പി പി ദിവ്യയെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ പി.പി. ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ദിവ്യയ്ക്കായി പോലീസ് നല്‍കിയ കസ്റ്റഡിയപേക്ഷ കോടതി അനുവദിച്ചു. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് ദിവ്യയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പോലീസ് ആവശ്യപ്പെട്ടത് രണ്ടു ദിവസത്തേക്കുള്ള കസ്റ്റഡിയാണെങ്കിലും കോടതി അനുവദിച്ചത് ഒരു ദിവസത്തെ കസ്റ്റഡിയാണ്. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ആദ്യ ദിവസം അറസ്റ്റിലായപ്പോൾ തന്നെ ചോദ്യം ചെയ്തതിനാൽ ഇനിയും കൂടുതൽ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ദിവ്യയുടെ ജാമ്യഹർജ്ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹർജ്ജിയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുൻകൂർ ജാമ്യ ഹർജ്ജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജ്ജി സമർപ്പിച്ചത്.
Photo Courtesy: Google/ images are subject to copyright