വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രപെരുമയിലൂടെ…

വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രപെരുമയിലൂടെ…

എറണാകുളം ജില്ലയിലെ വെണ്ണലയില്‍ സ്ഥിതിചെയ്യുന്ന തൈക്കാട്ട് ശ്രീ മഹാദേവക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രവളപ്പില്‍ നിന്നും കണ്ടെത്തിയ ശിലാശാസനങ്ങള്‍ ക്ഷേത്രത്തിന്റെ പുരാതനചരിത്രം വിളിച്ചറിയിക്കുന്നു. ശ്രീ മഹാദേവന്റെ വൃത്താകൃതിയിലുള്ള ‘ശ്രീകോവില്‍’ (സങ്കേതം) പുരാതന ക്ഷേത്ര വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. 2000 – ത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ചുമതല ഇപ്പോള്‍ വെണ്ണലയിലെ തൈക്കാട് ദേവസ്വം ട്രസ്റ്റിനാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കിരാതമൂര്‍ത്തീഭാവത്തിലുള്ള ശിവനാണ്. ശാന്തവും ഗാംഭീര്യവുമുള്ള ശിവന്റെ വീര്യഭാവത്തിലാണ് പ്രദേശവാസികളും ഭക്തരും ദേവനെ കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. 2017-ല്‍ ക്ഷേത്രം പുനഃരുദ്ധാരണം നടത്തുകയും പുനഃപ്രതിഷ്ഠയ്ക്കും ശുദ്ധീകരണചടങ്ങിനും (ശുദ്ധികലശം ) ശേഷം എല്ലാ വര്‍ഷവും  ‘ശിവരാത്രി’ 8 ദിവസം നീണ്ടുനില്‍ക്കുന്ന തിരുത്സവമായി ആഘോഷിക്കാന്‍ തീരുമാനിക്കുകയും നാളിതുവരെ അനുവര്‍ത്തിച്ചുപോരുകയുമാണ്. പാരമ്പര്യമനുസരിച്ച് ക്ഷേത്രത്തില്‍ മഹാവിഷ്ണുവിന്റെയും ധര്‍മ്മ ശാസ്താവിന്റെയും (അയ്യപ്പന്‍) സാന്നിധ്യങ്ങള്‍ പരിഗണിക്കപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു.

Thykkatt Sri Mahadeva Temple Uniquetimes
Thykkatt Sri Mahadeva Temple

ഐതീഹ്യം
വെണ്ണലയ്ക്കടുത്ത പ്രദേശമായ ഹിഡുംബവനം (ഈ പ്രദേശം ഇരുമ്പനം എന്നാണ് ഇന്നറിയപ്പെടുന്നത്) എന്ന സ്ഥലത്താണ് അരക്കില്ലം കത്തിനശിച്ച ശേഷം പാണ്ഡവര്‍ വസിച്ചിരുന്നത്. ഈ പ്രദേശത്തിരുന്നാണ് അര്‍ജ്ജുനന്‍ പാശുപതാസ്ത്രം കരസ്ഥമാക്കുന്നതിനുവേണ്ടി മഹാദേവനെ തപസ്സുചെയ്തത്. ഉപഗ്രഹ വിഗ്രഹ അനുഗ്രഹ ശക്തിയുള്ള പാശുപതാസ്ത്രം അര്‍ഹതപ്പെട്ടയാളുടെ കൈകളിലല്ല എത്തുന്നതെങ്കില്‍ അത് ലോകനാശത്തിനുതന്നെ കാരണമാകും. ഇത് മനസ്സിലാക്കിയ മഹാദേവന്‍ ഒരു കാട്ടാളന്റെ (കിരാതന്‍ ) വേഷം ധരിച്ച് അര്‍ജ്ജുനനെ പരീക്ഷിക്കുന്നതിനായി എത്തിച്ചേരുകയും, അമ്പെയ്തുവീഴ്ത്തിയ ഒരു വരാഹത്തിന്റെ (പന്നി) പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുടലെടുക്കുകയും തര്‍ക്കംമൂത്ത് ഘോരയുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ യുദ്ധത്തില്‍ അര്‍ജ്ജുനന് തന്റെ ഗാണ്ഡീവം എന്ന വില്ലൊഴികെ ബാക്കി സര്‍വ്വആയുധങ്ങളും നഷ്ടപ്പെട്ടു. ക്രോധം മൂത്ത അര്‍ജ്ജുനന്‍ വില്ലുകൊണ്ട് മഹാദേവനെ അടിക്കാനോങ്ങുകയും ഇതിനെ ഒരു അജ്ഞാതകരം തടുത്തു വില്ല് പിടിച്ചുവാങ്ങുകയും ചെയ്തു. നിരായുധനായ അര്‍ജ്ജുനന്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് വെറുമൊരു കാട്ടാളനല്ലെന്ന് തിരിച്ചറിയുകയും അദ്ദേഹത്തിന്റെ കാല്‍പ്പാദങ്ങളില്‍ സാഷ്ടാംഗം വീണ് നമസ്‌കരിക്കുകയും ചെയ്തു. അര്‍ജ്ജുനനില്‍ സംപ്രീതനായ മഹാദേവന്‍ വിശ്വരൂപത്തില്‍ പ്രത്യക്ഷനാവുകയും പാശുപതാസ്ത്രം ഉപദേശിക്കുകയും ചെയ്തു. അതിന് ശേഷം മഹാദേവന്‍ വിശ്രമിച്ച സ്ഥലമാണ് തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം. കിരാത മൂര്‍ത്തിയാണെങ്കിലും സംപ്രീതനായ അവസ്ഥയിലായതിനാല്‍ താരതമ്യേന ഉഗ്രത കുറവാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്.

Thykkatt Sri Mahadeva Temple Uniquetimes
Thykkatt Sri Mahadeva Temple

പെരുന്തച്ചന്റെ ഒരു ഐതിഹ്യവും തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കല്ലുകൊണ്ട് പെരുന്തച്ചന്‍ കാറ്റിനെ തടുത്ത ചരിത്രം. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് തെക്കുവടക്കായി വിസ്തൃതമായ പാടശേഖരമായിരുന്നു. തന്‍മൂലം ശക്തമായ തെക്കുപടിഞ്ഞാറന്‍ കാറ്റുവീശുന്നത് കാരണം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തുള്ള ദീപസ്തംഭത്തില്‍ ദീപംതെളിയിച്ച് നിര്‍ത്തുവാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍ ദീര്‍ഘയാത്ര കഴിഞ്ഞ് ക്ഷീണിതനായി വന്ന പെരുന്തച്ചന്‍ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുളള ചിറയില്‍ സ്‌നാനം ചെയ്ത് തെക്കുവശത്തുളള ആല്‍ത്തറയില്‍ വിശ്രമിക്കവേ, ദീപസ്തംഭത്തില്‍ സന്ധ്യാദീപം തെളിയിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. പല ആവര്‍ത്തി ശ്രമിച്ചിട്ടും ശക്തമായ തെക്കുപടിഞ്ഞാറന്‍ കാറ്റ് മൂലം ദീപം അണഞ്ഞുപോവുകയായിരുന്നു. ഇത് കണ്ട പെരുന്തച്ചന്‍ ദീപസ്തംഭത്തിന്റെ പടിഞ്ഞാറേ മൂലയ്ക്ക് ഒരു കരിങ്കല്‍ ഫലകം സ്ഥാപിച്ച് കാറ്റിനെ തടുക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

Thykkatt Sri Mahadeva Temple Uniquetimes
Thykkatt Sri Mahadeva Temple

വെണ്ണലയുടെ ചരിത്രം
വെണ്ണലയുടെ ചരിത്രം വെടിയൂര്‍ മഠം (പാങ്കുളം) മഹാവിഷ്ണുവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മഹാവിഷ്ണുവിന്റെ പ്രിയപ്പെട്ട വഴിപാടായ വാഴയിലയില്‍ നേദിക്കുന്ന വെണ്ണയുടെ ഇലകള്‍ നിക്ഷേപിച്ച് മലപോലെ അവ കൂടികിടന്ന സ്ഥലത്തിന് വെണ്ണയില മല എന്ന് പേര് വരുകയും ക്രമേണ അത് ലോപിച്ചാണ് വെണ്ണല എന്ന പേര് വന്നതെന്നതാണ് ഒരു ഐതിഹ്യം.
മറ്റൊന്ന് മഹാഭാരത കഥയുമായി ബന്ധപ്പെട്ടിക്കുന്നു. അരക്കില്ലത്തിന് തീപിടിച്ചപ്പോള്‍ പാണ്ഡവര്‍ രക്ഷപെട്ട ഗുഹ, വെണ്ണലയുടെ അടുത്ത പ്രദേശമായ കാക്കനാട് കൂടിയാണ് കടന്നുപോകുന്നത്. അതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ദൃശൃമാണ്. തീപിടിച്ച് അരക്കില്ലത്തില്‍ സൂക്ഷിച്ചിരുന്ന വെണ്ണ ഉരുകുകയും അത് ഗുഹയിലൂടെ പുറത്തേക്ക് ഒഴുകിവന്ന് അലയടിച്ച സ്ഥലം വെണ്ണ അലയെന്നത് ലോപിച്ച് വെണ്ണലയായി എന്നതാണ്.
അടുത്ത ചരിത്രം പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ഈ പ്രദേശം മുഴുവനും പണ്ട് വെണ്ണിലക്കാടായിരുന്നു. (വെള്ള ഇലകളുള്ള ഒരു ചെടിപ്പടര്‍പ്പാണ് വെണ്ണിലച്ചെടിയെന്ന് അറിയപ്പെടുന്നത്). വെണ്ണിലക്കാടുകളുള്ള സ്ഥലമെന്നത് ലോപിച്ച് വെണ്ണിലയും പിന്നീട് വെണ്ണലയുമായി ഇതിന് ദൃഷ്ടാന്തമായി ഇപ്പോഴും തൈക്കാട്ട് ശിവക്ഷേത്രവളപ്പില്‍ വെണ്ണിലച്ചെടികളുണ്ട്. കൂടാതെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഏകദേശം 1980 തുകള്‍ വരെ ഈ പ്രദേശം മുഴുവന്‍ വെളുത്ത മണലിന്റെ മലകളായിരുന്നു. വെണ്‍മ്മണലിന്റെ മല വെണ്മലയെന്നും പിന്നീട് ലോപിച്ച് വെണ്ണലയുമായി എന്നും പറയപ്പെടുന്നു.

Thykkatt Sri Mahadeva Temple Uniquetimes
Thykkatt Sri Mahadeva Temple

സര്‍വ്വാഭീഷ്ട പ്രദായകനായ മഹാദേവന്‍
സന്തതികള്‍ ഇല്ലാതെ ദുഃഖിതരായിരുന്ന ബ്രാഹ്മണ ദമ്പതികള്‍ തൈക്കാട്ടപ്പന്റെ സന്നിധിയില്‍ വന്ന് ഭക്തിയോടെ മനമുരുകിപ്രാര്‍ഥിക്കുകയും ഭജനമിരിക്കുകയും ചെയ്തിരുന്നു. സര്‍വ്വാഭീഷ്ടപ്രദായകനായ മഹാദേവന്‍ ഈ ദമ്പതികള്‍ക്ക് സന്താനഭാഗ്യം നല്‍കി അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് സാക്ഷ്യം. ഈ അനുഭവസാക്ഷ്യമാണ് ക്ഷേത്രത്തിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്. വിജയകരമായ ദാമ്പത്യബന്ധത്തിനായി ഭക്തര്‍ തൈക്കാട്ടപ്പന് ഉമാമഹേശ്വര പുഷ്പാഞ്ജലിയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും സമര്‍പ്പിക്കുന്നു. വിവിധ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനും മെച്ചപ്പെട്ട ഐശ്വര്യം ലഭിക്കാനും സഹസ്രാഭിഷേകവും ഉദയാസ്തമന പൂജയും നടത്തിവരുന്നു.
വൈഷ്ണവ സാന്നിധ്യവും ഉപദേവതാ സങ്കല്‍പ്പവും
തൈക്കാട്ടപ്പന്റെ ഭക്തയായ ഒരു ബ്രാഹ്മണസ്ത്രീ തൃപ്പൂണിത്തുറയിലെ ശ്രീ പൂര്‍ണത്രയീശക്ഷേത്രത്തില്‍ പതിവായി ദര്‍ശനത്തിനെത്താറുണ്ടായിരുന്നു. ഐതിഹ്യം അനുസരിച്ച്, അവരുടെ വാര്‍ദ്ധക്യകാലത്ത് അവശതമൂലം ക്ഷേത്രദര്‍ശനത്തിന് സാധിക്കാതെ വരുകയും തന്റെ ഭക്തയുടെ ആഗ്രഹപ്രകാരം പൂര്‍ണ്ണത്രയീശന്‍, തൈക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ വിഷ്ണു ചൈതന്യമായി അവതരിക്കുകയും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്തുവെന്നാണ്. ഭഗവത് ഹിതം അറിയുന്നതിലേക്കായി അവിടെ ‘ദേവപ്രശ്‌നം’ നടത്തുകയും വിഷ്ണുവിനെ തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഭഗവാന്‍ ധര്‍മ്മശാസ്താവിന്റെ സാന്നിധ്യവും പാരമ്പര്യമനുസരിച്ച് പരിഗണിക്കപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിനകത്ത് ശ്രീകോവിലിന്റെ ഇരുവശവും ഗണപതിയും ദുര്‍ഗ്ഗയും ഭക്തര്‍ക്ക് അനുഗ്രഹമരുളുന്നു.
‘ദേവപ്രശ്‌ന’ത്തില്‍ തെളിഞ്ഞ നിര്‍ദ്ദേശപ്രകാരം, ‘മീനരാശി’യില്‍ കാണപ്പെടുന്ന ബ്രഹ്മരാക്ഷസങ്ങളെ പ്രത്യേകം ആവാഹിച്ച് യഥാവിധി പ്രതിഷ്ഠിച്ച് പൂജിക്കുന്നു. ക്ഷേത്രമുറ്റത്തെ തെക്ക് പടിഞ്ഞാറ് മൂല (കന്നിമൂല ) യില്‍ സ്ഥിതി ചെയ്യുന്ന നാഗപ്രതിഷ്ഠയും വിധിയാംവണ്ണം പ്രതിഷ്ഠിച്ചിരിക്കുന്നു. കുംഭരാശിയില്‍ ക്ഷേത്രത്തിന്റെ പുറംഭിത്തിയോട് ചേര്‍ന്ന് പ്രതിഷ്ഠിച്ചിരിക്കുന്ന മുല്ലക്കല്‍ ഭഗവതി ‘ശ്രീഭദ്രകാളി’യുടെ വീര്യത്തിന്റെ ആള്‍രൂപമാണ്. പുരാതന കാലത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജില്‍ തൈക്കാട്ട് ദേവസ്വത്തിന് 35 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നുവത്രേ, എന്നാല്‍ ക്ഷേത്രവും പരിസരവും മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.
ആചാരങ്ങളും, വഴിപാടുകളും, ഉത്സവാഘോഷവും
ശിവരാത്രി ഉത്സവത്തോടൊപ്പം, മലയാളമാസമായ കര്‍ക്കിടകത്തിലെ ‘അഖണ്ഡനാമജപവും’ ‘രാമായണമാസവും’ ആചരിക്കുന്നു. കര്‍ക്കിടകമാസത്തില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തപ്പെടുന്നു. 1990 മുതല്‍ കിഴക്കും ഭാഗത്തിന്റെ ‘താലം ‘ ക്ഷേത്രോത്സവത്തിന്റെ ഭാഗമാണ് .

Thykkatt Sri Mahadeva Temple Uniquetimes
Thykkatt Sri Mahadeva Temple

എല്ലാ പ്രദോഷത്തിലും പ്രദോഷപൂജയും 1001 കുടം, 101 കുടം എന്നിങ്ങനെ ‘ജലധാര’യുമാണ് മഹാദേവന്റെ പ്രധാന വഴിപാടുകള്‍. ധനുമാസത്തിലെ തിരുവാതിര നാളില്‍ അഭിഷേകവും ശിവരാത്രി നാളില്‍ രുദ്രാഭിഷേകവും നടത്തുന്നു. കടുംപായസ നിവേദ്യം, ധാര, ഉദയാസ്തമനപൂജ, മൃതുഞ്ജയ പുഷ്പാഞ്ജലി, ഇളനീര്‍ അഭിഷേകം എന്നിവയാണ് മഹാദേവന് സമര്‍പ്പിക്കാവുന്ന മറ്റ് പ്രധാന വഴിപാടുകള്‍. ‘കിരാതമൂര്‍ത്തി’ സങ്കല്‍പ്പത്തിലുള്ള മഹേശ്വരന്‍, അവന്റെ ഓരോ ഭക്തര്‍ക്കും അഭീഷ്ടസിദ്ധി പ്രധാനം ചെയ്ത് അനുഗ്രഹം ചൊരിയുന്നു. ഈ ക്ഷേത്രത്തില്‍ പുലിയന്നൂര്‍ മുരളി നാരായണന്‍ നമ്പൂതിരി, തന്ത്രിയും ഇരവിമംഗലം ഇല്ലം സന്തോഷ് പി നമ്പൂതിരി, മേല്‍ശാന്തിയുമാണ്. തൈക്കാട്ടപ്പന്റെ ദര്‍ശനത്താല്‍ മനുഷ്യമനസ്സിലെ അഭികാമ്യമല്ലാത്ത കാമവും ക്രോധവും ആകര്‍ഷണീയതയും അകറ്റാന്‍ സാധിക്കുമെന്ന് ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു.
ക്ഷേത്രവുമായി ബന്ധപ്പെടാന്‍
+91- 484 -2805986, +91-9562888888
Email : thykkattudevaswam@gmail.com
Web: www.thykkattudevaswom.org

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.