരൂ. അത്കൊണ്ട് തന്നെ അവരുടെ ഏകവരുമാനമാർഗ്ഗം ടൂറിസത്തിൽ നിന്നുള്ളതാണെന്നതിൽ യാതൊരു സംശയവുമില്ല.

 

ഇത് രണ്ട് മലകളുടെ ഇടയിൽ കിടക്കുന്ന സ്ഥലമെന്ന് പറഞ്ഞല്ലോ അടുത്തടുത്ത് കിടക്കുന്ന മലകളെ ആസ്പദമാക്കി ധാരാളം കെട്ടുകഥകൾ ഉണ്ട്. ഒന്ന് അതൊരു പുരുഷനും സ്ത്രീയുമാണെന്നാണ് ഒരു സങ്കല്പം. മറ്റൊന്ന് അതൊരു സന്യാസിയും പക്വതയില്ലാത്ത പെൺകുട്ടിയുമാണെന്നും അത്കൊണ്ട് സന്യാസി പെൺകുട്ടിയിൽ നിന്നും നിശ്ചിതയകലം സൂക്ഷിക്കുന്നതായും കരുതുന്നു.

 

ഏതായാലും അവിടെയുള്ള സ്വദേശികളേക്കാൾ കൂടുതൽ പുറത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികളാണ്. ഭംഗിയുള്ള സ്ഥലം ഏവരുടെയും മനം കവരുന്നതാണ്. മനസ്സിൽ ഈ കൊച്ചുസുന്ദരിയെക്കുറിച്ചുള്ള മറക്കാനാവാത്ത ഓർമ്മകളുമായി ജീവിക്കുന്നത് ഒരു സുഖം തന്നെയാണ്. ഞങ്ങൾ ആൽപ്സിൽ പോകുംവഴിയാണല്ലോ ഇൻ്റർലൈക്കൺ എന്ന സ്വർഗ്ഗം സന്ദർശിച്ചത്. അടുത്ത ലക്കത്തിൽ ശേഷം വിശേഷങ്ങൾ പങ്കുവയ്ക്കാം…

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.