നിസ്‌കാരത്തിനായി പ്രത്യേകമുറി അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി നിർമ്മലാ കോളേജ്
നിർമ്മലാ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് കോളേജ് മാനേജ്‌മെന്റ്. കഴിഞ്ഞ 72 വർഷത്തിനിടയിൽ ആരും ഇത്തരത്തിലൊരു ആവശ്യം ഉയർത്തിയിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒരേപോലെ പ്രതിജ്ഞാബദ്ധരാണെന്നും, പ്രിൻസിപ്പൽ ഡോ. കെവിൻ കെ കുര്യാക്കോസ് വ്യക്തമാക്കി. അതെ സമയം നിസ്കാരവുമായി ബന്ധപ്പെട്ട് നിർമ്മല കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ തീരുമാനത്തെ പൊതുസമൂഹവും അംഗീകരിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജിന് 20 മീറ്റർ ദൂരത്തിൽ മോസ്‌ക് സ്ഥിതി ചെയ്യുന്നുണ്ട്. അവിടേക്ക് നിസ്‌കാരത്തിനായി പോകുന്നതിൽ വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുള്ള വിലക്കുമില്ല. മാത്രമല്ല അതിനായി ഒരു മണിക്കൂർ സമയവും അനുവദിച്ചിട്ടുണ്ട്, പ്രിൻസിപ്പൽ വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാർത്ഥികളുമായി ഒരു തരത്തിലുമുള്ള ചർച്ചയുമില്ല. മാത്രമല്ല സമരം നടത്തിയവർക്കെതിരായ അച്ചടക്ക നടപടികൾ കോളേജിന്റെ വിവിധ സമിതികൾ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈക്കൊളളുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Photo Courtesy: Google/ images are subject to copyright