മതസാഹോദര്യത്തിൻ്റെ മഹനീയ മാതൃക; നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്രക്കമ്മിറ്റിയുടെ പായസ വിതരണം

സാഹോദര്യത്തിന്റെ മധുരവുമായി നബിദിന ഘോഷയാത്രയെ വരവേറ്റ് ക്ഷേത്രക്കമ്മിറ്റി. മലപ്പുറം തിരൂർ ചേന്നര മാളികത്താഴത്ത് ഭഗവതി ക്ഷേത്രം കമ്മിറ്റിയാണ് മീലാദ് റാലിയിലെ കുരുന്നുകൾക്ക് പായസമൊരുക്കി സാഹോദര്യത്തിന്റെ മഹനീയ മാതൃക തീർത്തത്. തൊപ്പിയണിഞ്ഞ കുരുന്നുകൾ ക്ഷേത്ര കവാടത്തിൽ ദഫ് താളം ഉയർത്തിയപ്പോൾ കുറിയിട്ട മനുഷ്യർ പായസമൊരുക്കി സ്‌നേഹവിരുന്നൂട്ടി. ചേന്നര പെരുന്തിരുത്തി നൂറുൽ ഇസ്ലാം മദ്രസയുടെ നബിദിന ഘോഷയാത്രയെയാണ് മംഗലം ചേന്നര മാളികത്താഴത്ത് ക്ഷേത്രം കവാടത്തിൽ പായസവും മിഠായിയും നൽകി വരവേറ്റത്. വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമായി ഇരുന്നൂറിലേറെയാളുകളാണ് റാലിയിലുണ്ടായിരുന്നത്. ക്ഷേത്ര കവാടത്തിൽ പുലർച്ചെ തന്നെ കമ്മിറ്റിക്കാർ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ടേബിളുകളിൽ പായസവും വലിയ തളികകളിൽ മിഠായിയും തയ്യാറാക്കിയതിന് പിന്നാലെ ഘോഷയാത്ര കടന്നെത്തി. തുടർന്ന് ക്ഷേത്ര കവാടത്തിൽ ജാഥാ അംഗങ്ങളുടെ ദഫ് താളം. ദഫിനിടെ മദ്രസ സദർ മുഅല്ലിം സൈതലവി ദാരിമി ക്ഷേത്രം ഭാരവാഹികളുടെ അടുത്തെത്തി സ്‌നേഹവിരുന്നിന് നന്ദി അറിയിച്ചു. പായസ വിതരണത്തിൽ ക്ഷേത്രം ഭാരവാഹികൾക്കൊപ്പം ജാഥാ അംഗങ്ങളും പങ്കാളികളായി. മുഴുവൻ ജാഥാ അംഗങ്ങൾക്കും പായസം ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയാണ് പായസ വിതരണം അവസാനിപ്പിച്ചത്.
Photo Courtesy : Google/ images are subject to copyright