ടോക്കിയോ സിറ്റിയിലെ മനംമയക്കുന്ന കാഴ്ചകൾ

ടോക്കിയോ സിറ്റിയിലെ മനംമയക്കുന്ന കാഴ്ചകൾ

ടോക്കിയോ സിറ്റി കാണുകയെന്നതാണ് ജപ്പാൻ സന്ദർശനത്തിന്റെ രണ്ടാം ദിവസത്തെ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .  ടോക്കിയോ എന്ന മഹാനഗരത്തിന്റെ  ഭംഗി ആസ്വദിക്കാനുള്ള സന്തോഷത്തിലാണ് ഗ്രൂപ്പിലുള്ള എല്ലാവരും. എല്ലാവരും വണ്ടിയിൽ കയറി യാത്ര ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ  വലിയ പാലങ്ങളുടെ മുകളിലൂടെ വണ്ടി പാഞ്ഞു  തുടങ്ങി. പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ  പാലത്തിന് മുകളിലും താഴെയും എത്ര തട്ടുകളായി വേറെയും പാലങ്ങൾ  ഉണ്ടെന്ന് തിട്ടപ്പെടുത്തുവാൻ  പോലും പ്രയാസമുള്ള വിധത്തിൽ അത്രയ്ക്ക് പാലങ്ങൾ  മുകളിലും താഴെയും കാണാം. ഈ പാലങ്ങളുടെ ഇരുഭാഗങ്ങളിലുമായി കൂറ്റൻ ഫ്ലാറ്റുകൾ , അതും തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് പണിത്തീർത്തിക്കുന്നത്.  ഈ കെട്ടിടങ്ങളുടെ വലിപ്പവും നിർമ്മാണരീതിയും എന്നിൽ  അത്ഭുതമുളവാക്കി.  മുഖം മനസ്സിന്റെ കണ്ണാടി എന്നതുപോലെ  മറ്റു യാത്രികരുടെ   മാനസികാവസ്ഥയും തഥൈവ എന്നത് ഞാൻ  ഊഹിച്ചെടുത്തു. ഈ കൂറ്റൻ  ഫ്ലാറ്റുകൾക്കിടയിൽ നിന്ന് എത്തിനോക്കും പോലെ ധാരാളം പരസ്യബോർഡുകൾ , ജാപ്പാനീസ് ഭാഷയിൽ അവിടവിടെ കാണാം. അതൊക്കെ സ്ഥാപിച്ചിരിക്കുന്നതിനും  ഒരടുക്കും ചിട്ടയും ഉണ്ട്. റോഡുകളിലെ വാഹനഗതാഗതത്തിന് അസൗകര്യമുണ്ടാക്കുന്ന വിധത്തിലല്ല ഇവ ഒരുക്കിയിരിക്കുന്നത്.

                                                           

യാത്രയിലുടനീളം ജപ്പാനേക്കുറിച്ച് വിശദീകരിക്കുവാൻ സ്വരാജ്യസ്നേഹിയായ ഈറ്റോ എന്ന് പേരായ ഒരു ഗൈഡും ഞങ്ങളോടൊപ്പം ബസ്സിലുണ്ടായിരുന്നു. ജപ്പാനിൽ കുട്ടികളേക്കാൾ  അധികം പ്രായമുള്ളവരാണെന്നും കുട്ടികളുടെ എണ്ണം നിയന്ത്രിച്ചതിനാലും ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടത്തിന്റെയും തൽഫലമാണിതെന്നും വിശദീകരണവും ലഭിച്ചു. അവിടെ പ്രായമായവർ ഒരിക്കലും പ്രാരാബ്ദമാവുന്നില്ല. കാരണം ജോലി ചെയ്യുന്നതിന് പ്രായം ഒരു തടസ്സമേയല്ല. ആരോഗ്യമുള്ളിടത്തോളം കാലം പണി എടുക്കാം. കൂട്ടുകുടുംബം ഇഷ്ടപ്പെടുന്ന ഇവരുടെ ഭവനങ്ങളിൽ പ്രായമായവർക്ക് വലിയ കാരണവർ സ്ഥാനം ഇന്നും ലഭിക്കുന്നുണ്ട്.കമ്പനികളിലെ  ഒരു മേലധികാരിയുടേത് പോലെ അർഹിക്കുന്ന സ്ഥാനം മുതിർന്നവർക്ക് സ്വഗൃഹങ്ങളിൽ ലഭിക്കുന്നുണ്ട്.

ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുന്തോറും  റോഡിന് ഇരുഭാഗങ്ങളിലുമുള്ള കെട്ടിടങ്ങളുടെ എണ്ണവും വർദ്ധിച്ച് വരുന്നത് കാണാമായിരുന്നു. ഇവ  എങ്ങിനെയാണ്  ഇത്രയ്ക്ക് അടുക്കി പണിതിരിക്കുന്നതെന്ന് ഞാൻ  ഓർത്തു. അപ്പോഴേക്കും, വെറുതേയല്ല ജപ്പാനെ  കെട്ടിടങ്ങൾ  നിറഞ്ഞ വനം എന്ന് വിശേഷിപ്പിക്കുന്നതെന്ന് എന്റെ മകൻ  പറയുകയുണ്ടായി. ജപ്പാൻ  കുറെ ദ്വീപുകളുടെ സമുഹമാണല്ലോ. സ്ഥലപരിമിതി അവിടെ വലിയ പ്രശ്നമാണ്.വളരെ പരിമിതമായ സൗകര്യത്തിൽ ജീവിക്കാൻ പഠിച്ചവരാണിവർ. തൈവാൻ  സന്ദർശിച്ചപ്പോൾ  എനിക്കത് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. വർഷങ്ങൾക്ക് മുൻപ് , തൈവാൻ  ജപ്പാന്റെ അധീനതയിലായിരുന്നപ്പോൾ  പണി കഴിപ്പിച്ചതാണ് നാഷണൽ തൈവാൻ  യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയുടെ  വലിയ കെട്ടിടത്തിനടിയിൽ ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന കാർ പാർക്കിങ് സൗകര്യം   നമ്മുടെ ആലോചനയിൽ വരുന്നതേയുള്ളൂ. നമുക്കിന്നും ചില മാളുകളിൽ മാത്രമല്ലേ ഇത്തരം കാർ പാർക്കിങ് സൗകര്യം നിർമ്മിച്ചിട്ടുള്ളൂ. അത് പോലെ എന്നെ  ഏറെ ആകർഷിച്ച മറ്റൊരു കാര്യം  ജപ്പാനിലെ  വിസ്താരമുള്ള റോഡുകളിലെ കാനകൾക്ക്  മുകളിൽ  സ്ലാബിട്ട്  വെള്ളം കാനയിലേക്ക് ഒഴുകി പോകുവാനുള്ള പാകത്തിൽ  ചെറിയ ദ്വാരങ്ങൾ  കൊടുത്ത് നിർമ്മിച്ചിരിക്കുന്ന രീതി. അത് കൊണ്ട് കാനകളിലെ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സവുമില്ല എന്നാൽ ഗതാഗതം സുഗമമായി നടക്കുകയും ചെയ്യും.

മറ്റൊരു പ്രത്യേകത പ്രകൃതിക്ഷോഭങ്ങളായ  ഭൂമികുലുക്കവും അഗ്നിപർവ്വതം പൊട്ടിത്തെറിക്കലും, യുദ്ധക്കെടുതികളും അണുബോംബ് വർഷിച്ചതിന്റെ ദുരിതങ്ങളും നേരിട്ട് അനുഭവിച്ചതിനാൽ ജപ്പാൻ ജനതയ്ക്ക് എല്ലാവിപത്തിനേയും അതിജീവിക്കാനുള്ള കരുതലിനേക്കുറിച്ചും നല്ല ധാരണയുണ്ട്. ഈ ഫ്ലാറ്റുകളുടെ ജനലുകളൊക്കെ ത്രികോണാകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്കൂ. ഇതുകൂടാതെ അതിന് ചുവന്ന ചായമാണടിച്ചിരിക്കുന്നത്. കൊടുങ്കാറ്റുണ്ടാവുന്ന സന്ദർഭങ്ങളിൽ തീപിടിത്തമുണ്ടായാൽ ഫ്ലാറ്റുകളിൽ നിന്നും രക്ഷ നേടുവാനുള്ള സുരക്ഷാസംവിധാനങ്ങളിലൊന്നാണ് ഇത്തരം ജനലുകൾ . സുരക്ഷയ്ക്കായി ഫ്ലാറ്റിൽ താമസിക്കുന്നവർ ചുവന്ന ട്രയാങ്കിൾ  ജനലിനടുത്തെത്തിയാൽ സുരക്ഷാസേന അവരെ രക്ഷപ്പെടുത്തും. ഫ്ലാറ്റുകൾ  ഡിസൈൻ  ചെയ്യുന്ന ആർക്കിടെക്റ്റേഴ്സ് വീട് ഡിസൈൻ  ചെയ്യുന്നതും ഇത്തരം സംവിധാനങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ്. 

ഇരുചക്രവാഹനങ്ങൾക്ക്  പ്രത്യേക റോഡുകൾ  ഉണ്ട്. കാല്നടയാത്രക്കാരെ പ്രോത്സാഹിപ്പിക്കുവാനും  ഭരണകൂടം ശ്രമിക്കാറുണ്ട്. നടത്തം ആരോഗ്യത്തിന് വളരെ അത്യാവശ്യമെന്ന് ലോകരാഷ്ട്രങ്ങൾ  വിലയിരുത്തുന്നതിനാൽ ജപ്പാനും അതിന് വലിയ പ്രാധാന്യം നല്കുന്നുണ്ട്. അതുപോലെത്തന്നെ  അവിടത്തെ ബസ്സ്റ്റോപ്പുകളിലെ വെയിറ്റിംങ്ങ് ഷെഡ് എന്ന ചെറിയ കാബിനുകൾ  നല്ല ഭംഗിയും സൗകര്യവും ഉള്ളവയാണ്. കാബിനുകളി.ൽ കുടിവെള്ളം സൂചനാബോർഡുകൾ , ബസ് വരുന്ന സമയം എന്നിവ കൃത്യമായി അറിയാനൊക്കും വിധമാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. മോഷ്ടാക്കൾ  ഇല്ലാത്ത, സ്ത്രീ സൗഹൃദരാജ്യം, മുതിർന്നവർക്ക് പ്രാധാന്യം നല്കുന്ന രാജ്യം, കഠിനാദ്ധ്വാനികളും സ്വരാജ്യസ്നേഹമുള്ള ജനതയുമാണ് ജപ്പാൻ  ജനത.  പൊതുമുതൽ നശിപ്പിക്കണമെന്ന ചിന്തയില്ലാത്തതും രാജ്യത്തിന്റെ സ്വത്ത് തങ്ങളുടേതാണെന്നുമുള്ള  പൗരബോധമുള്ള ജനതയോട് ആദരവ് തോന്നി. ബസ്സിൽ കയറാൻ  ‘ക്യൂ’ സിസ്റ്റം പാലിക്കണമെന്നുണ്ട്. അതൊന്നും നിർദേശങ്ങളല്ല, അവരോടൊപ്പമുള്ള മര്യാദയുടെ ഭാഗമാണ്.

ജപ്പാൻ ജനത   വളരെ സന്തോഷവാന്മാരായിരുന്നെന്നും എന്നാൽ ഹിരോഷിമയിലും നാഗാസാക്കിയിലും ബോംബ് വർഷിച്ചപ്പോൾ  നിരവധി പേർ മരിക്കുകയും പലരും രോഗികളും  അനാഥരുമായി  മാറിയതോടെ അവർ പൂർണ്ണമായും കടുത്ത ദുഃഖത്തിൽ നിന്നും മുക്തരായിട്ടില്ല. എന്നാൽ  കഠിനാദ്ധ്വാനം കൊണ്ട് മാത്രം പടുത്തുയർത്തിയ നഗരങ്ങളാണ് ഞങ്ങൾ  കണ്ടുകൊണ്ടിരിക്കുന്നതെന്നും ഗൈഡ് പറയുകയുണ്ടായി.

ജപ്പാൻ ജനതയെ  വലിയ പേമാരിയിൽ നിന്ന് ദൈവം രക്ഷിച്ചതിനാൽ അവർ ദൈവവിശ്വാസികളാണെന്നും ഒരിക്കൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർക്ക് കടലിൽ നിന്ന് ഒരു പ്രതിമ കിട്ടിയെന്നും അത് ഒഴുക്കികളയാൻ  ശ്രമിച്ചപ്പോൾ  അത് തിരിച്ച് കരയിലേക്ക് വരാൻ  താല്പര്യം പ്രകടിപ്പിച്ചെന്നും പ്രശ്നത്തിൽ പ്രതിമയ്‌ക്കൊരു  ദിവ്യശക്തിയുണ്ടെന്ന് മനസ്സിലാക്കി അവർ  പ്രാർത്ഥിക്കുവാൻ  തുടങ്ങിയെന്നും പറയുന്നു. ഏതായാലും പ്രകൃതിശക്തിയിൽ വിശ്വസിക്കുന്ന ജപ്പാൻകാർ  അവരുടെ ദൈവത്തെ കാമി എന്നാണ് വിളിക്കുന്നത്. ഹൈന്ദവവിശ്വാസത്തോട് സമാനമായ ആചാരരീതിയാണ് അവർ പിന്തുടരുന്നത്.  കൃത്യമായ റോഡുമാർക്കുകൾ  ചെയ്ത റോഡുകളും അതിലൂടെ പായുന്ന പുത്തനായി തോന്നുന്ന കാറുകളും വഴിയരികിലൊന്നും വാഹനങ്ങൾ  പാർക്ക് ചെയ്യുവാൻ  അനുവദിക്കാതെയും ഗതാഗതം സുഗമമാക്കിയിരിക്കുന്നത്  പരിഷ്കൃതരാജ്യത്തിന്റെ മേന്മകളിലൊന്നാണല്ലോ.

ടോക്കിയോ സിറ്റിയിലെ എന്റർടെയിന്മെന്റ് ഏരിയായിലൂടെയും ഞങ്ങളുടെ വാഹനം  കടന്ന് പോയി. വിവിധകളികളിൽ പങ്കെടുക്കുവാനായി  സജ്ജീകരിച്ച  തുറസ്സായ സ്ഥലങ്ങൾ , പിന്നെ അസാകുസാടെമ്പിൾ , പ്രശസ്തമായ തണ്ടർ ഗയിറ്റ്,ടോക്കിയോ സ്കൈട്രീ എന്നിവ സിറ്റിയിൽ തന്നെയാണ്. കൂടാതെ ഇംപിരീയൽ പാലസ്, ടോക്കിയോ ഡിസ്നി ലാന്റ് എന്നിവയും ദൂരെ നിന്നും വീക്ഷിച്ചു. സിറ്റി ടൂറിൽ ആദ്യദിവസം ഓരോന്നും വിശദമായി കാണുവാൻ  സാധിക്കില്ലല്ലോ. എന്നാലും സിറ്റിയെക്കുറിച്ചൊരു ധാരണയുണ്ടാക്കുവാൻ  അത് വളരെ സഹായിച്ചു.

ജപ്പാൻ  മൃഗസൗഹൃദരാജ്യമായതിനാൽ അവിടെയുണ്ടാക്കുന്ന ടോക്കിയോ ബാഗിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരമുണ്ട്.. ധാരാളം ഷോപ്പിംങ്ങ് മോളുകൾ അവിടെ ഉണ്ടെങ്കിലും, സൗകര്യപ്രദമായ ധാരാളം മാളുകൾ  നമുക്കും പ്രാപ്യമായതിനാൽ മാളുകൾ  സന്ദർശിക്കുവാൻ വലിയ താല്പര്യം തോന്നിയില്ല. എന്നിരുന്നാലും ചിലതിലൊക്കെ കയറിയപ്പോൾ  വിലകൂടുതലായതിനാലും ഇവിടെ അതിനേക്കാൾ  കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ  ലഭ്യമാണല്ലോ എന്ന് കരുതി അത്യാവശ്യം സാധനങ്ങൾ  മാത്രമേ  വാങ്ങിയുള്ളൂ.

പൊതുവേ ജപ്പാൻ ജനതയ്ക്ക്  ഇന്ത്യക്കാരെക്കുറിച്ച് വലിയ മതിപ്പാണ് അതിനുള്ള കാരണങ്ങളിൽ ഒന്നാണ് ബുദ്ധനേയും ബുദ്ധമതതത്ത്വങ്ങളോടുള്ള അവരുടെ ആരാധന രണ്ട് അഭ്യസ്തവിദ്യരായ ധാരാളം യുവാക്കൾ  ജോലിക്കായി അവിടെ എത്തിയിരിക്കുന്നത് കൊണ്ട് ഇന്ത്യക്കാർ ബുദ്ധിശാലികളാണെന്ന ധാരണയും  അവരിൽ ഉണ്ടാക്കിയിട്ടുണ്ട്. ബുദ്ധഭഗവാനും പ്രതിഭാശാലികളായ യുവാക്കളും വിദേശീയരിൽ ഉണർത്തിയിട്ടുള്ള ആരാധനയും ആദരവും സൽകീർത്തിയും ശാശ്വതമായി നിലനിർത്തേണ്ടത് ജപ്പാൻ  സന്ദർശിക്കുന്ന ഓരോ ഭാരതീയന്റെയും കടമയാണ്. അതിന് ജഗദീശ്വരൻ  കനിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പ്രൊഫ : പി .കെ.ജയകുമാരി

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.