ആത്മവിശ്വാസത്തോടെ ബിസ്സിനസ്സിന്റെ ഉയരങ്ങളിലേക്ക്… ഡോ. സുമിത നന്ദൻ

സുജിത് ചന്ദ്ര കുമാര്‍
ഡോ. സുമിത നന്ദന്റെ വലപ്പാടിനെക്കുറിച്ചുള്ള ആദ്യകാല ഓര്‍മ്മകളില്‍ താന്‍ വളര്‍ന്നുവന്ന കാലഘട്ടവും തന്റെ മുത്തച്ഛന് പരേതനായ വി.സി. പത്മനാഭന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രഭയും തിളങ്ങി നില്ക്കുന്നു. താന്‍ മൂത്ത ആളായതുകൊണ്ടാകാം മുത്തച്ഛന്റെ പ്രിയപ്പെട്ട പേരക്കുട്ടിയായിരുന്നെന്നും, എന്തെങ്കിലും ആഗ്രഹമുണ്ടാകുമ്പോള്‍ അച്ഛനോട് ആവശ്യപ്പെടുന്നതിനേക്കാള്‍ മുത്തശ്ശനേയാണ് സമീപിക്കാറെന്ന് ഡോ. സുമിത നന്ദന് ഓര്‍ക്കുന്നു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനായിരുന്ന വി.സി. പത്മനാഭന്റെ വിയോഗവും ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. ”എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികളായ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സ് വരുന്നതും ഞങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം വിലപിക്കുന്നതും ഞങ്ങള്‍ കണ്ടു. പിന്നെ, ചടങ്ങുകള്‍ക്കായി എനിക്ക് സ്കൂളില്‍ നിന്ന് അവധിയെടുക്കേണ്ടി വന്നു, ഞാന്‍ അന്ന് മൂന്നാം ക്ളാസില്‍ പഠിക്കുകയായിരുന്നു. ‘ ആ സങ്കടകരമായ ഓര്‍മ്മ ഡോ. സുമിത നന്ദന് പങ്കുവയ്ക്കുന്നതിങ്ങനെയാണ്. 1986 ലായിരുന്നു വി.സി. പത്മനാഭന്റെ വിയോഗം. അതേ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ മകന് വി പി നന്ദകുമാര്‍ വലപ്പാട് ഒറ്റമുറി സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വർണ്ണ പ്പണയബിസിനസ്സിന്റെ ചുമതല ഏറ്റെടുത്തു. പിന്നെസംഭവിച്ചത് കോര്‍പ്പറേറ്റ് ചരിത്രമാണ്. ”മണപ്പുറം എന്നത് അക്ഷരാര്‍ഥത്തില്‍ അച്ഛന്റെ ആദ്യത്തെ കുട്ടിയാണ്. അദ്ദേഹം മണപ്പുറം തിന്നുകയും കുടിക്കുകയും ശ്വസിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.’
അക്കാലത്ത്, തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമജീവിതം വളരെ വ്യത്യസ്തമായിരുന്നു, അവര്‍ നിരീക്ഷിക്കുന്നു. ”ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ഞങ്ങളെ അച്ഛന് ബീച്ചില്‍ കൊണ്ടുപോകുമായിരുന്നു. ഞങ്ങള്‍ കടൽത്തീരത്തിന്റെ ഒരു ഭാഗത്ത് നിന്ന് ഒരു അരുവി സമുദ്രത്തില്‍ ചേരുന്ന മറ്റൊരു ഭാഗത്തേക്ക് ഓട്ടമത്സരം നടത്തും, അച്ഛനും ഞങ്ങളോടൊപ്പം ചേരുമായിരുന്നു. തിരികെ വരുമ്പോള്‍, ഞങ്ങളുടെ കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഞങ്ങള്‍ കാണും. അച്ഛന് തന്റെ കുടുംബവുമായും ഞങ്ങളുടെ അയൽക്കാരുമായും വളരെ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അദ്ദേഹം ഞങ്ങളെ എല്ലാവരുമായും ഇടപഴകാന്‍ പ്രേരിപ്പിക്കുമായിരുന്നു.”
ഏഴാം ക്ലാസിനുശേഷം ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ‘എല്ലാത്തവണയുംബാംഗ്ലൂരില് നിന്നും നാട്ടിലേക്ക് വരുമ്പോള്‍, നഗരത്തിലെ തിരക്കില്‍ നിന്ന് വ്യത്യസ്തമായി പച്ചപ്പും ഗ്രാമത്തിന്റെ ചുറ്റുപാടുകളും ജനങ്ങള്‍ തമ്മിലുള്ള അടുപ്പവും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു,’ ഡോ. സുമിത ഓര്‍ക്കുന്നു. സഹോദരങ്ങളോടൊപ്പം അന്ന് കളിച്ചുനടന്നയിടങ്ങളൊക്കെ ‘മണപ്പുറം ഇഫക്റ്റി’ന്റെ ഫലമായി വലപ്പാട് ഇന്ന് ഒരു സ്വയംപര്യാപ്തത നേടിയ ടൗണ്‍ഷിപ്പായി മാറി.
ബാംഗ്ലൂരിലെ പഠനശേഷം കൊടൈക്കനാലിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. ഉപരിപഠനത്തിനായി തുംകൂരിലെ സിദ്ധാര്‍ത്ഥ മെഡിക്കല്‍കോളേജില്‍ ചേര്‍ന്നത് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി. ”ഇത് പലര്‍ക്കും ആശ്ചര്യകരമായിരിക്കാം, പക്ഷേ എന്റെ ആഗ്രഹങ്ങളുടെ പട്ടികയില്‍ വൈദ്യശാസ്ത്രം ഇല്ലായിരുന്നു. എന്റെ അച്ഛന് മണപ്പുറത്തെ വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് നയിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്, ബിസിനസ്സ് അല്ലാതെ മറ്റൊരു ജോലിയും പിന്തുടരാന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാല്‍, പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ കുട്ടികളെ മെഡിസിനോ എന്‍ജിനീയറിങ്ങോ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. എന്റെ മാതാപിതാക്കളും അവരില്‍നിന്നും വ്യത്യസ്തരായിരുന്നില്ല, അവരുടെ ആഗ്രഹപ്രകാരം എനിക്ക് മെഡിസിന് ചേരേണ്ടതായി വന്നു.” അവര്‍ പറയുന്നു. ‘വാസ്തവത്തില്‍, തൃശ്ശൂരിലെ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ഹൗസ് സര്‍ജന്‍സി സമയത്താണ് ഞാന്‍ മെഡിക്കല്‍ മേഖലയില്‍ ശരിക്കും താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും അതിന്റെ എണ്ണമറ്റ സാധ്യതകളിലേക്ക് ഉണര്‍ന്നതും.’ ഡോ. സുമിത പറഞ്ഞു. തുടര്‍ന്ന്, ചെന്നൈയിലെ രാമചന്ദ്രമെഡിക്കല് കോളേജില്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേരുന്നതിന് മുമ്പ് ഒരു വര്‍ഷം ചെന്നൈയിലെ വിജയാ ഹോസ്പിറ്റലില്‍ ജോലി നോക്കിയിരുന്നു.

വിവാഹത്തിന് ശേഷം കൊച്ചിയിലേക്ക് താമസം മാറിയ ഡോ. സുമിത തൃക്കാക്കര സഹകരണ ആശുപത്രി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, കിംസ് തുടങ്ങിയ പ്രമുഖ ആശുപത്രികളില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരു സംരംഭകയാകാനുള്ള ആഗ്രഹം ഡോ. സുമിതയെ മണപ്പുറം ഫിനാന്‍സില്‍ എത്തിക്കുകയായിരുന്നു. ആദ്യം സീനിയര്‍ വൈസ് പ്രസിഡന്റായും പിന്നീട് എംഡിയുടെയും സിഇഒയുടെയും എക്സിക്യൂട്ടീവ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. ഡോ. സുമിതയുടെ മൂന്നരവര്‍ഷത്തെ പ്രവർത്തനത്തിനിടയിൽ, ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ (OGL) ഡിവിഷന്റെ സിഇഒ എന്നതുള്‍പ്പെടെ നിരവധി പ്രധാന അസൈൻമെന്റുകൾ അവര്‍ കൈകാര്യം ചെയ്തു. ‘OGL ഒരു പുതിയ ആശയമായിരുന്നു, എന്നോടൊപ്പം ഒരു യുവടീമുണ്ടായിരുന്നു, ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഞങ്ങള്‍ക്ക് വളരെയധികം മുന്നേറാന്‍ സഹായകമായി,’ ഡോ. സുമിത ഓര്‍മ്മിക്കുന്നു.
2018-ല്‍, ഒരു മെഡിക്കല്‍ പ്രൊഫഷണലെന്ന നിലയില്‍ തന്റെ പരിശീലനത്തോടും കഴിവുകളോടും പൂര്‍ണ്ണനീതി പുലര്‍ത്തിയില്ലെന്ന് സുമിതയ്ക്ക് തോന്നി. ‘ഞാന്‍ എന്റെ തൊഴിലിനെ മിസ് ചെയ്യുന്നുണ്ടായിരുന്നു, ആളുകളുടെ പ്രശ്നങ്ങൾ കേള്‍ക്കാനും അവ പരിഹരിക്കാനും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍,’ ഡോക്ടറായി തിരിച്ചെത്തിയതിനെക്കുറിച്ച് ഡോ.സുമിത പറയുന്നു. തുടക്കത്തില്‍, കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പഠിപ്പിച്ചുവെങ്കിലും, കേരളത്തില്‍ അധികം അറിയപ്പെടാത്ത ഒരു പുതിയ ഉപശാഖയായ കോസ്മെറ്റിക് ഗൈനക്കോളജിയില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ‘കൊച്ചിയിലെ CIMAR ഹോസ്പിറ്റലില്‍ ഞാന്‍ കോസ്മെറ്റിക് ഗൈനക്കോളജി കൈകാര്യം ചെയ്തു, സംസ്ഥാനത്ത് ഇപ്പോഴും ഇത് കൈകാര്യം ചെയ്യുന്നത് ഞാന്‍ മാത്രമാണ്,’ അവര്‍ പറയുന്നു. ”ഒരു ഉദാഹരണം പറഞ്ഞാല്‍, സ്ട്രെസ്സ്ഫുള് യൂറിനറി ഇന്കോണ്ടിനന്സ് പോലുള്ള ഒരു പ്രശ്നത്തിന്, നിങ്ങൾ ഒരു കവിണയോ മെഷോ ഇടുന്നിടത്ത് ശസ്ത്രക്രിയ മാത്രമേ സാധ്യമായിരുന്നുള്ളു. എന്നാലിപ്പോള്‍, നേരത്തെ രോഗനിര്‍ണ്ണയം നടത്തിയാല്‍ നിങ്ങള്‍ക്ക് ലേസര്‍ ഉപയോഗിച്ച് ഇത് പരിഹരിക്കാനാകും, ഈ ചികിത്സാരീതിയില്‍ എനിക്ക് 95 ശതമാനത്തിലധികം വിജയമുണ്ട്. സ്ത്രീകള്‍ തുറന്നുപറയാന്‍ മടിക്കുന്ന മറ്റ് പല അവസ്ഥകള്‍ക്കും ഇപ്പോള്‍ ഫലപ്രദമായ പരിഹാരങ്ങളുണ്ട്.’

2023 ജനുവരിയില്‍ മണപ്പുറം ഫിനാൻസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി തിരിച്ചെത്തിയതോടെയാണ് ഡോ. സുമിതയുടെ ജീവിതം മറ്റൊരു വഴിത്തിരിവിലെത്തിയത്. രാജ്യത്തുടനീളമുള്ള 5,200 ശാഖകളുടെ ശൃംഖലയും 45,000 ജീവനക്കാരുമുള്ള ഒരു എന്‍ബിഎഫ്സിയുടെ പ്രധാനനേതാവ് എന്ന നിലയിലാണ് അവര്‍ ചുമതലയേറ്റിരിക്കുന്നത്. കമ്പനിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയെന്നത് വെല്ലുവിളിയെന്ന് അവര്‍ മനസ്സിലാക്കുന്നു, മറ്റ് മേഖലകളിലുള്ള അവരുടെ എക്സ്പോഷര്‍ ഒരു പ്രത്യേക നേട്ടമാകുമെന്നതില്‍ ഡോ.സുമിതയ്ക്ക് സംശയമില്ല. ”നിങ്ങള്‍ ആരോഗ്യ പരിപാലന മേഖലയിലായാലും ധനകാര്യ മേഖലയിലായാലും, ബിസിനസ്സ് എന്നത് ആളുകളുടെ മാനേജ്മെന്റിനെ കുറിച്ചാണ്. ഒരു ഡോക്ടറായിരിക്കുമ്പോള്‍, നിങ്ങള്‍ കുറച്ചുകൂടി അനുകമ്പയുള്ളവരായിരിക്കും, ആളുകളെ നിയന്ത്രിക്കുന്നതിലും മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇത് ഒരു പ്ലസ് ആയിരിക്കും.” സുമിത പറയുന്നു. ”മണപ്പുറത്ത് ഇപ്പോള്‍ത്തന്നെ സുസ്ഥിരമായ ഒരു സംവിധാനം നിലവിലുണ്ട്. നന്നായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന തരത്തില്‍ കൊണ്ടുവരികയെന്നതാണ് എന്റെ ചുമതല. ബിസിനസ്സിന്റെ വിജയം ഒരു ടീം കെട്ടിപ്പടുക്കുന്നതിലൂടെയും ശരിയായ നേതൃത്വത്തിലൂടെയും മാത്രമാണ് സാധ്യമാകുന്നത്.” എന്റെ വീക്ഷണത്തില്‍, അവരുടെ എതിരാളികളേക്കാള്‍ കുറച്ചുകൂടി നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന കമ്പനികള്‍ക്ക് വിജയം വരുന്നു.
നവീകരണവും മാറ്റത്തിനുള്ള സന്നദ്ധതയും ഇല്ലാതെ, ഒരു ബിസിനസ്സിനും വ്യവസായത്തിനും വിജയിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അവര്‍ കൂട്ടിച്ചേർക്കുന്നു. ”ഡിജിറ്റലിലേക്ക് പോകുന്നത് ഇനി ഒരു പുതിയകാര്യമല്ല, മറിച്ച് അത്യന്താപേക്ഷിതമാണ്. കോവിഡിന് ശേഷം, ആളുകള്‍ സൗകര്യപ്രദമായ രീതി മനസ്സിലാക്കിയതിനാല്‍ എല്ലാം ഡിജിറ്റലായി. ഷോപ്പിംഗ് മികച്ച ഉദാഹരണമാണ്. മെഡിക്കല്‍ ഫീല്‍ഡില്‍ പോലും, ആളുകള്‍ എപ്പോഴും നേരിട്ടുള്ള കണ്സള്ട്ടേഷനില് വിശ്വസിക്കുന്ന ഒരു വ്യവസായത്തില്‍ ഓണ്‍ലൈന്‍ കൺസൾട്ടേഷനിലേക്ക് തിരിഞ്ഞു. എന്നാല്‍ ലോകത്തെത്തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് കോവിഡ് എന്ന് തെളിഞ്ഞു. മാറ്റത്തെ പ്രതിരോധിക്കുന്ന ആളുകള്‍ പോലും ഓണ്‍ലൈന്‍ മോഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി,” അവര്‍ പറയുന്നു.
മണപ്പുറത്ത്ഓഫീസ് കടലാസ് രഹിതമാക്കുന്നതിന് വളരെയധികം സമയവും പരിശ്രമവും ചെലവഴിച്ചതിന്റെ ഉദാഹരണം അവര്‍ ഉദ്ധരിക്കുന്നു. ”ഈ പ്രക്രിയ സുഗമമാക്കാന്‍ ഞങ്ങള്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ചു, പക്ഷേ അത് കാര്യമായി സഹായിച്ചില്ല. എന്നാല്‍ മനുഷ്യര്‍ക്ക് കഴിയാത്തത് കോവിഡ് ഉറപ്പാക്കി, ഓഫീസ് പ്രവര്‍ത്തനം ഇപ്പോള്‍ പേപ്പര്‍രഹിതമാണ്. ഒരു പ്രതികൂല സാഹചര്യമില്ലെങ്കില്‍, മാറ്റം എപ്പോഴും വേദനാജനകമായതിനാല്‍ ആളുകള്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല,” ഡോ. സുമിത വിശദീകരിക്കുന്നു.
ജോലിസ്ഥലത്ത് തിരക്കേറിയ ഷെഡ്യൂള്‍ പാലിക്കുന്നുണ്ടെങ്കിലും, ഡോ. സുമിത തന്റെ മക്കളായ അനുഷ്കയ്ക്കും ആശിര്യയ്ക്കും ഒപ്പം കഴിയുന്നിടത്തോളം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുന്നു. ‘ഞങ്ങളുടെ മാതാപിതാക്കളുടെയും ഒപ്പം കുട്ടികളുടെയും വാക്കുകള്‍ കേൾക്കേണ്ട ഒരേയൊരു തലമുറ ഞങ്ങളുടേതാണ്,’ ഊര്‍ജ്ജസ്വലതയോടെ ഡോ. സുമിത പ്രതികരിക്കുന്നു. ”ഇന്നത്തെ തലമുറയ്ക്ക് നിങ്ങള്‍ എന്ത് പറഞ്ഞാലും അത് സ്വീകരിക്കില്ല, മറിച്ച് ഒരു ദശലക്ഷം ചോദ്യങ്ങളുണ്ടാകും. പക്ഷേ, ഞാന്‍ എപ്പോഴും ജോലി ചെയ്യുന്ന ഒരു സ്ത്രീയായതുകൊണ്ടാകാം, വളരെ അഡ്ജസ്റ്റ് ചെയ്യുന്ന കുട്ടികളുണ്ടായത് എന്റെ ഭാഗ്യമാണ്. എന്റെ ഞായറാഴ്ചകള്‍ കൂടുതലും അവര്‍ക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ കുട്ടികളുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തുന്നത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ ഒരു സുഹൃത്തായിരിക്കുകയും അവരില്‍ ആത്മവിശ്വാസം പ്രചോദിപ്പിക്കുകയും വേണം, അതിലൂടെ അവര്‍ അവരുടെ സന്തോഷങ്ങളും നിരാശകളും നിങ്ങളുമായി പങ്കിടുന്നു,” അവര്‍ പറയുന്നു. ”അതെ, നിങ്ങള്‍ അവരെ നിരീക്ഷിക്കണം, എന്നാല്‍ അതേ സമയം അവര്‍ക്ക് ആവശ്യമായ ഇടം നല്‍കുക. അവരുടെ സ്വകാര്യതയും സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യവും പരാജയപ്പെടാനും തെറ്റുകളില്‍ നിന്ന് പഠിക്കാനും നിങ്ങള്‍ അവരെ അനുവദിക്കണം.”
ശിക്ഷണം സിദ്ധിച്ച ഭരതനാട്യം നര്‍ത്തകിയായ ഡോ. സുമിത മെലഡികള്‍ ശ്രവിച്ചും ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ആസ്വദിച്ചും സെല്‍ഫ് ഇമ്പ്രൂവ്മെന്റ് വീഡിയോകള്‍ കണ്ടുമാണ് വിശ്രമവേളകള്‍ ആസ്വദിക്കുന്നത്. ഒരു മണിക്കൂര്‍ ധ്യാനത്തോടെയും ജപത്തോടെയുമാണ് സുമിതയുടെ ദിവസം ആരംഭിക്കുന്നത്. ”മതവും ആത്മീയതയും തമ്മില്‍ വേര്‍തിരിക്കേണ്ടത് പ്രധാനമാണ്. മതം നിയന്ത്രിക്കുമ്പോള്‍, ആത്മീയത വിമോചനം നല്കുന്നു,” ഡോ. സുമിത വ്യക്തമാക്കുന്നു.
