ഇംഗ്ലണ്ടിനെതിരെ റെക്കോർഡിട്ട് ഇന്ത്യൻ ബൗളർ അർഷ് ദീപ് സിംഗ്
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും ബെന്‍ ഡക്കറ്റിനെയും വീഴ്ത്തി റെക്കോര്‍ഡിട്ട് ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ്. ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ടി 20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം അർഷ് ദീപ് കരസ്ഥമാക്കി.
വെറും 61 മത്സരങ്ങളില്‍ 97 വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷ്ദീപ് അതിവേഗം റെക്കോര്‍ഡ് സ്വന്തമാക്കിയത്. 80 മത്സരങ്ങളില്‍ 96 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ റെക്കോര്‍ഡാണ് അർഷ് ദീപ് ഇന്ന് മറികടന്നത്. പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍(87 മത്സരങ്ങളില്‍ 90 വിക്കറ്റ്) വിക്കറ്റ്, ജസ്പ്രീത് ബുമ്ര (70 മത്സരങ്ങളില്‍ 89 വിക്കറ്റ്), ഹാര്‍ദ്ദിക് പാണ്ഡ്യ(110 മത്സരങ്ങളില്‍ 89 വിക്കറ്റ്) എന്നിവരാണ് അർഷ് ദീപ് സിംഗിന് പിന്നിലുള്ളത്. 2022 ജൂലൈയില്‍ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ അര്‍ഷ്ദീപ് വെറും രണ്ടരവര്‍ഷം കൊണ്ടാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യൻ ബൗളര്‍മാരില്‍ നമ്പര്‍ വണ്ണായത്. ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് ടി20 ക്രിക്കറ്റില്‍ അര്‍ഷ്ദീപിന്‍റെ ഏറ്റവും മികച്ച ബൗളിംഗ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത അർഷ് ദീപ് സിംഗ് തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ അപകടകാരിയായ ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തിയാണ് ചാഹലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.
Photo Courtesy: Google/ images are subject to copyright

