ഇഡി പരിശോധന 10 വർഷം മുമ്പുള്ള വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ട്: വിശദീകരണവുമായി മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡി ആൻഡ് സിഇഒ വി പി നന്ദകുമാർ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ മണപ്പുറം സ്ഥാപനങ്ങളിലെത്തിയത് കമ്പനിയുടെ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ ഒരു വ്യക്തി നൽകിയ വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ടാണെന്നും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ വ്യക്തമാക്കി. തനിക്കെതിരെ വിദ്വേഷമുള്ള വ്യക്തിയാണ് പരാതിക്കാരനെന്നും ഈ കേസ് മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു. പത്ത് വർഷങ്ങൾക്കുമുൻപ് തൻറെ മാത്രം ഉടമസ്ഥതയിലുണ്ടായിരുന്നതും ഇപ്പോൾ പ്രവർത്തനരഹിതമായ ഈ സ്ഥാപനത്തിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 2012 ഫെബ്രുവരി ഒന്ന് വരെ ഈ സ്ഥാപനം 143.85 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. റിസർവ്വ് ബാങ്കിന്റെ നിർദ്ദേശത്തെ തുടർന്ന് 143.76 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന 9.29 ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. ഇത് പഞ്ചാബ് നാഷനൽ ബാങ്കിലെ ഒരു എസ്ക്രോ (മൂന്നാം കക്ഷി ഇടനില) അക്കൗണ്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അവകാശികളായ നിക്ഷേപകർക്ക് ഇതേ അക്കൗണ്ട് വഴിയാണ് ബാക്കി നിക്ഷേപതുകകൾ തിരികെ നൽകിയിരുന്നത്. റീപേയ്‌മെന്റിന്റെ മന്തിലി റിപ്പോർട്ട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കളക്ട് ചെയ്തിരുന്നു. അവരുടെ പുതിയ റിപ്പോർട്ട് പ്രകാരം (30/ 09 / 2022 ) 9.29 ലക്ഷമാണ് തിരികെ നിക്ഷേപകർക്ക് കൊടുക്കുവാനുള്ള തുക. പ്രസ്തുത നിക്ഷേപകർ മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ ആ തുക പഞ്ചാബ് നാഷനൽ ബാങ്കിലെ മേൽപ്പറഞ്ഞിട്ടുള്ള മൂന്നാം കക്ഷി ഇടനില അക്കൗണ്ടിൽ ഇന്നും സുരക്ഷിതമാണ്. ED യുടെ തിരച്ചിൽ അഗ്രോഫാമുമായി ബന്ധപ്പെട്ട ഇടപാടിലായിരുന്നുവെന്ന് ED യുടെ ഫ്രീസിങ് ഉത്തരവ് തന്നെ വ്യക്തമാക്കുന്നു.
ഈ വിഷയം വർഷങ്ങൾ പഴക്കമുള്ളതും പരക്കെ അറിയപ്പെടുന്നതുമാണ്. ഇതിന്മേൽ ആർബിഐ, സെബി, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നിവർ പ്രത്യേകം അന്വേഷണം നടത്തിയിരുന്നു. പ്രസ്തുത അന്വേഷണങ്ങളിൽ നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത തുകകൾ ദുരുപയോഗം ചെയ്തതായോ അഴിമതി നടന്നതായോ കണ്ടെത്താനായിട്ടില്ല. ഇ ഡി യുടെ തിരച്ചിൽ നടക്കാൻ കാരണമായ എഫ്‌ഐആർ എന്നത് തനിക്കും തൻറെ കുടുംബത്തിനുമെതിരെ ദീർഘകാലമായി വിദ്വേഷം സൂക്ഷിക്കുന്ന ഒരു വ്യക്തിയുടെ ദുർവ്വിനിയോഗത്താൽ ഉണ്ടായ പ്രക്രിയയാണ്. അതിന്റെ നിസ്സാരത ഒടുവിൽ കോടതികൾക്ക് മുന്നിൽ സ്ഥാപിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ട്. അതേസമയം, ഒരുതരത്തിലുള്ള നിയമവിരുദ്ധതയും ഇല്ലെന്ന് തനിക്ക് വ്യക്തമായതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപങ്ങളുടെ ആരോപണം ബന്ധപ്പെട്ട എല്ലാ റെഗുലേറ്റർമാരും ഇതിനകം വിശദമായി പരിശോധിച്ചിട്ടുണ്ട്, മുകളിൽ സൂചിപ്പിച്ചതുപോലെ തനിക്കോ മഗ്രോയ്‌ക്കോ എതിരെ ഒരു പ്രതികൂല ഉത്തരവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ബന്ധപ്പെട്ട എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഒരു ഹർജ്ജി ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ കമ്പനിക്കെതിരെ നിർബന്ധിതനടപടികൾ സ്വീകരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മണപ്പുറത്തിന്റെ എല്ലാ മാന്യ ഇടപാടുകാരുടെയും പൊതുജനങ്ങളുടെയും അറിവിലേക്കായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.