കപ്പ കട്ലെറ്റ്
ചായയ്ക്കൊപ്പം കഴിക്കാൻ വ്യത്യസ്തവും രുചികരവുമായ ഒരു കട്ലെറ്റ് ആയാലോ?
ചേരുവകൾ:
കപ്പ – 200 ഗ്രാം
സവാള – 2 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – രണ്ടെണ്ണം
റൊട്ടിപ്പൊടി – രണ്ട് കപ്പ്
മുട്ട വെള്ള – 3 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഗരം മസാല – അര ടീസ്പൂൺ
മുളക്പ്പൊടി – ഒരു ടീസ്പൂൺ
കുരുമുളകുപ്പൊടി – ഒരു ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ ചെറുതായി നുറുക്കി മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ചുടച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.
സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ മുളക്പ്പൊടി, ഗരംമസാലപ്പൊടി, കുരുമുളകു പൊടി, കായപ്പൊടി എന്നിവ ചേർക്കുക. മസാലയുടെ പച്ചമണം മാറുമ്പോൾ വേവിച്ചുടച്ചുവച്ചിരിക്കുന്ന കപ്പ, ഉപ്പും ചേർത്തിളക്കുക.
ഈ കൂട്ട് കട്ലെറ്റിൻ്റെ ആകൃതിയിൽ പരത്തി മുട്ടയുടെ വെള്ള പതപ്പിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ചൂടായ വെളിച്ചെണ്ണയിൽ വറുത്ത് കോരുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.
Photo Courtesy : Google/ images are subject to copyright