വിശ്വാസത്തെ വിലമതിക്കുന്ന സംരംഭകൻ

വിശ്വാസത്തെ വിലമതിക്കുന്ന സംരംഭകൻ

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക്, വൈവിധ്യമേഖലകളിൽ ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളോടൊപ്പം സേവനങ്ങളും നൽകുന്നതിൽ താൽപ്പര്യമുള്ള ഒരു സമ്പൂർണ്ണ ബിസിനസ്സുകാരൻ, സാമൂഹികപ്രവർത്തകൻ, കലാകാരൻ, സർവ്വോപരി തികഞ്ഞ മനുഷ്യസ്നേഹി. ആയൂർവേദത്തെ ലോകജനതയ്ക്ക് മുന്നിൽ എത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച് വിജയം നേടിയ എവിഎ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോ.എ.വി അനൂപുമായി യൂണിക്‌ടൈംസ് സബ് എഡിറ്റർ ഷീജാ നായർ നടത്തിയ അഭിമുഖം.

താങ്കളുടെയുള്ളില്‍ ഒരു സംരഭകന്‍ ഉണ്ടെന്നുള്ളത് എപ്പോഴാണ് തിരിച്ചറിയുന്നത് ? അതെങ്ങനെയായിരുന്നു ?
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് എന്റെ അച്ഛന്റെ ആകസ്മികമരണം സംഭവിക്കുന്നത്. എന്നെ ഒരു സര്‍ക്കാരുദ്യോഗസ്ഥനാക്കാനായിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്. ആ ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് ഞാനും പഠിച്ചിരുന്നത്. അച്ഛന്റെ വിയോഗത്തോടെ കുടുംബത്തില്‍ പ്രാരാബ്ധം ഉണ്ടായപ്പോള്‍ കുറച്ചുനാള്‍ എനിക്ക് ടാക്‌സി ഓടിക്കേണ്ടതായി വന്നിട്ടുണ്ട്. പഠനത്തോടൊപ്പം ഈ സാഹചര്യം വളര്‍ത്തി ഒരു ട്രാവല്‍ ഏജന്‍സി ബിസിനസ്സാക്കി മാറ്റി. ആ സാഹചര്യത്തിലാണ് എനിക്ക് ബിസിനസ്സ് വഴങ്ങുമെന്ന് ഞാന്‍ മനസ്സിലാക്കുന്നത്.
സംരംഭകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, സിനിമാനിര്‍മ്മാതാവ്, അഭിനേതാവ് എന്നീ പ്രവര്‍ത്തനമേഖലകള്‍ എങ്ങനെയാണ് സമന്വയിപ്പിച്ചുകൊണ്ട് പോകുന്നത്? ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേഷം ഏതാണ്?
ഈ റോളുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്നൊന്നില്ല. എല്ലാം ആസ്വദിച്ച് ചെയ്യുന്നയാളാണ് ഞാന്‍. സമൂഹത്തില്‍ നന്‍മ ചെയ്തിട്ടുള്ള ഒരു നല്ല മനുഷ്യന്‍ എന്ന രീതിയില്‍ മാത്രമേ ഭാവിയില്‍ എന്നെ ആളുകള്‍ ഓര്‍ത്തിരിക്കേണ്ടതുള്ളൂ എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അങ്ങനെ അറിയപ്പെടാനാണ് എന്റെ ആഗ്രഹവും താത്പര്യവും. ഒരു രംഗത്തും ഞാന്‍ ഒന്നാം സ്ഥാനത്തല്ല. പ്രത്യേകിച്ച് ഒരു രംഗത്ത് മികച്ചതാകാന്‍ എനിക്ക് പ്രത്യേക ആഗ്രഹവുമില്ല. എനിക്ക് സാധിക്കുന്ന കാര്യങ്ങള്‍ എല്ലാ രംഗത്തും ആത്മാര്‍ഥതയോടെ ചെയ്യുന്ന ഒരാളാണ് ഞാന്‍.
മെഡിമിക്‌സ് അതിന്റെ 53 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ മെഡിമിക്‌സിന്റെ വളര്‍ച്ച എങ്ങനെയായിരുന്നു?
1969-ല്‍ ഡോ. സിദ്ധനും അദ്ദേഹത്തിന്റെ ഭാര്യ സൗഭാഗ്യ സിദ്ധനും കൂടി പെരമ്പൂറിലെ റെയില്‍വേ ക്വാട്ടേഴ്‌സിലെ അടുക്കളയില്‍ വച്ച് തുടങ്ങിയ ഒരു സംരംഭമാണ് മെഡിമിക്‌സ്. വളരെച്ചെറിയ മൂലധനത്തില്‍ അതായത് 500 രൂപയ്ക്ക് താഴെ എന്നാണ് എന്റെ അറിവ്. ഹാന്‍ഡ് മെയ്ഡ് പ്രോസസിലാണ് അന്ന് സോപ്പ് ഉണ്ടാക്കിയിരുന്നത്. കൈയില്‍ കാര്യമായ സമ്പാദ്യങ്ങള്‍ ഇല്ലാതിരുന്ന, ബിസിനസ്സില്‍ യാതൊരുവിധ മുന്‍പരിചയമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമാണ് മെഡിമിക്‌സ് ഇന്ന് വിജയകരമായ 53 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ന് ലോകത്തില്‍ മെഡിമിക്‌സ് എത്താത്ത ഒരു സ്ഥലവുമില്ല. മെഡിമിക്‌സിലൂടെയാണ് ആയൂര്‍വേദമെന്ന പേരുപോലും ലോകത്തിന്റെ എല്ലാ കോണിലും എത്തിയത്. അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം പിന്തിരിഞ്ഞുനോക്കുമ്പോള്‍ അത് ഒരു വലിയ സന്തോഷമാണ്. ഇതിലെല്ലാമുപരി നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കാനും നിരവധി കുടുംബങ്ങളെ നല്ലനിലയിലെത്തിക്കാനും ഈ ഒരു സംരംഭത്തിലൂടെ സാധിച്ചുവെന്നുള്ളത് ഞങ്ങള്‍ക്ക് സന്തോഷമേകുന്ന ഒന്നാണ്.
ബിസിനസ്സിന്റെ വിവിധ മേഖലകളില്‍ താങ്കള്‍ പ്രവേശിച്ചുകഴിഞ്ഞുവല്ലോ, ഒരു പുതിയ വിപണിെയ നേടുന്നതിന് വേണ്ടി എന്തൊക്കെ തന്ത്രങ്ങളാണ് താങ്കള്‍ മെനയാറുള്ളത്?
പുതിയ വിപണിെയ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ എന്നുപറയുമ്പോള്‍, ഓരോ നാട്ടിലെയും ജനങ്ങളുടെ സ്വഭാവരീതി, താല്‍പര്യങ്ങള്‍, ഭക്ഷണരീതികള്‍ എന്നിവ വ്യത്യസ്തമാണ്. ഈ വ്യത്യസ്തതകള്‍ മനസ്സിലാക്കിവേണം ഒരു ഉല്‍പ്പന്നം ഓരോ വിപണിയിലിറക്കുവാന്‍. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉല്‍പ്പന്നങ്ങളില്‍ കൊണ്ടുവരണം. ഉദാഹരണത്തിന് ഒരേ ഭക്ഷണസാധനത്തിന് ഓരോ സംസ്ഥാനങ്ങളിലെയും വിവിധജില്ലകളില്‍ വിവിധ രുചികളാണ്. മേളം ബ്രാന്‍ഡ് സ്വന്തമാക്കിയതിന് ശേഷം ഈ വ്യത്യസ്തത മനസിലാക്കിയാണ് ഉല്‍പ്പന്നങ്ങള്‍ ഓരോയിടങ്ങളിലും ലഭ്യമാക്കുന്നത്. അറുപത് വയസുള്ള ഒരാളുടെ താല്പര്യങ്ങളായിരിക്കില്ല കൗമാരക്കാര്‍ക്ക് ഉണ്ടായിരിക്കുക. ഈ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നതും ഇവ വിപണിയിലിറക്കുന്നതും. ഇവയൊക്കെയാണ് പുതിയ വിപണി നേടുന്നതിന് ശ്രദ്ധിക്കേണ്ടത്.

A.V.Anoop
Dr AV Anoop

സഞ്ജീവനത്തെക്കുറിച്ച് വിശദമാക്കാമോ?
ജനങ്ങള്‍ക്ക് ആരോഗ്യപരമായ ജീവിതം നയിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി 2004-ല്‍ ചെന്നൈയിലാണ് സഞ്ജീവനം ആരംഭിക്കുന്നത്. ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. മെഡിമിക്‌സിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആയൂര്‍വേദം എന്ന പേരിന്റെ പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ആയുര്‍വേദത്തിന് ഞങ്ങള്‍ നല്‍കുന്ന സമര്‍പ്പണമാണ് സഞ്ജീവനം. തീര്‍ച്ചയായും ഞാന്‍ ആഗ്രഹിച്ച നിലയില്‍ത്തന്നെ സഞ്ജീവനം എത്തിയിരിക്കുകയാണ്. അടുത്തിടെ കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്ന സഞ്ജീവനം ആയൂര്‍വേദ ഹോസ്പിറ്റല്‍ ആയൂര്‍വേദമേഖലയില്‍ ഒരു പുതിയ കാല്‍വയ്പ്പ് തന്നെയാണ്. ലോകമെമ്പാടുമുള്ള ആളുകളെ ആയൂര്‍വേദത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും അവരെ ആയൂര്‍വേദത്തിലേക്ക് ആകര്‍ഷിക്കാനും അതിലൂടെ ആയൂര്‍വേദവിപണി വളര്‍ത്തിയെടുക്കാനും ഈ ആശയത്തിലൂടെ സാധിക്കുന്നുവെന്നതിനാല്‍ ഇത്തരം മാതൃകകള്‍ എല്ലായിടത്തും കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം.ഞാന്‍ തുടങ്ങിയില്ലെങ്കിലും തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കാനുള്ള ചിന്താഗതിയാണ് ഈ രംഗത്ത് എനിക്കുള്ളത്.

ഇത്രയും വര്‍ഷത്തെ അനുഭവജ്ഞാനത്തില്‍ നിന്നും താങ്കള്‍ സ്വായത്തമാക്കിയ ഗുണപാഠം എന്താണ് ?
നാല്‍പ്പതിലധികം വര്‍ഷങ്ങളായി മെഡിമിക്‌സിനും മറ്റുല്‍പ്പന്നങ്ങളോടൊപ്പവും ചെന്നൈയില്‍ പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. എന്നോടൊപ്പം പ്രവര്‍ത്തിച്ച വരുടെ പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കുമ്പോള്‍ കഠിനാധ്വാനവും, ലക്ഷ്യവും, കൂട്ടായ്മയും അതോടൊപ്പം മറ്റുള്ളവരില്‍ വിശ്വാസവുമായുണ്ടെകില്‍ നമുക്ക് വലിയ വിജയം നേടാന്‍ സാധ്യമെന്നതാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. നമുക്ക് നമ്മളില്‍ വിശ്വാസമുണ്ടായിരിക്കണം അതുപോലെതന്നെ നമുക്ക് മറ്റുള്ളവരിലും വിശ്വാസമുണ്ടായിരിക്കണം ഇതൊക്കെയാണ് ഞാന്‍ പഠിച്ച ഗുണപാഠം.

A.V.Anoop
Dr AV Anoop

വൈവിധ്യങ്ങളായ സംരഭമേഖലയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന യുവത്വങ്ങള്‍ക്ക് നല്‍കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ്ശങ്ങള്‍ എന്തൊക്കെയാണ്?
ഇക്കാലത്ത് ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തേക്ക് വരുന്നുണ്ട്. ഞങ്ങള്‍ ബിസിനസ്സ് രംഗത്തേയ്ക്ക് വന്നത് ഇതേക്കുറിച്ച് യാതൊരു അറിവുമില്ലാതെ, പ്രൊജക്റ്റ് റിപ്പോര്‍ട്ടുകളോ സാമ്പത്തീക ഭദ്രതയോയില്ലാതെയൊക്കെയാണ്. അതുകാരണം പല പിഴവുകളും സംഭവിച്ചുപോയിട്ടുണ്ട്. പുതിയ കുട്ടികള്‍ ബിസിനസ്സിന്റെ എല്ലാവശങ്ങളും മനസ്സിലാക്കി വലിയ ആശയങ്ങളുമായിട്ടാണ് രംഗത്ത് വരുന്നത്. അതുകൊണ്ടുതന്നെയാണ് കോടിക്കണക്കിന് രൂപ നിക്ഷേപമായി അവരുടെ കമ്പനികളിലേക്ക് എത്തുന്നതും. ബിസിനസ്സ് രംഗത്തേയ്ക്ക് വരുന്ന പുതിയ കുട്ടികളോട് എനിക്ക് പറയാനുള്ളത് ഗൂഗിളില്‍ നിന്നും മനസിലാക്കിയ വിവരങ്ങളായിക്കരുത് സംരംഭത്തിന്റെ അടിസ്ഥാനഅറിവ്. കമ്പനികളില്‍ പ്രവര്‍ത്തിച്ചുകിട്ടിയ അറിവായിരിക്കണം ബിസിനസ്സായിട്ട് മാറ്റേണ്ടത്. അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ചെയ്താണ് നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടിത്തന്നതെങ്കില്‍ ആ തൊഴിലിനെ ലോകോത്തരവിപണിയിലേക്കിറക്കാനുള്ള സാധ്യതയുണ്ടെന്നത് മനസ്സിലാക്കുക. എത്ര ചെറിയ കാര്യമാണെങ്കിലും മാറി ചിന്തിച്ച് അത് ലോകോത്തരവിപണിയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നുള്ള സാദ്ധ്യതകള്‍ തേടണമെന്നാണ് എനിക്ക് പറയാനുള്ളത്. 

A.V.Anoop
Dr AV Anoop

ബിസിനസ്സിനോടൊപ്പം തന്നെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന താങ്കള്‍ വളരെയധികം തിരക്കുള്ളയാളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത്രയും തിരക്കുകള്‍ക്കിടയിലും എങ്ങനെയാണ് താങ്കളുടെ മാനസികാരോഗ്യം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ?
സുപ്രധാനകാര്യം കുടുംബഭദ്രത തന്നെയാണ്. നമ്മുടെ കുടുംബത്തില്‍ നിന്നും നമുക്ക് കിട്ടുന്ന സപ്പോര്‍ട്ട് വലിയൊരു കാര്യം തന്നെയാണ്. ബിസിനസ്സില്‍ എനിക്ക് വലിയ ടെൻഷന്റെ കാര്യങ്ങള്‍ ഒന്നുംതന്നെയില്ല. നിയമാനുസൃതമല്ലാത്ത യാതൊരുകാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നില്ല. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന എല്ലാ നികുതികളും കൃത്യമായിട്ടും അടയ്ക്കുന്നുണ്ട്. എല്ലാ തൊഴിലാളികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. പിന്നെ ഞാന്‍ മുഴുവന്‍ സമയവും ബിസിനസിന് വേണ്ടി മാറ്റിവച്ചിട്ടുള്ള ഒരാളല്ല. മാത്രമല്ല ബിസിനസ്സിലെ ചുമതലകള്‍ മറ്റുള്ളവര്‍ക്ക് വിഭജിച്ചുകൊടുത്തിട്ടുണ്ട്. സ്വന്തം ആരോഗ്യത്തിന് യോഗയും നീന്തലും മറ്റു വ്യായാമങ്ങളും ദിവസവും ചെയ്യാറുണ്ട്. ഞാന്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാവരും ഇത് ചെയ്യുന്നുണ്ട്. കൂടാതെ പ്രാണായാമ ചെയ്യുന്നു. പുല്ലാങ്കുഴല്‍ വായിക്കാന്‍ പഠിച്ചിട്ടുണ്ട്. അത് വായിക്കുമ്പോള്‍ മനസ്സിന് നല്ല സുഖം കിട്ടുന്നുണ്ട്. ഇടയ്ക്കിടെ സഞ്ജീവനത്തില്‍ പോയി ആയൂര്‍വേദചികിത്സയും ചെയ്യുന്നുണ്ട്. മൈന്‍ഡ് ബോഡി ആന്‍ഡ് സോള്‍ ഇത് മൂന്നും നല്ലരീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. ഇവയൊക്കെയാണ് ഈ പ്രായത്തിലും എല്ലായിടത്തും എത്താനും കര്‍മ്മോല്‍സുകനായിരിക്കാനും സാധിക്കുന്നത്.
പുതിയ പ്രോജക്ടുകള്‍ എന്തെങ്കിലും പരിഗണയിലുണ്ടോ ?
ഇപ്പോള്‍ പുതിയ പ്രൊജക്റ്റ് ഒന്നും മനസ്സിലില്ല. അങ്ങനെ വളരെ പെട്ടന്ന് ഉയരങ്ങളിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. ഇപ്പോള്‍ ബിസിനസ്സ് രംഗത്ത് മെഡിമിക്‌സ്, ഭക്ഷ്യോ ല്‍പ്പന്നരംഗത്ത് മേളം, ആയൂര്‍വ്വേദ രംഗത്ത് സഞ്ജീവനം, സിനിമ രംഗത്ത് എ വി എ പ്രൊഡക്ഷന്‍സ് എന്നിവയുണ്ട്. ഈ നാലു മേഖലകളിലും സ്ഥിരമായിട്ട് നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രകൃതിയ്ക്ക് അനുയോജ്യമല്ലാത്തതും മനുഷ്യര്‍ക്ക് ഹാനീകരമായതുമായ ഒരു ബിസിനസ്സും ഞാന്‍ ചെയ്യില്ല. നിലവിലുള്ള നാല് മേഖലകളില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുന്നത് ചെയ്യും. അതില്‍ സഞ്ജീവനവും മേളവും ഇനിയും ഏറെ മുന്നോട്ടുപോകും എന്നുതന്നെയാണ് എന്റെ ബലമായ വിശ്വാസം.
ഡോ. എ വി അനൂപ് എന്ന വ്യക്തി ഡോ. എ വി അനൂപ് എന്ന സംരംഭകനെ വിലയിരുത്തുകയാണെങ്കില്‍?
സമൂഹത്തില്‍ സാധാരണകാണുന്ന സംരംഭകരിൽ നിന്നും വ്യത്യസ്തനായ ഒരു വ്യക്തിതന്നെയാണ് ഡോ. എ വി അനൂപ് എന്ന സംരംഭകന്‍. അദ്ദേഹം ഒരു കലാഹൃദയമുള്ളയാളാണ്. ജനങ്ങൾക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തുന്ന ആളാണ്. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ഒരാൾ. മറ്റുള്ളവര്‍ക്ക് വേണ്ടി സഹായഹസ്തം നല്‍കുന്ന ഒരാളുകൂടിയാണ്. സമൂഹത്തിലുള്ള സഹജീവികളോടൊപ്പം അവരിലൊരാളായി ജീവിക്കുന്ന വ്യക്തിയാണ് ഡോ. എ വി അനൂപ് എന്ന സംരംഭകന്‍.

A.V.Anoop
Dr AV Anoop
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.