ജനകീയനായ ധീക്ഷണശാലി

ജനകീയനായ ധീക്ഷണശാലി

 

രാഷ്ട്രീയക്കാരൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗം, മുൻ രാജ്യസഭാംഗം, സിഐടിയുവിന്റെ ദേശീയ സെക്രട്ടറി, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിസിഡിഎ) ചെയർമാനുമായ കെ. ചന്ദ്രൻ പിള്ളയുമായി യൂണിക്‌ ടൈംസ് സബ്എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം

ജനകീയനും തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവുമായ താങ്കളുടെ രാഷ്ട്രീയപ്രവേശനം എങ്ങനെയായിരുന്നു ?

1968 – 69 കാലഘട്ടത്തിൽ എന്റെ ഹൈസ്കൂൾ പഠനകാലത്താണ് ഞാൻ രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. ഇന്നത്തെ എസ് എഫ് ഐ യ്ക്ക് മുൻപുള്ള എസ് എഫ് എന്ന വിദ്യാർത്ഥി സംഘടനയിലും സമാന്തരമായി ഞങ്ങൾ താമസിച്ചിരുന്ന എഫ് എ സി റ്റി ടൗൺഷിപ്പിൽ കെ എസ് വൈ എഫ് എന്നൊരു യുവജനസംഘടനയിലും പ്രവർത്തനങ്ങൾ നടത്തിയായിരുന്നു ആരംഭം. അന്ന് തുടങ്ങിയ പ്രവർത്തനങ്ങൾ ഒരു ഇടവേളയില്ലാതെ ഇന്നും തുടരുകയാണ്. എന്നിലെ രാഷ്ട്രീയകാര്യങ്ങൾ പഠിക്കാനുള്ള താല്പര്യം എന്റെ സുഹൃത്തുക്കളെല്ലാം മനസ്സിലാക്കിയിരുന്നുവെന്നുള്ളതാണ്. ജനങ്ങൾ പങ്കെടുക്കുന്ന ചെറുതും വലുതുമായ യോഗങ്ങളിൽ സംസാരിക്കേണ്ടിവരുകയും ക്രമേണ സ്ഥിരമായി പ്രസംഗിക്കേണ്ടതായും വന്നു. അതും ഇപ്പോഴും തുടരുന്നു. സ്കൂൾ പഠനം കഴിഞ്ഞ് കലാലയപഠനത്തിനായി കളമശ്ശേരി സെൻറ് പോൾസ് കോളേജിൽ പ്രവേശിച്ചു. അവിടെയും വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിച്ചിരുന്നു. ശേഷം ബിരുദപഠനത്തിനായി സെൻറ് ആൽബെർട്സ് കോളേജിൽ ചേർന്നു. അന്ന് അടിയന്തിരാവസ്ഥക്കാലമായിരുന്നതിനാൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് പ്രയാസം നേരിട്ടിരുന്ന കാലയളവായിരുന്നു. ഡിഗ്രി പഠനത്തിന്റെ മൂന്ന് കൊല്ലവും എസ് എഫ് ഐ ഘടകത്തിന്റെ സെക്രട്ടറിയായോ പ്രസിഡണ്ട് ആയോ ഞാൻ പ്രവർത്തിച്ചുപോന്നു. ആ ഘട്ടത്തിൽത്തന്നെ നാട്ടിൻപുറത്തെ പാർട്ടിപ്രവർത്തനത്തിലും സജ്ജീവമായി. 1973 ആയപ്പോൾ ഞാൻ പാർട്ടിഅംഗത്വം നേടി. എന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഇതായിരുന്നു.

വിശാലകൊച്ചി വികസന അതോറിറ്റി (GCDA) യുടെ പ്രവർത്തനങ്ങൾ എന്താണെന്ന് വിശദമാക്കാമോ ?

കൊച്ചിനഗരത്തിന്റെ കാര്യക്ഷമമായ വികസനപ്രവർത്തനങ്ങൾക്കായി 1970 കളുടെ മധ്യത്തിൽ രൂപീകൃതമായ ഒരു അതോറിറ്റിയാണ് ജി സി ഡി എ. അന്ന് കൊച്ചിയിൽ വികസനത്തിന്റെ ആവശ്യങ്ങൾ ഒട്ടനവധിയുണ്ടായിരുന്നു. അന്നെന്ന് മാത്രമല്ല ഇന്നും ആവശ്യങ്ങൾക്ക് കുറവില്ല. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ആവശ്യങ്ങളുടെ ഗ്രാഫും കൂടും. അത്തരം ആവശ്യങ്ങൾ നിർവ്വഹിക്കാൻ ആവശ്യമായ ഒരു വലിയ സംവിധാനമുണ്ടാകണമെന്നതാണ്. ഇത്തരത്തിൽ നഗരാസൂത്രണവും അത് നടപ്പിലാക്കാനുള്ള കാര്യനിര്‍വ്വാഹകസമിതിയായിട്ടാണ് ജി സി ഡി എ രൂപംകൊണ്ടത്. കൊച്ചികോർപ്പറേഷനു പുറമേ ഒൻപതോളം നഗരസഭകളും 21 പഞ്ചായത്തുകളും ജി സി ഡി എയുടെ പരിധിയിലുൾപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ രൂപീകരിക്കാനും അവ നടപ്പിലാക്കാനുമുള്ള വലിയസംവിധാനങ്ങളില്ല. വികസനത്തിന്റെ കാര്യത്തിൽ ഏകോപനം ഒരു മുഖ്യഘടകമാണ്. വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, പദ്ധതികളുടെ രൂപകൽപ്പന, ആശയങ്ങളുടെ ആവിഷ്കാരം ഇവയൊക്കെ ഉൾപ്പെടുന്ന ഏകോപനം. ഈ ലക്ഷ്യവുമായി രൂപീകൃതമായ ജി സി ഡി എ യ്ക്ക് വലിയ സംഭാവനകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇന്ന് കൊച്ചി കോർപ്പറേഷന്റെ പ്രാന്തപ്രദേശങ്ങളിൽ പനമ്പിള്ളി നഗർ, ഗാന്ധി നഗർ, മറൈൻഡ്രൈവ്, നഗരവുമായി ബന്ധപ്പെട്ട ഹൗസിങ് കോളനികൾ തുടങ്ങിയവയുടെ വികസനത്തിൽ ജി സി ഡി എ വലിയപങ്കുവഹിച്ചിട്ടുണ്ട്. കാലക്രമത്തിൽ ഭരണഘടനയുടെ 73 – 74 ഭേഭഗതിയുണ്ടായപ്പോൾ തദ്ദേശ്ശസ്ഥാപനങ്ങളെ അത് കൂടുതൽ ശാക്തീകരിച്ചു. ഭരണഘടനാപരമായി ശാക്തീകരണം സംഭവിച്ചുവെങ്കിലും അതിനനുസരിച്ചുള്ള സാങ്കേതിക, മാനേജ്മെന്റ് വൈദഗ്ദ്യം നേടൽ ഈ സ്ഥാപനങ്ങളിൽ പ്രാബല്യത്തിലായില്ലെന്നുമാത്രമല്ല ജി സി ഡി എ യ്ക്ക് പഴയതുപോലെയുള്ള ആധികാരികമായ ഇടപെടലുകൾക്ക് നിയമപിൻബലമില്ലാതെയായി. ആ പോരായ്മ ഇപ്പോഴും നിലനിൽക്കുന്നു. പക്ഷെ ഇതിനിടയിൽ സംഭവിച്ചതെന്തെന്നാൽ ജി സി ഡി എ ആദ്യകാലത്ത് നിർവ്വഹിച്ച ജോലികൾ അതിനേക്കാളും വിപുലമായും സമൃദ്ധമായും ശാസ്ത്രീയമായും നടപ്പിൽ വരുത്തുകയെന്നുള്ള ആവശ്യം വന്നിരിക്കുകയാണിപ്പോൾ. നഗരമെന്നത് പ്രാന്തപ്രദേശങ്ങളിലെ ആളുകൾ കൂട്ടത്തോടെ വന്ന് പാർക്കുന്ന സ്ഥലം എന്നതാണ്. കൃഷിയിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോരുകയും മറ്റ് തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്നതാണ് പ്രത്യക്ഷത്തിൽ സംഭവിക്കുന്നത്. തൊഴിൽ സാധ്യതകളുള്ളതിനാൽ ജനങ്ങൾ നഗരത്തിലേക്കെത്തുകയും ചെയ്യും. ഇങ്ങനെ വരുന്നവർക്ക് യാത്ര, താമസം, ഭക്ഷണം, കുടിവെള്ളം, തൊഴിലവസരങ്ങൾ തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ ഉണ്ടാകും. ഈ ആവശ്യങ്ങളെല്ലാം ചേരുന്നതിനെയാണ് ഇൻഫ്രാസ്ട്രച്ചർ എന്ന് പറയുന്നത്. ഇൻഫ്രാസ്ട്രച്ചർ ഒരുക്കിക്കൊടുക്കുന്നതിൽ വീഴ്ചവരുത്തിയാൽ “ബ്രഹ്മപുരങ്ങൾ” ഉണ്ടാകും. ഇത്തരം സങ്കീർണ്ണതകളക്ക് പരിഹാരം കാണുവാനായി മാറിയചിന്തയും ഭാവനാപൂർണ്ണമായ നിശ്ചയദാർഢ്യയിടപെടലുകളും രാഷ്ട്രീയമണ്ഡലത്തിൽ നിന്നും വരേണ്ടതുണ്ട്. നിലവിലുള്ള സംവിധാനം മതിയാവില്ല. ഈ അവസ്ഥയിൽ ജി സി ഡി എ ലക്ഷ്യമാക്കുന്നതെന്തെന്നാൽ കൊച്ചി, വാസയോഗ്യവും ആകർഷകവുമായ ഒരു നഗരമാണെന്നത് ഉറപ്പുവരുത്തുക. എന്നാൽമാത്രമേ ഇവിടുള്ളവർ തുടരുകയും പുറത്തുള്ളവർ ഇവിടേക്ക് വരുകയുമുള്ളൂ. കൊച്ചിയുടെ സാധ്യത വളരെവലുതാണ്. ഇന്നുള്ള സംവിധാനങ്ങളും സൗകര്യങ്ങളും കൊച്ചിക്ക് മതിയാവില്ല. ഒരു ഗ്ലോബൽ സിറ്റി എന്നുള്ള നിലയ്ക്ക് കൊച്ചിക്ക് ഒരുപാട് ആകർഷകഘടകങ്ങളുണ്ട്. അവ മുഴുവനായിട്ട് പ്രയോജനപ്പെടുത്തുന്നതിൽ നമ്മൾ കൂട്ടായിട്ട് പരാജയപ്പെട്ടിട്ടേയുള്ളു. ആ തിരിച്ചറിവോടുകൂടി നമ്മൾ ഇടപെടുകയും ഭാവനാപൂർവ്വം ആധുനീകസൗകര്യങ്ങൾ ഉണ്ടാക്കുകയും വേണം. ഡെമോഗ്രാഫിക് അഡ്വാൻറ്റേജാണ് ഈ നഗരത്തിന്റെ പ്രത്യേകത. പ്രായപരമായ ഒരു തിരിവ് നടത്തിയാൽ കേരളത്തിൽ യുവജനത കൂടുതലാണ്. കൊച്ചിയിൽ പ്രത്യേകിച്ചും. യുവജനതയുടെ താല്പര്യങ്ങളും അഭിരുചികളും പരിഗണിക്കപ്പെടണം. വിദ്യാഭ്യാസം, വെൽനെസ്സ് , സ്‌പോർട്സ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇപ്പോൾ കണ്ടുവരുന്നത് യുവജനതയുടെ ഭൂരിഭാഗവും വിദേശത്തേക്ക് ജോലിതേടിപോകുകയാണ് . ദൗർഭാഗ്യവശാൽ വിദേശങ്ങളിൽ അവസരങ്ങളുണ്ടുതാനും. വിദേശത്തുണ്ട് എന്ന് കരുതുന്ന, വാസയോഗ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയും ലഭ്യമാക്കണം. അതിന് തയ്യാറാവുകയെന്നതിന് പുറമേ പണം, സ്ഥലം, പദ്ധതിയൊരുക്കൽ എന്നിവ വേണം. അതിനാവശ്യമായ സ്ഥലലഭ്യതക്കായി ലാൻഡ് പുള്ളിങിന്റെ സാധ്യത ഞങ്ങൾ തേടുന്നുണ്ട്. ഇതിനൊക്കെയായി നഗരസഭകളെയും പഞ്ചായത്തുകളെയും കൂട്ടിയിണക്കിക്കൊണ്ട് ഒരു കൂട്ടായ്‌മയും ഒരുക്കുന്നുണ്ട്.

K Chandran Pillai GCDA
K Chandran Pillai

നഗരസൗന്ദര്യവൽക്കരണം എന്നതിലുപരി ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായിട്ടുള്ള ഗതാഗതം, കുടിവെള്ളം, മാലിന്യസംസ്കരണം ഇവയിലൊക്കെയല്ലേ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്? ബ്രഹ്മപുരം വിഷയം അതിലേക്കല്ലേ വിരൽ ചൂണ്ടുന്നത്?

തീർച്ചയായും. പോരായ്മകളുണ്ടെങ്കിലും ജി സി ഡി എ നേരിട്ട് മാലിന്യസംസ്കരണത്തിലേർപ്പെടാനുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ്‌ സെറ്റപ്പിലല്ല. അത് കോർപറേഷനാണ് ചെയ്യുന്നത്. ഇപ്പോഴുള്ള അനുഭവം മുൻനിർത്തി ഏതെങ്കിലും ഒരു പ്രത്യേക ഭാഗം ഏൽപ്പിച്ചാൽ നമുക്ക് ചെയ്യാൻ കഴിയും. ജി സി ഡി എ നേരിട്ട് ചെയ്യുന്നില്ല. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും മറൈൻ ഡ്രൈവിലും ഞങ്ങൾ ഒരു സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്‌ (എസ് ടി പി ) നടത്തുന്നുണ്ട്. അവിടത്തെ മലിനജലം ഉറവിടത്തിൽത്തന്നെയുള്ള പ്ലാന്റിൽ റീസൈക്കിൾ ചെയ്ത് ശുദ്ധജലമാക്കി അവിടത്തെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. മറൈൻഡ്രൈവിലെ എല്ലാ ഫ്ളാറ്റുകളിലേയും മലിനജലം ഈ പ്ലാന്റിലാണ് സംസ്കരിക്കുന്നത്. എസ് ടി പി യെ ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലം കൂടെ സംസ്കരിക്കാനായി എഫ് ടി പി ആകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. JNIS പ്ലാന്റിന് നിലവിൽ 750 KLD (കിലോ ലിറ്റർ പെർ ഡേ) കപ്പാസിറ്റിയാണുള്ളത്. ഇതിന്റെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബാക്കി പുറമെ നിന്നുള്ള മാലിന്യസംസ്കരണവും അവിടെ ചെയ്യാൻ സാധിക്കും. അതിനുള്ള സാങ്കേതികസജ്ജീകരണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. വേസ്റ്റ് മാനേജ്‌മെന്റ് അറ്റ് ദി സോഴ്‌സ് ( ഉറവിടമാലിന്യസംസ്കരണം) ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ബോധി 2 ൻറെ അജണ്ട “ജലമാണ്.” പെരിയാറിന്റെ സമഗ്രപുനരുജ്ജീവനം എന്നതാണ് ഉദ്ദേശലക്ഷ്യം.

ജി സി ഡി എ യുടെ പദ്ധതികൾ നടപ്പിലാക്കുമ്പോൾ നേരിടേണ്ടിവന്ന പ്രധാനവെല്ലുവിളികൾ ഏതൊക്കെയാണ് ?

ഏറ്റവും പ്രധാനം ഫണ്ട് (വിഭവം) ആണ്. ആഗ്രഹിക്കുന്നത് നടപ്പിലാക്കാനായുള്ള വിഭവശേഷിയില്ലയെന്നുള്ളതാണ്. വിഭവങ്ങൾ കണ്ടെത്താനുള്ള മാർഗ്ഗങ്ങളും കുറവാണ്. തനത് വരുമാനത്തിന്റെ കുറവ്. സർക്കാർ സഹായത്തിന്റെ പരിമിതി ഇതൊക്കെയാണ്. പിന്നെ നമുക്ക് സ്വീകരിക്കാൻ പറ്റിയ മാർഗ്ഗമെന്തെന്നാൽ സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കുകയെന്നതാണ്. ഉദാഹരണത്തിന് അംബേദ്ക്കർ സ്റ്റേഡിയം. അതിന്റെ പ്രവർത്തനങ്ങൾ കാലോചിതമാക്കണമെങ്കിൽ വലിയതോതിലുള്ള പണച്ചിലവുണ്ട്. സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് അവരുടെ താല്പര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് നിലവിലുള്ള സ്റ്റേഡിയത്തെ നവീകരിക്കുകയോ ഒരു സെക്കൻഡ് സ്റ്റേഡിയത്തെ നിലവിൽ വരുത്തുകയോ ചെയ്യാം. കൊച്ചിക്ക് ഒരു ട്രേഡ് സെന്റർ ഇല്ല. ഒരു വ്യാപാരമേള നടത്താൻപറ്റിയ സൗകര്യമില്ല. ഈ നഗരത്തിന് ഇതിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന ഒരു മ്യൂസിയം ഇല്ല. സാംസ്കാരികമേഖലയിൽ വിവിധതലങ്ങളിലുള്ളവർക്ക് അർഹമായ പരിഗണന നല്കാൻ സാധിച്ചിട്ടില്ല ഈ പ്രശ്നങ്ങൾ എല്ലാം അഭിമുഖീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അതിനുള്ള ആലോചനയിലാണ്. ആശയങ്ങൾ വേണ്ടുവോളമുണ്ട് വിഭവത്തിന്റെ ലഭ്യതക്കുറവാണ് പ്രധാനവെല്ലുവിളി.

ജീവിതനിലവാരസൂചികയില്‍ കേരളവും അതുപോലെ കൊച്ചിയും മുന്നിലാണ്. അതുപോലെതന്നെ ഹാപ്പിനസ് ഇന്‍ഡക്‌സിലും മുന്നിലെത്തുന്നതിലേക്കായി എന്തൊക്കെ പദ്ധതികളാണ് കൈക്കൊള്ളുന്നത്?

നിലവിലുള്ള പരിതഃസ്ഥിതികളെന്തൊക്കെയാണെന്നത് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു സിറ്റികളെ താരതമ്യം ചെയ്തിട്ടുള്ള കൊച്ചിയുടെ ഹാപ്പിനസ്‌ ഇന്‍ഡക്‌സ് മുന്നോട്ട് കൊണ്ടുവരേണ്ടത്. നമ്മൾ നമ്മളെത്തന്നെ താരതമ്യം ചെയ്ത നമുക്കാവശ്യമായ ഹാപ്പിനസ്സ് ഇൻഡക്സ് ഉണ്ടാക്കുകയാണ് . ഒരു സ്റ്റാൻഡേർഡ് ക്രമീകരിക്കണം. നിലവിൽ കൊച്ചിയുടെ ഹാപ്പിനസ്‌ നിലവാരം എന്താണ്? ഏതൊക്കെ മേഖലകളിലാണ് സന്തോഷമില്ലാതിരിക്കാനുള്ള കാരണങ്ങളുള്ള മേഖല എന്നതാണെന്ന് തിരിച്ചറിഞ്ഞിട്ട്, വരും വർഷങ്ങളിൽ തദ്ദേശസ്ഥാപനങ്ങളും ഗവൺമെന്റും പദ്ധതികൾ തയ്യാറാക്കുമ്പോൾ പ്രസ്തുതമേഖലകൾക്ക് ഊന്നൽ നല്കികൊണ്ട് പ്രവർത്തിക്കും. എറണാകുളത്തെ പത്ത് കോളജുകളിലെ ഇക്കണോമിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ട്ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയാണ് ഹാപ്പിനസ്‌ ഇൻഡക്സ് തയ്യാറാക്കുന്നത്. വരും വർഷങ്ങളിൽ ഇത് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുകയും സ്ഥിതികൾ അവലോകനം ചെയ്ത് വേണ്ടനടപടികൾ കൈക്കൊള്ളുകയുമാണ് ചെയ്യുന്നത്. കൊച്ചി നിരന്തരമായ ഹാപ്പിനസ് ഇന്‍ഡക്‌സ് ഉണ്ടാക്കുകയും അത് എല്ലാ വർഷവും പ്രസിദ്ധീകരിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി പദ്ധതികളാസൂത്രണം ചെയ്യാൻ സാധിക്കുമെന്നുള്ളതാണ്.

K Chandran Pillai GCDA
K Chandran Pillai

കൊച്ചിനഗരത്തിൽ സ്ഥിരതാമസക്കാരെക്കാളേറെ വിദൂരസ്ഥലങ്ങളിൽ നിന്നും വന്നുപോകുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഈ സാഹചര്യത്തിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും അവരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറാൻ വളരെ പ്രയാസമാണ്. ഈ അവസ്ഥ പരിഹരിക്കാൻ ജി സി ഡി എ കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്തൊക്കെയാണ് ?

ജി സി ഡി എ 2023 – 2024 ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് 100 ഇ ടോയ്‌ലറ്റ് കം കഫേ എന്നുള്ള ആശയം. സ്ത്രീകൾക്കും, പുരുഷന്മാർക്കും, ട്രാൻസ്ജെൻഡേഴ്‌സിനുമുള്ള ടോയ്‌ലറ്റ്. ഇതുകൂടാതെ മുലയൂട്ടുന്ന അമ്മമാർക്ക് അതിനുള്ള സൗകര്യവും, ചെറിയൊരു മീറ്റിംഗ് പ്ലേസ് സൗകര്യവും കഫേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു റിഫ്രഷ്മെന്റ് സൗകര്യം എന്നതാണ് വാസ്തവം. സ്വകാര്യപങ്കാളിത്തത്തോടെയാൻ അത് ചെയ്യുന്നത്. “ഇൻക്ലൂസിവ് അർബൻ ഡെവലപ്മെന്റ്” എന്ന സങ്കല്പ്പമാണ് നിലവിൽ പ്രബലത്തിലാക്കാൻ ശ്രമിക്കുന്നത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പിന്നോക്കസമുദായത്തിലുള്ളവർക്കും കുട്ടികൾക്കും വയോധികർക്കുമൊക്കെ ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു നഗരവികസനമാണ് വിഭാവനം ചെയ്യുന്നത്. കുട്ടികൾക്കായി ക്ലിന്റിൻറെ പേരിൽ “ക്ലിന്റ് ഇന്റർനാഷണൽ സെന്റർ ഫോർ ചിൽഡ്രൻ” പ്ലാൻ ചെയ്യുന്നുണ്ട്. കൂടാതെ പട്ടികജാതിപട്ടികവർഗ്ഗ വിദ്യാർഥികൾക്കായി “കായൽസമ്മേളനസ്മാരകം” എന്ന പേരിൽ ഒരു ഹോസ്റ്റൽ പരിഗണയിലുണ്ട്. ഇതിന്റെ ആശയം എന്തെന്നാൽ നഗരത്തിലേക്ക് പരീക്ഷയെഴുതാൻ പഠനാവശ്യങ്ങൾക്കോ മറ്റുകാര്യങ്ങൾക്കോ എത്തുന്ന പിന്നോക്കവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞനിരക്കിൽ താൽക്കാലിക താമസസൗകാര്യം എന്നതാണ്. എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനടുത്താണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുക. ഭിന്നശേഷിക്കാർ നേരിടുന്ന ഒരു വലിയ പ്രശനം നഗരത്തിൽ അവർക്കു താമസസൗകര്യം ലഭിക്കാനുള്ള പ്രയാസമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി കുടുംബശ്രീ മിഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് ഒരു ഹോസ്റ്റൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. കൂടാതെ അവിടെത്തന്നെ അവർക്ക് ചെറിയ വരുമാനം ലഭിക്കുന്ന ജോലികൾ ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ജി സി ഡി എ ഇത് നടപ്പിലാക്കും ഹോസ്റ്റലിന്റെ നിർവ്വഹണച്ചുമതല കുടുംബശ്രീയ്ക്കാണ്. വയോധികർക്കായി ഒരു പാലിയേറ്റീവ് സംവിധാനമൊരുക്കാനും ആലോചനയുണ്ട്. നഗരവികസനം സംഭവിക്കുമ്പോൾ ശക്തർക്ക് മാത്രമല്ല പാർശ്വവത്കരിക്കപ്പെട്ടവർക്കും അതിന്റെ ഗുണഫലങ്ങൾ അനുഭവയോഗ്യമാക്കണമെന്നതാണ് ജി സി ഡി എ യുടെ നയം.

വിശാലകൊച്ചി വികസന അതോറിറ്റിയുടെ
2023 – 2024 ബജറ്റിന്റെ പ്രധാനപദ്ധതികൾ

രാജേന്ദ്രമൈതാനം തുറന്നു കൊടുത്തത് ഒരു ചരിത്ര സംഭവമാണ്. പനമ്പിള്ളി നഗര്‍, ഗാന്ധിനഗര്‍, എന്നിവിടങ്ങളിലൊക്കെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന 10 പാര്‍ക്കുകള്‍ CSML സഹായത്തോടെ വരും മാസങ്ങളില്‍ നവീകരിച്ച് തുറന്നുകൊടുക്കുന്നുണ്ട്.
ഡസ്റ്റിനേഷന്‍ മറൈന്‍ഡ്രൈവ്
ധോബി ഖാനയും ഫോര്‍ട്ട് കൊച്ചി ഡച്ച് സെമിത്തേരിയും നവീകരണം
ജി സി ഡി എ ബിനാലെയുമായി സഹകരിച്ച് സാമ്പത്തിക സഹായം ഉള്‍പ്പടെ നല്‍കി ഹാപ്പിനസ് ഇന്‍ഡക്‌സ് സന്തോഷ സൂചിക പ്രഖ്യാപിക്കുകയും ചെയ്തു.
പെരിയാര്‍ പുന:രുജ്ജീവനദൗത്യം
ബോധി 2023 ന്റെ തീം ‘ജലം’
ശുദ്ധമായ കുടിവെള്ള ലഭ്യത
കൊച്ചിക്കൊരു ‘സ്‌പോര്‍ട്ട്‌സ് മാസ്റ്റര്‍ പ്ലാന്‍’
ജവഹര്‍ലാല്‍ നെഹ്‌റു കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം, ആധുനിക ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ ഉപയോഗിച്ചുള്ള നവീകരണം
നഗരാസൂത്രണത്തിലെ അതി നൂതനമായ സാങ്കേതിക വിദ്യയായ ലാന്‍ഡ് പൂളിംഗ് ഉപയോഗപ്പെടുത്തിക്കൊണ്ട് സ്ഥലം ലഭ്യമാക്കി പദ്ധതികള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള സര്‍ക്കാര്‍, സ്മാര്‍ട്ട് സിറ്റി, കുടുംബശ്രീ, CSR എന്നിവയില്‍നിന്നുള്ള ഫണ്ട് മുഖേനയും പൊതു സ്വകാര്യ പങ്കാളിത്തം, മുന്‍സിപ്പല്‍ ബോണ്ട് മുഖേനയും ഫണ്ട് സമാഹരിച്ചാണ്‌ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
അതോറിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ വിവിധ തലങ്ങളിലായി തിരിച്ചാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഗവേഷണം, തദ്ദേശ സ്വയംവരണം അടിസ്ഥാന വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികള്‍
കേരളത്തിലെ വാണിജ്യ സാമ്പത്തിക തലസ്ഥാനമാണ് വിശാലകൊച്ചിപ്രദേശം. ഏകദേശം ഒരു ചതുരശ്ര കിലോമീറ്ററിന് 3000 ആളുകള്‍ ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പ്രകടമാണ്. ആയതിന് പരിഹാരമെന്നവണ്ണമാണ് ജിസിഡിഎ വിശാലകൊച്ചി പ്രദേശത്ത് വിവിധ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ വിഭാവനം ചെയ്തത്.
പൊതുവായ പശ്ചാത്തലസൗകര്യവികസന പദ്ധതികള്‍, അതോറിറ്റിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ എന്നിവ ഇതില്‍പ്പെടുന്നു. റോഡ് വികസനം, നടപ്പാതനിര്‍മ്മാണം,വാണിജ്യസമുച്ഛയങ്ങള്‍, പാര്‍പ്പിടസമുച്ഛയങ്ങള്‍, കളിസ്ഥലങ്ങള്‍, തുറസായ പൊതുസ്ഥലങ്ങള്‍, മൈതാനങ്ങള്‍, പാര്‍ക്കുകള്‍, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് ഈ പദ്ധതികള്‍. പൊതുജനങ്ങള്‍ക്കും അതോറിറ്റിക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതികളാണിവ.
സിറ്റി സ്‌ക്വയര്‍
കൊമേഴ്‌സ്യല്‍ കം റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് (ജി.സി.ഡി.എ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സും ) കടവന്ത്ര
കരിമുഗള്‍- മള്‍ട്ടി പര്‍പ്പസ് ഹാള്‍
മറൈന്‍ ഡ്രൈവ് ഷോപ്പിംഗ് കോംപ്ലക്‌സ് നവീകരിക്കല്‍
ടര്‍ഫ് സംരക്ഷണ പോളീയെത്‌ലീൻ ടൈല്‍സ്
വനിത ഫിറ്റ്‌നസ് സെന്റര്‍
കായല്‍ സമ്മേളനസ്മാരക ഹോസ്റ്റല്‍
ഷീ ഹോസ്റ്റല്‍
ആധുനിക ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍
നൈറ്റ് ഷെല്‍ട്ടര്‍
റെയിന്‍ബോ എന്ന പേരിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഷെല്‍ട്ടര്‍ ഹോം
നാവിക ചരിത്ര മ്യൂസിയം
കാക്കനാട് പാര്‍ക്കുകളുടെ നവീകരണം
ഫോര്‍ട്ട് കൊച്ചി ഡച്ച് സെമിത്തേരിയുടെ നവീകരണം
ഫോര്‍ട്ട് കൊച്ചി ദോബി ഖാനയുടെ പുനഃര്‍നവീകരണം

ലഹരിയുടെ ഉപയോഗം ഏറിവരുന്ന കാലമാണല്ലോ ഇത്. ലഹരിവിരുദ്ധതയ്ക്ക് പ്രവർത്തനങ്ങൾക്കായി ജി സി ഡി എ സ്വീകരിച്ചിട്ടുള്ള നടപടികളെന്തൊക്കെയാണ് ?

ജി സി ഡി എ യുടെ അധികാരപരിധിയിലോ പ്രവർത്തനങ്ങളിലോ ഉൾപ്പെട്ടതല്ലെങ്കിലും ലഹരിവിരുദ്ധപരിപാടികൾക്ക് നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി വിട്ടുകൊടുക്കാറുണ്ട്. ലഹരിവിരുദ്ധപരിപാടികളുടെ ക്യാമ്പയിനു വേണ്ടി സമീപിക്കുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറ്. ഫ്ലാഷ് മോബ് പോലുള്ളവയ്ക്ക് മറൈൻ ഡ്രൈവ് വിട്ടുകൊടുക്കാറുണ്ട്.

കുട്ടിക്കാലത്തെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും വ്യക്തമാക്കാമോ ?

അച്ഛൻ എം. കേശവപിള്ള , എഫ് എ സി ടി യിലെ ഒരു തൊഴിലാളിയായിരുന്നു. അമ്മ എം. സരസ്വതി അമ്മ . അച്ഛൻ നാവായിക്കുളം സ്വദേശിയും അമ്മ കോട്ടയം അയ്മനം സ്വദേശിനിയുമായിരുന്നു. എഫ് എ സി ടി യുടെ ടൗൺഷിപ്പിൽ നഗരസമാനമായ സൗകര്യങ്ങളിലായിരുന്നു ഞങ്ങൾ പഠിച്ചതും വളർന്നതുമെല്ലാം. ഞങ്ങൾ നാല് മക്കളാണ്. ഭാര്യ കെ എം ഷീല മകൻ പ്രമോദ് സി ദാസ് മകൾ ശാലിനി ചന്ദ്രൻ .

K Chandran Pillai GCDA
K Chandran Pillai GCDA

ഒരു യഥാർഥ ജനകീയനേതാവ് എങ്ങനെയായിരിക്കണമെന്നാണ് താങ്കൾ കരുതുന്നത്?

പൊതുപ്രവർത്തനം ആരും നിർബന്ധിച്ച് ചെയ്യിപ്പിക്കേണ്ട ഒന്നല്ല. സാമൂഹിക ജീവി എന്നുള്ള നിലയിൽ സ്വയം ഒരു ബോധമുണ്ടായി പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങണം. ചെയ്യുന്ന കാര്യത്തിനോട് നീതി പുലർത്തണം. നമുക്കുചുറ്റുമുള്ളവരെയും നമ്മളെ സമീപിക്കുന്നവരെയും സഹജീവിസ്നേഹത്തോടെ പരിഗണിക്കണം. നമ്മളെ അവർ സമീപിക്കുന്നത് നമ്മുടെ മഹത്വം കൊണ്ടല്ല അവർക്ക് എന്തോ ഒരു കാര്യം നമ്മൾ സാധിച്ചുകൊടുക്കേണ്ടതുള്ളതിനാലാണ്. അത് നിവർത്തിക്കുമെന്ന പ്രതീക്ഷയുള്ളതിനാലാണ്. അവരുടെ ആവശ്യം ശാന്തമായി കേൾക്കുകയും നമുക്ക് പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ അതിന്റെ പോംവഴി അവരെ പറഞ്ഞു മനസ്സിലാക്കുക. ഈ പ്രവർത്തനത്തിന് സേവനസ്വഭാവമാണുള്ളത്‌. സേവനം ചെയ്യുമ്പോൾ പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുക. ചെയ്യുന്നതിനെല്ലാം തത്സമയം പ്രതിഫലം ആഗ്രഹിക്കുന്ന രീതി പൊതുപ്രവർത്തനത്തിന്റെ ഭാഗമല്ല. അത് മനസിലാക്കാത്തതാണ് ഇന്ന് കാണുന്ന തെറ്റുകളുടെ ഉറവിടം. വ്യക്തിപരമായ ഒരു പ്രപഞ്ചവീക്ഷണം അതായത് പ്രകൃതിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുള്ളതും കരുതലായി കാത്തുവയ്ക്കണം. അത് നിരന്തരം പുതുക്കികൊണ്ടിരിക്കണം. ഇന്നലെവരെയുള്ള അറിവ് ഇന്നത്തെ ആവശ്യത്തിന് മതിയാകില്ല . അതുകൊണ്ട് ഇന്നലകളിൽ എന്നുകൂടെ ചേർത്ത് നവീകരിക്കണം . നവീകരിക്കാനുള്ള ശ്രമവും മനസ്സുമില്ലാത്തവർക്ക് പുതിയ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാകില്ല. അതുകൊണ്ട് രാഷ്ട്രീയപ്രവർത്തനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും ഒരു സംഗതി പഠനമാണ്. എന്നാൽമാത്രമേ മറ്റുള്ളവരെ സഹായിക്കാൻ സാധിക്കുകയുള്ളു. വ്യക്തിപരമായ മഹത്വത്തിന്റെയോ തറവാട്ടുമഹിമയുടെയോ വിഷയമല്ല, സഹജീവികളോട് നിങ്ങൾക്കുള്ള ശരിയായ മനോഭാവത്തിന്റെയും ബന്ധങ്ങളുടെയും തത്വങ്ങളുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ വിഷയമാണ്. അത് വിപണിയിൽ കിട്ടില്ല. സമൂഹത്തിൽ സാമൂഹികജീവിയായി സഹജീവിസ്നേഹത്തോടെയും പരിഗണനയോടെയും പ്രവർത്തിച്ചാൽ മാത്രമേ സ്വായത്തമാക്കാൻ സാധിക്കുകയുള്ളു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.