ആൽപ്സ് മഞ്ഞുമലകളുടെ വശ്യസൗന്ദര്യവും ചില്ലുകൊട്ടാര ദൃശ്യങ്ങളും.

ആൽപ്സ് മഞ്ഞുമലകളുടെ വശ്യസൗന്ദര്യവും ചില്ലുകൊട്ടാര ദൃശ്യങ്ങളും.

 

                                                             

ആദ്യദിവസം ആൽപ്സ് മലകളിൽ കയറിയെങ്കിലും മലമുകളിലൂടെ നടക്കരുതെന്ന് പ്രത്യക മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ഞങ്ങളുടെ സംഘത്തിലുള്ളവർ മലയിലിറങ്ങി നടന്നില്ല. ചില വിനോദസഞ്ചാരികൾ  മഞ്ഞിലൂടെ ഇറങ്ങി നടന്ന് തെന്നിവീഴുന്ന കാഴ്ച ഞങ്ങൾ കാണുവാനിടയായി. വിനോദസഞ്ചാരികൾ അവിടെ ഇറങ്ങി നടക്കുവാൻ സ്വിസ്സ് സർക്കാർ ഉദ്ദേശിച്ചിട്ടുമില്ല. എന്നാൽ ഹോട്ടൽ മുഴുവൻ നല്ല വലിപ്പമുള്ള ഗ്ലാസിൻ്റെ ഭിത്തികളാൽ നിർമ്മിച്ചിരിക്കുന്നതിനാൽ ഹോട്ടലിൽ ഇരുന്ന് തന്നെ സുന്ദരമായ മഞ്ഞുമലകൾ  കാണാം. ആ അനുഭവം മഞ്ഞുമലകളുടെ മദ്ധ്യത്തിൽ ഇരിക്കുന്നതായി തോന്നിക്കും. ഹോട്ടലിലെ സുഭിക്ഷമായ ഭക്ഷണം കഴിച്ചശേഷം എല്ലാവരും ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു.

ഹോട്ടലിൻ്റെ അരികിലുള്ള ചെറിയ വരാന്തയിലൂടെ നടന്ന് വെളിയിലിറങ്ങിയപ്പോൾ മുകളിലേക്ക് കയറുന്നതിനുള്ള ചെറിയ പടവുകൾ കണ്ടു. അതിലൂടെ കയറിയാൽ ഗ്രില്ലുകളിട്ട് സുരക്ഷിതമാക്കിയ തുറന്ന വരാന്തകളുണ്ട്. അവിടെ നിന്നാൽ വെള്ളപുതപ്പണിഞ്ഞ മഞ്ഞുമലകൾ നേരിൽ കാണുവാനാകും. അതിനരികിൽ നിന്ന് ഞങ്ങൾ  ഫോട്ടോകളെടുത്തു. എത്ര സമയം നോക്കി നിന്നാലും മടങ്ങി പോരാൻ തോന്നില്ല.

 

ആൽപ്സ്സിൻ്റെ സൗന്ദര്യം ആസ്വദിച്ച് നിന്നശേഷം താഴെ എത്തിയപ്പോൾ, കുറെയാളുകൾ തിരക്കിട്ട് ഒരു ദിശയിലൂടെ പോകുന്നത് കണ്ടു. അവർ ഐസ് പാലസ് സന്ദർശിക്കുവാനായി പോകുന്നതാണെന്ന് മനസ്സിലായി. ഞങ്ങളും ഐസ് പാലസ് ലക്ഷ്യമാക്കി നടന്ന്, ഐസ് പാലസിനകത്ത് കടന്നു. കുഴൽ പോലെയോ, തുരങ്കം പോലെയോയാണ് ഈ ചില്ല് കൊട്ടാരം നിർമ്മിച്ചിരിക്കുന്നതെന്ന് പറയാം. മുകളിലും താഴെയും വശങ്ങളിലും ഐസുകൾകൊണ്ട് ടൈൽ പാകിയതുപോലെയാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഈ ഐസ് കുഴലിലൂടെയാണ് ഞങ്ങൾ നടന്ന് നീങ്ങിയത്.

 

 

കാലിൽ പ്രത്യേകതരം ഷൂസും കൈയിൽ ഗ്ലൗസും ചൂടിനുള്ള സ്വറ്ററും ഇന്നറും ധരിച്ചിരുന്നിട്ട് കൂടി മൂന്ന് ഡിഗ്രിയിൽ താപനില ക്രമീകരിച്ചിരിക്കുന്ന ഗുഹയിലൂടെ നടന്ന് നീങ്ങിയപ്പോൾ അസഹ്യമായ തണുപ്പനുഭവപ്പെട്ടു. ഫ്ലോർ മുഴുവനും സ്കേറ്റിംങ്ങിന് ഒരുക്കിയ ഹാൾ പോലുണ്ട്. കാലുകൾ തെന്നി തെന്നി പോവുകയാണ്. വിചാരിച്ച സ്ഥലത്തൊന്നും കാലുറയ്ക്കുന്നില്ല. രണ്ട് കാലും രണ്ടിടത്തേക്ക് പോകുന്നു. സ്റ്റീലിൻ്റെ ഹാൻഡ് റെയിലുണ്ടെങ്കിലും അതിനരികിലൂടെ കയർ കെട്ടിയിട്ടുണ്ട്. തണുത്തിരിക്കുന്ന സ്റ്റീൽ റോഡിൽ പിടിക്കാൻ തോന്നില്ല. മോൻ പറഞ്ഞു അമ്മ കയറിൽ പിടിച്ച് നടന്നോളൂവെന്ന്. പ്രദർശനവസ്തുക്കൾ  ഒരുക്കിയിരിക്കുന്ന സ്ഥലത്തൊക്കെ കയർ കെട്ടിയിട്ടുണ്ട്. എന്തൊരു വിചിത്രസംഭവമാണല്ലേ. സ്കെയിറ്റിംങ്ങ് നടത്തികൊണ്ട് പ്രദർശനവസ്തുക്കൾ കാണുകയെന്നത്.

 

ഒന്നുരണ്ട് ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. ഒരെണ്ണം വട്ടമേശസമ്മേളനംപോലെ മീറ്റിംങ്ങ് നടക്കുന്നതിൽ കുറെപേർ പങ്കെടുക്കുന്ന ദൃശ്യം മഞ്ഞിൽ ഉണ്ടാക്കി വെച്ചിരിക്കുന്നു. അവിടെ നിന്ന് ഞങ്ങൾ ഫോട്ടോകൾ എടുത്തശേഷം മുന്നോട്ട് നീങ്ങി. എനിക്ക് ഐസ് ആർട്ട് കാണുവാൻ നല്ല താല്പര്യവുമുണ്ട്. എത്ര ഭംഗിയായിട്ടാണ് ഐസിൽ കൊത്തിയിട്ടുള്ള രൂപങ്ങൾ, തണുത്ത് വിറക്കുന്ന അന്തരീക്ഷത്തിലിരുന്ന് കൊത്തിയുണ്ടാക്കിയിരിക്കുന്നത്. കലാകാരന്മാരുടെ കഴിവ് ശ്ലാഖനീയം തന്നെ. ഈ കലാവിരുത് പ്രകടിപ്പിച്ച ഇവരോട് ആദരവ് തോന്നി. പെൻഗ്വിൻ  കൂട്ടങ്ങൾ, നായ്ക്കുട്ടികൾ, പുലി, നീർനായകൾ, പരുന്തുകൾ എന്നിവ കൂടാതെ കൊട്ടാരങ്ങളും പള്ളികളും മനോഹരമായി തീർത്തിരിക്കുന്നു. അത് കൂടാതെ പൂക്കളും മറ്റു ചില ദൃശ്യങ്ങളും മഞ്ഞിനകത്ത് വരുന്നത് പോലെയുള്ള കാഴ്ച കണ്ടു. നമ്മുടെ പേപ്പർ വെയിറ്റിൽ ചില ദൃശ്യങ്ങൾ  കാണാറില്ലേ അത് പോലുള്ളവ, വളരെ മനോഹരമായിരുന്നു. അതിനകത്തെ പൂക്കളും ദൃശ്യങ്ങളും നിറങ്ങൾ  ഉള്ളവ, ഒരു പ്രത്യക ഭംഗിയുണ്ടതിന്. വലിയ കൊട്ടാരങ്ങളും അതിന് മുന്നിലെ തൂണുകളും ഒക്കെ പണിയാൻ  ഒത്തിരി സമയം മഞ്ഞിൽ ചിലവഴിച്ച് കാണില്ലേ എന്ന് ഞാനോർക്കുകയായിരുന്നു.

 

കാലുകൾ തെന്നി പോകുന്നതിനാൽ ഞാൻ സകലദൈവത്തേയും വിളിച്ച് പോയി. മുന്നോട്ട് പോകുന്തോറും വഴുക്കൽ കൂടി കൂടി വരുന്നു. താഴെ വീണാൽ പല്ലൊക്കെ തവിട് പൊടിയാകും. കൂടാതെ ഒരു മനുഷ്യരേയും കാണുന്നില്ല. എന്തെന്നാൽ ഈ പാലസ് ടണൽ വളഞ്ഞ് തിരിഞ്ഞ കുഴൽപോലെയാണുണ്ടാക്കിയിരിക്കുന്നത്. കലാകാരന്മാർ ശില്പ്പചാതുരി തെളിയിച്ച സ്ഥലത്തിൽ കൂടെ കയറിൽ പിടിച്ച് ട്രപ്പീസ് കളി നടത്തുന്ന കോമാളിയെപോലെ ഞാൻ ശില്പ്പങ്ങൾ കണ്ടെന്നും കണ്ടില്ലെന്നും വരുത്തി ഒരു കണക്കിന് ഐസ് പാലസിൻ്റെ എക്സിറ്റിലെത്തി. മോൻ പാലസിന്റെ എക്സിറ്റിൽ കാത്ത് നില്ക്കുകയായിരുന്നു. ഞങ്ങളുടെത്തന്നെ ഗ്രൂപ്പിലെ മറ്റ് സംഘങ്ങൾ കാത്ത്നില്ക്കുന്നിടത്ത് എത്തി, അവിടെ നിന്നും ഞങ്ങൾ  വന്നത്പോലെ തന്നെ മടക്കയാത്രയാരംഭിച്ചു.

 

ട്രയിനിലേക്ക് പോവുന്നതിന് ലിഫ്റ്റിൽ താഴെയ്ക്ക് ഇറങ്ങണം പിന്നെ കോഗ് വീലുള്ള ട്രയിനിൽ മഞ്ഞുനിരകൾ കടക്കണം. അവിടെ നിന്നും മറ്റൊരു സാധാരണ ട്രയിനിൽ യാത്ര ചെയ്യണം.

ആൽപ്പ്സിൽ കയറി മടങ്ങും വഴി എൻ്റെ ചിന്ത മുഴുവനും ഈ പദ്ധതി ആരുടെ ചിന്തയിൽ ഉദിച്ചതായിരിക്കും, ആരായിരിക്കാം പണിതത്, എത്ര കാലമായിക്കാണും ഇത് പണിതിട്ട് എന്നിങ്ങനെയൊക്കെയായിരുന്നു. മഞ്ഞുമലവരെ എത്തുവാൻ സാധാരണ ട്രയിനും അതിന് മുകളിലേക്ക് കോഗ് ട്രയിനുമൊക്കെ പണിയാൻ എത്ര രുപയും സമയവും ചിലവിട്ട് കാണും. അത് പൂർത്തിയായാൽ ടൂറിസത്തിലൂടെ വരുമാനമുണ്ടാക്കാനാവും എന്ന് ചിന്തിച്ചായിരിക്കുമല്ലോ ഈ പദ്ധതി തയ്യാറാക്കിയത്. അവരുടെ ധാരണയനുസരിച്ച് ഓരോ ദിവസവും നിരവധി വിദേശികൾ വന്ന് പോകുന്നുണ്ടിവിടെ. ഇത്തരം ചിന്തകൾ എന്നെ ആൽപ്പ്സിലെ ട്രയിൻ സർവ്വീസിനെക്കുറിച്ചും അതിൻ്റെ ചരിത്രത്തിലേക്കും എത്തിനോക്കാനുള്ള ആവേശത്തിലേക്കാണ് എത്തിച്ചത്.

 

ഏതാണ്ട് 1893ലാണ് അവിടെ ട്രയിൻ സർവ്വീസ് ആരംഭിച്ചാലോ എന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ പെൻസിൽ സ്കെച്ച് ഉണ്ടാക്കി. എന്നാൽ 1896 ലാണ് പണിയാരംഭിച്ചത്. നൂറോളം ഇറ്റാലിയൻ പണിക്കാർ ജോലി ചെയ്തു.1898 ലാണ് ബ്ലാസ്റ്റിംങ്ങ് പണി തുടങ്ങി. 1903 ൽ എൽഗർബൻ  സ്റ്റേഷൻ  തുടങ്ങി. 1905 വരെ പണി നിർത്തി വെച്ചു. 1912 ൽ അടുത്ത സ്റ്റേഷനും ആരംഭിച്ചു. മുഴുവൻ പണിയും പൂർത്തീകരിക്കാൻ പതിനാറ് വർഷമെടുത്തു.

 

ഇതിനിടയിൽ ഞങ്ങൾ  രണ്ടാമത്തെ ട്രയിൻ കയറാനായി സ്റ്റേഷനിൽ  ഇറങ്ങി. ആ ട്രയിനിൽ നിന്നിറങ്ങിയ ശേഷം ഞങ്ങൾ വന്ന ബസ്സിൽ തന്നെ ഹോട്ടലിലേക്ക് തിരിക്കുകയാണ്. ഞങ്ങളുടെ മടക്കയാത്ര മറ്റൊരു മനോഹരമായ റൂട്ടിലൂടെയായിരുന്നു. ഭംഗിയുള്ള കുറെ കാഴ്ചകൾ  ആസ്വദിക്കാനാണ് റൂട്ട് മാറി പോവുന്നതെന്ന് ടൂർ മാനേജർ പറഞ്ഞു. മലയുടെ തീരമായതിനാൽ  മനോഹരമായ സ്ഥലങ്ങളും ധാരാളം പൂക്കളും ചെടികളുമൊക്കെ കണ്ടു.

അവിടെ നിന്ന് ബസ്സിലും കയറി ഹോട്ടലിലെത്തിയപ്പോൾ നാളെ ഞങ്ങൾ  ആൽപ്സിൽ വീണ്ടും സന്ദർശിച്ച് സൗകര്യപ്രദമായ വഴിയിലൂടെ ആൽപ്സിൽ ഇറങ്ങുമെന്നും അത്കൊണ്ട് നാളെ രാവിലെയും ഭക്ഷണം പരിമിതമായി മാത്രമേ കഴിക്കാവൂവെന്നും നിർദേശിച്ചു. വലിച്ച് വാരി കഴിച്ചാൽ യാത്രയിൽ വയറിന് പ്രശ്നം ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. പിറ്റേ ദിവസം അതിരാവിലെ തന്നെ ആൽപ്സ്  പർവ്വതത്തിൻ്റെ കോരിത്തരിപ്പിക്കുന്ന ഭംഗി തലേദിവസം ആസ്വദിച്ചത്കൊണ്ട് ഇന്ന് മലമുകളിലൂടെ നടക്കാമെന്ന ആവേശത്തിൽ എല്ലാവരും തയ്യാറായി എത്തി. തലേ ദിവസം യാത്ര പോകുംവഴി മനോഹരമായ സ്ഥലം സന്ദർശിച്ചത്പോലെ സുന്ദരമായ മറ്റു രണ്ട് സ്ഥലങ്ങൾ കൂടെ ഇതിനകം സന്ദർശിക്കുമെന്ന് പറഞ്ഞു. അത് അടുത്ത ലക്കത്തിൽ വിശദീകരിക്കും. ചുരുങ്ങിയ ഈ യാത്രാവിവരണം ഞാൻ എഴുതിയ തമ്പുരാട്ടി പറമ്പിൽ നിന്ന് ബക്കിംഹാമിലേക്ക് എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്.

ഈ രണ്ട് കാഴ്ചകൾക്ക് ശേഷം ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിലേക്ക് പോയി. ഓരോ സംഘമായി കേബിൾ കാറിൽ കയറ്റി വിട്ട്കൊണ്ടിരിക്കുന്നതിനിടയിൽ ഞങ്ങളുടെ അവസരമെത്തുവാൻ അക്ഷമരായി കാത്ത് നില്ക്കുന്നതിനിടെ തന്നെ ഞങ്ങളുടെ ഊഴമെത്തി. അതിൽ കയറി എത്ര ഉയരത്തിലൂടെ എത്ര ദൂരം സഞ്ചരിച്ചുവെന്ന് ഞാൻ ശ്രദ്ധിച്ചില്ല. ചുറ്റിനും ഗ്ലാസിട്ട കേബിൾ കാറിലിരുന്ന് കാഴ്ചകൾ ആസ്വദിച്ചത് ഒരിക്കലും മറക്കാനാവില്ല. ട്രയിൻ യാത്രയിൽ നമുക്ക് ഒരു വശത്തെ ദൃശ്യമല്ലേ കിട്ടൂ. ഇത് മുകളിലിരുന്ന് താഴെ കാഴ്ചകൾ കാണുവാനുള്ള അസുലഭ സന്ദർഭം ഞാൻ ശരിക്കും ആസ്വദിച്ചു.

ആദ്യം പച്ചപ്പുള്ള സ്ഥലങ്ങൾ  അതിനിടയിൽ ചെറിയ കളിപ്പാട്ടങ്ങൾപോലുള്ള വീടുകൾ, കന്നുകാലികൾ മേയുന്നത്, തടാകങ്ങൾ, പിന്നീടങ്ങോട്ട് ദൃശ്യം മാറിത്തുടങ്ങി പൈൻ മരങ്ങൾ, പിന്നെ വെള്ളപുതപ്പ്കൊണ്ട് തലവഴി മൂടി കിടക്കുന്ന പൈൻ മരങ്ങളും മലകളും ഈ മനോഹരകാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശിച്ചിരിക്കേണ്ടതാണ്. അങ്ങനെ ഞങ്ങൾ ആൽപ്സിൻ്റെ മഞ്ഞുമലകളിൽ എത്തിച്ചേർന്നു. ചുറ്റിനും വെള്ളനിറത്തിലെ മഞ്ഞുമലകളാൽ മൂടപ്പെട്ട സ്ഥലം. സ്വർഗ്ഗത്തിലെത്തിയത്പോലെ. അവിടെ നിന്ന് വീണ്ടും ഞങ്ങളെ റോട്ടെയറിൽ കൊണ്ട്പോയി. അത് മഞ്ഞിൽ കൂടെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന വാഹനമാണ്. അത്ഭുതമെന്ന് പറയട്ടെ ഞങ്ങൾ വീണ്ടും കുറെ ഉയരത്തിലെത്തി. സത്യം പറഞ്ഞാൽ മനുഷ്യരുടെ സാങ്കേതികവിദ്യയിൽ അഭിമാനം തോന്നിയ നിമിഷം. അവിടെ എത്തുമ്പോൾ എല്ലാവരും ക്ഷീണിക്കുമെന്നും ചായ കുടിക്കാൻ ആഗ്രഹമുണ്ടാവുമെന്നും മനസ്സിലാക്കി, അവിടെ ഒരു ഷോപ്പ് ഉണ്ട്. ആ സ്റ്റേഷനിൽ എത്തി അവിടെയിരുന്ന് നോക്കിയപ്പോൾ കുറെ ഏരിയാ മുഴുവനും മഞ്ഞിൽ കാർപ്പറ്റ് വിരിച്ചിരിക്കുന്നു. മോന് അതിലൂടെ നടന്ന് വന്നിട്ട് പറഞ്ഞു. അമ്മ വരൂ പേടിക്കാതെ നടക്കാം വഴുക്കില്ല കാർപറ്റ് വിരിച്ചിരിക്കുന്നത് നമുക്ക് സുഗമമായി നടക്കാനാണെന്ന്. വെള്ള മഞ്ഞിലെ ചുവന്നകാർപ്പറ്റിലൂടെ ഞാനും നടന്നു. അതിനിടയിൽ ഗ്രൂപ്പിലുള്ള പ്രായം കുറഞ്ഞവർ നേരത്തെ ഇറങ്ങി കോരിത്തരിച്ചിരിക്കുകയാണ്. എല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷം. എനിക്കും അവരുടെ സന്തോഷം കണ്ടപ്പോൾ കാർപ്പറ്റിലൂടെ നടക്കാൻ മോഹം തോന്നി. ഞങ്ങൾ കാർപ്പറ്റിൽ ഇറങ്ങി നടന്ന് തുടങ്ങിയപ്പോൾ  അവർ മഞ്ഞിലിറങ്ങി. ചെറുപ്പക്കാർക്ക്, പ്രായമുള്ളവർ ഇത്രിടം വന്നെങ്കിൽ ഞങ്ങൾ അതിന് മുകളിലെത്തണ്ടേ എന്ന ഭാവമാണ്. കുറച്ച് കഴിഞ്ഞ് അവരുടെ ആവേശംകണ്ട് ഞങ്ങളും മഞ്ഞിലിറങ്ങി. അവരൊക്കെ ഐസ് എറിഞ്ഞ് കളിക്കാൻ തുടങ്ങി ചിലർ മഞ്ഞിൽ ചിത്രങ്ങൾ വരച്ചു. എല്ലാവർക്കും നല്ല ഉത്സാഹമായി. എല്ലാവർക്കും പ്രായം കുറഞ്ഞോ എന്നെനിക്ക് സംശയമായി. കുട്ടികളേക്കാൾ ഉത്സാഹമായി പ്രായമായവർക്ക് എന്ന് തോന്നി തുടങ്ങി. അവർ അന്യോന്യം മഞ്ഞുകട്ടകൾ എറിഞ്ഞ് കളിക്കാൻ തുടങ്ങി, എല്ലാവർക്കും പുതുജീവൻ കിട്ടിയത്പോലെ ആവേശമായി.

 

അങ്ങനെ കുറച്ച് സമയം കഴിഞ്ഞപ്പോൾ ചെറുപ്പക്കാരൊക്കെ കുട്ടികളുമായി വീണ്ടും മലയുടെ ഉയരങ്ങളിലേക്ക് പോയി. എൻ്റെ മോനും തനിയെ പോയി. കുറെ കഴിഞ്ഞപ്പോൾ ഓരോരുത്തരായി വരുന്നുണ്ട്. എൻ്റെ മോനെ മാത്രം കാണുന്നില്ല. എനിക്കു ടെൻഷനായി. ഞങ്ങളോടൊപ്പമുള്ള അവിടെ വെച്ച് പരിചയപ്പെട്ട സുഹൃത്ത് എന്നെ ആശ്വസിപ്പിച്ചു.

 

ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് മലമുകളിൽ കാറ്റും കോളും വരും ചിലപ്പോൾ കാറ്റ് കള്ളനെപോലെ വന്ന് കാർമേഘങ്ങളെ തട്ടി കൊണ്ടുപോവുന്നുമുണ്ട്. അങ്ങനെ ഞാനും സുഹൃത്തും സംസാരിച്ച് നില്ക്കുന്നതിനിടയിൽ മോനിറങ്ങി വരുന്നത് അവർ കണ്ടുപിടിച്ചു. എനിക്ക് സമാധാനമായി, മുഖം മനസ്സിൻ്റെ കണ്ണാടിയായതിനാൽ അതെൻ്റെ മുഖത്തും പ്രതിഫലിച്ചു. കുറേ സമയം മഞ്ഞിൽ ചിലവഴിച്ചതിനാൽ പ്രായമായവരൊക്കെ ചായ കുടിക്കുവാൻ ടീ ഷോപ്പിൽ കയറി. ചായ ഓർഡർ ചെയ്യുന്നതിനിടയിൽ അവിടെയിരുന്ന് ഗ്ലാസിലൂടെ കാണുന്ന ദൃശ്യങ്ങൾ പകർത്തുവാൻ ഫോൺ നോക്കിയപ്പോൾ കാണുന്നില്ല.

 

മഞ്ഞിൽ പോകുവാനേ സാധ്യതയുള്ളൂ എന്തെന്നാൽ റോട്ടെയറിൽ കയറിയപ്പോൾ ഞാൻ  ഫോട്ടോയെടുത്തതാണ്. ഓഫിസിൽ ഉടനെ വിവരം അറിയിക്കുവാൻ പറഞ്ഞു. മോന് ഓടി നടന്ന് എല്ലാ ഓഫിസിലും ഫോൺ നഷ്ടപ്പെട്ടത് അറിയിച്ചപ്പോൾ നീലകവർ ഉള്ള ഫോൺ ലഭിച്ചിട്ടുണ്ടെന്നും ഓഫിസിലെത്തിയാൽ കൈപറ്റാമെന്നും മറുപടി. അവിടെ ഒരു സാധനവും കളവ് പോകാറില്ല പോലും. ജീവനക്കാർക്ക് എന്ത് സാധനങ്ങൾ ലഭിച്ചാലും അവരത് ഉടനെ ഓഫീസിലെത്തിക്കും.

ഇവിടെയ്ക്ക് വന്നത്പോലെ തന്നെ തിരിച്ചും കേബിൾകാറിൽ കയറി ഞങ്ങൾ മടക്കയാത്രയാരംഭിച്ചു. മഞ്ഞുമല സന്ദർശിച്ച സന്തോഷത്തോടെ വൈകുന്നേരത്തോടെ ബസ്സിൽ ഹോട്ടലിലേക്ക് തിരിക്കുകയും ചെയ്തു.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.