പറന്നുയർന്ന് ജലവിമാനം; കേരളത്തിന് സ്വപ്നസാക്ഷാത്‍കാരം
സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകി ജലവിമാനം കൊച്ചിയിൽ നിന്ന് പറന്നുയര്‍ന്നു. ടൂറിസം വികസനത്തിന് കരുത്തേകി ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിലാണ് ലാൻഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പൻ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. മൈസുരുവിൽ നിന്ന് ഇന്നലെയാണ് ജലവിമാനം കൊച്ചിയിലെത്തിയത്. കനേഡിയൻ കമ്പനിയുടെ ജലവിമാനമാണ് എത്തിയിരിക്കുന്നത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
Photo Courtesy: Google/ images are subject to copyright