വറുത്തരച്ച നാടൻ താറാവുകറി
ആവശ്യമുള്ള സാധനങ്ങൾ
താറാവിറച്ചി – ഒരു കിലോ
തേങ്ങ ചിരകിയത് – രണ്ട് കപ്പ്
സവാള – നാലെണ്ണം
തക്കാളി – മൂന്നെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – എട്ട് അല്ലി
പച്ചമുളക് – നാലെണ്ണം
കുരുമുളക് – ഒരു ടീസ്‌പൂൺ
മഞ്ഞൾപൊടി – അര ടീസ്‌പൂൺ
വറ്റൽ മുളക് – എട്ടെണ്ണം
മല്ലി – രണ്ട് ടീസ്‌പൂൺ
കറുവപ്പട്ട – രണ്ട് കഷണം
ഗ്രാമ്പൂ – നാലെണ്ണം
ഏലക്ക – മൂന്നെണ്ണം
തക്കോലം – ഒരെണ്ണം
പെരുംജീരകം – ഒരു ടീസ്‌പൂൺ
ചുവന്നുള്ളി – 7 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
താറാവ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി നന്നായി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഒരു സവാളയും, ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് എണ്ണയൊഴിച്ച് ചുവന്നുള്ളി, വറ്റൽ മുളക് , മല്ലി, കുരുമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തേങ്ങ, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, പെരുംജീരകം, കറിവേപ്പില എന്നിവ ചേർത്ത് പൊൻനിറമാകുന്നതുവരെ വറുത്തെടുക്കുക. തണുത്തശേഷം നന്നായി അരച്ചെടുക്കുക. ഒരു മൺചട്ടി അടുപ്പത്തുവച്ച് ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് അറിഞ്ഞുവച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന താറാവിറച്ചിയും തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പും ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. അടച്ചുവച്ച് വേവിക്കുക. ചാറുകുറുകി മുകളിൽ എണ്ണ തെളിഞ്ഞുവരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം. രുചികരമായ വറുത്തരച്ച താറാവുകറി തയ്യാർ.
Photo Courtesy: Google/ images are subject to copyright