ആൽപ്സ് പർവ്വതനിരകളിൽ…

ആൽപ്സ് പർവ്വതനിരകളിൽ…

                                  

യൂറോപ്പ് യാത്രയിലെ ആകർഷണമായ ആൽപ്സ് സന്ദർശനത്തെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. ഞങ്ങൾ യാത്രയ്ക്ക് പ്ലാൻ ചെയ്തപ്പോൾത്തന്നെ ആൽപ്സിലേക്ക് പോവുന്നതിന് പ്രത്യേകം വസ്ത്രങ്ങൾ കരുതണമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. അതിനാൽ അതിന് വേണ്ട അകത്ത് ധരിക്കുന്ന പ്രത്യേകതരം ഇന്നർ, സോക്സ്, സ്വറ്റർ, സ്കാർഫ്, വൂളൻ സോക്സ്, ഗ്ലൗസ്, മഫ്ലർ എന്നിവ കൊച്ചിയിലെ കളമശ്ശേരിയിലെ ഡെക്കാത്തലോൺ എന്ന ഷോപ്പിൽ നിന്ന് വാങ്ങിയിരുന്നു.

 

ആൽപ്സിൽ പോകുന്ന തലേ ദിവസം തന്നെ, പിറ്റെ ദിവസം ആൽപ്സിലേക്ക് യാത്രയുള്ളതിനാൽ പ്രഭാതഭക്ഷണം വളരെ പരിമിതമായേ കഴിക്കാവൂയെന്നും മറിച്ചായാൽ ആൽപ്സിൽ കയറിയാൽ വയറിന് പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ടൂർ മാനേജർ രവി തന്നിരുന്നു.

ആൽപ്സ് എന്നാൽ ഉന്നതപർവ്വതമെന്നാണ് അർത്ഥം. മഞ്ഞുകളാൽ മൂടപ്പെട്ട മലകളിൽ കയറാനുള്ള ആവേശത്തോടെ എല്ലാവരും രാവിലെ തന്നെ തയ്യാറായി എത്തി.

ഓസ്ട്രിയ, ജെർമ്മിനി, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങളിലായി പരന്ന് കിടക്കുന്നതാണ് ഈ പർവ്വതനിരകൾ. ആൽപ്‌സും സാധാരണ പർവ്വതനിരകളും തമ്മിലുള്ള വ്യത്യാസം എന്താണെന്നുവെച്ചാൽ ആൽപ്സ് എല്ലായ്‌പ്പോഴും മഞ്ഞ് പുതപ്പ്കൊണ്ട് മൂടി പുതച്ച് കിടക്കുന്നതുപോലെയാണ് എന്നാൽ സാധാരണമലകളിൽ മഞ്ഞ് കാണണമെന്നില്ല. അവിടെയുള്ള ആൽഫിൻ  തടാകങ്ങളും വളരെ പ്രസിദ്ധമാണ്.

ഞങ്ങൾ ലോട്ടർബ്രണ്ണൻ എന്ന മനോഹരമായ സ്ഥലത്തെ പ്രകൃതി സൗന്ദര്യത്തിൽ ലയിച്ച ശേഷം അവിടെ നിന്നാണ് ആൽപ്സിലേക്ക് പോയത്. മഞ്ഞുലോകത്തേക്കുള്ള സാഹസികയാത്രയ്ക്ക് ഞങ്ങൾക്ക് ജങ്ങ് ഫ്രൌ ജോയിലേക്കു എത്തണം. സ്റ്റേഷനിൽ നിന്ന് ട്രയിനിൽ യാത്ര ചെയ്ത്  മൂവ്വായിരത്തിഅഞ്ചൂറ്റിനാല്പ്പത് മീറ്റർ ഉയരത്തിലെത്തിയാലേ ജങ്ങ് ഫ്രൌജോയിലെത്തൂ.

 

ഇവിടെ ട്രയിൻ സർവ്വീസ് ആരംഭിക്കുവാൻ 1893 ജൂൺ 20-ാം തീയതിയാണ് തീരുമാനിച്ചത്. എന്നാൽ 28-ാം തീയതി പ്രാരംഭനടപടികൾക്കായിട്ടുള്ള പെൻസിൽ സ്കെച്ച് റെഡിയാക്കി. 100 ഇറ്റാലിയൻ പണിക്കാരുടെ സേവനം വിനിയോഗിച്ച് 1896ലാണ് പണിയാരംഭിച്ചത്. 1898ൽ ബ്ലാസ്റ്റിംങ്ങ് തുടങ്ങി, 1903ൽ എന്ഹർ ബാൽ സ്റ്റേഷൻ തുടങ്ങി. പിന്നീട് രണ്ട് വർഷത്തേക്ക് പണി നിർത്തി വെച്ചു. 1905 ൽ പുനരാരംഭിച്ചു.1912 ൽ സ്റ്റേഷൻ  ആരംഭിച്ചു. പതിനാറ് വർഷമെടുത്തു പണി പൂർത്തീകരിക്കുവാൻ. വിചാരിച്ചതിലും ഇരട്ടി പണം ചിലവഴിക്കേണ്ടി വന്നു പണി മുഴുവനാക്കുവാനെന്ന് പറയപ്പെടുന്നു. ഞാൻ  മലയുടെ അടിവാരത്തുള്ള സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ വൂളൻ ഡ്രസ്സൊക്കെയെടുത്ത് ധരിച്ചു. എൻ്റെ മുൻകൂട്ടിയുള്ള ഒരുക്കം കണ്ട് എല്ലാവരും ചിരിക്കുകയായിരുന്നു. ഞാനോർത്തു എന്തും വന്നോട്ടേ എല്ലാരും കണ്ടോട്ടെയെന്ന്, കാരണം എനിക്ക് കാറിലും റൂമിലുമൊക്കെ എ.സി. ഇട്ടാൽ പോലും തണുപ്പ് സഹിക്കാത്തയാളാണ്. പിന്നെന്തിനാ ഇത്തരം സാഹസത്തിന് മുതിരുന്നതെന്ന് വായനക്കാർക്ക് തോന്നാം. യാത്രകളും യാത്രയ്ക്കിടയിലെ കാഴ്ചകളും എനിക്ക് വലിയ ഇഷ്ടമാണ്.

 

ഞാൻ അതൊക്കെ ധരിച്ച് യാത്ര ചെയ്തപ്പോൾ നേരത്തെ ധരിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. എന്തെന്നാൽ സാധാരണ കാലാവസ്ഥയിൽ വൂളൻ വസ്ത്രങ്ങൾ ധരിച്ചതിനാൽ എനിക്ക് ഉഷ്ണം തോന്നി തുടങ്ങി.

ട്രയിൻ മലമുകളിലൂടെ കടന്ന്പോയപ്പോൾ താഴെ മുഴുവൻ പച്ചപുൽത്തകിടിയും നദികളും പൈൻ മരങ്ങളും ഒക്കെ കൂടെ മനോഹരമായ കാഴ്ച. പച്ചവെൽവറ്റിൽ ചെറിയ വീടുകളും പശുക്കൾ മേയുന്നതുമൊക്കെ ചിത്രം വരച്ചിരിക്കുന്നത് പോലെ ട്രയിനിലിരുന്ന് കണ്ടിരിക്കുവാൻ  രസം തോന്നി. മനസ്സിൽ കവിതകൾ  വിരിയുന്നുണ്ടായിരുന്നതിനാൽ ഞാനൊരു കവിയത്രിയായിരുന്നെങ്കിൽ എന്നാശിച്ച് പോയി. ദൃശ്യഭംഗി ആസ്വദിച്ച് സിനിമ കാണുന്നപോലെ ഞാനിരുന്നു.

 അവിടെവരെ മാത്രമേ ഈ ട്രെയിൻ പോകുകയുള്ളൂ. അവസാന സ്റ്റേഷനിൽ നിന്ന് കോഗ് ട്രയിനിൽ കയറി വേണം ആൽപ്സിലെത്തുവാൻ. എന്തെന്നാൽ മുകളിലേക്ക് പോകുന്തോറും റെയിൽവേ ട്രാക്കുകൾ  മഞ്ഞുകളാൽ മുടപ്പെട്ട് കിടക്കുകയായിരിക്കും. പ്രത്യേകതരം വീലുകളുള്ള ട്രയിനിൻ്റെ വീലുകളിൽ പല്ലുകൾപോലെ ഘടിപ്പിച്ചിട്ടുണ്ട്. മഞ്ഞുമലകളിലൂടെ കുത്തനെയുള്ള സ്ഥലത്തേക്ക് പോകുമ്പോൾ ട്രയിനിൻ്റെ വീലുകൾ ട്രാക്കിൽ പിടിച്ച് പിടിച്ച് പോവുന്നതിനാണ് കോഗുകൾ വീലുകളിൽ പിടിപ്പിച്ചിരിക്കുന്നത്.

കോഗ് ട്രയിൻ നീങ്ങി തുടങ്ങിയപ്പോൾ മലമുകളിലെ ദൃശ്യങ്ങൾക്ക് മാറ്റം വന്ന് തുടങ്ങി അവിടവിടെയായി പഞ്ഞിക്കെട്ടുകൾ കിടക്കുംപോലെ മഞ്ഞ് കിടക്കുന്ന മനോഹരമായ കാഴ്ച. തണുപ്പ് തോന്നിതുടങ്ങി. എൻ്റെ ചെവി കൊട്ടിയടച്ചത്പോലെ, ഞാൻ  സ്വറ്ററിൻ്റെ ഹുക്കുകൾ ഇട്ടു പിന്നെ മഫ്ളർകൊണ്ട് കഴുത്തിനെ മൂടിവെച്ചു. ഞാൻ നോക്കിയപ്പോൾ ഞങ്ങളോടൊപ്പമുള്ളവരെ തിരിച്ചറിയാനാവാത്തവിധം എല്ലാവരും സ്വറ്ററും മങ്കികാപ്പും അണിഞ്ഞ് കഴിഞ്ഞു. കാലാവസ്ഥ പെട്ടെന്ന് നാല് ഡിഗ്രി സെൻ്റീഗ്രൈഡ് ആയിക്കഴിഞ്ഞിരിക്കുന്നു.

ഞങ്ങൾ ലങ്ങ് ഫ്രൌ ജോ സ്റ്റേഷനിലെത്തിച്ചേർന്നു. സ്റ്റേഷനോട് ചേർന്ന ഹോട്ടലിലാണ് ഞങ്ങൾക്ക് ഭക്ഷണം ഏർപ്പാട് ചെയ്തിരിക്കുന്നത്. അവിടെയെത്തിയപ്പോൾ ഷാംപെയിൻ വിതരണം ചെയ്തു. ഭക്ഷണത്തോടൊപ്പം ഷാംപെയിൻ ഉണ്ടെന്ന് എഴുതിയിരുന്നു. എനിക്ക് അതിന് പകരം ജ്യൂസ് ലഭിച്ചു. ഇതൊക്കെ ആസ്വദിച്ച് നോക്കണ്ടേയെന്നൊക്കെ കൂടെ ഉള്ളവർ പറയുന്നുണ്ടായിരുന്നു. അവിടത്തെ ഭക്ഷണം രുചികരമായിരുന്നുവെന്ന് പ്രത്യേകം പറയട്ടെ.

ഹോട്ടലിൽ മുഴുവൻ ഗ്ലാസ് വിൻഡോ കൊടുത്തിരിക്കുന്നത്കൊണ്ട് അതിലൂടെ മഞ്ഞുമലകൾ  കണ്ടിരിക്കുവാൻ എന്ത് ഭംഗിയായിരുന്നെന്നോ. ഒരു സ്വപ്നലോകത്ത് എത്തിപ്പെട്ടതായി തോന്നി.

 അപ്പോഴേക്കും എൻ്റെ ഭർത്താവിന് ചെറുതായി തലകറക്കംപോലെ, കൂടെയുള്ളവരും ടൂർ ഓപ്പറേറ്ററും അതൊന്നും സാരമില്ലെന്നും, ചിലർക്ക് അങ്ങനെ വരാറുണ്ടെന്നും അവിടെ വിദഗ്ദരായ ഡോക്ടർമ്മാരുണ്ടെന്നും വിശ്രമിക്കുവാൻ പ്രത്യകം സ്ഥലമുണ്ടെന്നും പറഞ്ഞു. അങ്ങനെ വിശ്രമിക്കുവാനുള്ള സ്ഥലത്ത് കുറച്ച് സമയം ചിലവഴിച്ചപ്പോൾ തലകറക്കം ഭേദമായി.

ഞങ്ങൾ അവിടെയുള്ള സ്റ്റെയർ കേസിലൂടെ നടന്ന് മുകളിൽ കയറി. ഗ്രില്ലിട്ട വരാന്തകളിൽ നിന്നാൽ പുറത്തേ കാഴ്ചകൾ നന്നായി കാണുവാനാകും. ചിലർ അതിലെ ഇറങ്ങി പഞ്ഞിക്കെട്ടിലൂടെ നടക്കുന്നുണ്ടായിരുന്നു.

 

 ഞങ്ങൾ യാത്രയ്ക്ക് പുറപ്പെടും മുൻപ് മുന്നറിയിപ്പ് തന്നിരുന്നു, അവിടെയെത്തിയാൽ മഞ്ഞിലേക്ക് ഇറങ്ങുവാൻ തോന്നും പക്ഷെ ഇറങ്ങരുതെന്നും, സുരക്ഷിതമായ സ്ഥലത്ത് കൂടെ ഇറങ്ങുവാൻ മറ്റൊരു ദിവസംകൊണ്ട് വരുന്നുണ്ടെന്നും പറഞ്ഞു. ഞങ്ങൾ ഇവിടെ നിന്ന് നോക്കുമ്പോൾ പലരും മഞ്ഞിൽ നടന്ന് വീഴുന്ന കാഴ്ച കണ്ടിട്ട് പേടിതോന്നി. ഏതായാലും മഞ്ഞുമലയിലെത്തിയപ്പോൾ സ്വർഗ്ഗത്തിലെത്തിയ പ്രതീതിയായിരുന്നു. അതിലൂടെയൊന്ന് നടക്കാനായിരുന്നെങ്കിൽ എന്ന് ശരിക്കും മോഹിച്ചു.

പടവുകൾ ഇറങ്ങി വന്നപ്പോൾ ഐസ് പാലസ് കണ്ടു. ഇവിടം വരെ വന്നിട്ട് അതിലൊന്ന് കയറിയില്ലെങ്കിലോ എന്നോർത്ത് ഞാനും മകനും കൂടെ ഐസ് പാലസിൽ കയറി. അതിനകത്തേ വിശേഷങ്ങൾ  അടുത്ത ലക്കത്തിൽ …..

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.