നീലേശ്വരം അപകടത്തിൽ കേസെടുത്ത് പൊലീസ്; ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയിൽ
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു. കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. തെയ്യം നടക്കുന്നതിന്‍റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയിൽ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ പടക്കങ്ങള്‍ അടങ്ങിയ ബോക്സുകള്‍ സൂക്ഷിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാര മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. അര്‍ദ്ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തിൽ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.
Photo Courtesy: Google/ images are subject to copyright