മാനവസേവ മാധവസേവയാക്കിയ ആതുരസേവകൻ

മാനവസേവ മാധവസേവയാക്കിയ ആതുരസേവകൻ
കേരളത്തിലെ എണ്ണംപറഞ്ഞ ന്യൂറോ സര്‍ജന്‍മാരിലൊരാള്‍. തിരക്കേറിയ ഔദ്യോഗികജീവിതത്തിനിടയിലും സാമൂഹികസേവനം ജീവിതവ്രതമാക്കിയ മനുഷ്യസ്‌നേഹി. തെരുവിലലയുന്നവര്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ മാനേജിങ് ട്രസ്റ്റിയും വിപിഎസ് ലേക്ക് ഷോര്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജനുമായ ഡോ. അരുണ്‍ ഉമ്മനുമായി യുണീക്‌ടൈംസ്‌ സബ് എഡിറ്റര്‍ ഷീജാ നായര്‍ നടത്തിയ അഭിമുഖം.
 
ആതുരസേവനമേഖലയിലേക്ക് താങ്കള്‍ എത്തപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു ?
അദ്ധ്യാപകരായിരുന്ന എന്റെ മാതാപിതാക്കള്‍ക്ക് എന്നെ ഒരു ഡോക്ടറാക്കുക എന്നതായിരുന്നു ആഗ്രഹം. കുട്ടിക്കാലം മുതലേ ആകാശവും വിമാനങ്ങളും എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഒരു പൈലറ്റ് ആകുക എന്നതായിരുന്നു എന്റെ കുട്ടിക്കാലത്തെ ആഗ്രഹം. എന്റെ കാഴ്ചശക്തിക്കുറവ് ആ അഭിലാഷത്തിന് തടസ്സമായി. അവസാനം മാതാപിതാക്കളുടെ സ്വപ്നം പിന്തുടരാന്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങളുടെ കുടുംബത്തില്‍ ഡോക്ടര്‍മാരില്ലായിരുന്നുവെന്നതും ഒരു പ്രേരകശക്തിയായിരുന്നു. ഈ തീരുമാനത്തിനുശേഷം എന്റെ പരിശ്രമവും ശ്രദ്ധയും ഒരു ഡോക്ടറാവുക എന്നതിലായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടര്‍ ആകുക എന്നത് എന്റെ ദൃഢനിശ്ചയമായിരുന്നു. ഒരു ഡോക്ടര്‍ക്ക് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം സര്‍ജനാകുകയെന്ന എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടി. അങ്ങനെയാണ് ഞാന്‍ ആതുരസേവനമേഖലയിലേക്ക് എത്തപ്പെട്ടത്.
ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന ‘ന്യൂറോ സര്‍ജറി’ എന്ന വിഭാഗം തന്നെ തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ് ?
വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നൊരു കാര്യമാണ്. ഒരു ദൗത്യം അസാധ്യമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടാല്‍ ആ ദൗത്യം ഏറ്റെടുത്ത് നിറവേറ്റാന്‍ ഞാന്‍ തയ്യാറാകും. ‘നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും’ എന്ന വാക്കുകളാണ് എനിക്ക് ഏറ്റവുമധികം പ്രചോദനം നല്‍കുന്നത്. ഞാന്‍ മെഡിസിന്‍ തിരഞ്ഞെടുത്തപ്പോള്‍ സ്‌പെഷ്യലൈസേഷനില്‍ ഒരു വിഷയമായി ശസ്ത്രക്രിയ വിഭാഗം തെരഞ്ഞെടുക്കാനുള്ള പ്രചോദനവും അതായിരുന്നു. ‘ന്യൂറോ സര്‍ജറി’ സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നുമുള്ളതില്‍ സംശയമില്ല, അതുകൊണ്ടാണ് ഇത് എനിക്ക് ഒരു ആവേശമായി മാറിയത് . നമുക്ക് നേടാന്‍ കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല. ‘ഇംപോസിബിള്‍ എന്നത് വിഡ്ഢികളുടെ നിഘണ്ടുവില്‍ മാത്രം കാണാവുന്ന ഒരു വാക്ക്’ – ഫ്രഞ്ച് ചക്രവര്‍ത്തിയായ നെപ്പോളിയന്റെ ഈ ഉദ്ധരണി ഒരു ന്യൂറോ സര്‍ജന്‍ ആകാനുള്ള എന്റെ യാത്രയില്‍ വളരെ പ്രചോദനം നല്‍കി. യഥാര്‍ത്ഥത്തില്‍, ഞാന്‍ ഇപ്പോഴും ഈ വിഷയത്തില്‍ ഒരു വിദ്യാര്‍ത്ഥിയാണ്. എല്ലാ ദിവസവും, ഞാന്‍ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. ഇന്നുവരെ, എന്റെ അടുക്കല്‍ വരുന്ന എല്ലാ രോഗികളെയും പരിചരിക്കാന്‍ ഞാന്‍ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നെ വിശ്വസിക്കുന്നവരെ സഹായിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു.
Dr Arun Oommen Uniquetimes
Dr Arun Oommen

ഒരു മികച്ച ആതുരസേവകന്‍ എങ്ങനെയുള്ളയാള്‍ ആയിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത് ?
ഒരു ഡോക്ടര്‍ക്ക് സമൂഹത്തോട് വളരെയധികം പ്രതിബദ്ധതയും ഉത്തരവാദിത്തവുമുണ്ട്. ഇതാണ് ആതുരസേവനത്തെ മറ്റ് തൊഴിലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച ആതുരസേവകന്‍ ഒരു നല്ല മനുഷ്യനായിരിക്കണം. ആത്മവിശ്വാസം, കഠിനാധ്വാനം, സഹജീവിസ്‌നേഹം, സഹാനുഭൂതി, സഹിഷ്ണുതാമനോഭാവം എന്നിവ ഒരു ഡോക്ടര്‍ക്ക് അനിവാര്യമായ ഗുണങ്ങളാണ്. നമുക്ക് നമ്മില്‍ത്തന്നെ വിശ്വാസം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വ്വഹിക്കുന്നതിന്, നമ്മുടെ മുന്നിലുള്ള ഓരോ രോഗിയുടെയും പ്രശ്‌നങ്ങള്‍ ശരിയായി മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങളോട് സഹാനുഭൂതിയോടെ പ്രതികരിക്കാനും നമുക്ക് കഴിയണം. എന്റെ അച്ഛനും അമ്മയും നൈജീരിയയില്‍ അധ്യാപകരായിരുന്നു. അവിടെയുള്ള സാധാരണക്കാരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടാണ് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ എന്റേതായി കാണാനും അവ പരിഹരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നതും. എന്റെ അഭിപ്രായത്തില്‍, ഒരു ഡോക്ടര്‍ തന്റെ പഠനം കൊണ്ട് മാത്രം ഫലപ്രദനാകുന്നില്ല, മറിച്ച് തന്റെ അറിവുകള്‍ നല്ല സ്വഭാവവുമായി കൂടിച്ചേരുന്നതിലാണ്. മറ്റൊരാളുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും നമ്മുടെ സ്വന്തമാണെന്ന ധാരണയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ?
ന്യൂറോ സര്‍ജറിയെ സംബന്ധിച്ചിടത്തോളം എല്ലാ സര്‍ജറികളും വളരെ സങ്കീര്‍ണ്ണമാണ്. മനുഷ്യന്റെ വളരെ പ്രധാനപ്പെട്ടതും സങ്കീര്‍ണവുമായ അവയവങ്ങള്‍ തലച്ചോറും നട്ടെല്ലുമാണ്. ഒരു ചെറിയപാളിച്ച പോലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ദിവസേന ചെയ്യുന്ന ശാസ്ത്രക്രിയകളെല്ലാം സങ്കീര്‍ണ്ണങ്ങളാണ്. ഓരോന്നും നാല് മുതല്‍ പത്ത് മണിക്കൂറുകള്‍വരെ നീണ്ടുനില്‍ക്കാറുണ്ട്. സങ്കീര്‍ണ്ണതകളേക്കാള്‍ സാമൂഹികശ്രദ്ധപിടിച്ചുപറ്റിയ ചില കേസുകള്‍ ഉണ്ട്. ഒരു യുവാവിന് അവന്റെ ബ്രയിനില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായി. അതായത് ബ്ലാക്ക് ഫംഗസ് ബാധ. ഇതുകാരണം ആ യുവാവിന്റെ തലയോട്ടി പൂര്‍ണ്ണമായും ദ്രവിച്ചുപോകുകയും ആ തലയോട്ടി മൊത്തം മാറ്റി കൃത്രിമ തലയോട്ടി വച്ചുപിടിപ്പിക്കുകയായിരുന്നു. ഈ ശസ്ത്രക്രിയ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ സ്‌കള്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി ആയിരുന്നു. ആറുമാസം മുന്‍പായിരുന്നു ആ സര്‍ജറി നടന്നത്. മറ്റൊന്ന് വളരെ പ്രശസ്തയായ ഒരു ഡാന്‍സറിന് ഒരപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കുപറ്റി ഒരുമാസത്തോളം കോമ അവസ്ഥയിലായിരുന്നു. പിന്നീട് അവര്‍ സുഖം പ്രാപിച്ചശേഷം വേദിയില്‍ നൃത്തം അവതരിപ്പിക്കുകയുണ്ടായി. മാധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ മറ്റൊന്ന്, ആറുമാസം ഗര്‍ഭിണിയായ ഒരു സ്ത്രീയ്ക്ക് അപകടം സംഭവിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാകുകയുമായിരുന്നു. ഒത്തിരി സങ്കീര്‍ണ്ണതകളുള്ള ഒരു സര്‍ജറിയായിരുന്നുവത്. ഒന്‍പതാംമാസത്തില്‍ അവര്‍ കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. പ്രസവസമയത്തും അവര്‍ പൂര്‍ണ്ണബോധാവസ്ഥയിലായിരുന്നില്ല. എന്നിട്ടും കുഞ്ഞിന് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഈ സംഭവവും വാര്‍ത്തകളില്‍ ഇടംപിടിച്ചതായിരുന്നു. അതുപോലെതന്നെ ആര്‍ട്ടിഫിഷ്യല്‍ സ്‌കള്‍ റിപ്പയറിങ്ങിന് ഉപയോഗിക്കുന്ന ഉപകരണമാണ് ‘പീക്’. കേരളത്തില്‍ ആദ്യമായി ഈ ഉപകരണം ഉപയോഗിച്ചത് ലേക്ക് ഷോര്‍ ഹോസ്പിറ്റലിലാണ്. ഞാനായിരുന്നു ഈ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്തത്. ഇതും മാധ്യമശ്രദ്ധനേടിയ കാര്യമാണ്. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നാണ് ഈ മെഷീന്‍ ഇറക്കുമതി ചെയ്തത്. ആ സംഭവം ജനശ്രദ്ധനേടാന്‍ കാരണം നിര്‍ദ്ധനനായ രോഗിക്ക് ഹൈക്കോടതിയുടെ ഇടപെടല്‍ മൂലം ഫണ്ട് അനുവദിച്ചിട്ടാണ് സര്‍ജറി നടന്നത്. ഇങ്ങനെ നിരവധി സംഭവങ്ങള്‍ ഉണ്ട്. പലരെയും ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനായതില്‍ എനിക്ക് അതിയായ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്.

Dr Arun Oommen Uniquetimes
Dr Arun Oommen

ആതുരസേവന രംഗത്ത് താങ്കളുടെ നിലപാട് വ്യത്യസ്തമാണല്ലോ.. വിശദമാക്കാമോ?
ഇത് ബോധപൂര്‍വമായ തീരുമാനമായിരുന്നില്ല. എന്നാല്‍ ബ്രിട്ടീഷ് ബിസിനസുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അനിത റോഡിക് പറഞ്ഞതുപോലെ, ”നിങ്ങള്‍ കാര്യങ്ങള്‍ നന്നായി ചെയ്യുകയാണെങ്കില്‍, അവ നന്നായി ചെയ്യുക. ധൈര്യമായിരിക്കുക, വ്യത്യസ്തനായിരിക്കുക, നീതിമാനായിരിക്കുക.’ അതെന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെന്ന നിലയില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ആരോഗ്യസംരക്ഷണ രംഗത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണ, ഡോക്ടറും രോഗിയും തമ്മില്‍ പഴയത് പോലെ ഊഷ്മളമായ ബന്ധം ഇനിയില്ല എന്നതാണ്. ദിനചര്യയിലെ മാറ്റങ്ങളും രോഗങ്ങളുടെ ഗുരുതരാവസ്ഥകളും രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിപ്പിച്ചു. ആയതിനാല്‍, ചികിത്സയുടെ ഉത്തരവാദിത്തവും രോഗികളുടെ തിരക്കും വര്‍ദ്ധിക്കുന്നു. ഇക്കാരണങ്ങളാല്‍, ഇന്ന് പല ഡോക്ടര്‍മാര്‍ക്കും അവരുടെ രോഗികളുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ കഴിയുന്നില്ല.ഒരു നല്ല ഡോക്ടര്‍-രോഗി ബന്ധം അനിവാര്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ കഴിയുന്നത്ര സഹായിക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്.
ഒരു ഡോക്ടര്‍ എന്ന നിലയില്‍, രോഗിയുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ എനിക്ക് പലപ്പോഴും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ഉദാഹരണത്തിന്, ഒരിക്കല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒരു രോഗിയെ പെട്ടെന്ന് ഒരു വയ്യായ്കയെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു.ഒരു വശം അനങ്ങുന്നില്ലായിരുന്നു. സ്‌കാന്‍ ചെയ്തപ്പോള്‍ തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ആവശ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയുടെ കൂടെയുള്ളവരുടെ സഹകരണം നിര്‍ണ്ണായകമാണ്. അതുപോലെയാണ് ഡോക്ടറിലുള്ള ആത്മവിശ്വാസവും. രോഗിയെ രക്ഷിക്കാന്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് ഡോക്ടര്‍ വിശ്വസിക്കുമ്പോള്‍, രോഗിയും ഡോക്ടറും തമ്മില്‍ ശക്തമായ ഒരു ബന്ധമുണ്ട്. ഈ കേസില്‍ രോഗിയുടെ ബന്ധു പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ‘ഡോക്ടര്‍ ധൈര്യമായി പ്രവര്‍ത്തിച്ചാല്‍ അവന്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’. അപ്പോള്‍ ആ മനുഷ്യന്‍ ബൈബിള്‍ ഉദ്ധരിച്ച് ഏതാനും കഥകള്‍ പറഞ്ഞു, യേശു മരിച്ചവരെ ഉയിര്‍പ്പിച്ചതിന്റെ കഥ. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാം ദിവസം രോഗി എഴുന്നേറ്റു നടന്നു. ഇങ്ങനെയുള്ള നിമിഷങ്ങളില്‍ അതൊരു ദൈവാനുഗ്രഹമായി അനുഭവപ്പെടുകയും ഞങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞുവെന്ന ആത്മസംതൃപ്തിയുണ്ടാകുകയും ചെയ്യുന്നു. ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു തത്വമുണ്ട്. ‘ ഒരു നല്ല ഡോക്ടര്‍ രോഗത്തോടൊപ്പംരോഗിയേയും ചികിത്സിക്കുന്നു.’ എനിക്ക് നല്ലൊരു ഡോക്ടറാകണം.

Dr Arun Oommen Uniquetimes
Dr Arun Oommen

ഡോക്ടര്‍ എന്ന നിലയില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍?
ഒരിക്കല്‍ ഒരു ബിസിനസ് മീറ്റിങ്ങിന് കേരളത്തിലെത്തിയ ഒരു ഉത്തരേന്ത്യക്കാരന്, താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് അപ്രതീക്ഷിതമായി മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ലേക്ക് ഷോര്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. അതീവഗുരുതരാവസ്ഥയിലായിരുന്നു ആ രോഗി. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. കൂടെ ബന്ധുക്കള്‍ ആരുമില്ലായിരുന്നു. സാധാരണഗതിയില്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയെ പ്രവേശിപ്പിക്കാന്‍ ഏതൊരു ആശുപത്രിയും മടിക്കും. എന്നാല്‍ ഈ ശസ്ത്രക്രിയയ്ക്ക് ഇക്കാര്യങ്ങളൊന്നും തടസ്സമായിരുന്നില്ല. അതുകാരണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ജീവന്‍ രക്ഷിക്കപ്പെട്ടു. ഏകദേശം 15 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ കിടന്നു. പൂര്‍ണ്ണ സുഖം പ്രാപിച്ച ശേഷം അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം സ്ഥിരമായി ഫോണില്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷം നല്‍കിയ ഒരു കേസായിരുന്നു ഇത് എന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ എനിക്കൊരുപാട് സംതൃപ്തി തന്ന മറ്റൊരു സംഭവം കൂടി ഞാന്‍ ഓര്‍ക്കുന്നു. ഒരു ദിവസം, അപകടത്തില്‍പ്പെട്ട ഒരു രോഗിയെ മസ്തിഷ്‌കത്തിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുവന്നു. കൊണ്ടുവന്നവര്‍ ആരാണെന്ന് അറിയില്ലായിരുന്നു. അത്തരം കേസ്സുകള്‍ സാധാരണയായി ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ കനത്ത രക്തസ്രാവം മൂലം അവശനിലയിലാണ് രോഗിയെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്. മരണത്തെ അഭിമുഖീകരിക്കുന്ന രോഗിക്ക് ചെയ്യാന്‍ കഴിയുന്ന ഏക പോംവഴി അടിയന്തര ശസ്ത്രക്രിയ മാത്രമായിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്ള, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തില്‍ നിന്നുള്ളയാളാണ് രോഗി. മൂത്ത കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞപ്പോഴേക്കും ഭാര്യയും മൂന്ന് കുട്ടികളുമടക്കം ബന്ധുക്കളെല്ലാം എത്തിയിരുന്നു. ആ അവസ്ഥയില്‍ അച്ഛനെ നഷ്ടപ്പെട്ടിരുന്നെങ്കില്‍ കുടുംബത്തിന്റെ അവസ്ഥ പരിതാപകരമായേനെ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അവലോകനത്തിനിടെ മകള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ”ഞങ്ങളുടെ പൂജാമുറിയില്‍ ദൈവത്തോടൊപ്പം ഡോക്ടറുടെ ഫോട്ടോയും ഉണ്ട്,”. ഒരു ഡോക്ടര്‍ക്ക് ഇതിലും വലിയൊരു ബഹുമതി വേറെന്താണ് ലഭിക്കാനുള്ളത് ?
ആതുരസേവനത്തിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണല്ലോ… അതേക്കുറിച്ച് ?
ഞാന്‍ ജനിച്ചത് എത്യോപ്യയിലാണ്. വളര്‍ന്നത് നൈജീരിയയിലും.  എന്റെ മാതാപിതാക്കള്‍ അവിടെ സ്‌കൂള്‍ അധ്യാപകരായിരുന്നു. ആഫ്രിക്കയിലെ പല രാജ്യങ്ങളും ഇപ്പോഴും പിന്നാക്കാവസ്ഥയിലാണെന്ന് നമുക്കറിയാം. ആഫ്രിക്കയിലെ രാജ്യങ്ങളിലെ ജനതയ്ക്ക് മതിയായ ഭക്ഷണമോ വെള്ളമോ വിദ്യാഭ്യാസമോ സുരക്ഷിതമായ ജീവിതസാഹചര്യങ്ങളോ ഇല്ല. എത്യോപ്യയും നൈജീരിയയും വ്യത്യസ്തമായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ അധ്യാപകരായതിനാല്‍ ഞങ്ങള്‍ക്ക് അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിരുന്നു. എന്നാല്‍ അയല്‍പക്കത്തെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ഭക്ഷണം പോലുമില്ലാത്ത, ഉടുക്കാന്‍ ശരിയായ വസ്ത്രങ്ങളില്ലാത്ത ആളുകള്‍ ഭക്ഷണത്തിനായി ഞങ്ങളുടെ അടുത്തേക്ക് എത്തുമ്പോള്‍ ആ മുഖങ്ങളില്‍ ഒരു ചെറിയ പ്രതീക്ഷ ഞാന്‍ കണ്ടു. ആ ദയനീയ മുഖങ്ങള്‍ ഇന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ട്. എന്റെ കുടുംബം അശരണരായ ആളുകള്‍ക്ക് തങ്ങളാല്‍ കഴിയുന്നത്ര ഭക്ഷണം നല്‍കിയിരുന്നു. അവിടെ വച്ചാണ് വിശപ്പിന്റെ ഏറ്റവും ഭീകരമായ അവസ്ഥ ഞാന്‍ കണ്ടത്. അതുകൊണ്ടാണ് ഭക്ഷണത്തിന്റെ മൂല്യം അറിഞ്ഞു ഞാന്‍ വളര്‍ന്നത്. പിന്നീട് വിശക്കുന്നവനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത്‌ ഉള്ളിലെ ആഗ്രഹമായി. സാധ്യമാകുമ്പോഴെല്ലാം ഞാന്‍ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു.
ഒരിക്കല്‍ ഒരു മാനസികരോഗി അഴുകിയ മത്സ്യമാലിന്യം തിന്നുന്നത് ഞാന്‍ കണ്ടു. അവനെ സംബന്ധിച്ചിടത്തോളം വിശപ്പിനെ അപേക്ഷിച്ച് ദുര്‍ഗന്ധം പോലും ഒന്നുമായിരുന്നില്ല. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇത്തരം പല ഘടകങ്ങളും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട് .

Dr Arun Oommen Uniquetimes
Dr Arun Oommen

‘സെഹിയോന്‍ പ്രേഷിത സംഘം എന്താണ്? ഇതിന്റെ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ?
1997- ല്‍ ശ്രീ.എം എക്‌സ് ജൂഡസണ്‍ ആരംഭിച്ചതാണ് ‘സെഹിയോന്‍’. അദ്ദേഹം ഒരു ആശുപത്രിയിലെ ഡ്രൈവര്‍ ആയിരുന്നു. തന്റെ ദൈനംദിന യാത്രയ്ക്കിടയില്‍ വഴിയോരത്ത് വിശന്നിരുന്നൊരാള്‍ക്ക് തന്റെ ഉച്ചഭക്ഷണം പകുത്തുനല്‍കി. പിറ്റേ ദിവസം അയാള്‍ക്കുള്ള ഭക്ഷണവുമായി അവിടെത്തിയ ജൂഡസണ്‍ കണ്ടത് ഭക്ഷണം കാത്ത് മൂന്നുനാല് പേര് അവിടിരിക്കുന്നതാണ്. പിറ്റേ ദിവസം മുതല്‍ അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ നിന്നും കൊണ്ടുവന്നുകൊടുത്തു. അങ്ങനെ ഒരാളുടെ വിശപ്പ് ശമിപ്പിച്ചുകൊണ്ട് തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് ദൈനംദിനം ആയിരത്തിഅഞ്ഞൂറോളം നിരാലംബരുടെ ആശ്രയമായി തീര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ മുന്നൂറ് സന്നദ്ധസേവകര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്പോണ്‍സര്‍മാര്‍ ഫുഡ് ലഭ്യമാക്കാന്‍ സഹായിക്കുന്നതുകൂടാതെ എല്ലാ സ്‌കൂളുകളില്‍ നിന്നും പൊതിച്ചോറും ശേഖരിക്കുന്നുണ്ട്. നല്ല സഹകരണമാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഞാന്‍ ജൂഡ്സന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേള്‍ക്കുന്നതും നേരില്‍ കാണുന്നതും. പ്രതിഫലേച്ഛ കൂടാതെ രാപകല്‍ കഷ്ടപ്പെട്ട് തെരുവില്‍ക്കഴിയുന്നവരുടെ വിശപ്പടക്കുന്ന പ്രവര്‍ത്തിയില്‍ ഞാന്‍ ആകൃഷ്ടനാകുകയും എനിക്കാകുന്നവിധത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുകയും, രണ്ടുവര്‍ഷം മുന്‍പ് ‘ സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ മാനേജിങ് ട്രസ്റ്റിയായി ചുമതയേല്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് പുറമെ അവശര്‍ക്ക് വൈദ്യസഹായം നല്‍കുകയും മാനസികപ്രശ്‌നത്താല്‍ തെരുവിലലയുന്നവരെ വൃത്തിയാക്കി അവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും എത്തിച്ചു നല്‍കുന്നുണ്ട്. ഇതിനായി നൂറോളം ചെറുപ്പക്കാരുടെ യൂത്ത് വിങ് രൂപീകരിച്ചിട്ടുണ്ട്. മൊബൈല്‍ ബാത്ത് എന്ന ഒരു പ്രവര്‍ത്തനവും നടത്തിവരുന്നു. ഒരു ബാത്ത് റൂം സെറ്റപ്പ് ഉള്ള ഒരു വാന്‍ സ്‌പോണ്‍സര്‍ ഷിപ്പില്‍ ലഭിച്ചിട്ടുണ്ട്. ഇതാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള മാനസികപ്രശ്‌നത്താല്‍ തെരുവിലലയുന്നവരെ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം. ഇവരുടെ മുടിവെട്ടി, ഷേവ് ചെയ്യിച്ച്, ഇവര്‍ക്ക് പുതുവസ്ത്രവും ഭക്ഷണവും നല്‍കി വരുന്നുണ്ട്. ലോ പ്രൊഫൈലില്‍ ഇത്രത്തോളം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരു സംഘടന ഇന്ത്യയില്‍ തന്നെ ചുരുക്കമാണ്. ഇതൊരു രജിസ്റ്റേര്‍ഡ് ട്രസ്റ്റ് ആണ് . 12 എ കിട്ടിക്കഴിഞ്ഞു. ഒത്തിരി സംഘടനകള്‍ ഇതിനായി മുന്നോട്ട് വരണം. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത്, ഞങ്ങളുടെ ടീം കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഒരു ദിവസം മൂന്ന് തവണ ഭക്ഷണം എത്തിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മളാല്‍ കഴിയുന്നത് ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. വളരെ തിരക്കുള്ള ജോലിക്കിടയിലും സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എനിക്ക് സന്തോഷമുണ്ട്.
ആരോഗ്യമേഖലയിലെ പുതുതലമുറയ്ക്ക് കൊടുക്കാനുള്ള സന്ദേശം എന്താണ്?
സ്വന്തം താല്‍പര്യത്തില്‍ മാത്രം ഡോക്ടറാകുക. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങരുത്. ‘നിങ്ങള്‍ ഒരു നല്ല ഡോക്ടറാണ്’ എന്ന രോഗിയുടെ സര്‍ട്ടിഫിക്കറ്റ് നിങ്ങളെ മറ്റ് ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അംഗീകാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പളം, പദവി, പ്രശസ്തി, അവാര്‍ഡുകള്‍ മുതലായവ വളരെ ചെറിയ വിഷയങ്ങളാണ്. ആളുകളുടെ ആരോഗ്യവും ജീവന്‍ രക്ഷിക്കുന്ന സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിനാല്‍ മെഡിക്കല്‍ പ്രൊഫഷന്‍ ഏറ്റവും മികച്ചതായിരിക്കണം. അതിനാല്‍, ശരിയായ മനോഭാവവും സമീപനവുമുള്ള മികച്ച പ്രതിഭകള്‍ ഈ തൊഴിലില്‍ ചേരണം. നിര്‍ഭാഗ്യവശാല്‍, വിവിധ കാരണങ്ങളാല്‍, മെഡിക്കല്‍ തൊഴില്‍ ഇക്കാലത്ത് വളരെ ആകര്‍ഷകമായി കണക്കാക്കപ്പെടുന്നില്ല. ഇതാണ് ഇന്നത്തെ യുവാക്കളോട് എനിക്ക് പറയാനുള്ളത്.
കുടുംബത്തെക്കുറിച്ച് ?
വിപിഎസ് ലേക്ക് ഷോര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, ഡോ റോജ ജോസഫാണ് എന്റെ ഭാര്യ. ഞങ്ങള്‍ക്ക് രണ്ട് മക്കളാണ് ഏഥനും എയ്ഡനും . ഇരുവരും കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. അച്ഛന്‍ വി ജി ഉമ്മനും അമ്മ സൂസന്‍ ഉമ്മനും അധ്യാപകരായിരുന്നു. സഹോദരി അജയ്, അളിയന്‍ ഉമ്മന്‍ കെ മാമ്മന്‍ എന്നിവര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ്. ഇതാണ് എന്റെ കുടുംബം.

Dr Arun Oommen Uniquetimes
Dr Arun Oommen
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.