മദ്യലഹരിയിൽ വാഹനമോടിച്ച ക്ലീനർക്ക് ലൈസൻസില്ല; റോഡിൽ ചതഞ്ഞരഞ്ഞ് 5 ജീവനുകൾ
തൃശൂരിൽ തടിലോറി പാഞ്ഞുകയറി നാടോടി സംഘത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനം ഓടിച്ചത് ക്ലീനറാണെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രൈവർ കണ്ണ് തുറക്കാനാവാത്ത വിധം മദ്യലഹരിയിലായിരുന്നു. ക്ലീനർക്ക് ലൈസൻസും ഇല്ലെന്ന് വിവരങ്ങളുണ്ട്. രണ്ട് പേരെയും പോലീസ് കസ്റ്റിഡിയിലെടുത്തു. കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്‌സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് കിടന്നുറങ്ങിയ നാടോടി സംഘത്തിലെ അഞ്ച് പേരാണ് അതിദാരുണമായി മരണപ്പെട്ടത്. തൃപ്രയാർ ഏകാദശി നടക്കുന്നതിനാൽ സമീപത്തെ ഗ്രൗണ്ടിൽ പാർക്കിംഗ് അനുവദിച്ചിരുന്നു. ഇതോടെയാണ് സംഘം കിടക്കാനായി ഹൈവേയിലേക്ക് മാറിയത്.ആദ്യ കാഴ്ചയിൽ മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.പലർക്കും അംഗഭംഗം സംഭവിച്ചിരുന്നു.ഉടൻ തന്നെ വലപ്പാട് പോലീസ് സ്ഥലത്തെത്തി. റോഡിൽ ചോറ്റുപാത്രവും ബാഗും ബക്കറ്റുമെല്ലാം ചിതിറത്തെറിച്ച നിലയിലാണ്. രാവിലെയായിട്ടും മൃതദേഹങ്ങൾ പൂർണ്ണമായും നീക്കാൻ സാധിച്ചിട്ടില്ല.മരിച്ച നാടോടി സംഘത്തിൽപ്പെട്ടവർ പാലക്കാട് മീങ്കര ചെമ്മണത്തോട്ട് സ്വദേശികളാണ്.