അശ്വാരൂഢനായ ദേവകുമാരന്‍ ദേവക് ബിനു

കുതിരപ്പുറത്തേറി വിജയശ്രീലാളിതനായി വരുന്ന രാജകുമാരന്മാരുടെ കഥകള്‍ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കുട്ടിയും അവന്റെ കുതിരയുമാണ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ദേവക് ബിനു എന്ന കൊച്ചു മിടുക്കനും അവന്റെ കളിക്കൂട്ടുകാരി ഝാന്‍സി റാണി എന്ന കുതിരയുമാണ് ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നത്. ബിനു പറക്കാട്ട്-ശ്രുതി ദമ്പതികളുടെ മൂത്തമകന്‍ ദേവക് ബിനുവാണ് ഈ അത്ഭുതബാലന്‍. ഈ പ്രായത്തിലുള്ള കുട്ടികള്‍ മാതാപിതാക്കളുടെ കൈപിടിച്ച് സ്‌കൂളിലേയ്ക് യാത്രയാകുമ്പോള്‍, സ്‌കൂള്‍ യൂണിഫോം അണിഞ്ഞ് ബാഗും തോളിലിട്ട് തിരക്കേറിയ വീഥിയിലൂടെ റാണിയെന്ന കുതിരയുടെ പുറത്തേറി സ്‌കൂളിേലക്കുള്ള ദേവകിന്റെ യാത്ര കാണികളില്‍ അമ്പരപ്പുളവാക്കുന്നതാണ്. വ്യത്യസ്തമായ ഈ യാത്രയാണ് ദേവക്കിനെ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ‘വണ്ടര്‍ കിഡ്സ്’ അവാര്‍ഡ് ജേതാവാക്കിയത്. ആറടിയോളം ഉയരമുണ്ട് ഝാന്‍സി റാണി എന്ന കുതിരയ്ക്.

അന്തര്‍ലീനമായ കഴിവിനെക്കുറിച്ചുള്ള തിരിച്ചറിവ്
കോവിഡ് കാലത്ത് ബിനുവിന്റെ കുടുംബം മൂന്നാറിലെ പറക്കാട്ട് റിസോര്‍ട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുമ്പോഴാണ് ദേവക് ആദ്യമായി കുതിരപ്പുറത്തേറുന്നത്. അന്ന് ദേവകിന്റെ പ്രായം നാലര വയസ്സ്. പറക്കാട്ട് റിസോര്‍ട്ടില്‍, സന്ദര്‍ശകര്‍ക്ക് കുതിര സവാരി ആസ്വദിക്കാന്‍ ‘കര്‍ണ്ണന്‍’ എന്ന വെള്ളക്കുതിരയെ റിസോര്‍ട്ടില്‍ എത്തിച്ചിരുന്നു. കര്‍ണ്ണനോട് കൊച്ചു ദേവകിനുള്ള ഇഷ്ടം മനസ്സിലാക്കി മാതാപിതാക്കള്‍ അവനെ കുതിരപ്പുറത്ത് കയറ്റുകയായിരുന്നു. യാതൊരുവിധ ഭയാശങ്കകളില്ലാതെ ദേവക് കര്‍ണ്ണനുമായി ഇടപഴകുന്നത് മാതാപിതാക്കളെ അത്ഭുതപ്പെടുത്തി. എട്ട് മാസത്തോളം റിസോര്‍ട്ടില്‍ താമസിച്ച കാലയളവില്‍ ക്വറന്റൈനിന്റെ വിരസതയകറ്റാനായിട്ടാണ് ദേവക്കിനെ കുതിരസവാരി പഠിപ്പിക്കാന്‍ ബിനു തീരുമാനിക്കുന്നത്. കുതിരയെ പരിപാലിക്കുന്ന ഒരു തൊഴിലാളിയുടെ സഹായത്തോടെ ദേവക് കുതിര സവാരിയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ചു, ക്വറന്റൈന്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ദേവക് കുതിരയെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുതിരയോടും കുതിരസവാരിയോടും ഇഷ്ടമല്ല അഭിനിവേശമാണ് മകനുള്ളതെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ പൂര്‍ണ്ണ പിന്തുണ നല്കുകയായിരിക്കുന്നു.

കുതിരസവാരി പരിശീലനം
മലയാറ്റൂര്‍ ടോളിന്‍സ് വേള്‍ഡ് സ്‌കൂളിലെ രണ്ടാംക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ദേവക്. ഇതേ സ്‌കൂളിലെ പരിശീലകനുമായി ബന്ധപ്പെട്ട് ദേവകിന് കുതിര സവാരിയില്‍ പരിശീലനം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു പിതാവ് ബിനു. അദ്ദേഹം ദേവക്കിന്റെ വീട്ടിലെത്തി പരിശീലിപ്പിച്ചിരുന്നു. കൂടാതെ വേറെ പരിശീലകന്മാരുടെ സഹായവും ദേവാക്കിന് ലഭിച്ചിട്ടുണ്ട്. ഇതിനായി ബാംഗളൂരില്‍ നിന്നും കത്തിയവാരി ഇനത്തില്‍പ്പെട്ട കുതിരയെ വാങ്ങി നല്‍കി. മകന്റെ ആഗ്രഹങ്ങള്‍ക്ക് തടസ്സം നില്‍ക്കാതെ പഠനത്തോടൊപ്പം മികച്ച റൈഡറാക്കാന്‍ വേണ്ട പൂര്‍ണ്ണപിന്തുണ മാതാപിതാക്കള്‍ ദേവക്കിന് നല്‍കുന്നുണ്ട്. മഹാമാരി സമ്മാനിച്ച ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വിരസതയില്‍ നിന്നും വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ദേവക്കിന്റെ ആഗ്രഹമായിരുന്നു ആദ്യ ദിവസം തന്നെ തന്റെ കളിക്കൂട്ടുകാരി റാണിയുടെ പുറത്തേറി സ്‌കൂളിലേക്ക് പോകണമെന്നത്. അങ്ങനെയുള്ള യാത്ര ഒരു മാധ്യമപ്രവര്‍ത്തകന്‍ ക്യാമറയില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമത്തില്‍ അപ്ലോഡ് ചെയ്യുകയും അത് വൈറലാവുകയുമായിരുന്നു. ആ വീഡിയോ 6.3 ദശലക്ഷം ആളുകളാണ് കണ്ടത്. കൂടാതെ വാട്ട്‌സ് ആപ്പിലൂടെ കോടിക്കണക്കിന് ജനങ്ങളിലെത്തുകയും അതോടൊപ്പംതന്നെ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ അധികൃതര്‍ ദേവക്കിന്റെ രക്ഷിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു.

സഹജീവി സ്‌നേഹം
ദേവകിന് കുതിരയോടുമാത്രമല്ല എല്ലാ വളര്‍ത്തുമൃഗങ്ങളോടെയും പക്ഷികളോടും ചെടികളോടും പ്രകൃതിയോടും ഇഷ്ടമാണ്. കാഴ്ചകള്‍ കാണാനും പുഴയില്‍ നീന്താനും മഴയില്‍ക്കളിക്കാനും മരത്തില്‍ക്കയറാനും ചാടിമറിയാനും ഇഷ്ടമാണ്. ദേവക്കിന്റെ ഓമനകളായി രണ്ട് നായക്കുട്ടികളുമുണ്ട്. അക്കുവും കുട്ടുവും. അതുപോലെതന്നെ കുട്ടികളെയും ദേവകിന് ഇഷ്ടമാണ്. ഇതൊക്കെയാണെങ്കിലും സാധാരണകുട്ടികള്‍ക്കുള്ളതുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ദേവക്കിനുണ്ട്. കാലത്തിനനുസരിച്ചുള്ള പുതിയ പുതിയ വിജ്ഞാനപരമായ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപകാരപ്രദമാണന്നതിനാല്‍ മാതാപിതാക്കളും ഇക്കാര്യത്തിന് തടസ്സം പറയാറില്ല. അനിയത്തി കുഞ്ഞു ദേവനയെ മുന്നിലിരുത്തി കുതിരസവാരി നടത്തുന്നതാണ് ദേവാക്കിന്റെ ഇപ്പോഴത്തെ വിനോദം.
ഭാവിയിലേക്കുള്ള ആഗ്രഹങ്ങളും വെള്ളിത്തിരയിലേക്കുള്ള പ്രവേശനവും.

ദേവക്കിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ ‘കുതിരയാശാന്‍’ ആകണമെന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. ദേവക്കിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനമേഖല തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ അവന് നല്‍കിയിട്ടുണ്ട്. ‘ ദേവക് ഫൗണ്ടേഷന്‍ ‘എന്ന പേരില്‍ ഒരു ചാരിറ്റി ക്ലബ് രൂപീകരിച്ചിട്ടുണ്ട് . പ്രകൃതിയെയും പക്ഷിമൃഗാദികളെയും സംരക്ഷിക്കുകയെന്നതും കുട്ടികളുടെ വിദ്യാഭ്യാസ- ആരോഗ്യപരമായ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതുമാണ്‌ദേവക് ഫൗണ്ടേഷന്റെ ഉദ്ദേശലക്ഷ്യം. ഇതിലൊക്കെയുപരി ദേവക്കിനെ, സാമൂഹികപ്രതിബദ്ധതയുള്ള നല്ലൊരു മനുഷ്യസ്‌നേഹിയാക്കി വളര്‍ത്താനാണ് മാതാപിതാക്കളുടെ ആഗ്രഹം. കൂടാതെ കുട്ടികളെ കുതിരസവാരി പഠിപ്പിക്കണമെന്നതും കൊച്ചു ദേവക്കിന്റെ ആഗ്രഹങ്ങളാണ്. ഒരു റൈഡിങ് അക്കാദമി തുടങ്ങണമെന്ന് ദേവക്കിന്റെ മാതാപിതാക്കള്‍ക്ക് ആഗ്രഹമുണ്ട്. ദേവക്കിനെതേടി സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. കൂടാതെ കേരള എക്‌സൈസിന്റെ ലഹരി വിമുക്ത ക്യാംപയിന്റെ ഭാഗമായി ഒരു പരസ്യചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലും കുഞ്ഞു ദേവക് താരമാണ്. ”ദേവക്‌സ് വേള്‍ഡ്” എന്ന യു ട്യൂബ് ചാനലിലൂടെ സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുന്ന വീഡിയോകളും ദേവക് അപ്ലോഡ് ചെയ്യുന്നുണ്ട്. ഈ വീഡിയോകള്‍ക്ക് മാത്രമല്ല ദേവകിന്റെ വിശേഷങ്ങള്‍ക്കും സാമൂഹികമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

അംഗീകാരങ്ങളും പുരസ്‌കാരങ്ങളും
യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ‘വണ്ടര്‍ കിഡ്സ്’ അവാര്‍ഡ്, അനിതരസാധാരണമായ കഴിവുകള്‍ ഉള്ള കുട്ടികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഈ അവാര്‍ഡ്. യൂറോപ്യന്‍ റെക്കോര്‍ഡ് ബുക്സിന്റെ ‘ യങ്ങസ്റ്റ് ട്രെയിന്‍ഡ് ഹോഴ്‌സ് റൈഡര്‍’ അവാര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്, എന്നീ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ ദേവക്കിന് ലഭിച്ചു. കൂടാതെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഒട്ടനവധി മാധ്യമപുരസ്‌കാരങ്ങളും അംഗീകാരങ്ങളും അനുമോദനങ്ങളും ദേവക്കിനെ തേടിയെത്തുന്നു. അവാര്‍ഡുകളുടെ പെരുമയോ വിലയോ അറിയില്ലാത്ത ആറരവയസ്സുകാരന്‍ ഓരോ പുരസ്‌കാരദാനചടങ്ങുകളിലും സദസ്സിലെ സമപ്രായക്കാരായ കുട്ടികളുടെ കൂടെ കളിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ‘വണ്ടര്‍ കിഡ്സ്’ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്ന സമയത്ത് യൂ ആര്‍ എഫിന്റെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുകൊണ്ട് പരസഹായമില്ലാതെ ദേവക് സ്വയം കുതിരപ്പുറത്തുകയറി അഞ്ച് കിലോമീറ്റര്‍ ദൂരം ഓടിച്ചു. ഈ പ്രകടനത്തിന് യൂ ആര്‍ എഫ് ‘ യങ്ങസ്റ്റ് ട്രെയിന്‍ഡ് ഹോഴ്‌സ് റൈഡര്‍’ പുരസ്‌ക്കാരം നല്‍കി ദേവക്കിനെ ആദരിച്ചു. ഈ പുരസ്‌കാരദാനം നടന്നത് ദേവക് പഠിക്കുന്ന ടോളിന്‍സ് സ്‌കൂള്‍ അങ്കണത്തില്‍ സഹപാഠികളുടെയും അധ്യാപകരുടെയും രാഷ്ട്രീയനേതാക്കളുടെയും സന്നീധ്യത്തിലായിരുന്നുവെന്നത് ഇരട്ടി സന്തോഷമായിരുന്നു.
കുടുംബം
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണനിര്‍മ്മാണ രംഗത്തെപ്രമുഖരായ പറക്കാട്ട് ജ്യൂവലേഴ്സിന്റെ സാരഥി പ്രകാശ് പറക്കാട്ടിന്റെ അനന്തിരവന്‍ ബിനുവാണ് ദേവക്കിന്റെ അച്ഛന്‍. മാതാവ് ശ്രുതി. രണ്ടുവയസ്സുകാരി ദേവനയാണ് അനിയത്തി അച്ഛന്റെ അമ്മ കൗസല്യ എന്നിവരടങ്ങുന്നതാണ് ദേവക്കിന്റെ കുടുംബം. പറക്കാട്ട് ഗ്രൂപ്പിന്റെ ഡയറക്റ്റര്‍മാരിലൊരാണ് ബിനു. അച്ഛച്ചന്‍ പ്രകാശ് പറക്കാട്ടിന്റെയും അച്ഛമ്മ പ്രീതി പ്രകാശിന്റെയും ഓമനയായ ദേവക്കിന് അവരുടെ പൂര്‍ണ്ണ പിന്തുണയുണ്ട്.
