സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. കേരളത്തിൽ പടിഞ്ഞാറൻ ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ 10 ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് പുറമെ, മൂന്നിടങ്ങളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വടക്കൻ – കർണ്ണാടക തീരപ്രദേശത്തിന് മുകളിലും തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലും വടക്കൻ മധ്യപ്രദേശിന് മുകളിൽ ഓരോ ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. അതിന് പുറമെ, ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ സാധ്യതയും നിലനിൽക്കുന്നുണ്ട്. മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് -കിഴക്കൻ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുടർന്ന് പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചുകഴിഞ്ഞു. ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അറിയിച്ചു.
Photo Courtesy : Google/ images are subject to copyright