യുവാക്കളുടെ മരണം; അനന്തകുമാർ കൃഷിയിടത്തിലേക്ക് വൈദ്യൂതി എത്തിച്ചത് പൈപ്പ്‌ലൈൻ വഴി

പാലക്കാട് കരിങ്കരപ്പള്ളിയില്‍ വൈദ്യൂതാഘാതമേറ്റ് യുവാക്കള്‍ മരിച്ച കേസില്‍ സ്ഥലമുടമ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് സ്ഥിരീകരണം. യുവാക്കള്‍ ഷോക്കേറ്റ് മരിച്ചുകിടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ഒരു മൊബൈല്‍ ഫോണും ചെരുപ്പുകളും കല്‍മണ്ഡപത്തിനു സമീപം കനാലിലാണ് സ്ഥലമുടമ ആനന്ദ് കുമാര്‍ ഉപേക്ഷിച്ചത്. തെളിവെടുപ്പിനിടെ ഇത് സ്ഥലത്തുനിന്നും കണ്ടെടുത്തു. കൃഷിയിടത്തിലേക്ക് ആനന്ദ്കുമാര്‍ വൈദ്യുതി എടുത്തിരുന്നത് വീട്ടിലെ ശുചിമുറിയില്‍ നിന്നാണെന്ന് കണ്ടെത്തി. വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വീട്ടില്‍ നിന്നും 500 മീറ്ററോളം അകലെയാണ് കൃഷിയിടം. കുഴല്‍കിണറിന്റെ പൈപ്പ് ലൈന്‍ വഴി വിദഗ്ധമായി മറ്റുള്ളവരുടെ കാഴ്ചയില്‍ നിന്ന് മറച്ചാണ് വൈദ്യുതി ലൈന്‍ കൃഷിഭൂമിയില്‍ എത്തിച്ചിരുന്നത്.
കൊട്ടേക്കാട് സ്വദേശി സതീഷ് (22), പുതുശ്ശേരി സ്വദേശി ഷിജിത്ത് (22) എന്നിവരാണ് മരിച്ചത് തെളിവു നശിപ്പിക്കാന്‍ വിദഗ്ധമായ നീക്കമാണ് ആനന്ദ്കുമാര്‍ നടത്തിയത്. ഇരുവരുടെയും വയര്‍ വെട്ടിമുറിച്ചാണ് ചതുപ്പില്‍ ആഴം കുറഞ്ഞ കുഴിയെടുത്ത് കുഴിച്ചിട്ടത്. ചതുപ്പില്‍ മൃതദേഹം പൊങ്ങിവരാതിരിക്കാനായിരുന്നു വയര്‍ മുറിച്ചത്. അപകടം നടന്നത് ശ്രദ്ധയില്‍പെട്ടയുടന്‍ വൈദ്യൂതി ലൈന്‍ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് യുവാക്കള്‍ ഇതുവഴി വന്നത്. ആ സമയത്ത് തന്നെ അപകടം നടന്നിരിക്കാമെന്നാണ് സൂചന. കാട്ടുപന്നി കെണിയില്‍ വീണോ എന്നറിയാന്‍ പുലര്‍ച്ചെ സ്ഥലത്തെത്തിയ ആനന്ദ് കുമാര്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടിരുന്നു. മറ്റാരുടേയും ശ്രദ്ധയില്‍ പെടാതെ സ്ഥലത്തുനിന്ന് മാറ്റിയിടുകയും രാത്രി വന്ന് കുഴിച്ചിടുകയുമായിരുന്നു.
Photo Courtesy : Google/ images are subject to copyright