ശങ്കരോടത്ത് കോവിലകത്തെ അമ്പോറ്റിത്തമ്പുരാന്‍ ഹിസ് ഹൈനസ് ഹിസ് ഹോളിനെസ്സ് മാനവേന്ദ്രവര്‍മ്മ യോഗാതിരിപ്പാട്

ശങ്കരോടത്ത് കോവിലകത്തെ അമ്പോറ്റിത്തമ്പുരാന്‍ ഹിസ് ഹൈനസ് ഹിസ് ഹോളിനെസ്സ് മാനവേന്ദ്രവര്‍മ്മ യോഗാതിരിപ്പാട്
പാലക്കാട് ജില്ലയിലെ ഒലവക്കോട് കാവില്‍പ്പാട് തെക്കുംപുറം പുളിക്കല്‍ ശങ്കരോടത്ത് കോവിലകത്തെ ഇളമുറതമ്പുരാന്‍ നൈഷ്ഠിക ബ്രഹ്‌മചാരി ഹിസ് ഹൈനസ് ഹിസ് ഹോളിനെസ്സ് മാനവേന്ദ്രവര്‍മ്മ യോഗാതിരിപ്പാടുമായി യൂണിക് ടൈംസ് സബ്എഡിറ്റര്‍ ഷീജാ നായര്‍ നടത്തിയ അഭിമുഖം.
 
ശങ്കരോടത്ത് കോവിലകത്തിന്റെ ചരിത്രം വിശദമാക്കാമോ?
ശങ്കരോടത്ത് കോവിലകത്തിന്റെ നാള്‍വഴിയിലൂടെ സഞ്ചരിച്ചാല്‍, അതിജീവനത്തിന്റെയും പുനഃരുദ്ധാരണത്തിന്റെയും പ്രതീകമായാണ് കോവിലകം നിലകൊള്ളുന്നത്. കോവിലകത്തിന്റെ പൂര്‍വ്വികത്തെക്കുറിച്ച് വളരെയധികം വൈകിയാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ഇന്ന് കോവിലകത്തിനും ക്ഷേത്രത്തിനും സര്‍വ്വഭാഗത്തുനിന്നും ലഭിക്കുന്ന സ്ഥാനമാനങ്ങളും സ്‌നേഹാദരങ്ങളും അനുഭവിക്കുമ്പോള്‍, വളരെയടുത്തകാലം വരെ നമ്മുടെ മുന്‍തലമുറകള്‍ അനുഭവിച്ചിരുന്ന ദുഃഖങ്ങളും ദുരിതങ്ങളുമെല്ലാം ശങ്കരോടത്ത് കോവിലകത്തിന്റെ ചരിത്രത്തെയാണ് വെളിവാക്കുന്നത്. ശങ്കരോടത്ത് കോവിലകത്തിന്റെ പൂര്‍വ്വികം താനൂര്‍ സ്വരൂപത്തിലെ വെട്ടത്ത് രാജവംശത്തിലെ ഒരു ശാഖയായ തൃപ്രങ്ങോട്ട് കോവിലകമാണ്. വെട്ടത്ത് രാജവംശത്തില്‍ രാജഭരണം നടത്തിയിരുന്നത് വെട്ടത്ത് കോവിലകത്താണെന്നതാണ് ലഭ്യമാകുന്ന അറിവ്. ഇതിന്റെ ഒരു ശാഖ തൃപ്രങ്ങോട്ട് കോവിലകത്തുണ്ടായിരുന്നു. അവിടത്തെ തമ്പുരാട്ടിയുടെ വംശപാരമ്പര്യമാണ് ശങ്കരോടത്ത് കോവിലകത്തിനുള്ളത്. ഒരു യുദ്ധത്തെതുടര്‍ന്ന് വെട്ടത്ത് രാജവംശത്തിലെ മഹാരാജാവിന്റെ തിരോധനത്തോടെ തൃപ്രങ്ങോട്ട് കോവിലകത്തെ തമ്പുരാട്ടി, മകളേയും കൂട്ടി പലായനം ചെയ്യുകയായിരുന്നു. തൃപ്രങ്ങോട്ട് കോവിലകത്തെ ദേവപ്രഭ തമ്പുരാട്ടിയുടെ മകള്‍ നാരായണി അംബികത്തമ്പുരാട്ടിയുടെ പിന്‍തലമുറയാണ് ഇവിടെയുള്ളത്. പൊതുവെ ഞങ്ങളുടെ വംശത്തിലെ തമ്പുരാട്ടികള്‍ക്ക് അംബിക, അംബാലിക എന്ന നാമധേയമുണ്ടെന്നതുകൂടാതെ നമ്പ്രഷ്ടാതിരി എന്നാണ് അറിയപ്പെടുന്നത്. പലായനം ചെയ്ത തമ്പുരാട്ടിയും മകളും 1793- ല്‍ ഒലവക്കോട് പുളിക്കല്‍ എത്തപ്പെട്ടു വെന്നാണ് ചരിത്രവഴിയിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവിടെ വെളുത്തേടത്ത് തൊടി എന്ന ഒരു നായര്‍ കുടുംബം തമ്പുരാട്ടിക്കും മകള്‍ക്കും അഭയം നല്‍കുകയുമായിരുന്നു. ഈ കുടുംബത്തിലെ കരണവത്തിമാര്‍ ഒരു ചെറിയ കൂര നിര്‍മ്മിച്ച് തമ്പുരാട്ടിയേയും മകളേയും അതില്‍ ശുദ്ധാചാരങ്ങളോടുകൂടി സ്വന്തം കൂടപ്പിറപ്പിനെപ്പോലെ പരിചരിച്ചുപോന്നു. ഇവിടത്തെ ശിവക്ഷേത്രത്തില്‍ കഴകം നടത്തിയാണ് തമ്പുരാട്ടിമാര്‍ നിത്യവൃത്തി നടത്തിയിരുന്നത്. പടയോട്ടകാലഘട്ടത്തില്‍ സാമൂതിരിയുടെ ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശങ്ങളെല്ലാം. രാജകുടുംബത്തിലെ അംഗങ്ങള്‍ എന്നത് വെളിവായാല്‍ ജീവഹാനിവരെ സംഭവിക്കുമെന്ന ഭയത്താല്‍ ഒതുങ്ങിക്കഴിയുകയായിരുന്നു അവര്‍. വെള്ളാട്ടിരി എന്ന സ്ഥാനപ്പേര് മാത്രമാണ് വെളിവാക്കിയിരുന്നത്. വളളുവനാട്ടില്‍ നിന്നും വന്നവര്‍ എന്ന അര്‍ത്ഥത്തില്‍ വരത്തന്മാര്‍ എന്നുള്ളപ്പേരിലാണ് അറിയപ്പെട്ടിരുന്നതും. അന്ന് ഞങ്ങളുടെ പൂര്‍വ്വികത്തെക്കുറിച്ചറിയില്ലാത്തതിനാല്‍ നായര്‍ സമിതിയുമായി ചേര്‍ന്നാണ് ജീവിച്ചുപോന്നിരുന്നത്. എന്നിരുന്നാലും വ്യത്യസ്തമായ ജീവിതചര്യ തുടരുന്നതോടൊപ്പം ഞങ്ങള്‍ ഷോഡശക്രിയാചാരങ്ങളും ആചരിച്ചുപോന്നിരുന്നു. ഞങ്ങളുടെ ഓതിക്കന്‍ കോതമംഗലത്ത്മനക്കാരാണെന്നത് മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍ കല്‍പ്പാത്തി ശിവാചാര്യന്മാരാണ് ഞങ്ങള്‍ക്ക് ഷോഡശക്രിയകള്‍ ചെയ്തിരുന്നത്. ആ കാലഘട്ടത്തില്‍ ഞങ്ങളുടെ തേവാരപ്പുരയില്‍ തൃപ്രങ്ങോട്ടപ്പനെ തേവാരം ചെയ്തുപോരുന്നതിനോടൊപ്പം പരദേവതമാരുടെ പൂജകളും നടത്തിപ്പോന്നിരുന്നു. വെട്ടത്തമ്മ, ചമ്രവട്ടത്ത് അയ്യപ്പന്‍, തൃപ്രങ്ങോട്ടപ്പന്‍, തിരുന്നാവായത്തേവര്,തിരുമാന്ധാംകുന്നിലമ്മ ഇവരാണ് ഞങ്ങളുടെ പരദേവതമാര്‍. ആണ്ടിലൊരിക്കല്‍ നടത്തിവരുന്ന പരദേവതാപൂജകള്‍ നിര്‍വ്വഹിക്കുന്നത് പനാവൂര്‍ മനയാണ്. ഇപ്പോഴും കോവളം തന്ത്രികള്‍ പനവൂര്‍ മനക്കാരാണ്. മുത്തശ്ശിയമ്മമാര്‍ ഇവിടെത്തുമ്പോള്‍ തേവാരമൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ കൊണ്ടുപോരുകയും നിത്യതേവാരം നടത്തിപോരുകയുമായിരുന്നു. മുല്ലപ്പള്ളി ഗണപതി, മുല്ലപ്പള്ളി നരസിംഹം, തിരൂര്‍ നരസിംഹം, ഗോശാലകൃഷ്ണന്‍, ആലത്തിയൂര്‍ ശ്രീഹനുമാന്‍, ആലത്തിയൂര്‍ ശ്രീരാമന്‍ , തൃക്കണ്ടിയൂരപ്പന്‍, വെട്ടത്ത് മംഗലത്ത് മഹാവിഷ്ണു, വെട്ടത്തമ്മ, നാവാമുകുന്ദന്‍, കേരളാധീശ്വരത്തപ്പന്‍ എന്നീ മൂര്‍ത്തികളാണ് ഞങ്ങളുടെ തേവാരമൂര്‍ത്തികള്‍. വെട്ടത്ത് വംശത്തിന്റെ മൂലകോവിലകം കേരളാധീശ്വരത്തായിരുന്നു. പൂര്‍വ്വികം അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് അന്ന് തേവരബിംബങ്ങളായി കൊണ്ടുവന്ന മൂര്‍ത്തീബിംബങ്ങളാണ് മാമാങ്കം എന്ന മഹാമഹത്തിന് ആറാട്ടുബിംബങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് മനസ്സിലാക്കിയത്. ഇപ്പോള്‍ മാമാങ്കം പുനഃരാവിഷ്‌ക്കരിച്ചപ്പോള്‍ ഈ ബിംബങ്ങളാണ് അവിടെ ആറാടിച്ചത്. അതില്‍ വളരെയധികം സന്തോഷം ഉണ്ട് . സ്വന്തം സ്വത്വം മറച്ചുവച്ച് ജീവിക്കേണ്ടിവന്ന വളരെ ത്യാഗപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ പാരമ്പര്യമാണ് ശങ്കരോടത്ത് കോവിലകത്തിനുള്ളത്. ഉപാസന എന്ന ഒറ്റക്കാരണം കൊണ്ടാണ് ശങ്കരോടത്ത് കോവിലകം ഇന്ന് നിലനില്‍ക്കുന്നതും എല്ലാവിധ ഐശ്വര്യങ്ങള്‍ ഉണ്ടാകുന്നതും. എല്ലാ ജനങ്ങളോടുമായി നമുക്ക് അറിയിക്കുവാനുള്ളത് എല്ലാവരും അവരവരുടെ ഉപാസനയെത്തുടരുക . അത് ശ്രേയസ്സ് കൊണ്ടുവരും എന്നുള്ളതിനുള്ള തെളിവാണ് ശങ്കരോടത്ത് കോവിലകം.
His Highness His Holiness Manavendra Varma Uniquetimes
His Highness His Holiness Manavendra Varma
നൈഷ്ഠിക ബ്രഹ്‌മചാരിയാണല്ലോ തമ്പുരാന്‍. അങ്ങനെയാണെങ്കില്‍ ഈ തമ്പുരാന്റെ കാലശേഷം അനന്തരാവകാശി ആരായിരിക്കും?
കോവിലകങ്ങളിലും കൊട്ടാരങ്ങളിലുമൊക്കെ തമ്പുരാട്ടിമാര്‍ക്കാണ് പ്രാധാന്യവും അധികാരവും ഉണ്ടാവുക. തമ്പുരാക്കന്മാര്‍ക്ക് സ്ഥാനങ്ങള്‍ ഉണ്ടെന്നുള്ളതല്ലാതെ പൂര്‍ണ്ണാധികാരങ്ങള്‍ തമ്പുരാട്ടിമാരിലാണ്. എല്ലാതലമുറയിലും സംഭവിക്കുന്ന ഒന്നല്ല അമ്പോറ്റിതമ്പുരാന്‍ സ്ഥാനം. കോവിലകത്ത് വലിയതമ്പുരാന്‍ സ്ഥാനം തലമുറയായി അവകാശികള്‍ക്ക് കൈമാറി വരുന്നതാണ്. ശങ്കരോടത്ത് കോവിലകത്തെ ഏറ്റവും മുതിര്‍ന്ന പുരുഷപ്രജയാണ് വലിയതമ്പുരാന്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുക. അമ്പോറ്റിത്തമ്പുരാന്‍ ആകുന്നത് ദൈവനിയോഗമാണ്. ഈ വംശത്തില്‍ ജനിക്കുന്ന ഏതെങ്കിലുമൊരു കുഞ്ഞിന് ഉപനയനം മുതല്‍ നിഷ്ഠയോടുകൂടി ആചാരങ്ങളെ മുറുകെപ്പിടിച്ച് എല്ലാ വ്രതോപാധികളും ഉപചാരങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷം അമ്പോറ്റിത്തമ്പുരാനായി അരിയിട്ടുവാഴിക്കും. ഇനി അടുത്തതലമുറയില്‍ ആര് നിയോഗിക്കപ്പെടണമെന്നുള്ളത് ഈശ്വരനിശ്ചയമാണ്. നമ്മുടെ വംശോപാസനാമൂര്‍ത്തികളായ വേട്ടേക്കരനും ഭദ്രകാളിയും നാഗദൈവങ്ങളും അത് നിശ്ചയിക്കുമെന്നാണ് നമ്മുടെ അടിയുറച്ച വിശ്വാസം.
അമ്പോറ്റിതമ്പുരാന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ് ?
അഹം പോറ്റുന്നയാള്‍ എന്നും അഖിലരേയും പോറ്റുന്നയാള്‍ (പരിപാലിക്കുന്നയാള്‍) എന്നതുമാണ് അമ്പോറ്റിതമ്പുരാന്‍ എന്ന സ്ഥാനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. സകലരെയും പോറ്റുന്നതിനായി സ്വയം ഈശ്വരനില്‍ സമര്‍പ്പിച്ച് അര്‍പ്പണമനോഭാവത്തില്‍ വരുന്ന സ്ഥാനമാണ് അമ്പോറ്റിതമ്പുരാന്‍. ഇന്നും കോവിലകം അനുവര്‍ത്തിച്ചുപോരുന്ന ആചാരാനുഷ്ടാനങ്ങളുടെ പ്രധാനഗുരുവായിട്ടുള്ളത് വലിയകെട്ടിലമ്മയായിരുന്ന വെള്ളാട്ടിരി ലക്ഷ്മിക്കുട്ടി നമ്പ്രഷ്ടാതിരി എന്ന തങ്കമണി തമ്പുരാട്ടി മുത്തശ്ശിയാണ്. മുത്തശ്ശി പകര്‍ന്നുതന്ന വിഷയങ്ങളില്‍ വ്യക്തമായിട്ടറിയില്ലങ്കിലും നമ്മുടെ പൂര്‍വ്വികം തിരുന്നാവായില്‍പ്പെടുന്ന സ്ഥലമാണെന്നും ആ യോഗത്തില്‍ യോഗാതിരിപ്പാട് എന്നൊരു സ്ഥാനം നമുക്കുണ്ടെന്നും യോഗാതിരിപ്പാട് നൈഷ്ഠിക ബ്രഹ്‌മചാരി ആയിരിക്കണമെന്നും വെളിവാകുന്നത്. മുത്തശ്ശിക്ക് അവരുടെ പൂര്‍വ്വികരില്‍ നിന്നും പകര്‍ന്ന് കിട്ടിയത് രേഖകളിലാക്കിയത് മനസ്സിലാക്കിയാണ് നമുക്ക് പകര്‍ന്നുതരികയും പിന്‍തലമുറ അത് അനുവര്‍ത്തിച്ചുപോരുകയുമാണ്. തന്റെ ധര്‍മ്മത്തില്‍ നിലനിന്ന് ഈശ്വരകാര്യങ്ങളില്‍ വീഴ്ചവരുത്താതെയും ഈശ്വരാനുഗ്രഹത്താല്‍ പ്രജകളെ പരിപാലിച്ചുപോരുകയും ബ്രഹ്‌മര്‍ഷി സ്ഥാനത്തേക്ക് വിശ്വാമിത്രന്‍ സ്വീകരിച്ച പാത പിന്‍തുടരുകയെന്നതാണ് അമ്പോറ്റിതമ്പുരാന്‍ അനുവര്‍ത്തിക്കേണ്ടതെന്നതാണ് മുത്തശ്ശി പകര്‍ന്നുതന്നിരിക്കുന്ന അറിവ്. ഈ അറിവുകള്‍ കൂടാതെ അമ്പോറ്റിതമ്പുരാന്‍ എന്ന സ്ഥാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി കേരളത്തിലെ ചരിത്രകാരന്മാരുമായി സംവദിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് പൂര്‍വ്വകാലത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഒരു സ്ഥാനപ്പേരാണ് അമ്പോറ്റിത്തമ്പുരാന്‍ എന്നതും ഇടക്കാലത്ത് അത് നിന്നുപോവുകയുമായിരുന്നുവെന്നാണ്.
His Highness His Holiness Manavendra Varma
ശങ്കരോടത്ത് കോവിലകത്തിലെ പ്രധാനആരാധനാമൂര്‍ത്തികളും ആരാധനാ രീതികളും വിശദമാക്കാമോ ?
കോവിലകത്തിന്റെ നാമത്തിലല്ല നാഗയക്ഷി കാവിന്റെ പേരിലാണ് ഈ ക്ഷേത്രവും സ്ഥലവും അറിയപ്പെടുന്നത്. പുളിക്കല്‍ നാഗയക്ഷിക്കാവ് വിശ്വനാഗയക്ഷി ക്ഷേത്രം എന്നാണ് ഈ കോവിലകം തന്നെ അറിയപ്പെട്ടിരുന്നത് . കോവിലകത്തിന്റെ പേര് അറിയപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളു. കാരണം ഈ സ്ഥലത്ത് നാഗയക്ഷിയമ്മയുടെ പ്രാധാന്യവും സര്‍പ്പക്കാവുകളുടെ പ്രാധാന്യവുമാണ് ഉള്ളത്. അതിനുള്ള കാരണം കാവുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. സര്‍പ്പക്കാവുകളിലെ ആരാധനയാണ് ഇവിടെ നടത്തിവരുന്നത്. ക്ഷേത്രം പിന്നീട് ഉണ്ടായതാണ് നമ്മുടെ കുട്ടിക്കാലത്ത് കാവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാവുകളുടെ ചരിത്രമിതാണ്. കോവിലകത്തിന്റെ വലിയതമ്പുരാട്ടിയായിരുന്ന മുത്തശ്ശിയുടെ അമ്മ അംബികത്തമ്പുരാട്ടി (കൊച്ചമ്പു), മുത്തശ്ശിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ ഗുമം എന്ന രോഗം പിടിപെട്ട് തീപ്പെട്ടു. മുത്തശ്ശിയുടെ മുത്തശ്ശിയാണ് നാലുവയസ്സുമുതല്‍ കൊച്ചുമകളെ വളര്‍ത്തിയത്. അന്നത്തെ സമ്പ്രദായത്തില്‍ മുത്തശ്ശിക്ക് നാലരവയസ്സുള്ളപ്പോള്‍ കെട്ടുകല്ല്യാണം കഴിപ്പിച്ചു. അതിനുള്ള കാരണമെന്തന്നാല്‍ കെട്ടുകല്ല്യാണംനടക്കുന്നതിന് മുന്‍പുവരെ കുഞ്ചിക്കാവ് എന്ന സ്ഥാനവും ശേഷം തമ്പുരാട്ടി എന്ന സ്ഥാനവും ലഭിക്കുകയുള്ളു. അതിന്‌ ശേഷമാണ് തേവാരം നടത്താന്‍ അനുവാദം ലഭിക്കുക. നാലര വയസ്സില്‍ തുടങ്ങിയ തേവാരം 104 മത്തെ വയസ്സില്‍ തീപ്പെടുന്നതുവരെ മുത്തശ്ശി മുടങ്ങാതെ തുടര്‍ന്നുപോന്നു. ഞങ്ങളുടെ അറിവ് പ്രകാരം മുത്തശ്ശിയുടെ പത്തുവയസ്സിനുള്ളില്‍ തെക്കിനിയില്‍ ഒരു സ്വര്‍ണ്ണസര്‍പ്പം ഇഴഞ്ഞു വരുന്നതുകാണുകയും മുത്തശ്ശി അതിനെ തല്ലിക്കൊല്ലുകയും ചെയ്തു. സ്വര്‍ണ്ണസര്‍പ്പത്തെ കൊന്നതിന്റെ ശാപത്തിന്‍ ഫലമായി മുത്തശ്ശിയുടെ ശരീരത്തില്‍ വെള്ളപ്പാണ്ട് അഥവാ ചിത്രധാരന്‍ എന്ന രോഗം പിടിപെടുകയും അത് ശരീരമാകെവ്യാപിക്കുകയുമുണ്ടായി. ഇക്കാരണത്താല്‍ ആലോചിച്ചുറപ്പിച്ചിരുന്ന പെണ്‍പൊടവരെ മാറിപ്പോകുകയായിരുന്നു. ശേഷം പള്ളത്ത് കേശവന്‍ നായര്‍ എന്ന നായര്‍ സമുദായത്തില്‍പ്പെട്ട ആളാണ് മുത്തശ്ശിക്ക് പുടവകൊടുക്കുന്നത്. അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിലെ നായിക്ക് ആയിരുന്നു. അദ്ദേഹമാണ് ശങ്കരോടത്ത് കോവിലകം പണികഴിപ്പിച്ച് നിലനിര്‍ത്തിയത്. സ്വര്‍ണ്ണസര്‍പ്പത്തെ കൊന്നതുകൊണ്ടാണ് മുത്തശ്ശി രോഗബാധിതയായതെന്ന് മനസ്സിലാക്കി പ്രായശ്ചിത്തപരിഹാരക്രിയകള്‍ നടത്തുകയും പുനഃപ്രതിഷ്ഠനടത്തി ആരാധിക്കാന്‍ തീരുമാനിച്ചു. ആ കാലഘട്ടത്തില്‍ പ്രശ്‌നചിന്ത നടത്തിയപ്പോഴാണ് ഇവിടത്തെ ഐതീഹ്യം മനസ്സിലാകുന്നത്. പണ്ട് ഇത് കശ്യപമഹര്‍ഷിയുടെ ആശ്രമമായിരുന്നെന്നും അതിനാല്‍ത്തന്നെ സര്‍പ്പസാന്നീധ്യം വേണ്ടുവോളമുണ്ടാകുമെന്നും അവരെ യഥാവിധി ആരാധിച്ചാല്‍ മാത്രമേ ഈ ദുരിതങ്ങള്‍ക്ക് ശാന്തിയുണ്ടാവുകയുള്ളൂ എന്നും മനസ്സിലാക്കി ഉള്ള പരിമിതിയില്‍ വച്ച് തേവാരം നടത്തിവന്നു. ആ മുത്തശ്ശിയുടെ ഒരു മകളുടെ പുത്രനാണ് നോം. എന്റെ ചെറുപ്പകാലത്ത് തറവാടിന്റെ തെക്കിനി മുറ്റത്ത് ഒരു പുളിമരത്തിന്റെ ചുവട്ടിലുണ്ടായിരുന്ന വലിയ പുറ്റ് ആരാധിച്ചുവന്നിരുന്നു. 2007-ല്‍ വലിയൊരു മഴയത്ത് ആ പുറ്റ് തകരുകയും പുറ്റിനുള്ളില്‍ സ്വയംഭൂ ഉണ്ടെന്ന് കണ്ട് അവിടെ ശ്രീലകം പണിയുകയായിരുന്നു. ആ കാലഘട്ടം മുതലാണ് ക്ഷേത്രം ഉണ്ടായത്. അതുവരെ കാവുകള്‍ മാത്രമാണിവിടെ നിലനിന്നിരുന്നത്. ഇവിടത്തെ നിലവറയില്‍ കുടികൊള്ളുന്നത് കശ്യപമഹര്‍ഷിയുടെ ചൈതന്യമാണ്. വിശ്വനാഗയക്ഷിയമ്മയാണ് (മണിനാഗയക്ഷിയമ്മ) ഇവിടത്തെ പ്രധാനമൂര്‍ത്തി. ശ്രീകോവിലില്‍ നാഗരാജാവും, നാഗയക്ഷിയമ്മയും, സര്‍പ്പയക്ഷിയമ്മയും ഒരുമിച്ചിരിക്കുന്നുവെന്നതരത്തിലാണ് ആരാധിച്ചുവരുന്നത്. ഇത് മഹാവിശേഷാരാധനയായി കണക്കാക്കി വരുന്നു. മറ്റൊന്ന് കീഴ്ക്കാവായ ശങ്കരോടത്ത് കാവ്. ഇവിടെ ശങ്കരോടത്തിന്റെ സ്വരൂപദേവത ബാലഭദ്രദേവി പോര്‍ക്കലിഭാവത്തിലാണ് കുടികൊള്ളുന്നത്. ഈ ദേവിയാണ് നമ്മുടെ കുലദേവത. കുലദേവതയെക്കൂടാതെ സപ്തമാതൃക്കളുണ്ട് പാരമ്പര്യോപാസനാമൂര്‍ത്തിയായ കിരാതശിവന്‍ വേട്ടേക്കരപ്പനേയും വച്ചാരാധിച്ചുവരുന്നു. ഇവരാണ് പ്രധാന ദേവതകള്‍.
നാഗങ്ങളും സര്‍പ്പങ്ങളും 
His Highness His Holiness Manavendra Varma
തമ്മിലുള്ള വ്യത്യാസമെന്താണ് ?
നാഗങ്ങളും സര്‍പ്പങ്ങളും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍ നാഗങ്ങള്‍ കാമരൂപികളാണ്. അതായത് നാഗങ്ങള്‍ ഇച്ഛിക്കുന്ന സമയത്ത് ഇച്ഛിക്കുന്ന രൂപം കൈക്കൊള്ളുവാന്‍ കഴിയുന്ന ചൈതന്യമായ വിശ്വകുണ്ഡലീനിയാണ്. വിശ്വത്തിന്റെ തന്നെ കുണ്ഡലീനിയാകുന്ന ശക്തിയാണ് നാഗം. സര്‍പ്പമെന്നാല്‍ സ്ഥൂലരൂപികളാണ്. അവയെ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കും. സാധാരണ നാം കാണുന്നവയെല്ലാം സര്‍പ്പങ്ങളാണ്.
നാഗാരാധനയും 
സര്‍പ്പാരാധനയും 
ഇവയുടെ ചര്യകള്‍ 
വിശദമാക്കാമോ ?
തീര്‍ച്ചയായും. നാഗാരാധനയും സര്‍പ്പാരാധനയും വ്യത്യസ്തമാണ്. രണ്ടിനും രണ്ട് ചര്യകളാണ് . എന്നിരുന്നാലും രണ്ടും ഒന്നിനോടൊന്ന് ചേര്‍ന്നുകിടക്കുന്നതിനാല്‍ രണ്ടും ഒരുമിച്ചേ നിവര്‍ത്തിക്കാറുള്ളു. നാഗാരാധന മാത്രമായിട്ടും സര്‍പ്പാരാധന മാത്രമായിട്ടും ചെയ്യാന്‍ പാടുള്ളതല്ല. നാഗസര്‍പ്പാരാധനകള്‍ക്ക് ഒരുപാട് വൃതാചാരനിഷ്ഠകളുണ്ട്. അതില്‍ പൂര്‍ണ്ണമായ പ്രകൃതിയുപാസനയില്‍ വരുന്നതാണ് സര്‍പ്പാരാധന. പൂര്‍ണ്ണമായ തനുയന്ത്രസാധനയില്‍ വരുന്നതാണ് നാഗാരാധന. അതിനാല്‍ത്തന്നെ നാഗാരാധനയില്‍ തന്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൂടാതെ നിഷ്ഠകളും ആചാരങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. അനുഷ്ടാനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം സര്‍പ്പാരാധനയിലും കണ്ടുവരുന്നു.
മണ്ണാറശ്ശാല ക്ഷേത്രവും പുളിക്കല്‍ ശ്രീ വിശ്വനാഗയക്ഷിക്ഷേത്രവും തമ്മിലുള്ള ബന്ധമെന്താണ് ?
പുളിക്കല്‍ ശ്രീ വിശ്വനാഗയക്ഷിക്ഷേത്രത്തിന് മണ്ണാറശ്ശാല ക്ഷേത്രവുമായി വളരെയടുത്ത ബന്ധമുണ്ട്. ക്ഷേത്രത്തിനെന്ന് മാത്രം പറയാന്‍ സാധിക്കില്ല. ഇന്ന് ശങ്കരോടത്ത് കോവിലകം നിലനില്‍ക്കുന്നുണ്ടെങ്കില്‍, ഈ കോവിലകത്തിന്റെ മുഴുവന്‍ ശ്രേയയസ്സിന്റെയും അനുഗ്രഹം പൂര്‍ണ്ണമായും മണ്ണാറശ്ശാലയില്‍ നിന്നുമാണ്. മണ്ണാറശ്ശാലയെ ഈ കോവിലകത്തിന്റെ മുഴുവന്‍ ഗുരുസ്ഥാനീയരായികണ്ടാരാധിച്ചുവരുന്നു. കാരണങ്ങള്‍ ഇവയാണ്. ഞങ്ങള്‍ ക്ഷത്രീയരാണ്. ഞങ്ങള്‍ക്ക് പൂജാവിധികള്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ ഞങ്ങളുടെ പാരമ്പര്യത്തില്‍ തേവാരവും പരദേവതാരാധനയുമുണ്ട്. പൊതുവെ സ്ത്രീകള്‍ക്ക് തേവാരമുള്ളത് നമ്മുടെ വെട്ടത്ത് വംശത്തിനാണെന്ന ഭാഗ്യവുമുണ്ട്. ഗരുഡനാല്‍ അനുഗ്രഹിക്കപ്പെട്ടതിനാല്‍ വെട്ടത്തെ തമ്പുരാട്ടിമാര്‍ക്ക് തേവാരം ചെയ്യാമെന്നതുമാത്രമല്ല വിഷചികിത്സ ചെയ്യാനുള്ള അനുഗ്രഹവും കിട്ടിയിട്ടുണ്ട്. തേവാരം ഇപ്പോഴും തുടരുന്നു. തന്ത്രം, പൂജ എന്നിവയൊന്നും അനുവദനീയമല്ല. ഈ ഭൂമിയില്‍ വന്നതിന് ശേഷം സര്‍പ്പം ഞങ്ങളുടെ ഉപാസനാമൂര്‍ത്തിയാവുകയായിരുന്നു. കാവുകളുടെ നടുവിലാണ് ഈ കോവിലകം നിലകൊള്ളുന്നത്. ആയതിനാല്‍ സര്‍പ്പങ്ങളെ ഉപാസിക്കേണ്ടതായ നിര്‍ബന്ധഘട്ടത്തിലേക്ക് വരുകയും നമ്മുടെ വലിയമുത്തശ്ശിക്ക് ഗുരുസ്ഥാനത്തുനിലകൊണ്ട് പൂര്‍ണ്ണമായും ആരാധനയിലേക്ക് വഴി തിരിച്ചുവിട്ടത് മണ്ണാറശ്ശാലയിലെ വലിയമ്മ സാവിത്രി അന്തര്‍ജ്ജനമായിരുന്നു. ആ അനുഗ്രഹം ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടുത്തന്നെ വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നിന്നും മണ്ണാറശ്ശാലയ്ക്ക് അവകാശം കൊടുക്കുക എന്ന സമ്പ്രദായം നടന്നുവരുന്നു. ഇവിടെനിന്നും മണ്ണാറശ്ശാലയിലെത്തി അമ്മയെക്കണ്ട് നടപ്പണം സമര്‍പ്പിച്ച് അവിടത്തെ അനുഗ്രഹം വാങ്ങി തൊഴുതുവരാറുണ്ട്. മാത്രമല്ല നിലവറയ്ക്ക് മുകളില്‍ മച്ചില്‍ മണ്ണാറശ്ശാലയപ്പനെയാണ് കുടിയിരിത്തിയിരിക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൂര്‍മ്മത്തിന്റെ പുറത്ത് സ്വര്‍ണ്ണസര്‍പ്പം വരുന്നതായി ഇവിടത്തെ ഒരു കാരണവര്‍ക്ക് ദര്‍ശനം ലഭിക്കുകയുണ്ടായി. അദ്ദേഹം ആള്‍ക്കാരെ വിളിച്ചുകൂട്ടുകയുണ്ടായി. എല്ലാവരും നോക്കിനില്‍ക്കെ സ്വര്‍ണ്ണസര്‍പ്പം മച്ചിലേക്ക് കയറിപ്പോകുകയും ആമ കല്ലാകുകയും ചെയ്തു. ഇപ്പോഴും കല്ലാമയെ നാഗരാജാവിന്റെ വാഹനമായി ആരാധിച്ചുപോരുന്നു. നാഗരാജാവ് നാഗയക്ഷിയമ്മയെ വേളികഴിക്കാന്‍ ഇവിടേക്ക് വന്നുവെന്നാണ് പ്രശ്‌നചിന്തനാര്‍ത്ഥം മനസ്സിലായത്. എന്നും ഇവിടെ നാഗരാജാവിന് ഒരു സ്വീകരണം സങ്കല്പിക്കാറുണ്ട്. നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും തിരുക്കല്ല്യാണോത്സവവും നടത്തിവരാറുണ്ട്.നമുക്ക് അനുഗ്രഹമരുളിയതും മണ്ണാറശ്ശാലയിലെ വലിയതിരുമേനിയാണ്. അതുകൊണ്ടുതന്നെ മണ്ണാറശ്ശാലയിലെ അനുഗ്രഹം കൊണ്ടുതന്നെയാണ് കോവിലകം ഇന്നും നിലനിന്നുപോകുന്നതെന്നത് നിസ്സംശയം പറയാം.
പ്രധാന പ്രതിഷ്ഠകള്‍ക്കൊപ്പം ധാരാളം ഉപദേവതാപ്രതിഷ്ഠകളേയും ഇവിടെ ആരാധിക്കുന്നുണ്ടല്ലോ. ഉപദേവതാസങ്കല്പങ്ങളെക്കുറിച്ച് വ്യക്തമാക്കാമോ?
തീര്‍ച്ചയായും. നാഗയക്ഷിക്കാവില്‍ ഉപദേവതകളായി മണിനാഗം, കരിനാഗം, ബാലഗണപതി, ബാലദണ്ഡായുധപാണി, ബാലമണികണ്ഠന്‍,കേരളാധീശ്വരത്തപ്പന്‍, ആലത്തിയൂരപ്പന്‍, വെട്ടത്തമ്മ, നാഗദേവത, സാളഗ്രാമങ്ങള്‍, നാഗകന്യക, ബാണലിംഗങ്ങള്‍, നാഗചാമുണ്ഡി എന്നീ പ്രതിഷ്ഠകള്‍ ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ പരിവാരമൂര്‍ത്തികളായിട്ടുണ്ട്. കീഴക്കാവില്‍ അന്തിമഹാകാളന്‍, ക്ഷേത്രപാലന്‍ എന്നീ പ്രതിഷ്ഠകളുണ്ട്. ചാതുര്‍വര്‍ണ്യാടിസ്ഥാനത്തില്‍ അഞ്ച് കാവുകള്‍ നിലവിലുണ്ട്. ബ്രാഹ്‌മണസര്‍പ്പക്കാവ് (ബ്രാഹ്‌മണസര്‍പ്പങ്ങള്‍ക്ക്), വിഷസര്‍പ്പക്കാവ് (വൈശ്യസര്‍പ്പങ്ങള്‍ക്ക്), ആഗമസര്‍പ്പക്കാവ് അഥവാ ക്ഷത്രീയസര്‍പ്പക്കാവ് ( ക്ഷത്രീയസര്‍പ്പങ്ങള്‍ക്ക്), ആയില്യംകാവ് ( ശൂദ്രസര്‍പ്പങ്ങള്‍ക്ക്) ഇവകൂടാതെ യക്ഷിക്കാവുമുണ്ട് . യക്ഷിക്കാവില്‍ ഗന്ധര്‍വ്വസ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. ഇവരാണ് ഉപദേവതാസങ്കല്പങ്ങള്‍.
His Highness His Holiness Manavendra Varma
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.