കുപ്രസിദ്ധഗുണ്ട ഹരീഷിനെ മുംബൈയില്‍ പിടികൂടി

കുപ്രസിദ്ധഗുണ്ട ഹരീഷിനെ മുംബൈയില്‍ പിടികൂടി

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തില്‍നിന്ന് പോലീസ് പിടികൂടി. കാട്ടൂര്‍ സ്വദേശി നന്ദനത്തുപറമ്പില്‍ ഹരീഷി (47) നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ സംഘം പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുംബൈയിലെ ഫ്‌ളാറ്റില്‍നിന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചംഗ പോലീസ് സംഘം പിടികൂടുകയായിരുന്നു. 38 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹരീഷ് എന്ന് പോലീസ് പറഞ്ഞു. കാപ്പ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം പഴുവില്‍ സ്വദേശിയെ തല്ലിയ കേസിലും പോലീസിനുനേരേ വാളുവീശിയ കേസ്സിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. അന്ന് കര്‍ണ്ണാടകയിലെ കോളാറില്‍നിന്ന് ഏറെ ശ്രമകരമായാണ് ഇയാളെ പിടികൂടിയത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയശേഷം പാലാരിവട്ടം സ്വദേശിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി. കഴിഞ്ഞ ജൂണില്‍ രഹസ്യമായി അന്തിക്കാട്ടെത്തിയ ഇയാള്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന താന്ന്യം സ്വദേശിയെ പ്രകോപനമില്ലാതെ വടിവാള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടൂര്‍ സ്റ്റേഷനില്‍ 24 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹരീഷ് വലപ്പാട് ആറും ചേര്‍പ്പില്‍ രണ്ടും കേസുകളിലും പ്രതിയാണ്. അന്തിക്കാട്, കളമശ്ശേരി, കൊടകര, വാടാനപ്പള്ളി, ഒല്ലൂര്‍, മതിലകം, പാലാരിവട്ടം തുടങ്ങി ഒൻപത് സ്റ്റേഷനുകളിലും വിവിധ കേസുകളില്‍ പ്രതിയാണ്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.കെ. ദാസ്, മഹേഷ് കുമാര്‍, എസ്.ഐ.മാരായ അരിസ്റ്റോട്ടില്‍, സ്റ്റീഫന്‍, എ.എസ്.ഐ.മാരായ പി. ജയകൃഷ്ണന്‍, മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒ.മാരായ ഇ.എസ്. ജീവന്‍, സോണി സേവ്യര്‍, സി.പി.ഒ.മാരായ ശബരികൃഷ്ണന്‍, കെ.എസ്. ഉമേഷ്, എം.വി. മാനുവല്‍, ഷറഫുദ്ദീന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. നാട്ടിലെത്തിയാല്‍ എപ്പോഴും ആയുധവുമായി നടക്കുന്ന ഹരീഷ് നാട്ടുകാരെ ഉപദ്രവിക്കുകയും ബാറുകളില്‍നിന്ന് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിക്കുടിക്കുകയും പണം വാങ്ങുകയും പതിവാണെന്ന് പോലീസ്. ക്രൂരമനസ്സിനുടമയായ ഇയാള്‍ക്കെതിരേ പരാതിപ്പെടാന്‍ പോലും സാധാരണക്കാര്‍ക്ക് ഭയമാണ്. കേസുകളില്‍ പെട്ടാല്‍ ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങില്ല. ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ വളരെ അടുപ്പമുള്ളവരെ രഹസ്യമായി സന്ദര്‍ശിച്ച്‌ പെട്ടെന്നു മടങ്ങും. ജാമ്യത്തിലിറങ്ങി അടുത്ത കേസ് ഉണ്ടാക്കുകയാണ് പതിവ്. കുറച്ചു ദിവസം മുൻപ് പോലീസ് സംഘം കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഇയാളെ അന്വേഷിച്ചു ചെന്നെങ്കിലും തലനാരിഴയിടയ്ക്ക് കടന്നുകളയുകയായിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.