താരത്തിളക്കത്തില്‍ പുരസ്‌കാരരാവ്

താരത്തിളക്കത്തില്‍ പുരസ്‌കാരരാവ്

ഈ വര്‍ഷത്തെ എം ബി എ അവാര്‍ഡ് 

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബിന്.

ഈ വര്‍ഷത്തെ എം ബി എ ( മള്‍ട്ടി മില്യനയര്‍ ബിസിനസ്സ് അച്ചീവര്‍ അവാര്‍ഡ് ) അവാര്‍ഡ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബിന് സമ്മാനിച്ചു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം ഡി ആന്‍ഡ് സി ഇ ഒ ശ്രീ. വി. പി. നന്ദകുമാര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. പെഗാസസ് ചെയര്‍മാന്‍ ഡോ . അജിത് രവി ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഫലകവും പ്രശസ്തിപത്രവും അവാര്‍ഡ് ജേതാക്കളുടെ പേരുകള്‍ ആലേഖനം ചെയ്ത സുവര്‍ണ്ണ ദണ്ഡുമാണ് അവാര്‍ഡ് ജേതാവിന് ലഭിക്കുന്നത്. 2000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയും ബിസിനസ് മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായസംരംഭകരിൽ ഒരാളാണ് ഈ ബഹുമതിക്ക് അർഹനാകുന്നത്.എം.ബി.എ അവാർഡ് ജേതാക്കള്‍ക്ക് 2000 കോടി ആസ്തിയുള്ള സമ്പന്നരുടെ സംഘടനയായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ അംഗത്വം ലഭിക്കും. ശ്രീ. വി.പി.നന്ദകുമാര്‍, ശ്രീ. ജോയ് ആലുക്കാസ്, ശ്രീ. എം.എ.യൂസഫ് അലി, ശ്രീ. ടി.എസ്.കല്യണരാമന്‍, ശ്രീ. പി.എന്‍.സി.മേനോന്‍, ശ്രീ. ഗോകുലം ഗോപാലന്‍, ഡോ.രവി പിള്ള, ശ്രീ. എം. പി. രാമചന്ദ്രന്‍, ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ശ്രീ. സാബു. എം ജേക്കബ് എന്നിവരാണ് മുന്‍ MBA അവാര്‍ഡ് ജേതാക്കള്‍.

 
മണപ്പുറം മിന്നലെ, എഫ്. എം. ബി അവാർഡ്

പുരസ്‌കാരങ്ങള്‍ എപ്പോഴും സന്തോഷദായകവും പ്രോത്സാഹനവുമാണ്. അംഗീകരിക്കപ്പെടുമ്പോഴാണ് നമ്മുടെ കഴിവുകള്‍ സ്വാര്‍ത്ഥകമാകുന്നതും. 2021 നവംബര്‍ 23 ലെ സായംസന്ധ്യയില്‍ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇത്തരമൊരു പുരസ്‌കാരനിശയ്ക്ക് സാക്ഷ്യം വഹിച്ചു. പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പതിനഞ്ചാമത് മണപ്പുറം മിന്നലൈ ഫിലിം, ടി വി, മീഡിയ അവാര്‍ഡ്, യൂണിക് ടൈംസ് എക്‌സല്ലെന്‍സ് അവാര്‍ഡ് പതിനൊന്നാമത് എം ബി എ അവാര്‍ഡ് ദാനചടങ്ങുകളുമാണ് ലെ മെറിഡിയന്റെ പ്രൗഢ ഗംഭീരവും വര്‍ണ്ണാഭവുമായ വേദിയില്‍ നടന്നത്. സിനിമ, ടി വി, മീഡിയ, ബിസിനസ്സ് രംഗത്തുള്ള ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കോവിഡിന്റെ ഭീതി ഇനിയും വിട്ടൊഴിയാത്ത സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഇത്തവണയും ഫിലിം, ടി വി, മീഡിയ, ബിസിനസ്സ് മേഖലകളിലെ പ്രവര്‍ത്തന മികവിന് വളരെക്കുറച്ച് വിഭാഗങ്ങള്‍ക്ക് മാത്രമാണ് അവാര്‍ഡുകള്‍ നല്‍കിയത്. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് ഊന്നല്‍നല്‍കിക്കൊണ്ടാണ് ഇത്തവണ അവാര്‍ഡ് കമ്മിറ്റി പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ സംവിധായകനുമായ റോയ് മണപ്പിള്ളില്‍ സിനിമ സംവിധായകന്‍ സലാം ബാപ്പു എന്നിവരടങ്ങിയ അവാര്‍ഡ് ജൂറി കമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. ലെ മെറിഡിയന്‍ ഹോട്ടലിലെ, ഒരേസമയം ആയിരത്തിയിരുന്നൂറ് പേര്‍ക്കിരിക്കാവുന്ന ഒമാന്‍ ഹാളില്‍ ഇരുന്നൂറുപേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടും സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുമാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചത്.

ഇര്‍ഷാദ് അലി
സിനിമ വിഭാഗത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത് ഇര്‍ഷാദ് അലിയാണ്. എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്റെ ചെന്നായ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച വൂള്‍ഫ് എന്ന ചിത്രത്തിലെ വേട്ടക്കാരന്‍ ജോയുടെ വേഷപ്പകര്‍ച്ച അതിഗംഭീരമായിരുന്നു. നടന്റെ ഇതുവരെ കണ്ടിട്ടുള്ള വേഷങ്ങളില്‍ നിന്നും വളരെ വേറിട്ട കഥാപാത്രമായിരുന്നു ജോ. സിബി മലയിലിന്റെ ക്യാമ്പസ് കഥയായ പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് നടനായി അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ ഒട്ടനവധി കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കി. പാഠം ഒന്ന്: ഒരു വിലാപം, ഡാനി, പുലിജന്മം, സു സു സുധി വാത്മീകം എന്നീ സിനിമകളിലും നിഷാദ് തന്റെ നടനപാടവം തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഈ നടനവൈഭവത്തിനാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ചത്. ഈ അവാര്‍ഡ് ‘ എന്റെ ജോ ഇര്‍ഷാദ് ആണെന്ന് ‘ പറഞ്ഞ് ആ വേഷം എന്നെ ഏല്‍പ്പിച്ച വൂള്‍ഫിന്റെ സംവിധായകന്‍ ഷാജിക്ക് സമര്‍പ്പിക്കുന്നുവെന്ന്, മികച്ച നടന്റെ ജനനം ഒരു മികച്ച സംവിധായകന്റെ മനസിലാണെന്ന അവതാരകയുടെ വാക്കുകള്‍ക്ക് മറുപടിയായി ഇര്‍ഷാദ് അലി പറഞ്ഞു.

അംബിക മോഹന്‍
2001-ല്‍ മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടി. ഇതിനോടകം 300-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. എണ്ണമറ്റ ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ക്യാബിന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഈ അഭിനയമികവാണ് അംബിക മോഹനെ ഈ വര്‍ഷത്തെ മികച്ച സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്ന അവാര്‍ഡിനര്‍ഹയാക്കിയത്. തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ദീപാവലിദിനത്തിലാണ് അവാര്‍ഡ് ലഭിച്ച വിവരം തന്നെത്തേടിയെത്തുന്നതെന്നും അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അംബിക മോഹന്‍ പറഞ്ഞു.

ഗൗരി നന്ദ
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തന്റെ കഴിവുതെളിയിച്ച നടിമാരില്‍ ഒരാള്‍. കനല്‍, ലോഹം, പഗടി ആട്ടം, നിമർന്ത് നില്‍, കന്യാകുമാരി എക്‌സ് പ്രസ്സ്, അങ്കിള്‍ തുടങ്ങിയ സിനിമകളില്‍ അവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. 2020-ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന മലയാളം ചിത്രത്തിലൂടെ മേലാളന്മാരും അധികാര വര്‍ഗ്ഗവും ചേര്‍ന്നു ഭീകരവാദിയാക്കിയ ഒരു ആദിവാസിപ്പെണ്ണ് കണ്ണമ്മയുടെ വേഷം അവിസ്മരണീയമാക്കിയ അനുപമമായ പ്രകടനമാണ് ഗൗരി നന്ദയെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്. അവാര്‍ഡ് നേടാനായതില്‍ സന്തോഷമുണ്ടെന്നും ഇപ്പോഴും പലരും കണ്ണമ്മ എന്നാണ് തന്നെ വിളിക്കുന്നതെന്നും അയ്യപ്പനും കോശിയും തന്റെ കരിയറിലെ വഴിത്തിരുവായിരുന്നുവെന്നും ഈ പുരസ്‌കാരം സച്ചിയേട്ടന് സമര്‍പ്പിക്കുന്നുവെന്നും ഗൗരി നന്ദ പറഞ്ഞു.

അനൂപ് ജോണ്‍
2007-ല്‍ ഏഷ്യാനെറ്റില്‍ ‘കോമഡി ഫെസ്റ്റിവലിന്റെ’ അസോസിയേറ്റ് പ്രൊഡ്യൂസറായിട്ടായിരുന്നു അനൂപ് തന്റെ കരിയര്‍ ആരംഭിച്ചത്. 2011-ല്‍ മഴവില്‍ മനോരമയില്‍ ചേര്‍ന്ന് ‘ഇവിടിങ്ങനാണ് ഭായ്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചു. കോമഡി സൂപ്പര്‍ നൈറ്റിലൂടെ 2015 ലെ മികച്ച വിനോദ പരിപാടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് അദ്ദേഹം നേടി. മലയാളം ടിവി ഷോകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഷോകളിലൊന്നാണ് ‘സ്റ്റാര്‍ മാജിക്’. ‘ടമാര്‍ പടാര്‍’ എന്ന പരിപാടിയുടെ രണ്ടാം സീസണായി ആരംഭിച്ച ഷോ അടുത്തിടെ 400 എപ്പിസോഡുകള്‍ പിന്നിട്ടു. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ജനശ്രദ്ധനേടിയ ഗെയിം ഷോയാണ് സ്റ്റാര്‍ മാജിക്. നാല് വര്‍ഷങ്ങള്‍ പിന്നിട്ട ഈ പരിപാടിയുടെ സംവിധാനത്തിനാണ് അനൂപ് ജോണിന് മികച്ച ഷോ ഡയറക്ടര്‍ എന്ന പുരസ്‌കാരം ലഭിച്ചത്. ഈ പുരസ്‌കാരം ലഭിച്ചതിലും സ്റ്റാര്‍ മാജിക് ഫാമിലിയുടെ സാന്നിദ്ധ്യത്തില്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാര്‍ മാജിക് ഒരു കോമഡി ഷോയ്ക്കപ്പുറം കടന്നുചിന്തിക്കേണ്ട ഒരു പരിപാടിയല്ലന്നും അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു.

അനുമോള്‍ ആര്‍. എസ്
2014 ല്‍ പുറത്തിറങ്ങിയ അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോള്‍ തന്റെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. ഉപ്പും മുളകും, തട്ടീം മുട്ടീം, പാടാത്ത പൈങ്കിളി തുടങ്ങിയ ജനപ്രിയ ടിവി സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് അവര്‍ അറിയപ്പെടുന്നത്. കരിയറിന്റെ പ്രാരംഭഘട്ടത്തില്‍ അവതാരകയായും മോഡലായും പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം, അവര്‍ നിരവധി ജനപ്രിയ മലയാളം ടെലിവിഷന്‍ ഷോകളില്‍ പ്രവര്‍ത്തിക്കുകയും നിരവധി ജനപ്രിയ ടിവി റിയാലിറ്റി ഷോകള്‍ അവതാരകയും ചെയ്തിട്ടുണ്ട്. ജനപ്രിയ സ്റ്റാര്‍ ഗെയിമായ ടമാര്‍ പടാറിന്റെ രണ്ടാം സീസണായ സ്റ്റാര്‍ മാജിക്കില്‍ സ്വതഃസിദ്ധമായ പ്രകടനത്തിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ സാധിച്ചു. സ്റ്റാര്‍ മാജിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായതിനാല്‍ അനുവിന്റെ നിരവധി ചിരി നിറഞ്ഞ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഈ വര്‍ഷത്തെ മികച്ച ഹാസ്യതാരത്തിനുള്ള ( ഫീമെയില്‍ ) പുരസ്‌കാരത്തിന് അനുവിനെ അര്‍ഹയാക്കിയതും ഈ ജനപ്രീതിയാണ്. ഇത് തന്റെ ആദ്യ അവാര്‍ഡ് ആണെന്നും ദൈവത്തോടും ഗുരുക്കന്മാരോടും മാതാപിതാക്കളോടും സപ്പോര്‍ട്ട് ചെയ്ത എല്ലാ പ്രേക്ഷകരോടും നന്ദി പറയുന്നതിനോടൊപ്പം തനിക്ക് ഈ അവാര്‍ഡിന് അര്‍ഹതനേടിത്തന്ന സ്റ്റാര്‍ മാജിക് പരിപാടിയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച എല്ലാവരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അനുമോള്‍ പറഞ്ഞു.

ലക്ഷ്മി നക്ഷത്ര
ലക്ഷ്മി നക്ഷത്ര എന്ന പേരിലാണ് ലക്ഷ്മി ഉണ്ണികൃഷ്ണന്‍ അറിയപ്പെടുന്നത്. 2007 – ല്‍ റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായാണ് ലക്ഷ്മി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ജീവന്‍ ടിവിയില്‍ പരിപാടികളുടെ അവതാരകയായി. ഒരു ജനപ്രിയ മലയാളം ടെലിവിഷന്‍ ലൈവ് ഫോണ്‍-ഇന്‍-പ്രോഗ്രാമായ WE ചാനലിലെ ‘ഡ്യൂ ഡ്രോപ്‌സ്’ അവതരിപ്പിച്ചത് ഒരു അവതാരകയെന്ന നിലയില്‍ ലക്ഷ്മിയുടെ കരിയറിലെ ഒരു നാഴികക്കല്ലായി മാറി. ഫ്‌ളവേഴ്‌സ് ടിവിയിലെ ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് എന്നിവയിലെ മികവുറ്റ അവതരണത്തിലൂടെ ജനപ്രിയ അവതാരകയായി മാറി. സ്റ്റാര്‍ മാജിക് ഷോയിലെ അതുല്യവും വളരെ സ്വാഭാവികമായ അവതരണ മികവാണ് ലക്ഷ്മി നക്ഷത്രയെ മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരത്തിനര്‍ഹയാക്കിയത്. അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.

ബിനു അടിമാലി
കോമഡി പരിപാടികളിലൂടെ മലയാള സിനിമാലോകത്തിലേക്ക് എത്തപ്പെട്ട നടനാണ് ബിനു അടിമാലി. അദ്ദേഹം പ്രധാനമായും ഹാസ്യവേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പ്രശസ്ത മിമിക്രി ട്രൂപ്പായ കലാഭവനില്‍ നിന്നാണ് ബിനു അടിമാലി അഭ്രപാളികളിലേക്ക് എത്തുന്നത്. വോഡഫോണ്‍ കോമഡി സ്റ്റാര്‍സ്, കൈരളി ടിവിയിലെ കേരള കഫേ, കോമഡി ഫെസ്റ്റിവല്‍ തുടങ്ങിയ ജനപ്രിയ കോമഡി ഷോകളിലെ ഉല്ലാസകരമായ സ്റ്റാന്‍ഡ്-അപ്പ് കോമഡികളിലൂടെയാണ് അദ്ദേഹം ഏറ്റവും പ്രശസ്തനായത്. ഷൈലോക്ക്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുമ്പാരീസ് എന്നീ ചിത്രങ്ങളിലും ബിനു അടിമാലി വേഷമിട്ടു. 2021- ലെ സുനാമിയായിരുന്നു ബിനുവിന്റെ തിയറ്ററുകളിലെത്തിയ മുന്‍ ചിത്രം. ബിനു അടിമാലി ഇപ്പോള്‍ അടുത്തിടെ ഫ്‌ളവേഴ്സ്  ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഗെയിം ഷോയായ സ്റ്റാര്‍ മാജിക്കിലെ ഒരു അഭിനേതാവാണ്. ഈ പരിപാടിയിലെ ഉരുളക്കുപ്പേരി പോലുള്ള നിമിഷഹാസ്യത്തിന് ആരാധകരേറെയാണ്. ഈ മികവിനാണ് 2021 ലെ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം ബിനു അടിമാലിക്ക് ലഭിച്ചത്. സര്‍വ്വശക്തനായ ദൈവത്തോടും ഗുരുക്കന്മാരോടും മാതാപിതാക്കളോടും സപ്പോര്‍ട്ട് ചെയ്ത എല്ലാ പ്രേക്ഷകരോടും നന്ദി അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ചാനലുകളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് തന്റെ ആദ്യ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.

ജസീല പര്‍വീണ്‍
മലയാളത്തിന്റെ ദത്തുപുത്രി, വില്ലത്തി വേഷങ്ങളിലൂടെ സീരിയല്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ജസീല പര്‍വീണ്‍ . സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ‘തേനും വയമ്പും’ എന്ന മലയാളം സീരിയലിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് വന്നത്. തുടര്‍ന്ന് ഒമ്പതോളം സീരിയലുകളില്‍ പ്രതിനായക വേഷത്തിൽ തകർപ്പൻ അഭിനയം കാഴ്ച വച്ചിട്ടുണ്ട് ജസീല. ഇപ്പോള്‍ ഏഷ്യാനെറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ദയ എന്ന സീരിയലിലും ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നു. ഈ അഭിനയമികവാണ് ജസീലയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉത്തരേന്‍ഡ്യയില്‍ ജനിച്ചുവളര്‍ന്ന തന്നെ മലയാളികളുടെ സ്വന്തം നടിയായി അംഗീകരിച്ചതില്‍ നന്ദി പറയുന്നുവെന്നും തന്റെ സഹപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ഈ പുരസ്‌കാരം വാങ്ങാനായതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് ജസീല പര്‍വീണ്‍ വേദി വിട്ടിറങ്ങിയത് .

ഷിജു റഷീദ്
ദേവി ഷിജു എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന ഷിജു റഷീദ്, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഒഡിയ തുടങ്ങിയ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണ്. 1995 – ല്‍ മഴവില്‍കൂടാരം എന്ന മലയാളം ചിത്രത്തിലൂടെയാണ് അദ്ദേഹംമലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മഹാപ്രഭു എന്ന തമിഴ് ചിത്രത്തിലെ ഗംഭീരമായ വില്ലന്‍ പ്രകടനത്തിലൂടെ അദ്ദേഹം തമിഴ് സിനിമാമേഖലയില്‍ അംഗീകാരം നേടി. പിന്നീട് അദ്ദേഹം തെലുങ്ക് ചിത്രമായ ദേവിയില്‍ അഭിനയിച്ചു. അത് സൂപ്പര്‍ഹിറ്റായിരുന്നു, അതിലൂടെ അദ്ദേഹം ദേവി ഷിജു എന്ന പേരില്‍ അറിയപ്പെട്ടു. ദോസ്ത്, വിശുദ്ധന്‍, കസിന്‍സ്, ടാക്‌സിവാല തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്റെ മാനസപുത്രി, സ്‌നേഹതീരം, കറുത്തമുത്ത് തുടങ്ങിയ എണ്ണമറ്റ ടെലി സീരിയലുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്ത നീയും ഞാനും എന്ന ടെലി സീരിയലിലെ അനുപമമായ പ്രകടനത്തിന് ഷിജു റഷീദിനെ സീരിയലിലെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു അംഗീകാരം കിട്ടുന്നത് ഇപ്പോഴാണെന്നും ഇത് തന്റെ പ്രഥമപുരസ്‌കാരം ആണെന്നും അതിയായ സന്തോഷമുണ്ടെന്നും ഷിജു പറഞ്ഞു.

വേണു പി.എസ്
ദൃശ്യമാധ്യമരംഗത്തെ പ്രതിഭകളിലൊരാളാണ് വേണു പി.എസ്. മലയണ്ണാന്‍ കൂടൊരുക്കുന്നത്ത് കണ്ടിട്ടുണ്ടോ? പശ്ചിമഘട്ടത്തിന്റെ നഷ്ടം അദ്ദേഹത്തിന്റെ രണ്ട് ശ്രദ്ധേയമായ ദൃശ്യങ്ങളാണ്. ഇപ്പോള്‍ മാതൃഭൂമി ന്യൂസില്‍ ക്യാമറാമാനായി ജോലി ചെയ്യുന്നു. അത് വളരെയധികം പ്രശംസ നേടിയിട്ടുണ്ട്. 2018-ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ ടിവിക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടിയിട്ടുണ്ട്. കഠിനാധ്വാനം കൈമുതലാക്കിയുള്ള പ്രവര്‍ത്തനം കേരളത്തിലെ തന്നെ മികച്ച വീഡിയോഗ്രാഫര്‍മാരില്‍ ഒരാളാക്കി. ഈ പ്രവര്‍ത്തനമികവാണ് ഈ വര്‍ഷത്തെ മിന്നലൈ എഫ് എം ബി അവാര്‍ഡിനര്‍ഹനാക്കിയത്. അവാര്‍ഡ് കിട്ടിയതിലുള്ള അനുഭവം എന്തെന്ന അവതാരകയുടെ ചോദ്യത്തിന്, ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിന്നലൈ അവാര്‍ഡ് പരിപാടി ഷൂട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഞാനുമുണ്ടായിരുന്നുവെന്നും ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലെത്തി ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് അതിയായ സന്തോഷമുണ്ടെന്നും വേണു പി. എസ് പറഞ്ഞു.

ബ്രൈറ്റ് സാം റോബിന്‍സ്
ചലച്ചിത്ര മാധ്യമരംഗത്ത് 35 വര്‍ഷത്തെ അനുഭവപരിചയമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍. പത്മരാജന്‍, ജോണ്‍ എബ്രഹാം തുടങ്ങിയ ഇതിഹാസ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം. ഏകദേശം രണ്ട് പതിറ്റാണ്ടോളം ജീവന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ മേധാവിയാണ്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടന്ന് അദ്ദേഹം പറഞ്ഞു.

അമീന സൈനു കളരിക്കല്‍
വാര്‍ത്തകള്‍ അതിന്റെ പ്രാധാന്യത്തോടെ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വാര്‍ത്താ അവതാരകര്‍ക്കുണ്ട് . 2015 ല്‍ മാതൃഭൂമി ന്യൂസിലൂടെ മാധ്യമരംഗത്ത് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അമീന 2019 വരെ അവിടെ തുടര്‍ന്നു. പിന്നീട് ന്യൂസ് 18 ചാനലിലും ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. മാതൃഭൂമി ന്യൂസിലെ മുന്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് കൂടിയായിരുന്നു അമീന . ഇപ്പോള്‍ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായി ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ മികച്ച വാര്‍ത്ത അവതരണത്തിനാണ് അമീന സൈനു കളരിക്കലിന് പുരസ്‌കാരം ലഭിച്ചത്. ഇത് തന്റെ കരിയറിലെ ആദ്യ അവാര്‍ഡാണെന്നും ആദ്യത്തേതെന്തും പ്രിയപ്പെട്ടതാണെന്നും എല്ലാവർക്കും നന്ദി പറയുന്നുവെന്നും അമീന അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.

ജോസുകുട്ടി പനക്കല്‍
20 വര്‍ഷത്തിലേറെയായി മലയാള മനോരമയില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന അദ്ദേഹം കണ്ണൂര്‍, കോട്ടയം, കൊല്ലം, തൃശൂര്‍, മുംബൈ എഡിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറാണ്. നാല് അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നാല്പതിലധികം ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍, ഏറ്റവും കൂടുതല്‍ വാര്‍ത്താ മൂല്യമുള്ള ചിത്രങ്ങള്‍ എടുത്ത് ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ഫയല്‍ ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. അര്‍പ്പണബോധവും കഠിനാധ്വാനവും മാണ് അദ്ദേഹത്തിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. പെഗാസസിന്റെ അവാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നും സ്റ്റേജിന്റെ മുന്നില്‍ ക്യാമറയ്ക്ക് പിന്നില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന സന്തോഷം നിസീമാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.

അഭിഷേക് പറക്കാട്ട്
സംരംഭകത്വത്തില്‍ മികവ് തെളിയിച്ച പറക്കാട്ട് ഗ്രൂപ്പിന്റെ ഗവേഷണ വികസന വിഭാഗം കൈകാര്യം ചെയ്യുകയും പറക്കാട്ട് ഗ്രൂപ്പിൻറെ   പ്രവര്‍ത്തനവും നിയന്ത്രിക്കുകയും ചെയ്യുന്ന 22 വയസ്സുള്ള ദീര്‍ഘവീക്ഷണമുള്ള ഒരു യുവസംരംഭകന്‍. സാമൂഹികമാധ്യമങ്ങള്‍ ബിസിനസിന് എത്രത്തോളം സഹായകമാണെന്ന് ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 20 K ഫോളോവെഴ്‌സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സേഴ്‌സറില്‍ ഒരാളാണ് ഈ ചെറുപ്പക്കാരന്‍. കൂടാതെ ഒരു മോഡലുമാണ്. ഈ ചെറുപ്രായത്തില്‍ തന്നെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അഭിഷേകിന് ലഭിച്ചിട്ടുണ്ട്. ബിസിനസ് രംഗത്ത് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പ്രതിഭാധനനായ ഈ യുവസംരംഭകന്‍. യുവ സംരംഭകത്വത്തിത്തിലെ ഈ മികവാണ് അഭിഷേക് പറക്കാട്ടിനെ യുണീക് ടൈംസ് എക്‌സലന്‍സ് അവാര്‍ഡിനര്‍ഹനാക്കിയത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന മാതാപിതാക്കള്‍ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.

നിമിഷ ജെ വടക്കന്‍
Aceware Fintech Service Pvt.Ltd-ന്റെ മാനേജിംഗ് ഡയറക്ടറാണ് നിമിഷ. ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗ്ലോബല്‍ സോഴ്‌സിംഗ് സേവനങ്ങള്‍ നല്‍കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ഒരു ആഗോള ഐടി സൊല്യൂഷന്‍ & സര്‍വീസസ് കമ്പനിയാണ് Aceware Technologies. ഇന്റര്‍നാഷണല്‍ ട്രേഡ് കൗണ്‍സിലില്‍ നിന്ന് ‘GO GLOBAL AWARDS 2021’ നേടിയ ആദ്യത്തെ കേരളം ആസ്ഥാനമായുള്ള കമ്പനിയാണ് Aceware fintech.
സംരംഭകത്വത്തിലെ മികവിനാണ് യുണീക് ടൈംസ് എക്‌സലന്‍സ് അവാര്‍ഡ് ഫിന്‍ടെക് ബ്രാന്‍ഡ് ഡെവലപ്‌മെന്റ് അവാര്‍ഡിന് ശ്രീമതി നിമിഷ ജെ വടക്കനെ അര്‍ഹയാക്കിയത് . തനിക്ക് ലഭിച്ച ഈ അവാര്‍ഡ് തന്റെ ശക്തിയായ ഭര്‍ത്താവിനും കുടുംബത്തിനും തന്റെ സഹപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് നിമിഷ പറഞ്ഞു.

ഡോ ആശാ ബിജു
സൗന്ദര്യശാസ്ത്ര മെഡിക്കല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ഒരു അറിയപ്പെടുന്ന സൗന്ദര്യശാസ്ത്ര മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റാണ് ഡോ ആശാ ബിജു . ഇന്ത്യയിലെ വളരെ ചുരുക്കം ചില സൗന്ദര്യശാസ്ത്ര ഫിസിഷ്യന്‍മാരില്‍ ഒരാളാണ്. നിരവധി മോഡലുകളുടെയും സെലിബ്രിറ്റികളുടെയും ആകര്‍ഷകമായ സൗന്ദര്യത്തിന് പിന്നിലെ കാരണം ഡോ ആശയുടെ സൗന്ദര്യാത്മക പ്രവര്‍ത്തനങ്ങളാണ്. വൗ ഫാക്ടര്‍ മെഡികോസ്‌മെറ്റിക് സ്‌കിന്‍ ആന്‍ഡ് ലേസര്‍ സെന്ററിന്റെ മാനേജിംഗ് ഡയറക്ടറാണ് ഡോ ആശാ ബിജു. കേരളത്തില്‍ ആദ്യമായി കൃത്രിമമായി മുടി ഇംപ്ലാന്റേഷന്‍ അവതരിപ്പിച്ച വ്യക്തിയാണ് അവര്‍. അഭിമാനകരമായ മിസ് കേരള 2012 സൗന്ദര്യമത്സരം, മിസ് സൗത്ത് ഇന്ത്യ 2016 & 2017, തുടങ്ങി വിവിധ സൗന്ദര്യ, ആരോഗ്യ സംബന്ധിയായ മത്സരങ്ങളുടെ ജഡ്ജിംഗ് പാനലിലും അവര്‍ ഭാഗമായിരുന്നു. ഡോ.ആഷ, കൂടാതെ അമേരിക്കന്‍ അക്കാദമി ഓഫ് എസ്തറ്റിക് മെഡിസിന്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള കേരളത്തിലെ ഏക വ്യക്തിയുമാണ്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഡോ ആശാ ബിജു പറഞ്ഞു.

 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.