സ്വര്‍ണ്ണബിസിനസ്സ് രംഗത്തെ ബഹുമുഖപ്രതിഭ ശ്രീ. ജോണ്‍ ആലുക്കാസ് (ജോസ് ആലുക്കാസ് ഗ്രൂപ്പ് )

സ്വര്‍ണ്ണബിസിനസ്സ് രംഗത്തെ ബഹുമുഖപ്രതിഭ ശ്രീ. ജോണ്‍ ആലുക്കാസ് (ജോസ് ആലുക്കാസ് ഗ്രൂപ്പ് )

 

John Alukkas

ബിസിനസ്സിനോടൊപ്പം യാത്രകളും , സ്പോർട്സും , ഫിറ്റ്‌നസ്സും ഇഷ്ടപ്പെടുന്ന വാഹനപ്രേമിയായ യുവത്വം. സോഷ്യല്‍ മീഡിയയില്‍ ജനങ്ങളുടെ ഇഷ്ടവ്യക്തി. വിശേഷണങ്ങള്‍ ഏറെയുണ്ട് ഇദ്ദേഹത്തിന്. ഇന്ത്യയിലെ പ്രശസ്തജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ ഉടമ ശ്രീ ജോസ് ആലുക്കാസിന്റെ പുത്രന്‍ ജോണ്‍ ആലുക്കാസുമായുള്ള അഭിമുഖം.

വാഹനപ്രേമിയും കേരളത്തിലെ വളരെ പ്രശസ്തജ്വല്ലറി ഉടമയുടെ മകനുമായ താങ്കള്‍ ബിസിനസ് മേഖലയിലേക്ക് എത്തപ്പെട്ടത് സ്വന്തം താല്‍പര്യത്തിലാണോ, അതോ നിര്‍ബന്ധിതനാകുകയായിരുന്നോ?

സാധരണയായി, ഡോക്ടര്‍മാരുടെ മക്കള്‍ ഡോക്ടര്‍മാരാവുകയും, എഞ്ചിനീയര്‍മാരുടെ മക്കള്‍ എഞ്ചിനീയര്‍മാരാവുകയും ആണല്ലോ നാം പൊതുവേ കണ്ടുവരാറുള്ള പതിവ്. ഇത് തന്നെയാണ് എന്റെ ജീവിതത്തിലുമുണ്ടായത്. ചെറുപ്പത്തില്‍ തന്നെ അച്ഛനോടൊപ്പം ജ്വല്ലറിയില്‍ പോയി തുടങ്ങിയിരുന്നു. പഠനവും അതിനോടൊപ്പം തുടര്‍ന്നുകൊണ്ടിരുന്നു. ജ്വല്ലറി എന്നതിനേക്കാള്‍ ബിസിനസ് മേഖലയില്‍ തന്നെ തുടരാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് ബി.ബി.എം ചെയ്തത്. പിന്നീട് മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ജമെയ്ന്‍ ജ്വല്ലറി കോഴ്സുകളും പൂര്‍ത്തിയാക്കി. നമ്മള്‍ എത്ര കോഴ്സുകള്‍ വിജയിച്ചാലും കണ്ട് പഠിക്കുന്നതാണ് ഏറ്റവും പ്രധാനം. ഈ മേഖലയില്‍ അത്യാവശ്യമായി വേണ്ടത് പ്രവൃത്തി പരിചയമാണ്. ബിസിനസ് എന്നത് എന്റെ ആഗ്രഹം തന്നെയായിരുന്നു. അല്ലാതെ ഈ മേഖല തന്നെ തിരഞ്ഞെടുക്കണമെന്ന് ആരുമെന്നെ നിര്‍ബന്ധിച്ചിട്ടില്ല.

John Alukkas

വളരെ പ്രതീക്ഷയോടെ വരവേറ്റ ‘2020’ കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം ലോകമാകമാനം പ്രതിസന്ധിയിലമര്‍ന്നപ്പോള്‍, ഈ അവസ്ഥ സ്വര്‍ണ്ണ വ്യാപരമേഖലയെ എങ്ങിനെയാണ് ബാധിച്ചത്?

ഇങ്ങനെ ഒരു മഹാമാരി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ആദ്യമായി ചൈനയില്‍ കൊവിഡ് വന്നപ്പോള്‍ നമ്മളിവിടെ ഇരുന്ന് ചിരിച്ചുതള്ളി . അതവിടെയല്ലെ എന്ന ചിന്തയില്‍ നമ്മള്‍ സമാധാനിച്ചു. പക്ഷെ അധികം താമസിയാതെ നമ്മുടെ മുറ്റത്തുമെത്തി. കൊവിഡ് സമയത്ത് സ്വര്‍ണ്ണ വില കൂടിയതുകൊണ്ട് ജനങ്ങള്‍ക്ക് സ്വര്‍ണ്ണത്തിലുള്ള വിശ്വാസ്യതയും കൂടി. ഇപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ എല്ലാ മേഖലകളിലും വ്യാപാരയിടിവാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളില്‍ സ്വര്‍ണ്ണമാണ് ഇന്‍വെസ്റ്റ് ചെയ്യാന്‍ നല്ലതെന്ന ഒരു ഉറച്ച തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ട്. ഏകദേശം 22 പ്രൊജക്റ്റാണ് നിലവില്‍ തീര്‍ന്നിട്ടുള്ളത്. അതും വിലയുടെ കാര്യത്തില്‍ താഴോട്ട് തന്നെയാണ് പോകുന്നത്. അതേസമയം സ്വര്‍ണ്ണത്തിന് വില കൂടിയതുകൊണ്ട് ഈ മേഖലയില്‍ വലിയ പ്രതിസന്ധികളൊന്നും ഇതുവരെയില്ല. ഇന്ന് 1000 രൂപക്ക് വാങ്ങിയ സ്വര്‍ണ്ണത്തിന് നാളയാകുമ്പോഴേക്കും 2000 രൂപയാവുകയാണല്ലോ. അതുകൊണ്ട് പണം മുടക്കുന്നതില്‍ സാധാരണക്കാര്‍ക്ക് മടിയില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, ഭാവിയിലെ നല്ലൊരു സമ്പാദ്യമായി മാറുകയാണ് സ്വര്‍ണ്ണം. ആളുകള്‍ രണ്ട് കാര്യങ്ങള്‍ക്കാണല്ലോ സ്വര്‍ണ്ണം വാങ്ങുന്നത്. ഒന്ന് ആഭരണമായി ഉപയോഗിക്കാനും പിന്നെ സമ്പാദ്യമായും. നമ്മള്‍ കല്ല്യാണത്തിനോ മറ്റാഘോഷങ്ങള്‍ക്കോ വിലകൂടിയ ഒരു ഡ്രസ്സ് വാങ്ങുമ്പോള്‍ അതിന്റെ ഉപയോഗം വളരെ ചുരുങ്ങിയ സമയത്തേക്കാണ്. എന്നാല്‍ സ്വര്‍ണ്ണം ഒരിക്കലും അങ്ങിനെയല്ല. അതിന്റെ മൂല്യം കൂടുന്നതനുസരിച്ച് എന്നും സ്വര്‍ണ്ണം നല്ലൊരു സമ്പാദ്യമാണ്. എന്നിരുന്നാലും വില്‍പ്പനയില്‍ ഒന്നും വലിയ രീതിയിലുള്ള മാറ്റം ഇതുവരെയില്ല. പക്ഷെ കല്ല്യാണങ്ങള്‍ക്ക് ചിലവ് കുറവാണല്ലോ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ 2000 ആളുകള്‍ക്ക് സദ്യ കൊടുക്കിന്നിടത്ത് 50 പേര്‍ക്ക് കൊടുത്താല്‍ മതിയല്ലോ. അതുകൊണ്ട് കൂടുതല്‍ ആളുകളും അതിനായി മാറ്റി വെക്കുന്ന പണത്തിനും സ്വര്‍ണ്ണമാണ് വാങ്ങുന്നത്.

കൊവിഡ് കാരണം ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ചില ഷോറൂമുകള്‍ അടക്കേണ്ടി വന്നുവെന്നതാണ്. തമിഴ്നാട്ടിലേയും ആന്ധ്രാപ്രദേശിലേയും ഷോറൂമുകളാണ് അടക്കേണ്ടി വന്നത്. ജീവനക്കാര്‍ക്ക് വൈറസ് ബാധ വന്നതിനെ തുടര്‍ന്നാണ് അങ്ങിനെ ചെയ്യേണ്ടി വന്നത്. നിലവില്‍ ഉള്ള ജീവനക്കാര്‍ക്ക് പകരം പെട്ടന്ന് തന്നെ മറ്റാരെയെങ്കിലും നിയമിക്കുകയെന്നത് ആ സാഹചര്യത്തില്‍ അസാധ്യമാണ് . ഈ വ്യാപാരത്തില്‍ വിശ്വാസ്യത നിര്‍ബന്ധമാണല്ലോ. നമ്മുടെ ജീവനക്കാര്‍ താമസിക്കുന്നത് ഡോര്‍മെറ്ററി പോലുള്ള സ്ഥലത്താണ്. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് രോഗം വന്നാല്‍ പിന്നെ കൂടെയുള്ള എല്ലാവര്‍ക്കും രോഗം പകരും . ആ സാഹചര്യത്തിലാണ് ഷോറൂമുകള്‍ പൂര്‍ണ്ണമായും അടച്ചത്. കേരളത്തില്‍ അങ്ങിനെ ഒരു പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല. നമ്മുടെ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാറും നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടല്ലോ. ആന്ധ്രയിലുള്ള പല ജീവനക്കാരും ചികിത്സക്കും അല്ലാതെയും കേരളത്തിലേക്ക് വരണം എന്ന് ആവശ്യപ്പെട്ടിരുന്നു. പലരും വന്നിട്ടുമുണ്ട്. ആന്ധ്രയിലെല്ലാം ആശുപത്രികളില്‍ സ്ഥലമില്ല എന്ന് പറഞ്ഞ് രോഗബാധിതരെ മടക്കി അയക്കുകയാണ് ചെയ്തിരുന്നത്. ഞങ്ങള്‍ ഷോറൂമുകളിലെ ജീവനക്കാര്‍ക്കിടയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആ സമയത്ത് ഒരു ലക്ഷണങ്ങളും ഇല്ലാത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 22 മുതല്‍ 40 വരെ പ്രായമുള്ളവരാണ് ഞങ്ങളുടെ ജീവനക്കാര്‍. അതില്‍ രോഗം വന്നത് 24-നും 28-നും ഇടക്ക് പ്രായമുള്ളവര്‍ക്കായിരുന്നു. ‘2020’ ലോകജനതയ്ക്ക് ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത വര്‍ഷമാണ്.

John Alukkas Uniquetimes

 

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നല്ലോ. ലോക്ക്ഡൗണ്‍ ജീവനക്കാരെയും താങ്കളേയും എങ്ങിനെയാണ് ബാധിച്ചത്? ആ അനുഭവം വിശദമാക്കാമോ?

ജീവനക്കാരില്‍ എല്ലാവര്‍ക്കും നാട്ടിലേക്ക് വരാന്‍ സാധിച്ചില്ല. ഒരു 25 ശതമാനം ആളുകള്‍ മാത്രമാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. മറ്റുള്ളവരെല്ലാം എവിടെയാണോ അവിടെ തന്നെ അവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു. അത് നമ്മള്‍ക്ക് ജീവനക്കാരോടുള്ള കടമയാണല്ലോ. നമ്മുടെ സ്ഥാപനത്തില്‍ തൊഴിലെടുക്കാന്‍ തുടങ്ങിയാല്‍ എല്ലാ കാര്യങ്ങളും നമ്മുടെ ഉത്തരവാദിത്വമാണ്. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ട സഹായം നമ്മള്‍ തന്നെയാണല്ലോ ചെയ്യേണ്ടത്. രോഗം വന്ന ചില ജീവനക്കാര്‍ക്ക് നല്ല ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥലമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഒരു ദിവസം 80,000 രൂപയോളം ചികിത്സക്ക് ആവശ്യമായിരുന്നു. ആ ചിലവുകളെല്ലാം സ്ഥാപനം തന്നെയാണ് വഹിച്ചത്. അത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിലുള്ള പല ജീവനക്കാരും നാട്ടിലേക്ക് എത്തിയിരുന്നു. ആന്ധ്രയിലുള്ളവര്‍ക്കാണ് വരാന്‍ കഴിയാതിരുന്നത്. അവര്‍ സ്റ്റാഫ് കോട്ടേഴ്സില്‍ തന്നെ താമസിച്ചു. അവര്‍ക്ക് വേണ്ട ഭക്ഷണവും ബാക്കി കാര്യങ്ങളെല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു.

ഞാന്‍ ലോക്ക്ഡൗണിന് മുന്‍പ് ഹൈദ്രബാദിലായിരുന്നു. പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനത്തിന്  പോയതായിരുന്നു. പെട്ടന്നാണല്ലോ രാജ്യത്ത് എല്ലാം അടച്ച് പൂട്ടാന്‍ തീരുമാനമായത്. ഒരു ദിവസം കൂടി വൈകിയിരുന്നെങ്കില്‍ ഞാന്‍ ഹൈദ്രബാദില്‍ രണ്ട് മാസത്തോളം പെട്ട് പോയേനെ. പക്ഷെ ഭാഗ്യവശാല്‍ ലോക്‌ഡൗൺ തുടങ്ങിയ അന്ന് ഞാന്‍ നാട്ടിലെത്തി. അതിന് ശേഷം പിന്നെ യാത്രചെയ്യാനൊന്നും സാധിക്കില്ലായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ തന്നെയായിരുന്നു. അപ്പോള്‍ സ്പോര്‍ട്ട്സായായിരുന്നു പ്രധാന വിനോദം. കുറച്ച് നാളെങ്കിലും എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചു. ജോലിയുടെ ഭാഗമായി എപ്പോഴും യാത്രയായതിനാല്‍ ഞാന്‍ മാസത്തിലെ മുക്കാല്‍ ദിവസങ്ങളും പുറത്തായിരിക്കും. ലോക്ക്ഡൗണ്‍ ആയതിനാല്‍ 3-4 മാസത്തേക്ക് യാത്രകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഫാമിലിയുമായി  കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിച്ചു. അവരുമായുള്ള അടുപ്പം ഒന്നുകൂടെ ദൃഢപ്പെട്ടു എന്നും പറയാം.

John Alukkas

എങ്ങനെയാണ് വാഹനപ്രേമം ഉണ്ടായത്? ആദ്യമായി സ്വന്തമാക്കിയ വാഹനം ഏതാണ് ?

ആദ്യമേ ഉണ്ടായിരുന്നത് അച്ഛന്റെ പ്രീമിയര്‍ പത്മിനി എന്ന കാറാണ്. ആ കാര്‍ സ്ഥിരമായി കഴുകിയാണ് ഞാന്‍ അത് ഓടിക്കാന്‍ പഠിച്ചത്. ഇതിലൂടെയാണ് കാറിനോട് പ്രണയം തോന്നിയത്. വണ്ടി കഴുകുന്നതിന് പകരമായി ഡ്രൈവര്‍മാര്‍ എന്നെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. സ്വന്തമായി വാങ്ങിയ ആദ്യ കാര്‍ മാരുതി എസ്റ്റീമാണ്. കളക്ഷനില്‍ വേറെ കാറുകള്‍ ഉണ്ടെങ്കിലും ആദ്യമായി വാങ്ങിയ വണ്ടി ഇപ്പോഴുമുണ്ട്.

ഇന്‍സറ്റഗ്രാമില്‍ 58.8k ഫോളോവേര്‍ഴ്‌സ് ഉള്ള താങ്കള്‍ക്ക് സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള അഭിപ്രായം എന്താണ് ?

ഫെയ്സ്ബുക്ക് ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കതില്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഫെയ്സ്ബുക്കിനേക്കാള്‍ ഒരു ആക്റ്റീവ് സ്‌പെയ്‌സായി എനിക്ക് തോന്നിയത് ഇന്‍സ്റ്റഗ്രാമാണ്. പിന്നെ എന്റെ കൂട്ടുകാരില്‍ കൂടുതല്‍ പേരും ഇന്‍സ്റ്റഗ്രാമിലാണുള്ളത്. ഫെയ്സ്ബുക്കില്‍ ഞാന്‍ തീരെ ആക്റ്റീവല്ല. പലപ്പോഴും അക്കൗണ്ട് ബ്ലോക്ക് ചെയ്യാറാണ് പതിവ്. കൂറേ കാലമായി ഉപയോഗിക്കാറില്ലായിരുന്നു. ഇപ്പോള്‍ അക്കൗണ്ട് ഉണ്ടെങ്കിലും സ്ഥിരമായി ഉപയോഗിക്കാറില്ല. ഇന്‍സ്റ്റഗ്രാം തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നത്. അതിലൂടെ ഒരുപാട് നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. യാത്രയും, കാറുകളുമൊക്കെ ഇഷ്ടപെടുന്നവരാണവരും. ഈ വിഷയങ്ങളെ പറ്റി പല ചര്‍ച്ചകളും ഇന്‍സ്റ്റഗ്രാമില്‍ നടക്കാറുണ്ട്. പിന്നെ കാറുകളുടെ കാര്യത്തിലും ഇത്തരം കൂട്ടുകെട്ടുകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്നേക്കാളും കാറുകളോടും യാത്രകളോടും താത്പര്യമുള്ളവരുണ്ട്. അങ്ങിനെ ഉള്ളവരുമായി ചര്‍ച്ചകള്‍ നടത്തുകയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്ക് വെക്കുകയും ചെയ്യാറുണ്ട്. ഒരേ വിഷയം ഇഷ്ടപെടുന്നവര്‍ക്ക് അതിനെ പറ്റി സംസാരിക്കുന്നതും ഇഷ്ടമായിരിക്കുമല്ലോ. കഴിഞ്ഞ വര്‍ഷം ഞാന്‍ ഫാമിലിയുമായി ജോര്‍ജിയയില്‍ പോയിരുന്നു. ആ യാത്രതന്നെ ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതനുസരിച്ചായിരുന്നു. അദ്ദേഹം ജോര്‍ജിയയില്‍ പഠിക്കുന്ന ഡോക്ടറാണ്. ജോര്‍ജിയയിലെ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം പങ്ക് വെച്ചപ്പോഴാണ് പോകാന്‍ താത്പര്യം തോന്നിയത്. ഞാന്‍ പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു യാത്രയും കണ്ട സ്ഥലങ്ങളും. ആ സുഹൃത്ത് തന്നെയാണ് അവിടെ യാത്ര ചെയ്യുന്നതിനുള്ള സഹായമെല്ലാം ചെയ്തത്. ഏകദേശം 9 ദിവസങ്ങള്‍ ഞങ്ങള്‍ അവിടെ ചിലവഴിച്ചു. മഞ്ഞുള്ള സമയത്തായിരുന്നു പോയത്. അതുകൊണ്ട് ട്രക്കിങ് എല്ലാം നല്ല രീതിയില്‍ ആസ്വദിക്കാന്‍ സാധിച്ചു. ഇതു മാത്രമല്ല കേരളത്തില്‍ പല സ്ഥലങ്ങളും ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള സുഹൃത്ത് ബന്ധങ്ങള്‍ വഴി സന്ദര്‍ശിച്ചിട്ടുണ്ട്. ഈ സൗഹൃദങ്ങളൊന്നും ഞാന്‍ അങ്ങോട്ട് പോയി ഉണ്ടാക്കിയതല്ല. ഇവരെല്ലാം എന്നോട് ഇന്‍സ്റ്റഗ്രാമിലൂടെ ഇങ്ങോട്ട് സംസാരിച്ച് ഉണ്ടായ ബന്ധങ്ങളാണ്. എങ്ങിനെയായലും ഇത് വഴി ഒരുപാട് നല്ല ബന്ധങ്ങള്‍ ഉണ്ടായി. ഏതൊരു മാധ്യമവും നല്ലരീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്നത് തര്‍ക്കമില്ല. സോഷ്യല്‍മീഡിയയും അതില്‍ നിന്നും വ്യത്യസ്തമല്ല.

John Alukkas Uniquetimes

ഇന്‍സ്റ്റഗ്രാമിലൂടെ, ഒരു ബിസിനസ് ഐക്കണ്‍, വാഹനപ്രേമി എന്നുള്ള രീതിയിലൊക്കെ പല ചെറുപ്പക്കാരും താങ്കളെ ഫോളോ ചെയ്യുന്നുണ്ടല്ലോ. അവരോടെല്ലാം എന്താണ് പറയാനുള്ളത്?

ഇന്‍സ്റ്റയിലെ പോസ്റ്റുകള്‍ കാണുമ്പോള്‍ പലര്‍ക്കും അതിന് പിന്നിലെ കഷ്ടപ്പാട് മനസിലാകാണമെന്നില്ല. ഇപ്പോൾ  വലിയ വണ്ടികള്‍ സ്വന്തമാണ് എന്ന കാര്യത്തില്‍ ഒരു അഭിമാനം തോന്നുമ്പോഴും അതിലേക്കെത്താന്‍ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. യാത്രകള്‍ ഒരുപാട് ചെയ്യുന്നുണ്ടെങ്കിലും അതില്‍ കൂടുതലും ജോലിയുടെ ഭാഗമാണ്. പല സാഹചര്യത്തിലും എനിക്ക് വീട്ടിലെത്താന്‍ പോലും സാധിക്കാറില്ല . ബിസിനസ് പ്രമോട്ട് ചെയ്യുന്നതിന് ആദ്യ കാലങ്ങളില്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ എനിക്ക് അപകടം വരെ നേരിടേണ്ടി വന്നിട്ടുണ്ട്. കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം എടുത്ത് ഒരാള്‍ ഓടി. അതിന്റെ പുറകെ പോയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ബാഗ്ലൂര്‍ ഹൈവേയില്‍ വെച്ചായിരുന്നു സംഭവം. കുറേക്കാലം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഏത് ജോലിക്കും നല്ല രീതിയിലുള്ള ആത്മാര്‍ഥപരിശ്രമം ആവശ്യമാണ്. ഞാനും സഹോദരന്‍മാരും ബിസിനസില്‍ വന്നപ്പോള്‍ എല്ലാം ആലുക്കാസിന്റെ കീഴിലായിരുന്നു. പിന്നീട് ഭാഗം വെക്കല്‍ നടക്കുകയും ഞങ്ങള്‍ക്ക് മൂന്ന് ഷോറൂമുകള്‍ ലഭിക്കുകയും ചെയ്തത്. ഇപ്പോള്‍ 67 ഷോറൂമുകളാണ് ഞങ്ങള്‍ക്കുള്ളത്. ഇതൊന്നും ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. കാശ് ഉണ്ടെന്ന് കരുതി ഷോറൂം ഉണ്ടായിക്കോളണമെന്നില്ല. അതിന് കഠിനമായി പ്രയത്നിക്കുക തന്നെ വേണം. ഞാന്‍ ഒരേ സമയം അഞ്ച് ഷോറൂമുകളാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് പരിശ്രമം തന്നെയാണ് പ്രധാനം. അത് തട്ടുകടയാണെങ്കിലും അങ്ങിനെ. നന്നായി പ്രയത്നിച്ചാല്‍ അയാള്‍ക്ക് താമസിയാതെ ഹോട്ടലിടാന്‍ കഴിയും. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ തട്ടുകട തന്നെയായിരിക്കും. ഒന്നിനെ നൂറാക്കാന്‍ ശ്രമിക്കുക. ഞങ്ങളെ സംബന്ധിച്ച് അഹോരാത്രം പ്രയത്നം തന്നെയായിരുന്നു. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നുമില്ല. 24 മണിക്കൂറും ജോലിയില്‍ തന്നെയാണ്. നമ്മുടെ സ്ഥാപനത്തിലെ എല്ലാവരും അങ്ങിനെ തന്നെയാണ്. എന്ത് പ്രശനങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണും. പ്രത്യേകിച്ച് റീട്ടെയില്‍ മേഖലയില്‍ എപ്പോഴും ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടിവരും. ഞങ്ങള്‍ക്ക് ആ കാര്യങ്ങള്‍ക്കായി ഏകദേശം 3800 ജീവനക്കാരുണ്ട്. ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കണം. അത്തരം സാഹചര്യത്തില്‍ ജീവനക്കാര്‍ നമ്മളെ തന്നെയാണ് വിളിക്കുക. കൂടുതല്‍ സമയവും ജോലിയില്‍ തന്നെയാണ്. എന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ കൂടുതലും 18-30 വരെ പ്രായമുള്ളവരാണ്. എനിക്ക് 45 വയസ്സ് പ്രായമുണ്ട്. എന്റെ പോസ്റ്റുകള്‍ കാണുന്ന ഒരു വിഭാഗം ആളുകള്‍ക്ക് ഇത്തരം കാര്യങ്ങളോട് വല്ലാത്തൊരു ഇഷ്ടമാണുള്ളത്. അതിന്റെ പിന്നിലുള്ള പ്രയത്നം പലരും മനസിലാക്കാറില്ല. വേറെ ചിലര്‍ എന്താണിയാള്‍ കാണിക്കുന്നത് എന്ന തോന്നലോടെയാണ് ഇതെല്ലാം നോക്കി കാണുന്നത്. എനിക്ക് പറയാനുള്ളത് ജീവിതത്തില്‍ ആഗ്രഹങ്ങള്‍ എപ്പോഴും വേണം. പക്ഷെ അതുപോലെ തന്നെ കഠിനപ്രയത്നവും ആവശ്യമാണ്.

അച്ഛനിന്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ എന്തൊക്കെയാണ്?

എത്ര ഉയരങ്ങളിലേക്ക് എത്തിയാലും വന്ന വഴി മറക്കാതിരിക്കുക, ജീവിതത്തില്‍ വിനയം, മറ്റുള്ളവരോട് ബഹുമാനം എന്നിവ പുലര്‍ത്തുക എന്നൊക്കെയാണ് അച്ഛനില്‍ നിന്ന് പഠിച്ചിട്ടുള്ളത്. എനിക്ക് ഒരുപാട് കാറുകളുണ്ടെന്ന് കരുതി ഒരിക്കലും ഞാന്‍ ലംമ്പോര്‍ഗിനിയോ, ബെന്‍സോ ഇല്ലാതെ യാത്ര ചെയ്യില്ല എന്ന് പറയാറില്ല. ബസ്, സൈക്കിള്‍ അല്ലെങ്കില്‍ നടന്ന് യാത്ര ചെയ്യാനും ഞങ്ങള്‍ മക്കള്‍ തയ്യാറാണ്. യാത്രക്കിടയില്‍ താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വേണമെന്നുമില്ല. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് കിട്ടുന്നതുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും സാധിക്കും. ആവശ്യം, അനാവശ്യം, അത്യാവശ്യം എന്നീ മൂന്ന് കാരണങ്ങളില്‍ ആവശ്യത്തിന് മാത്രം പണം ചിലവഴിക്കുക എന്നും അച്ഛനില്‍ നിന്ന് പഠിച്ചതാണ്. ഇത്തരം കാര്യങ്ങളാണ് അച്ഛനില്‍ നിന്നും കിട്ടിയത്. അത് അദ്ദേഹത്തെ പോലെ ജീവിതത്തില്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

John Alukkas

യാത്രകള്‍ ഇഷ്ടപെടുന്ന ആളാണല്ലോ. ഫാമിലി ട്രിപ്പുകളാണോ, സോളോ ട്രിപ്പുകളാണോ ഏറ്റവും കൂടുതല്‍ ഇഷ്ടം? കേരളത്തിലെ പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഏതാണ്?

ഫാമിലി ട്രിപ്പും സോളോ ട്രിപ്പുകളും നടത്താറുണ്ട്. ബിസിനസ് യാത്രകള്‍ക്ക് പുറമെ കൂട്ടുകാരുമായുള്ള യാത്രകളും പതിവാണ്. ലോങ് ഡ്രൈവൊക്കെ ഇടക്ക് പോകാറുണ്ട്. ഫാമിലിയുമായും അത്തരത്തിലുള്ള യാത്രകള്‍ നടത്തും. എനിക്ക് 4 മക്കളാണ് ഉള്ളത്. അതുകൊണ്ട് എല്ലാവരുമായി യാത്ര പോകാന്‍ രസമാണ്. എങ്കിലും ഞങ്ങള്‍ കൂറച്ച് സുഹൃത്തുക്കള്‍ ഉണ്ട്, സ്ഥിരമായി ഒരുമിച്ച് യാത്രകള്‍ നടത്തുന്നവര്‍, മൂന്നാര്‍, ചെന്നൈ, ബാഗ്ലൂര്‍, ഹൈദ്രബാദ് എന്നിവടങ്ങളിലാണ് കൂട്ടുകാരുമായി ഡ്രൈവിന് പോകാറ്. എന്റെ കൈയ്യിലുള്ള വണ്ടികള്‍ ഹൈവേയിലൂടെ ഓടിക്കാനാണ് സുഖം. അതുകൊണ്ട് ഡ്രൈവിനെപ്പോഴും ഈ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കാറ്. ഇത്തരത്തിലുള്ള യാത്രകളാണ് കൂടുതലായും നടത്താറുള്ളത്. പിന്നെ ചിലപ്പോഴൊക്കെ സോളോ ട്രിപ്പുകളും പോകും.

കേരളത്തില്‍ മൂന്നാര്‍, തേക്കടി എന്നീ സ്ഥലങ്ങളാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം. അവിടത്തെ കാലാവസ്ഥയാണ് അതിന് കാരണം. റിസോര്‍ട്ട് ബുക്ക് ചെയ്ത് ഫാമിലിയുമായോ, കൂട്ടുകാരുമായോ കുറച്ച് ദിവസം ചിലവഴിക്കാന്‍ പറ്റിയ സ്ഥലങ്ങളാണിത്. പിന്നെ ഹൈക്കിങിനോടുള്ള താത്പര്യവുമാണ് മൂന്നാര്‍ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം.

John Alukkas Uniquetimes

ഇത്രയും തിരക്കിനിടയിലും ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് ഇവയൊക്കെ എങ്ങനെയാണ് കൂടെകൊണ്ടുപോകുന്നത്?

ഫിറ്റ്നസ് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഞാന്‍ ഒരു പത്ത് കൊല്ലം മുന്‍പ് 120 കിലോ തൂക്കം ഉണ്ടായിരുന്ന ആളാണ്. പിന്നീടത് കുറച്ചതാണ്. അതിന് ശേഷം ഭാരം കൂടാന്‍ അനുവദിച്ചിട്ടില്ല. ദിവസവും ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യാറുണ്ട്. രാവിലെ നടക്കാന്‍ പോകും, അല്ലെങ്കില്‍ വീട്ടില്‍ ജിമ്മുണ്ട്, കൂടാതെ എനിക്ക് പേഴ്സണല്‍ ട്രെയിനറുണ്ട്. പിന്നെ ഞാന്‍ സര്‍ട്ടിഫൈഡ് സുംമ്പാ ട്രെയ്നറാണ്. അതൊരു പാഷന് വേണ്ടി ചെയ്തതാണ്. പണ്ട് ഭാരം കൂടുതലുള്ള സമയത്ത് എനിക്ക് ഡാന്‍സ് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഭാരം കുറഞ്ഞപ്പോഴാണ് സുംമ്പ ചെയ്തതും, ഡാന്‍സ് കളിക്കാന്‍ സാധിച്ചതും. ആദ്യമൊക്കെ ഞാന്‍ സുംമ്പ ക്ലാസെടുത്തിരുന്നു. പിന്നെ തിരക്കുകള്‍ കൂടിയപ്പോള്‍ മെല്ലെ നിര്‍ത്തേണ്ടി വന്നു.

എനിക്ക് സ്പോര്‍ട്ട്സില്‍ വലിയ താത്പര്യമാണ്. ഒഴിവുസമയങ്ങളിൽ കൂട്ടുകാരുമായി സൈക്ലിങ്, ജിമ്മ്, ജോഗിങ് എന്നിവ ചെയ്യാറുണ്ട്. ഒഴിവുസമയങ്ങളില്‍ മാത്രമല്ല, അല്ലാത്തപ്പോഴും സ്പോര്‍ട്ട്സിനോട് തന്നെയാണ് താത്പര്യം. കാലത്ത് 9.30ക്കാണ് ഞാന്‍ ഓഫീസില്‍ എത്തുക. ഏകദേശം 7 മണി തൊട്ട് 9 മണിവരെ വ്യായാമം ചെയ്യാറുണ്ട്. പിന്നെ വൈകീട്ട് 8 മണി തൊട്ട് 9.30 വരെയൂം എന്തെങ്കിലും രീതിയിലുള്ള സ്പോര്‍ട്ട് ആക്റ്റിവിറ്റി ചെയ്യും. ദിവസേന 1600-1700 കലോറി ബേണ്‍ ചെയ്യണം അതുകൊണ്ടാണ് വ്യായാമം ടാര്‍ഗറ്റ് വെച്ച് ചെയ്യുന്നത്. എന്നാല്‍ സ്പോര്‍ട്ട്സ് ഒരു പാഷന്‍ കൂടിയാണ്. അതിനാല്‍ കൂടുതലും ഒഴിവ് സമയത്തും അല്ലാത്തപ്പോഴും സ്പോര്‍ട്ട്സ് തന്നെയാണ് തിരഞ്ഞെടുക്കാറ്

John Alukkas Uniquetimes

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.