കേരളത്തെ കണ്ണീരിലാഴ്ത്തി ചൂരൽമലയും മുണ്ടക്കൈയും; ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 277 ആയി.

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണം 277 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇരുനൂറിലേറെ പേരെ കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇപ്പോഴും നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു.
രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിക്കും. കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം ദിവസമായ ഇന്നത്തെ തിരച്ചിൽ. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302പേരോളം ഉണ്ട്. 1,167 രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തി. 99 പേർ ചികിത്സയിലും മറ്റുള്ളവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി.
96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും, 166 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. പ്രധാനമന്ത്രി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്ന് കേരളത്തിന് 145 കോടി രൂപ വിതരണം ചെയ്തതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ അറിയിച്ചു.
മുണ്ടക്കൈയിൽ സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പുഴയിലെ കുത്തൊഴുക്കിനെ അവഗണിച്ചാണ് നിർമാണം. രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനായി മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് 190 അടി നീളമുള്ള ബെയ്‌ലി പാലം നിർമ്മിക്കുന്നത്.
പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനാകുമെന്ന് റെവന്യു മന്ത്രി കെ. രാജൻ. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കൂടെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങള്‍ സ്‌പോട്ട് ചെയ്യും. നൂറിലധികം ആംബുലൻസുകൾ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായതായാണ് റിപ്പോർട്ട്. അതുവഴി, കൂടുതൽ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങൾ മുണ്ടക്കൈയിലേക്കു എത്തിക്കാൻ സാധിക്കും. 24 ടൺ ഭാരമുള്ള പാലം ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സാമഗ്രികൾ 17 ട്രക്കുകളിലായാണ് വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്. രക്ഷാപ്രവർത്തനത്തിന് 100 സൈനികരും ഉടൻ തന്നെ ദുരന്തസ്ഥലത്ത് എത്തും. പാലം രാവിലെ കരയുമായി ബന്ധിപ്പിക്കും. പാലം പൂർത്തിയായാൽ കൂടുതൽ യന്ത്ര സാമഗ്രികൾ മുണ്ടക്കൈയിലേക്ക് എത്തിക്കാനാകും.
മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ദുരന്തമേഖല സന്ദർശിച്ചിരുന്നു. കൂടാതെ ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ഇന്ന് വായനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുലും പ്രിയങ്കയും സന്ദർശിക്കും. ചൊവ്വാഴ്ച ഇരുവരും വരാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് അനുമതി കിട്ടിയിരുന്നില്ല. തുടർന്ന് സന്ദർശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദുരന്തം ഉണ്ടായതിനെ തുടർന്ന് വിഷയം രാഹുൽ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും, പ്രളയക്കെടുതി നേരിടാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 നാണ് യോഗം. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
Photo Courtesy : Google/ images are subject to copyright