ബിസിനസ്സ് മേഖലയിലെ “ദ കിങ് മേക്കർ” സാരഥ്യം ~ Anil Balachandran

ബിസിനസ്സ് മേഖലയിലെ “ദ കിങ് മേക്കർ” സാരഥ്യം ~ Anil Balachandran

Self-Made Millionaire International Business Coach.

വേറിട്ടൊരു ചിന്താഗതിയെ പ്രൊഫഷനാക്കി മാറ്റിയത് എങ്ങനെയായിരുന്നു?
എന്തുകൊണ്ട് സ്വയം ചെയ്തുകൂടാ..’ എന്ന ചിന്തയില്‍ നിന്നാണ് ഇന്നത്തെ എന്റെ പ്രൊഫഷനിലേക്ക് എന്നെ എത്തിച്ചത്. കലാലയവിദ്യാഭ്യാസകാലത്ത് അതായത് ഡിഗ്രി ( Bsc Maths) പഠിക്കുന്ന സമയത്ത് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാവായിട്ട് പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയം തലക്കുപിടിച്ച കാലഘട്ടമായിരുന്നുവത്. അതുകൊണ്ടുതന്നെ എം ബി എ ചെയ്തത് ബാംഗ്ളൂരിലാണ്. അതിന് ശേഷം ഞാന്‍ ഒന്നുരണ്ട് കമ്പനികളില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി നോക്കിയിരുന്നു. ആ അനുഭവത്തില്‍ നിന്ന് എന്തുകൊണ്ട് ബിസിനസ്സ് സ്വയം ചെയ്തുകൂടാ എന്ന തോന്നല്‍ എനിക്കുണ്ടാവുകയും ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ ബിസിനസ്സിന്റെ സാമാന്യതത്വങ്ങള്‍ ഒന്നും അറിയാതെ ഞാന്‍ തുടങ്ങിയ എട്ട് ബിസിനസുകള്‍ എട്ടു നിലയില്‍ പൊട്ടി. ഓരോ സംരഭങ്ങള്‍ തകരുമ്പോഴും അതിന് ഓരോരോ കാരണങ്ങള്‍ സ്വയം കണ്ടെത്തുകയായിരുന്നു. ഒരു കോടി ഇരുപത് ലക്ഷം രൂപ കടം സമ്പാദിച്ചതല്ലാതെ ഈ സംരഭങ്ങളില്‍ നിന്നും നേട്ടമൊന്നും ഉണ്ടായിട്ടില്ല. ഈ നഷ്ടങ്ങള്‍ എന്നെ ചിന്തിപ്പിച്ചു. എവിടെയാണ് എനിക്കാ പാളിച്ച സംഭവിച്ചതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമമായിരുന്നുവത്. ഈ പരാജയങ്ങളിലെ എന്റെ ശരികളും തെറ്റുകളും ഞാന്‍ ബാലന്‍സ്ഷീറ്റ് പോലെ ഉണ്ടാക്കി. അപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ സംരംഭങ്ങളിലെല്ലാം സെയിൽസ് വിഭാഗം ശക്തമാണ്. ഇതാണ് എന്റെ സ്ട്രങ്ത് എന്ന് ഞാന്‍ മനസ്സിലാക്കുകയും സെയില്‍സ് മാത്രം നടത്തുക എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. ഏതെങ്കിലും കമ്പനിയുടെ ഫ്രാഞ്ചെസി എടുത്താലോ എന്നായി പിന്നത്തെ ആലോചന. അതിനും പരിമിതികളുണ്ടെന്ന് മനസ്സിലായപ്പോള്‍ എന്റെ ശക്തിയായ സെയില്‍സ് എന്ന വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അത് സംരംഭകരെ പഠിപ്പിക്കാനും തീരുമാനിച്ചു. ഇതിന് എനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായത് പഠനകാലത്തുതന്നെ സഹപാഠികളുള്‍പ്പെടെ നിരവധിപേര്‍ സെയില്‍സ് എനിക്ക് നന്നായി വഴങ്ങുമെന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ സെയില്‍സ് പഠിപ്പിക്കാനായി എന്റെ സഹപാഠികളായിരുന്ന അഞ്ചുപേരെ ചേര്‍ത്ത് ‘ ദ സെയില്‍സ് മാന്‍” എന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. നമുക്കറിയാവുന്ന സെയില്‍സ് ടിപ്പുകള്‍ സൗജന്യമായി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. ബിസ്സിനസ്സ് ആകെ പൊട്ടി നില്‍ക്കുന്ന സമയമായിരുന്നു അത്. ഒരാഴ്ചയോളം കഴിഞ്ഞിട്ടും ഈ അഞ്ച് സുഹൃത്തുക്കളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണങ്ങളുമുണ്ടായില്ല. ഈ ആശയത്തെ മറ്റൊരു മണ്ടത്തരം എന്ന് അവര്‍ കരുതിക്കാണണം. ഒരു സെയില്‍സ് ടിപ്പ് ഞാന്‍ ഈ ഗ്രൂപ്പില്‍ ഇട്ടിട്ട് എനിക്കറിയാവുന്ന സുഹൃത്തുക്കള്‍ക്കും സംരംഭകര്‍ക്കും അതിന്റെ ലിങ്ക് ഷെയര്‍ ചെയ്തിട്ട് ഇത്തരം ടിപ്പുകള്‍ക്ക് ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. അത്ഭുതമെന്നു പറയട്ടെ ഒറ്റ ദിവസം കൊണ്ടുതന്നെ ഗ്രൂപ്പ് ഫില്‍ ആകുകയും എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്കും വൈകിട്ട് ആറ് മണിക്കും രണ്ട് ടിപ്പുകള്‍ വീതം വോയിസ് റെക്കോര്‍ഡ് ചെയ്ത് ഞാന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഈ ടിപ്പുകള്‍ ഷെയര്‍ ചെയ്ത് നിരവധിപേരിലെത്തുകയും ഒരു ഗ്രൂപ്പ് എന്നത് ആറ് മാസംകൊണ്ട് 758 ഗ്രൂപ്പുകളായി. ഈ 758 ഗ്രൂപ്പുകളിലും എല്ലാ ദിവസവും സെയില്‍സ് ടിപ്പുകള്‍ ഷെയര്‍ ചെയ്തുകൊണ്ടിരുന്നു. ആസമയത്താണ് ഇന്റീരിയര്‍ ഫര്‍ണിഷിങ് ഗ്രൂപ്പായ അറ്റ്ലസ് കിച്ചന്‍ കമ്പനിയുടെ എം ഡി ഷാജഹാന്‍ കല്ലൂപ്പറമ്പില്‍ എന്നെ വിളിച്ച് ഡിസംബര്‍ 4 ന് അവരുടെ ആനുവല്‍ മീറ്റ് സംഘടിപ്പിക്കുന്നുണ്ട് ആ പരിപാടിയില്‍ തന്റെ 20 പേരടങ്ങുന്ന ടീമിന് ക്ളാസ്സെടുക്കണമെന്ന് പറയുകയും എനിക്ക് ഇരുപതിനായിരം രൂപ തരികയും ചെയ്തു. ആ സമയത്ത് ഒരു ലാപ്ടോപ്പ് പോലും എനിക്കുണ്ടായിരുന്നില്ല. മൈന്‍ഡ് റീഡിങ് ക്ലാസ്സെടുക്കുന്ന ഒരു ആളെക്കൂടെ കൂടെക്കൂട്ടി. ക്ലാസ്സൊക്കെ അതിഗംഭീരമായി നടന്നു. തിരികെ റെയിവേ സ്റ്റേഷനില്‍ ഞങ്ങളെ ഡ്രോപ്പ് ചെയ്യാന്‍ വരുമ്പോള്‍ ഷാജഹാന്‍ സാര്‍ എന്നോട് പറഞ്ഞു ഇനി എവിടെയെങ്കിലും ക്ലാസ്സെടുക്കാനായി പോകുമ്പോള്‍ സാര്‍ ഒറ്റയ്ക്ക് പോയാല്‍ മതി. സാറിന്റെ ട്രെയിനിങ്ങാണ് ഞങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടതെന്ന്. എന്നിട്ട് എനിക്ക് ഇരുപതിനായിരം രൂപയും തന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട സെയില്‍സ് പഠിപ്പിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് നാല്‍പ്പതിനായിരം രൂപ പ്രതിഫലം ലഭിക്കുകയെന്നത് എന്നെ വളരെയധികം സ്വാധീനിച്ചു. ഇതാണ് എന്റെ പ്രവര്‍ത്തനമേഖല എന്ന തിരിച്ചറിവാണ് വേറിട്ടൊരു പ്രൊഫഷനിലേക്ക് എന്നെ എത്തിച്ചത്.

Anil Balachandran Unique Times
Anil Balachandran

എന്താണ് ബിസിനസ്സ് കോച്ചിങ് ? വിശദമാക്കാമോ ?
ഏതൊരു കമ്പനിയുടേതായാലും ഒരു സ്റ്റാഫുപോലും സെയില്‍സിനെക്കുറിച്ച് ട്രെയിനിങ് നേടാന്‍ ശ്രമിക്കാറില്ല. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഇതിന് തയ്യാറാകുന്നുള്ളു. സംരംഭകര്‍ക്ക് ട്രെയിനിങ് കൊടുക്കുന്നതിനോടൊപ്പം സെയില്‍സ് സ്റ്റാഫുകള്‍ക്കും ട്രെയിനിങ് കൊടുക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ബിസ്സിനസ്സ് ഉടമസ്ഥര്‍ക്ക് 2018 – 2019 കാലയളവില്‍ ഇന്ത്യയിലും യു എ ഇ യുടെ വിവിധഭാഗങ്ങളിലും 113 പബ്ലിക് പ്രോഗ്രാംസ് സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ യു ട്യൂബ് ചാനലുകള്‍ ആരംഭിക്കുകയും അതിലൂടെ ട്രെയിനിങ് വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും അതിലൂടെ ട്രെയിനിങ് പ്രോഗ്രാമുകള്‍ കിട്ടുകയും ചെയ്തിരുന്നു. ഒരു ട്രെയിനര്‍ എത്രയൊക്കെ ട്രെയിനിങ്ങുകള്‍ സ്റ്റാഫുകള്‍ക്ക് കൊടുത്താലും പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം കാണാന്‍ സാധിക്കില്ല എന്ന തിരിച്ചറിവുണ്ടായത്. കാരണം പ്രശ്നം ഒരു ഗ്രൂപ്പിനല്ല ഓരോ വ്യക്തികള്‍ക്കുമാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ ബിസിനസ്സിന്റെ ഉടമസ്ഥന് ട്രെയിനിങ് കൊടുക്കണം. അദ്ദേഹത്തിനാണ് ഓരോ സ്റ്റാഫുകളുടെയും പ്രശ്നം അറിയുന്നത്. അവിടെ നിന്നാണ് സംരംഭകന്‍ സ്റ്റാഫിന് ട്രെയിനിങ് കൊടുക്കാന്‍ സജ്ജനായിരിക്കണമെന്ന തിരിച്ചറിവുണ്ടാകുന്നതും സ്റ്റാഫ് ട്രെയിനിങ് അവസാനിപ്പിച്ച് ബിസിനസ്സിന്റെ ഓണര്‍ക്ക് ട്രെയിനറാകാന്‍ ട്രെയിനിങ് കൊടുക്കുന്നതും. എല്ലാ കാര്യങ്ങളും ഓണര്‍മാരെ പഠിപ്പിക്കുകയും അവര്‍ക്ക് കമ്പനിയില്‍ ചെന്ന് അവിടുത്തെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കി സ്റ്റാഫുകള്‍ക്ക് വേണ്ട പരിശീലനം നല്കാന്‍ പ്രാപ്തരാക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ചെയ്യുന്നത്. ഉദാഹരണത്തിന് ആവശ്യക്കാരന് മീന്‍ പിടിച്ചുനല്‍കുന്നതിനേക്കാള്‍ സ്വന്തമായി മീന്‍ പിടിക്കാന്‍ അവനെ പഠിപ്പിക്കുന്നതാണ് ഭാവിയില്‍ അവന് പ്രയോജനപ്രദമാകുക. അങ്ങനെ പരിശീലനപരിപാടി സെയില്‍സ്മാന്‍ എന്നതില്‍ നിന്ന് ബിസിനസ്സ് ഓണറിലേക്ക് മാറി. ആ ചുവടുമാറ്റത്തിലാണ് ദ സെയില്‍സ്മാന്‍ എന്ന കമ്പനി ദ കിംഗ് മേക്കര്‍ എന്ന കമ്പനിയായി മാറിയത്. കസ്റ്റമര്‍ക്ക് എന്താണോ ആവശ്യം അതനുസരിച്ച് നമ്മള്‍ മാറുക എന്നതാണ്. ദ സെയില്‍സ്മാന്‍ എന്നതാണ് എന്റെ ഐഡന്റിറ്റി . എന്നിരുന്നാലും നമ്മുടെ കസ്റ്റമേഴ്സ് എന്താണോ അതനുസരിച്ച് ബിസിനസ്സുകാരന്‍ കിംഗ് ആക്കി മാറ്റുന്നതാണ് ദ കിംഗ് മേക്കര്‍.

Anil Balachandran Unique Times
Anil Balachandran

സ്വദേശത്തും വിദേശത്തുമായി നിരവധി പരിശീലനപരിപാടികള്‍ നടത്തിയിട്ടുണ്ടല്ലോ. ഇതില്‍ താങ്കള്‍ക്ക് മറക്കാനാകാത്ത എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ?
തീര്‍ച്ചയായും. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ നടത്തിയ ഒരു പരിശീനപരിപാടിയാണ് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവം. നമ്മുടെയൊക്കെ പൊതുവേയുള്ള ധാരണ ഇവര്‍ക്ക് വിദ്യാഭ്യാസം കുറവാണ് എന്നുള്ളതാണ്. ക്ളൗഡ്സ് നയന്‍ എന്ന മീഡിയ ചാനലിന്റെ പ്രവര്‍ത്തകര്‍ക്ക് കൊടുത്ത ട്രെയിനിങ്ങില്‍, അവര്‍ക്ക് അതുവരെ കിട്ടാത്ത അറിവ് നമ്മള്‍ പകര്‍ന്നുകൊടുക്കുമ്പോള്‍ നമ്മളെ ദൈവതുല്യമായാണ് അവര്‍ പരിഗണിക്കുന്നത്. നമുക്ക് മറ്റുള്ളവരോട് മൂന്ന് രീതിയില്‍ ആശയവിനിമയം നടത്താം, നാവ് കൊണ്ട്, ബ്രെയിന്‍ കൊണ്ട്, ഹൃദയം കൊണ്ട്. നാവ് കൊണ്ടുള്ള ആശയവിനിമയത്തില്‍ കേള്‍ക്കുന്നവന്റെ കാതുകളിലാണ് ആ സംസാരം എത്തുക. ബ്രെയിന്‍ കൊണ്ട് സംസാരിക്കുമ്പോള്‍ അത് കേള്‍വിക്കാരന്റെ ബ്രെയിനിലും എത്തുന്നു. എന്നാല്‍ ഹൃദയം കൊണ്ട് സംസാരിക്കുമ്പോള്‍ ആ സംസാരം കേള്‍ക്കുന്നവന്റെ ഹൃദയത്തിലാണ് തറയ്ക്കുക. ഞങ്ങള്‍ മൂന്നാമത്തെ രീതിയാണ് എല്ലാ പരിശീലനപരിപാടികളിലും സ്വീകരിക്കുന്നത്. അതിനുവേണ്ടി ഒരു പുതിയ രീതിതന്നെ പ്രാവര്‍ത്തികമാക്കി H To H സെയില്‍സ് ( ഹാര്‍ട്ട് റ്റു ഹാര്‍ട്ട് സെയില്‍സ് ) മറ്റൊരു ട്രൈനിങ്ങിലും ലഭിക്കാത്ത വൈബും ആദരവും സ്നേഹവും ഇന്നും ടാന്‍സാനിയയിലെ സ്റ്റുഡന്റസ് ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇന്നും അവര്‍ക്കുണ്ടാകുന്ന ഓരോ വളര്‍ച്ചയും ഞങ്ങളെ അറിയിക്കുന്നുണ്ട്. പരിശീലനം കഴിഞ്ഞ് നമ്മുടെ ആചാരംപോലെ കാല്‍തൊട്ട് വന്ദിക്കുന്നതും ആദരവോടെ അവരുടെ വീടുകളില്‍ കൊണ്ടുപോയി സല്‍ക്കരിക്കുന്നതും ഓരോ നേട്ടങ്ങളും നമ്മളെ അറിയിച്ചുകൊണ്ടിരിക്കുമ്പോഴും അവര്‍ എത്ര സ്നേഹവും നന്ദിയുമുള്ളവരുമാണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ”മാതാ പിതാ ഗുരു ദൈവം” എന്നത് നമ്മുടെ നാട്ടില്‍ ആചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിലകല്‍പ്പിക്കുന്നത് ടാന്‍സാനിയന്‍ ജനതയാണ് . ഇതെന്റെ അനുഭവമാണ്. ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത മാധൂര്യമേറിയ അനുഭവം.
പുതുതലമുറയിലെ സംരംഭകരേയും പഴയ തലമുറയിലെ സംരംഭകരെയും തമ്മില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ ?
ഒരു തീരുമാനം കൈക്കൊള്ളുവാനും അത് നടപ്പിലാക്കാനും വളരെ വേഗത്തില്‍ പ്രവൃത്തികമാക്കുന്ന രീതിയാണ് പുതിയ തലമുറയില്‍ കണ്ടുവരുന്നത്. നേരെ മറിച്ചാണ് പഴയതലമുറ. തീരുമാനം കൈക്കൊള്ളുവാന്‍ സമയമെടുക്കുന്നതോടൊപ്പം അവ നടപ്പിലാക്കാന്‍ അതിലേറെ താമസമുണ്ടാകും. പഴയ തലമുറയില്‍ ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചാണ് ബിസിനസ്സ് മുന്നോട്ട് പോയിരുന്നതെങ്കില്‍ ഇന്ന് ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിച്ച് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയെന്നതാണ്. കൂടാതെ ഒരു ബിസിനസ്സിന് ഒരു ടീമിനെയുണ്ടാക്കി വിവിധ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതും യുവതലമുറയിലെ ബിസിനസ്സുകാര്‍ ചെയ്തുവരുന്നു. 40 വയസ്സിന് മേലെ പ്രായമുള്ള സംരംഭകനും 40 വയസ്സിന് താഴെ പ്രായമുള്ള സംരംഭകനും തമ്മില്‍ സാരമായ വ്യത്യാസങ്ങളുണ്ട്. ശൈലി, ചിന്താഗതി, കാര്യങ്ങള്‍ പഠിക്കുന്നതിലും മനസ്സിലാക്കുന്നതിലും പ്രവര്‍ത്തികളിലും വ്യത്യാസമായുള്ളതുകൊണ്ടുതന്നെ റിസള്‍ട്ടുകളും വ്യത്യാസപ്പെട്ടിരിക്കും. അതുപോലെതന്നെ ടെക്നോളജിയുടെ കടന്നുവരവ് പുതിയ തലമുറയുടെ ബിസിനസ്സിനോടുള്ള കാഴ്ച്ചപ്പാടുതന്നെ മാറ്റിമറിച്ചു. ഈ വ്യത്യാസം മനസ്സിലാക്കണമെങ്കില്‍ കുടുംബ ബിസ്സിനസ്സുകള്‍ ശ്രദ്ധിച്ചാല്‍ മതി. കാലം മാറിയിട്ടും ടെക്നോളജികള്‍ മാറിയിട്ടും ചില ബിസിനസ്സുകള്‍ ആര്‍ക്കും ആവശ്യമില്ലെങ്കില്‍ക്കൂടി പഴയ തലമുറ അത് മനസ്സിലാകാതെ തുടര്‍ന്ന് പോകുന്ന പ്രവണതയുണ്ട്. അതാണ് ഇപ്പോഴും സി ഡി കടകളും ടേപ്പ് റെക്കോര്‍ഡര്‍ കടകളും മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നത്. ടെക്നോളജിക്കൊപ്പം സഞ്ചാരിക്കുന്ന യുവാക്കളെ അംഗീകരിക്കാത്ത പഴയതലമുറ ഒരു വലിയ പ്രശ്നമാണ്. പുതിയതലമുറയുടെ സ്പീഡിനൊപ്പം നില്‍ക്കാന്‍ പഴയതലമുറയ്ക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയെന്നതാണ് പുതുതലമുറ ആഗ്രഹിക്കുന്ന കാര്യം. ടെക്നോളജിയുടെ വികസനംമൂലം ആവശ്യങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമായതോടെ പുതുതലമുറയുടെ സ്വപ്നങ്ങളും വലുതായി. പഴയതലമുറയുടെ ഇടുങ്ങിയചിന്താഗതിയില്‍ നിന്നും പുതിയതലമുറയുടെ വിശാലമായ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള പ്രയാണവുമാണ് രണ്ട് തലമുറകള്‍ തമ്മിലുള്ള വ്യത്യാസം .

Anil Balachandran Unique Times
Anil Balachandran

ഒരു സംരംഭകന് വളരെപ്പെട്ടന്ന് ഒരു ടിപ്പ് നല്‍കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും താങ്കള്‍ നല്‍കുന്ന ടിപ്പ് ?
വളരെപ്പെട്ടന്ന് കൊടുക്കാന്‍ സാധിക്കുന്ന ഒരു ടിപ്പ് എന്ന ചോദ്യത്തിന് മനസ്സിലേക്ക് വന്നത് എന്തെന്നാല്‍ ഏതൊരു സംരഭകന്റെയും ബിസിനസ്സിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്തംഭനാവസ്ഥയുണ്ടാകുന്നുവോ അവരുടെ വളര്‍ച്ചയുടെ തോതും ചുരുങ്ങിയതായിരിക്കും. ഇത്തരം സംഭകരെ ഇന്‍ ദി ബിസ്സിനസ്സില്‍ നിന്നും ഓണ്‍ ദി ബിസ്സിനസ്സിലേക്ക് മാറ്റുന്നതിലേക്ക് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നതാണ് പ്രധാനം. അതിന് താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി മറ്റൊരാളെക്കൊണ്ട് ചെയ്യിക്കണം. അതിനെയാണ് ഡെലിഗേഷന്‍ എന്ന് പറയുന്നത്. ഡെലിഗേഷനാണ് ഓപ്പറേഷനില്‍ നിന്നും പുറത്തുവരാന്‍ പഠിപ്പിക്കുന്നത്. ഇതിന് മൂന്ന് സ്റ്റെപ്പുകളാണുള്ളത്. ഒന്ന് ഐ ഡു (ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റൊരാള്‍ക്ക് കാണിച്ചുകൊടുക്കുന്നത് ) രണ്ട് വി ഡു ( നമ്മള്‍ രണ്ടുപേരും കൂടി ചേര്‍ന്ന് ചെയ്യേണ്ടത്) മൂന്നാമത് യു ഡു (അതായത് സംരംഭകന്‍ കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ കാര്യങ്ങളും മറ്റൊരാള്‍ തനിയെ ചെയ്യുന്നത്) തൊഴിലാളികളെ നിയമിക്കുമ്പോള്‍ നമ്മുടെ സംരഭത്തിന് സുഗമമായ നടത്തിപ്പിനാവശ്യമായ കഴിവുള്ളവരെ മാത്രം നിയമിക്കുക. നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ആവശ്യമായ വേതനം കൊടുത്താല്‍ തീര്‍ച്ചയായും നമുക്കാവശ്യമായ രീതിയില്‍ വരുമാനമുണ്ടാക്കാന്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുകയും കളവ് കാണിക്കുകയോ ചതിക്കാതിരിക്കുകയോ ചെയ്യുമെന്നുള്ളതില്‍ സംശയമില്ല. ഇതിന് ഉദാഹരണമായി ഒരു ചൊല്ലുണ്ട് . ‘എ സി ക്ലാസ് എംപ്ലോയി ക്യാന്‍ നെവര്‍ ക്രിയേറ്റ് ആന്‍ എ ക്ലാസ് കമ്പനി’ അതായത് തൊഴില്‍ നൈപുണ്യം ഇല്ലാത്ത ഒരു തൊഴിലാളി ഒരിക്കലും ഒരു മികച്ച കമ്പനിക്ക് മുതല്‍ക്കൂട്ടാവില്ല. തൊഴില്‍ നൈപുണ്യം ഉള്ളവരെ മാത്രം തൊഴിലാളിയായി നിയമിക്കുക എന്നതാണ് എനിക്ക് കൊടുക്കാന്‍ സാധിക്കുന്ന ഒരു മികച്ച ടിപ്പ്.
ഇപ്പോഴുള്ള സംരംഭക മേഖലയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതെന്താണ് ?
സംരംഭക മേഖലയില്‍ രണ്ടുതരം സംരംഭകരെ നമുക്ക് കാണാന്‍ സാധിക്കും. ഒന്ന് ലാഭത്തിന് വേണ്ടി മാത്രം ബിസിനസ്സ് ചെയ്യുന്നവര്‍. രണ്ടാമത്തെ വിഭാഗം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സേവനങ്ങള്‍ നല്‍കുന്നതോടോപ്പം അവരുടെ പരാതികള്‍ പരിഹരിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ച് ബിസിനസ്സ് ചെയ്യുന്നവര്‍. ആദ്യത്തെ വിഭാഗത്തിന് ലാഭമാണ് പ്രാധാന്യമെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിന് ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രധാനലക്ഷ്യം . ഇതിലൂടെ ലാഭം നേടുക എന്നുള്ളതാണ്. ആരൊക്കെ ഉപഭോക്താക്കളുടെ പ്രശ്ന ങ്ങള്‍ പരിഹരിച്ച് ബിസിനസ്സ് നടത്തിയിട്ടുണ്ടോ അവരൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. നല്ല സേവനം നല്‍കുന്ന സംരംഭകരെ ഉപഭോക്താക്കള്‍ എന്നും ചേര്‍ത്തുനിര്‍ത്തിയിട്ടില്ല എന്ന ചരിത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. എക്കാലവും എല്ലാവരേയും പറ്റിക്കാന്‍ പറ്റില്ല .അതുകൊണ്ട് ലാഭം കൊയ്യുക എന്നതിലുപരി കസ്റ്റമറുടെ സംതൃപ്തിയ്ക്ക് പ്രാധാന്യം നല്‍കി ബിസിനസ് ചെയ്യുക എന്നുള്ളതാണ് സംരംഭക മേഖലയില്‍ നടപ്പിലാക്കണമെന്ന് ഞാന്‍ കരുതുന്ന മാറ്റം.
ഇതുവരെയുള്ള ജീവിതത്തില്‍ ആരോടെങ്കിലും കടപ്പാടുണ്ടോ ?
ഒട്ടനവധിപേരോട് കടപ്പാടുണ്ട്. ഞാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ്. എട്ട് വയസ്സുമുതല്‍ വേദിയില്‍ നിന്ന് മൈക്ക് പിടിച്ച് മുന്നിലിരിക്കുന്നവരുടെ മിഴികളില്‍ നോക്കി സംസാരിക്കാന്‍ പഠിപ്പിച്ച പ്രസ്ഥാനത്തോട് തന്നെയാണ്. പിന്നെ ഏത് വിഷയമാണെങ്കിലും അതേക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ എന്റെ ഗുരുക്കന്മാരോട്. ആദ്യമായി ജോലി ലഭിച്ച ഐ റ്റി കമ്പനിയില്‍ ആറുപേരടങ്ങുന്ന ഒരു സെയില്‍സ് എക്സിക്യൂട്ടീവ് ടീമില്‍ ഒരംഗമായിരുന്ന എന്നെ വെറും പത്താമത്തെ ദിവസം ഈ ആറുപേരടങ്ങുന്ന ടീമിന്റെ സെയില്‍സ് മാനേജരാക്കി അപ്ഗ്രേഡ് ചെയ്തു. ആ കമ്പനി ഉടമ മുതല്‍ എനിക്ക് ആദ്യ ട്രെയിനിംഗ് ക്ലാസ് തന്ന അദ്ദേഹത്തോടും കൂടെ നിന്ന ഓരോരുത്തരോടും എനിക്ക് കടപ്പാടുണ്ട്. പേരെടുത്ത് പറഞ്ഞാല്‍ ആ പേരുകള്‍ എഴുതാന്‍ മാത്രം പേജുകള്‍ തികയാതെവരും എന്നത് അതിശയോക്തിയല്ല. എന്റെ ഇതുവരെയുള്ള യാത്രയില്‍ എന്നെ സഹായിച്ച എല്ലാപേരോടുമുള്ള നന്ദിയും സ്നേഹവും ഇപ്പോഴും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.ഞാന്‍ കടന്നുവന്ന വഴിയില്‍ എന്നെ സഹായിച്ചിട്ടുള്ള താങ്ങിനിര്‍ത്തിയിട്ടുള്ള ഓരോരുത്തരേയും ഓര്‍ക്കാത്ത ഒരു ട്രെയിനിങ് പ്രോഗ്രാം പോലും ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഓരോ വേദിയിലേക്ക് കയറുമ്പോഴും അവരോടുള്ള നന്ദിയും കടപാടും മനസ്സില്‍ രേഖപ്പെടുത്താറുണ്ട്. അന്നത്തെ അവരുടെ സഹായംകൊണ്ട് മാത്രമാണ് എനിക്ക് ഇന്നത്തെ നേട്ടങ്ങള്‍ എല്ലാം ഉണ്ടായിട്ടുണ്ട്. ഇന്നും അവരിലാര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമെന്നുപറഞ്ഞാല്‍ സമയമോ കാലമോ നോക്കാതെ അവിടേക്കെത്താറുണ്ട് ഞാന്‍ . ഇങ്ങനെയൊക്കയേ ഈ കുഞ്ഞു ജീവിതത്തില്‍ അവരോടുള്ള കടപ്പാട് നിറവേറ്റാന്‍ സാധിക്കുള്ളു.
കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസകാലഘട്ടത്തെക്കുറിച്ചും വിശദമാക്കാമോ?
ഒരു സാധാരണകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ അമ്മ ഞങ്ങള്‍ രണ്ട് മക്കള്‍ഇതാണ് എന്റെ കുടുംബം. അച്ഛന്‍ PWD യില്‍ റോളര്‍ ഡ്രൈവറായിരുന്നു. അമ്മ വീട്ടമ്മ, ചേട്ടന്‍ പട്ടാളത്തിലായിരുന്നു. അതിന് ശേഷം വിദേശത്ത് സംരംഭകനാണ്. ഭാര്യ മായ രണ്ട മക്കള്‍ അഭിനവ്, അതിരഥ്. ഞങ്ങള്‍ കുടുംബമായി ദുബായിലാണ് താമസിക്കുന്നത് . സാമ്പത്തികം പ്രശ്നമാക്കാതെ നല്ല വിദ്യാഭ്യാസം ഞങ്ങള്‍ക്ക് നല്കാന്‍ അച്ഛന്‍ ശ്രദ്ധാലുവായിരുന്നു. അദ്ധ്യയനത്തിനപ്പുറം ഒരു ജീവിതമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് അച്ഛനാണ്. പുസ്തകത്തില്‍ നിന്നും പഠിക്കുന്നതില്‍ കൂടുതല്‍ സമൂഹത്തില്‍ നിന്നും പഠിക്കാനുണ്ട് എന്നാണ് അച്ഛന്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. ഈ വീക്ഷണമാണ് രാഷ്ട്രീയപ്രസ്ഥാനത്തോട് എന്നെ കൂടുതല്‍ അടുപ്പിക്കാന്‍ കാരണം. അങ്ങനെയാണ് സമൂഹത്തിലിറങ്ങുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അവയ്ക്ക് പരിഹാരംകാണാന്‍ സാധിച്ചത്. 2011 – 2016 ഈ കാലഘട്ടത്തിലാണ് ഞാന്‍ എന്റെ എട്ട് സംരഭങ്ങള്‍ പൊട്ടിത്തകരുന്നത്. 2011 ലായിരുന്നു എന്റെ വിവാഹം. വിവാഹശേഷം എന്റെ എല്ലാ കഷ്ടതയിലും എന്നോടൊപ്പം നിന്നിട്ടുണ്ട് എന്റെ ഭാര്യ. ആ കാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടി സാമ്പത്തികപ്രശ്നങ്ങളുടെ അനുഭവിക്കാവുന്നതിന്റെ എല്ലാ ദുരിതങ്ങളും എന്റെ ഭാര്യ അനുഭവിച്ചിട്ടുണ്ട്. ഈ സമയത്തൊക്കെ എന്റെ പ്രവര്‍ത്തികളില്‍ എവിടെയോ ശരിയുണ്ട് എന്ന് എന്നെപ്പോലെതന്നെ എന്റെ ഭാര്യയും വിശ്വസിച്ചിരുന്നു. ആ പിന്തുണയാണ് ഇന്ന് എനിക്ക് എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ സാധിച്ചത്.

Anil Balachandran Unique Times
Anil Balachandran

ഒരു യഥാര്‍ഥ സംരംഭകന്‍ എങ്ങനെയായിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത് ?
ഒരു യഥാര്‍ഥ സംരംഭകന്‍ ആരാണ്? ഇപ്പോഴും ഉല്‍പ്പന്നങ്ങള്‍ വില കൂട്ടി വില്‍ക്കുക എന്നുള്ളതില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണം കൂടുതല്‍ വില വാങ്ങിക്കുന്ന ഉല്‍പ്പന്നത്തിന് കൂടുതല്‍ മൂല്യം നല്കാന്‍ സാധിക്കും.കൂടാതെ നമുക്ക് ബിസ്സിനസ്സ് ചെയ്യാനുള്ള ധനം ലാഭമായി കയ്യിലുണ്ടാകും. അതിനാല്‍ ഇപ്പോഴും ഒരു സംരംഭകന്‍ ശ്രദ്ധിക്കേണ്ടത് തന്റെ ലാഭത്തിനൊപ്പം ഉപഭോക്താവിന്റെ ആവശ്യങ്ങളും പരിഹരിക്കുകയെന്നതിലാണ്. വില കുറച്ചു വില്‍ക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. വില കുറയുന്നതിനനുസരിച്ച് സാധനങ്ങളുടെ ഗുണനിലവാരം കുറയും. വില കൂടിയാല്‍ മാത്രമേ ഗുണനിലവാരം കൂടുകയുള്ളു. നിങ്ങള്‍ക്ക് ചുറ്റുമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, കുറഞ്ഞ വിലയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നവരും മീഡിയം വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നവരും വില കൂടിയ ഗുണനിലവാരം കൂടിയ വസ്തുക്കള്‍ വാങ്ങുന്നവരും ഉണ്ടാകും. വില കൂടിയ ഗുണനിലവാരമുള്ള സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ലാഭത്തോടൊപ്പം സംതൃപ്തരായ ഉപഭോകതാക്കളെയും ലഭിക്കും. തന്റെ നിലനില്‍പ്പിനൊപ്പം കസ്റ്റമറുടെ സംതൃപ്തിക്കും മുന്‍ഗണനയും പരിഗണയും നല്‍കി ബിസിനസ്സ് ചെയ്യുന്നവനാണ് ഒരു യഥാര്‍ഥ സംരംഭകന്‍. എന്നാണ് എന്റെ വിലയിരുത്തല്‍.
താങ്കളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ?
ജീവിതത്തില്‍ നിരവധിപേര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും എന്നെ സ്വാധീനിച്ചിട്ടുള്ളത് എന്നിലെ ഞാന്‍ തന്നെയാണ്. സ്വയം നിരീക്ഷിച്ച് എന്നിലെ ശക്തിയും ബലഹീനതയും മനസ്സിലാക്കി തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോയതിനാലാണ് ഇന്നത്തെ എന്നിലേക്ക് ഞാന്‍ എത്തിയത്. ഒരു വ്യക്തിയെ നാല് തരങ്ങളില്‍ ഉള്‍പ്പെടുത്താം. ഒന്ന് ഐഡിയ ഓറിയേന്റഡ് പേഴ്സണ്‍ , പുതിയ പുതിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവര്‍ , രണ്ടാമത്തേത് ആക്ഷന്‍ ഓറിയേന്റഡ് പേഴ്സണ്‍ . ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നുവോ അത് ഉടനടി നടപ്പിലാക്കുന്നവര്‍. മൂന്നാമത്തേത് പ്രോസസ്സ് ഓറിയേന്റഡ് പേഴ്സണ്‍ . എന്ത് ചെയ്താലും അടുക്കലും ചിട്ടയുമോടെ ചെയ്യുന്നവര്‍. നാലാമത്തേത് പീപ്പിള്‍ ഓറിയന്റഡ് പേഴ്സണ്‍, ഇവര്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാന്‍ ഇവര്‍ മിടുക്കരാണ്. ഈ നാല് വിഭാഗത്തില്‍ എന്റെ ശക്തി ഐഡിയയും ആക്ഷനുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ശക്തിയും ബലഹീനതകളും മനസ്സിലാക്കി എന്റെ ടീമിലുള്ളവരില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി. അതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇതുവരെ എത്തിയിട്ടുള്ളത് . എന്റെ കാഴ്ചപ്പാടില്‍ നമ്മളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വ്യക്തി നമ്മള്‍ തന്നെയായിരിക്കണം. നമുക്ക് പ്രചോദനമാകാന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചേക്കാം. നമ്മുടെ ഏറ്റവും വലിയ പ്രചോദനം നാം തന്നെയായിരിക്കണം അത് മറ്റൊരു വ്യക്തിയാകരുത്.

Anil Balachandran Unique Times
Anil Balachandran
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.