രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 28 നും 30 നും മദ്ധ്യേ പ്രായമുള്ള വ്യക്തിയുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബില്ലിംഗ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഇയാൾ കഫേയിൽ എത്തി ഭക്ഷണം ഓർഡർ ചെയ്ത ശേഷം കഴിക്കാതെ മടങ്ങുകയായിരുന്നു. തൊപ്പിവച്ച് മുഖം മറച്ച രീതിയിൽ പ്രതി കഫെയിലേക്ക് കയറി വരുന്നത് ദൃശ്യങ്ങളിൾ കാണാം. ബോംബ് അടങ്ങുന്ന ബാഗ് കഫേയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ബസ് ഇറങ്ങി സ്ഫോടക വസ്തു നിറച്ച ബാഗുമായി പ്രതി കഫേയിലെത്തുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കടയിലെത്തിയ ഇയാൾ റവ ഇഡ്ഡലി ഓർഡർ ചെയ്തെങ്കിലും അത് കഴിക്കാതെ കഫേയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച ബാഗ് എടുക്കാതെയാണ് പ്രതി മടങ്ങിയത്. ഇതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഉച്ചയോടെ പ്രതിയുടെ വ്യക്തമായ ചിത്രം ലഭിക്കും എന്ന് പോലീസ് അറിയിച്ചു. ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ആളുമായി പ്രതിയെന്ന് സംശയിക്കുന്നയാൾ സംസാരിച്ചിരുന്നു. കാഷ്യറെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് കഫേയിൽ ബോംബ് സ്ഫോടനം നടന്നത്. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇതിൽ ആരുടേയും പരിക്കുകൾ ഗുരുതരമല്ല.
Photo Courtesy: Google/ images are subject to copyright