തിളക്കമുള്ള ചർമ്മത്തിന് അരിപ്പൊടി മാജിക്ക്

ചർമ്മസംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അരിപ്പൊടി. വെയിലേറ്റ് കരുവാളിച്ച ചർമ്മത്തിന്റെ തിളക്കം കൂട്ടാനും ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും അരിപ്പൊടി ഏറെ സഹായിക്കും.
തൈര്
ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും കുറച്ചു തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. സാധാരണ വീട്ടിലുണ്ടാക്കുന്ന തൈര് വേണം ഈ ഫേസ്പാക്കിനായി ഉപയോഗിക്കേണ്ടത്. ഈ പേസ്റ്റ് വൃത്തിയാക്കിയ മുഖത്തു പുരട്ടുക. 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി വ്യത്തിയാക്കാം. തൈരിന് ബ്ലീച്ചിങ് ഗുണങ്ങളുള്ളതിനാൽ ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കുന്നു.
മഞ്ഞൾ
ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും അര ടീസ്പൂൺ മഞ്ഞളും കുറച്ച് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം. പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ മഞ്ഞൾ ചർമ്മത്തിലെ മുഖക്കുരു തടയാനും മുഖത്തെ പാടുകളകറ്റാനും സഹായിക്കുന്നു.
തേങ്ങാപ്പാൽ
ഒരു പാത്രത്തിൽ കുറച്ച് അരിപ്പൊടിയെടുത്ത് തേങ്ങാപ്പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം. വരണ്ട ചർമ്മത്തിന് ഉത്തമമാണ് തേങ്ങാപ്പാൽ. ഈ മിശ്രിതം ചർമ്മത്തിന്റെ വരൾച്ചമാറ്റി തിളക്കമുള്ളതാക്കുന്നു.
നാരങ്ങ നീര്
ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തിടുക. 30 മിനിറ്റിന് ശേഷം കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം. സിട്രിക്, ബ്ലീച്ചിങ് ഗുണങ്ങളടങ്ങിയ നാരങ്ങാനീര് മുഖചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനും മുഖചർമ്മത്തിന് തിളക്കം കൂട്ടാനും സഹായിക്കും.
ഗ്രീൻ ടീ
കുറച്ചു വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് ഒരു സ്പൂൺ ഗ്രീൻടീ ചേർത്ത് രണ്ട് മിനിട്ടുകൾക്ക് ശേഷം അരിച്ചെടുക്കുക. ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് ഗ്രീൻ ടീയും ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. അതിന് ശേഷം ഈ മിശ്രിതം കഴുകിവൃത്തിയാക്കിയ മുഖത്തിൽ പുരട്ടുക. ഇരുപത് മിനിട്ടുകൾക്ക് ശേഷം ഇത് കഴുകികളയുക. ആന്റിഓക്സിലെന്റ് അടങ്ങിയ ഗ്രീൻ ടീ ആരോഗ്യത്തിനെന്നപോലെ സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്.
കറ്റാർവാഴ
സൗന്ദര്യസംരക്ഷണത്തിന് ഏററവും മുന്നിലാണ് കറ്റാർവാഴയുടെ സ്ഥാനം. ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയിൽ ആവശ്യത്തിന് കറ്റാർവാഴജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. മുഖചർമ്മത്തിന് തിളക്കവും മൃദുത്വവും ലഭിക്കാൻ ഈ പാക് നല്ലതാണ്.
തേൻ
ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ പ്രകൃതിദത്തമായ വരദാനമാണ് തേൻ. ബ്ലീച്ചിങ് ഗുണങ്ങളും തേനിലടങ്ങിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയിൽ അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തുപുരട്ടി 20 മിനിറ്റിന് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമായിരിക്കും. ചർമ്മത്തിന്റെ തരം മനസ്സിലാക്കി ആവശ്യമുള്ള പ്രതിവിധികൾ ചെയ്യുക. കൂടാതെ ചർമ്മസംരക്ഷണത്തിനോടൊപ്പം പോഷകാഹാരങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്.
Photo Courtesy: Google/ images are subject to copyright