പാർട്ടി തന്നെ മനസിലാക്കിയില്ല; ഇപിയുടെ ആത്മകഥ ഭാഗങ്ങൾ പുറത്ത്
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം. പാലക്കാടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. എന്നാൽ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ. ‘ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്’. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു.
Photo Courtesy: Google/ images are subject to copyright