പ്രതിസന്ധി രൂക്ഷം; കേന്ദ്ര സർക്കാരിൽ നിന്നും സഹായം ലഭിച്ചിട്ടും ഒന്നാം തിയതി ശമ്പളം കൊടുക്കാനാവാതെ സർക്കാർ
കേന്ദ്രത്തിൽ നിന്ന് 4122 കോടി രൂപ സഹായമായി ലഭിച്ചിട്ടും ഒന്നാം തിയതി ശമ്പളം കൊടുക്കാനാവാതെ കേരളാ സർക്കാർ. കേരളത്തിനുള്ള നികുതി വിഹിതത്തിന്റെ ഭാഗമായി 2736കോടിയും ഐ.ജി.എസ്.ടി.യുടെ വിഹിതമായ 1386കോടിയും ചേർത്താണ് 4122കോടി കിട്ടിയത്. പൊതുവെ ഈ തുക മാർച്ച് അവസാനമാണ് ലഭിക്കേണ്ടത് . കേരളത്തിന്റെ കനത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കേന്ദ്രം ഈ തുക നേരത്തെ നൽകുകയായിരുന്നു. എന്നാൽ ഇത് കൊണ്ടും കാര്യമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ഒന്നാം തീയതി മുതൽ പത്താംതീയതിവരെയുള്ള ദിവസങ്ങളിലാണ് ജീവനക്കാരുടെ ശമ്പളവിതരണം. സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊലീസിനും മറ്റു ചില വിഭാഗങ്ങൾക്കും ഒന്നാംതീയതിയാണ് ശമ്പളവിതരണം.എന്നാൽ പതിനഞ്ചുവർഷത്തിനുശേഷം അത് ആദ്യമായി മുടങ്ങി. സാങ്കേതിക പ്രശ്നങ്ങൾ ആണ് കാരണം എന്നാണ് ട്രഷറി ഡയറക്ടറുടെ വിശദീകരണം. വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള പെൻഷനും ഭൂരിഭാഗം അക്കൗണ്ടുകളിലും എത്തിയില്ല. അതെ സമയം ലോക് സഭാ ഇലക്ഷൻ പടി വാതിലിൽ എത്തി നിൽക്കെ, പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സാമൂഹ്യ പെൻഷൻ എങ്കിലും പ്രഖ്യാപിക്കണം എന്ന ആഗ്രഹം സർക്കാരിനുണ്ട് എന്നാൽ നിലവിൽ അതിനും കഴിയാത്ത സാഹചര്യം ആണുള്ളത്. സാമൂഹ്യക്ഷേമപെൻഷന്റെ ആറ് മാസത്തെ കുടിശികയടക്കം ഏകദേശം 40000കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് സർക്കാരിന് മുന്നിലുള്ളത്. വായ്പ തിരിച്ചടവ്, ശമ്പളപെൻഷൻ വിതരണം, കരാർ കുടിശിക,ആനുകൂല്യവിതരണം,തുടങ്ങി സാമ്പത്തിക വർഷാവസാനം നിർവഹിക്കേണ്ട ചെലവുകൾ മാത്രം 22000കോടിയോളം വരും. കൂടുതൽ വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചാലല്ലാതെ ഒരടി മുന്നോട്ട് വെക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത് എന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.
Photo Courtesy: Google/ images are subject to copyright