സംസ്ഥാനത്ത് കോളറ എന്ന മഹാമാരി വീണ്ടും പിടിമുറക്കുന്നു; തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം
തിരുവനന്തപുരത്ത് യുവാവ് മരിച്ചത് കോളറ ബാധിച്ചാണെന്ന് സംശയം. നെയ്യാറ്റിൻകരയിൽ ദിവ്യാംഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനുവാണ് മരിച്ചത് . അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. തവരവിള ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസിയാണ് 26-കാരൻ അനു. ഹോസ്റ്റലിലെ ഒൻപത് അന്തേവാസികൾ കൂടി വയറിളക്കം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് എന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017 ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം . വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ ‘കോളറാ ടോക്‌സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. വയറിളക്കവും ഛർദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.