വ്യാജ ബില്ലുകൾ നിർമ്മിച്ച് 1,000 കോടിയുടെ GST വെട്ടിപ്പ്
ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടത് കോടികളുടെ നികുതി വെട്ടിപ്പ്. 1,000 കോടി രൂപയുടെ നികുതി വെട്ടിപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ജില്ലകളിലായി മുന്നൂറിലധികം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഷെല്‍ കമ്പനികളുടെ മറവിലെ ജിഎസ്ടി വെട്ടിപ്പ് പിടികൂടാനായാണ് ജിഎസ്ടി വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിങ്ങനെ ഏഴ് ജില്ലകളിലെ നൂറിലധികം ഇടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നുണ്ട്. അര്‍ഹതയില്ലാത്ത ജിഎസ്ടി ക്രെഡിറ്റ് കിട്ടാനായി ഷെല്‍ കമ്പനികളുണ്ടാക്കി, വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തല്‍.

