ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിൻ്റെ സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിൻ്റെ സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിൻ്റെ സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ടാം തരംഗം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ കൈകൊള്ളാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

കഴിഞ്ഞ രണ്ടാഴ്ചകളിലായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ കോവിഡ് കേസുകളില്‍ 150 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡെല്‍ഹി, ഹിമാചല്‍ പ്രദേശ് ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി ആരോഗ്യ സെക്രടെറി രാജേഷ് ഭൂഷന്‍ പറഞ്ഞു.കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കോവിഡ് കേസുകളില്‍ ദേശീയ തലത്തില്‍ 43 ശതമാനമാണ് വര്‍ധന. മരണ നിരക്ക് 37 ശതമാനം ഉയര്‍ന്നു. കഴിഞ്ഞദിവസം മാത്രം 35,871 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി കടന്നു. 1,14,74,605 ആണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം.

കഴിഞ്ഞ ഫെബ്രുവരി ആദ്യം പതിനായിരത്തില്‍ താഴെ മാത്രം കേസുകള്‍ ദിനം പ്രതി റിപോര്‍ട് ചെയ്തിടത്ത് നിന്നാണ് ക്രമാതീതമായ മാറ്റം. ഇന്ത്യയിലെ 60 ശതമാനം കേസുകളും മഹാരാഷ്ട്രയിലാണ് റിപോര്‍ട് ചെയ്യുന്നത്. ഇന്ത്യയില്‍ നടക്കുന്ന 45 ശതമാനം കോവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ നിന്നാണ്. ദേശീയ തലത്തില്‍ പോസിറ്റിവിറ്റി നിരക്ക് 4.99 % ആണെങ്കില്‍ മഹാരാഷ്ട്രയില്‍ അത് 16 ശതമാനമാണ്. പഞ്ചാബ് 6.8 %, ഛത്തിസ്ഗഢ് 7.4 % എന്നിങ്ങനെയാണ് കോവിഡ് വ്യാപനം രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്ക്.

മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയെന്ന ഗുരുതര മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് രാജ്യമെങ്ങും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനയുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ പലയിടത്തും കോവിഡ് ബാധിതരെയും സമ്ബര്‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും അലംഭാവമുണ്ടെന്നു കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. പരിശോധനകളില്‍ 70 ശതമാനവും ആര്‍ടി-പിസിആര്‍ ആയിരിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാജേഷ് ഭൂഷന്‍ പറഞ്ഞു.

വാക്‌സിന്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്രം ചൂണ്ടിക്കാട്ടിരുന്നു. 3,71,43,255 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ആന്ധ്രയും തെലങ്കാനയും പത്ത് ശതമാനത്തോളം കോവിഡ് വാക്‌സിന്‍ പാഴാക്കിയെന്നും ചില സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.

1,59,216 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. 2,52,364 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയില്‍ ഉള്ളത്. കോവിഡ് രണ്ടാം തരംഗം ഉണ്ടാകാതെ തടയേണ്ടത് നിര്‍ണായകമാണെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക, പരിശോധന വര്‍ധിപ്പിക്കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണ നിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.

കോവിഡ് മഹാമാരി ഇപ്പോള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്താകെ വീണ്ടും രോഗബാധ പൊട്ടിപ്പുറപ്പെടുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. കടുത്ത നിയന്ത്രണങ്ങളിലൂടെ രണ്ടാം തരംഗം അടിയന്തരമായി തടഞ്ഞേ മതിയാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിശോധനകളില്‍ 70 ശതമാനവും ആര്‍ടി-പിസിആര്‍ ആയിരിക്കണം. കേരളം, ഒഡീഷ, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ മാത്രമാക്കി ഒതുക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ രോഗവ്യാപനത്തില്‍നിന്നു രക്ഷപ്പെട്ട ടൗണുകളിലാണ് ഇപ്പോള്‍ രോഗം പടരുന്നത്.

ഇവിടെനിന്ന് ഗ്രാമങ്ങളിലേക്കു പടരാന്‍ അധികം സമയം വേണ്ടിവരില്ല. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് അത് താങ്ങാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കുന്നത് ശ്രദ്ധയില്‍പെട്ടുവെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.