ശ്രീനാരായണഗുരുദേവന്‍ സഞ്ചരിച്ച പാതയിലൂടെയൊരു യാത്ര

ശ്രീനാരായണഗുരുദേവന്‍ സഞ്ചരിച്ച പാതയിലൂടെയൊരു യാത്ര

ഞങ്ങളുടെ തിരുവനന്തപുരം യാത്രകളില്‍ മറക്കാനാവാത്ത ഒന്നാണ് ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ വഴികളിലൂടെയുള്ള യാത്ര. കൊച്ചുകുട്ടികളായിരുന്നെങ്കിലും അതൊക്കെ ഇന്നും തെളിമയോടെ മനസ്സിലുണ്ട്. സൂര്യോദയം കാണുവാനായി കടപ്പുറത്തെ ഒരു ലോഡ്ജില്‍താമസിക്കുമ്പോള്‍ അവിടെ വെച്ച് കുറച്ച് സന്യാസിമാരെ പരിചയപ്പെട്ടതും ഞങ്ങള്‍ അവരുടെ കാല് തൊട്ട് വന്ദിച്ചപ്പോള്‍ സന്യാസിമാര്‍ ഞങ്ങളെ അനുഗ്രഹിച്ചതുമായ നല്ല ഓര്‍മ്മകളുമായാണ് ഞങ്ങള്‍ ഗുരുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശ്ശിക്കാന്‍ പോയത്. അക്കാലത്ത് പഴയ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചൊന്നും കുട്ടികളായ ഞങ്ങള്‍ക്ക് അറിവില്ലായിരുന്നു.
ഗുരുദേവനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് ഗുരു ജനിച്ച വീടാണ്. നല്ല മഴയും ഇടിമിന്നലും ഉള്ള ദിവസമാണ് ഒരു കാറില്‍ നിറയെ ആളുകളുമായി ഞങ്ങള്‍ അവിടെ എത്തുന്നത്. ഓരോരുത്തരേയും മഴ നനയാതെ കുട ചൂടിച്ച് അവിടെയെത്തിക്കുവാന്‍ അച്ഛനും മറ്റുള്ളവരും ബുദ്ധിമുട്ടിയത് വ്യക്തമായി ഓര്‍ക്കുന്നുണ്ട്. നിറയെ പ്ലാവുകളും മാവുകളും നില്ക്കുന്ന ഒരു വലിയ സ്ഥലത്തിന്റെ നടുക്കൊരു ഓലമേഞ്ഞ വീട്. വളരെ മനോഹരമായ ഐശ്വര്യം നിറഞ്ഞ ആ വീട്ടിലാണ് ഗുരുദേവന്‍ ജന്മം കൊണ്ടത്. വീട്ടിലേക്ക് കയറിയപ്പോള്‍ വലത്ത് വശത്തുള്ള മുറിയില്‍ ദീപം കത്തിച്ച് നിറയെ പുഷ്പങ്ങള്‍ കൊണ്ടലങ്കരിച്ചിട്ടുണ്ട്. എല്ലാവരും അവിടെ നിന്ന് പ്രാര്‍ത്ഥിച്ചു, ഞങ്ങളോടും പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നമസ്‌ക്കരിച്ചു. ആ മുറിയില്‍ നിന്ന് നോക്കുമ്പോള്‍ ഞങ്ങള്‍ കടന്നുവന്ന മുന്‍വശത്തേ വാതിലിന് മുന്നിലെ വരാന്തയുടെ മുകള്‍പ്പരപ്പിലൂടെ മഴവെള്ളം താഴേക്ക് വീഴുന്നത് വെള്ളിക്കമ്പികള്‍ ആയിട്ടാണ് അന്നെനിക്ക് തോന്നിയത്. അവിടെ നിന്നും ഇടത്ത് വശത്ത് വലിയൊരു മുറിയും ആ മുറിയ്ക്ക് പിന്നിലേക്ക് ഒരു വാതിലും ഉണ്ടായിരുന്നു.
ഗുരുദേവന്‍ ഒരു യോഗീശ്വരനായിരുന്നെന്നോ, സന്യാസിശ്രേഷ്ഠനെന്നോ, കവിയെന്നോ, ദാര്‍ശനികനെന്നോ, സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്നോ, കരുണാനിധിയെന്നോ, മുനിയെന്നോ, പരിസ്ഥിതിസ്‌നേഹിയെന്നോ മനസ്സിലാക്കുവാനുള്ള അറിവൊന്നും അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഒന്നും അറിയാത്ത തനികുട്ടിക്കുരങ്ങന്മാരേ പോലെ അച്ഛന്റെയും അമ്മയുടെയും പിന്നാലേ നടക്കുകയായിരുന്നു.
എന്റെ അമ്മ ഗേള്‍സ് ഹൈസ്‌ക്കുളില്‍ പഠിക്കുന്ന കാലത്ത് ഗുരുദേവനെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഗുരുദേവന്‍ ആലുവാ ആശ്രമത്തിലേക്ക് പോകുവാന്‍ വേണ്ടി ബോട്ട് ജെട്ടിയിലെത്തിയപ്പോള്‍ ഗുരുവിനെ കാണുവാന്‍ ധാരാളം ഭക്തരെത്തുകയും തദവസരത്തില്‍ അമ്മയ്ക്കും സ്വാമികളുടെ ദര്‍ശനം ലഭിക്കുകയുണ്ടായെന്ന് അമ്മ പറയാറുണ്ടായിരുന്നു. ഗുരുവിനെ ഫോട്ടോയില്‍ കാണുന്നത് പോലല്ല, മുഖത്തിന് റോസാപൂവിന്റെ ശോഭയായിരുന്നു പോലും. ഇത് ഞാനിവിടെ പറഞ്ഞത് അച്ഛനുമമ്മയും ഭക്തിയോടെയാണ് ഈ സ്ഥലങ്ങളൊക്കെ ദര്‍ശിച്ചത് അത് കൊണ്ട് സഹയാത്രികരായ കുട്ടികള്‍ക്കും അതേ അന്തരീക്ഷം ആസ്വദിക്കാനായെന്ന് നിങ്ങളെ അറിയിക്കുകയാണ്, ഞങ്ങള്‍ കുട്ടികള്‍ എങ്ങിനെയായിരുന്നാലും ഞങ്ങളുടെ മനോഭാവം മാറ്റിയെടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞെന്ന് സാരം.
ഗുരുദേവന്റെ വീടിന്റെ പല ഭാഗങ്ങളും പൊളിച്ച് നീക്കിയെന്നും ഗുരുവിന് ജന്മം നല്കിയ സ്ഥലം മാത്രം സംരക്ഷിച്ചതാണെന്നും ഞാന്‍ പിന്നീട് പുസ്തകത്തില്‍ നിന്നും വായിച്ചപ്പോള്‍ ലഭിച്ച അറിവാണ്. അന്നൊക്കെ കിടപ്പറയും പാചകമുറിയും തമ്മില്‍ വളരെ അകലത്തിലാണ് പണിതിരുന്നത്. വടക്ക് വശത്ത് വടക്കിനിയും തെക്ക് വശത്ത് തെക്കിനിയും പിന്നെ പ്രാര്‍ത്ഥനയക്ക് മറ്റൊരു ഭാഗവും ഉണ്ടായിരുന്നു. വടക്കും തെക്കും ഉള്ള കയ്യാലകളില്‍ ഒന്ന് പാചകത്തിനായും മറ്റൊന്ന് ഉരല്‍, ആട്ട്കല്ല് എന്നിവയിടുന്നതിനും നെല്ല്, അരി, പലവ്യജ്ഞനങ്ങളായ മുളക്ക്, മല്ലി എന്നിവ പൊടിക്കുന്നതിനും മറ്റും ഉപയോഗിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണത സംഭവിച്ചതിനാല്‍ അവയൊക്കെ പൊളിച്ച് മാറ്റപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കുന്നു. പൂജയ്ക്ക് ഉപയോഗിച്ചിരുന്ന മുറിയുടെ അടുത്തായി കാലിത്തൊഴുത്തും മറ്റുമൊക്കെയുണ്ടായിരുന്നു.സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നല്ലോ സ്വാമികളുടേത്.
തൊട്ടടുത്ത് തന്നെയാണ് ഗുരു നിത്യവും പ്രാര്‍ത്ഥിച്ചിരുന്ന മണമേല്‍ ക്ഷേത്രവുമുള്ളത്. മഴയും ഇടിമിന്നലും ശക്തമായതിനാല്‍ ഞങ്ങള്‍ അവിടെ നിന്നും പെട്ടന്ന് തിരിച്ച് പോരികയും ചെയ്തു. ഏതായാലും അവിടം വരെ പോയി അത് ദര്‍ശിക്കാനായ സംതൃപ്തിയും സന്തോഷവും അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. പിറ്റെ ദിവസം രാവിലെ ഞങ്ങള്‍ നാഗര്‍കോവില്‍ നിന്ന് കന്യാകുമാരിക്ക് പോവുന്ന വഴിയിലുള്ള മരുത്വാമല സന്ദര്‍ശിച്ചു. മരുത്വമലയുടെ അടിവാരത്ത് ഗുരുദേവന്റെ ആശ്രമവും ഉണ്ട്.
മരുത്വാമലയെക്കുറിച്ചൊരു ഐതിഹ്യമുണ്ട് രാമലക്ഷമണന്മാര് വനവാസകാലത്ത് രാമരാവണയുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍ രാമനും ലക്ഷ്മണനും മോഹാലസ്യപ്പെട്ട് വീഴുകയും അവരുടെ ജീവന്‍ വീണ്ടെടുക്കുവാന്‍ ജാംബവാന്റ നിര്‍ദേശാനുസരണം ഹിമാലയത്തില്‍ പോയി ദിവ്യമായ ഔഷധച്ചെടി കൊണ്ടുവരാന്‍ ഹനുമാനെ ഏല്പ്പിക്കുകയും ചെയ്തു. എന്നാല്‍ അവിടെ എത്തിയ ഹനുമാന് ഔഷധച്ചെടി ഏതെന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ മല അങ്ങിനെ തന്നെ എടുത്ത് കൊണ്ട് വരികയും മലയുമായി പറന്ന് വരും വഴി അതിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു അതാണ് പിന്നീട് മരുത്വാമലയായി മാറിയതെന്നുമാണ് പറയപ്പെടുന്നത്.
മൂന്ന് മലകള്‍ കൂടി ചേര്‍ന്നതാണ് മരുത്വാമല എന്നാല്‍ മൂന്നാമത്തെ മലയിലാണ് പിള്ളത്തടം. അതിനകത്തേക്ക് കയറുന്നതിന് രണ്ട് മലകള്‍ തമ്മിലുള്ള വിടവാണ് വാതില്‍. അതിലൂടെ നിരങ്ങി നീങ്ങിയാല്‍ പിള്ളത്തടത്തിലെത്താം. അതിനകത്ത് ചരല്‍ വിരിച്ചപോലുള്ള മണലുണ്ടെന്ന് പിന്നീട് പോയവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഞങ്ങള്‍ കുട്ടികള്‍ അതൊന്നും അന്ന് ശ്രദ്ധിച്ചേയില്ല.

പിള്ളത്തടം എന്ന പേര് ലഭിച്ചതിനും ഐതിഹ്യമുണ്ട്. അഗസ്ത്യമുനിയുടെ പ്രാര്‍ത്ഥനയിലൂടെ മുനി തന്റെ ആഗ്രഹം ഉണര്‍ത്തിച്ചു. കണ്ണനെ യശോദ എടുത്ത് കൊണ്ട് നടന്ന രൂപത്തില്‍ കാണണമെന്നുള്ളതായിരുന്നു. പ്രാര്‍ത്ഥന. അദ്ദേഹം മരുത്വമലയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നപ്പോള്‍ കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് കുഞ്ഞിനെ കൈകൊണ്ട് എടുക്കുവാന്‍ തുനിഞ്ഞപ്പോള്‍ കുഞ്ഞ് അപ്രത്യക്ഷയായെന്നും എന്നാല്‍ കുഞ്ഞിന്റെ കാലടി പാടുകള്‍ മണലില്‍ കണ്ടെന്നുമാണ് പറയപ്പെടുന്നത്. ചിലര്‍ക്കൊക്ക പിന്നീടും ഉണ്ണികൃഷ്ണന്റെ ദര്‍ശനം അവിടെ നിന്നും ലഭിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.
ഗുരുവും ഗുരുവിന്റെ സതീര്‍ത്ഥനായിരുന്ന ചട്ടമ്പിസ്വാമികളും അയ്യാവു സ്വാമികളുടെ കീഴിലെ പഠനത്തിന്‌ശേഷം മരുത്വാമലയില്‍ തപസ്സനുഷ്ഠിക്കാനെത്തിയെങ്കിലും ചട്ടമ്പിസ്വാമികള്‍ ഉടനെ അവിടം വിട്ട് പോരികയും എന്നാല്‍ ഗുരുദേവന്‍ ധ്യാനത്തില്‍ മുഴുകി ആറ് വര്‍ഷത്തോളം കഠിനതപസ്സനുഷ്ഠിച്ചു.
ഒരു കോടി സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുയരുന്നത് പോലെ ശ്രീകൃഷ്ണദര്‍ശനം വാരാണപ്പള്ളിയില്‍ പഠിക്കുമ്പോള്‍ ലഭിച്ചത് പോലെ മരുത്വാമലയിലെ കഠിനതപസ്സിനിടയില്‍ ഒരു ദിവസം വിശപ്പ് സഹിക്കാനാവാതെ ഗുഹയ്ക്ക് വെളിയിലിറങ്ങിയപ്പോള്‍, കയ്യില്‍ ഭക്ഷണപൊതിയുമായി വിരലുകളൊക്കെ നഷ്ടപ്പെട്ട ഒരു കുഷ്ഠരോഗി, ഭക്ഷണപൊതി നീട്ടി ഗുരുദേവന് മുന്നില്‍ നിന്ന് വിശക്കുന്നല്ലേ എന്ന് ചോദിച്ചു. അന്ന് കുഷ്ഠരോഗിയോടൊപ്പം ഭക്ഷണം കഴിച്ചു. വിശന്ന് പൊരിഞ്ഞ തനിക്ക് ഭക്ഷണം നല്കിയ അന്നദാതാവ് ആരെന്ന് പോലും ചിന്തിക്കാതെ ഭക്ഷണം കഴിച്ചെന്നും ഭക്ഷണം കഴിഞ്ഞ് ആരായിരിക്കും അര്‍ദ്ധരാത്രി തനിക്ക് ഭക്ഷണവുമായി ഈ മലമുകളില്‍ എത്തിയതെന്ന് ആലോചിച്ച് നോക്കിയപ്പോള്‍ ആ രൂപം അപ്രത്യക്ഷമായെന്നും അത്തരത്തിലാണ് ശിവദര്‍ശനം ലഭിച്ചതെന്നുമാണ് ഗുരു വെളിപ്പെടുത്തിയത്.
ഒരു യോഗി പിള്ളത്തടത്തില്‍ ഉണ്ടെന്നറിഞ്ഞ് പലരും ഗുരുവിനെ സമീപിച്ചു പലരുടെയും ദുഖങ്ങളും പരാതികളും ഗുരുവിനോട് ഉണര്‍ത്തിച്ചു. അതിലൊന്നായിരുന്നു താഴെക്കിടയിലൂള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ ക്ഷേത്രം വേണമെന്നുള്ളത്. ഗുരുവിന്റെ പ്രവര്‍ത്തനമേഖലയെക്കുറിച്ച് അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കാം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.