കേന്ദ്ര സര്‍കാരിൻ്റെ ‘ആസാദി കാ അമൃത് മഹോത്സവി’ന് ഇന്ന് തുടക്കമാവും; പദയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍കാര്‍ സംഘടിപ്പിക്കുന്ന ഒരുവര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവി’ന് ഇന്ന് തുടക്കമാവും. ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയുടെ 91ാം വാര്‍ഷിക ദിനത്തിലാണ് പരിപാടി. ഇതോടനുബന്ധിച്ച് ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍നിന്ന് ദണ്ഡിയിലേക്ക് നടത്തുന്ന 25 ദിന പദയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലെ ദണ്ഡിയിലേക്കുള്ള 241 മൈല്‍ ദൂരമാണ് പദയാത്ര നടത്തുക. ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ യാത്രയുടെ ഫ്ലാഗ് ഓഫ് മോദി നിര്‍വഹിക്കും.രാവിലെ 10:30 ന് ചടങ്ങുകള്‍ ആരംഭിക്കും. എല്ലാ വിഭാഗം ജനങ്ങളും പദയാത്രയില്‍ പങ്കെടുക്കുമെന്നും ആദ്യ 75 കിലോമീറ്റര്‍ ദൂരം താന്‍ നയിക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു.
2021 മാര്‍ച്ച് 12 മുതല്‍ 2022 ഓഗസ്റ്റ് 15 വരെയാണ് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുക. ഇതിൻ്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചതായി പട്ടേല്‍ അറിയിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തത്തോടെ ആഴ്ചതോറും ഒരു പരിപാടി സംഘടിപ്പിക്കും. എല്ലാ പൗരന്മാരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് വിവിധ പരിപാടികള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright