മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മോനി ബോണ്‍സ്ലെ ഇനി ബിഗ് സ്ക്രീനിൽ തിളങ്ങും.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ഇനി ബിഗ് സ്ക്രീനിൽ തിളങ്ങും. തവിട്ടുനിറമുള്ള കണ്ണുകളും ആകർഷകമായ പുഞ്ചിരിയും മോനി ബോണ്‍സ്ലെ ഒരു ദശലക്ഷം ഹൃദയങ്ങളെ കീഴടക്കി. കുംഭമേളയ്ക്കിടെ പൂ വിൽപ്പനയ്‌ക്കെത്തിയപ്പോഴാണ് മൊണാലിസ ക്യാമറക്കണ്ണുകളിൽ പ്രത്യക്ഷപ്പെടുന്നത്.
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ ചിത്രത്തിലൂടെയായിരിക്കും മൊണാലിസയുടെ ബോളിവുഡിലേക്കുള്ള എൻട്രിയെന്നാണ് സൂചന. സനോജ് മിശ്രയുടെ അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പൂരിനെക്കുറിച്ച് അദ്ദേഹം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കശ്മീർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.
ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും ചിത്രം സനോജ് മിശ്രത്തന്നെ പങ്കുവെച്ചിട്ടുണ്ട്. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വൈറലായതിന് പിന്നാലെ തനിക്ക് സിനിമയിലഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം മൊണാലിസ അറിയിച്ചിരുന്നു. കുടുംബം അനുവദിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മോനി ബോണ്‍സ്ലെയെ കാണാൻ നിരവധി പേർ എത്തുകയും കുടുംബത്തിന്റെ ഉപജീവനമാർഗമായ മാല വിൽപ്പനയെ ബാധിക്കുകയും ചെയ്തതോടെ പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് രക്ഷിതാക്കൾ തിരിച്ചയച്ചിരുന്നു. തന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് കുംഭമേളയിൽ നിന്ന് മടങ്ങുന്നതെന്നായിരുന്നു മൊണാലിസയുടെ അന്നത്തെ പ്രതികരണം.
Photo Courtesy: Google/ images are subject to copyright