ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.
ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദിൻ്റെ ചിത്രങ്ങള്‍ തിയറ്റര്‍ കാണില്ലെന്നാണ് ഫിയോക്ക് സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ലോക്ഡൗൺ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിൻ്റെതായി ഒടിടി റിലീസിനെത്തിയത്. മഹേഷ് നാരായൺ സംവിധാനം ചെയ്ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീൻ്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങൾ.
ഇനിയും ഒടിടി വഴി ചിത്രം റിലീസ് ചെയ്താല്‍ മാലിക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്നും ഫിയോക്ക് സമിതി പറഞ്ഞു. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം.
കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ് ഫാസില്‍. ഈ മാസം തന്നെ ഫഹദിൻ്റെ രണ്ടു ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു. ഇതോടെയാണ് ഫഹദിന് മുന്നറിയിപ്പ് നല്‍കി ഫിയോക്ക് രംഗത്തെത്തിയത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തിയേറ്ററുകളില് പ്രദര്ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോണ് പ്രൈമില് റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില് റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.
Photo Courtesy : Google/ images are subject to copyright