ഇൻഫോസിസ് മൈസൂരു ക്യാംപസിൻറെ കൂട്ടപിരിച്ചുവിടൽ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു.

400 ട്രെയിനികളെ ഒറ്റയടിക്ക് പിരിച്ച് വിട്ട ഇൻഫോസിസ് മൈസൂരു ക്യാംപസിൻറെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. 2024 ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയാണ് കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടത്. തുടർച്ചയായ മൂന്ന് ശ്രമങ്ങളിൽ മൂല്യനിർണ്ണയ പരീക്ഷകളിൽ പരാജയപ്പെട്ടുവെന്ന കാരണത്താലാണ് പിരിച്ചുവിട്ടത് എന്നാണ് കമ്പനിയുടെ വിശദീകരണം.
അടുത്തിടെ നടത്തിയ പരീക്ഷകളില്‍ പാസാകാത്തവരോട് എത്രയും പെട്ടെന്ന് തന്നെ ഇൻഫോസിസ് ക്യാമ്പസ് വിടാന്‍ നിർദേശം നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധികള്‍ നേരിടുന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇന്‍ഫോസിസ് വലിയ റിക്രൂട്ട്‌മെൻറ് നടത്തിയിരുന്നില്ല. എന്നാൽ ഫെബ്രുവരിയില്‍ 700 പേരെ ട്രെയിനികളായി റിക്രൂട്ട് ചെയ്യാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അത്തരത്തില്‍ നിയമിച്ചവരില്‍ 400 പേരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.
പിരിച്ചു വിടൽ അന്യായമായി ആണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപിക്കാനുദ്ദേശിച്ചാണ് പരീക്ഷ നടത്തിയതെന്നും സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടൽ അറിയിപ്പ് നൽകിയതെന്നും ഇവർ ആരോപിക്കുന്നു.
പരീക്ഷയുടെ കാര്യം നിയമനത്തിന്റെ സമയത്ത് തന്നെ വ്യക്തമാക്കിയിരുന്നുവെന്നാണ് കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ . “ഇൻഫോസിസിൽ, കർശനമായ ഒരു നിയമന പ്രക്രിയയാണ് ഞങ്ങൾ നടത്തുന്നത്. മൈസൂരു കാമ്പസിൽ വിപുലമായ അടിസ്ഥാന പരിശീലനത്തിന് ശേഷം എല്ലാ ഫ്രഷേഴ്‌സും ഇന്റേണൽ അസസ്‌മെന്റുകളിൽ വിജയിക്കണമെന്നാണ് നിബന്ധന. ഇന്റേണല്‍ അസസ്‌മെന്റിൽ വിജയിക്കാൻ മൂന്ന് അവസരങ്ങളാണ് ലഭിക്കുക. ഇതില്‍ വിജയിച്ചില്ലെങ്കില്‍ അവർക്ക് സ്ഥാപനത്തിൽ തുടരാൻ കഴിയില്ല. ഇത് അവരുമായുള്ള കരാറിലും കമ്പനി പരാമർശിച്ചിട്ടുണ്ട്. ഈ പ്രക്രിയ രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന കാര്യമാണ്. കൂടാതെ ഞങ്ങളുടെ ക്ലയന്റുകൾക്ക് ഉയർന്ന നിലവാരമുള്ള ജോലിക്കാരുടെ ലഭ്യത ഉറപ്പാക്കുന്നു,” ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം 50 പേരടങ്ങുന്ന ബാച്ചുകളായി പരിശീലനാർത്ഥികളെ വിളിക്കുകയും “പരസ്പര ധാരണയോടെയുള്ള വേർപിരിയൽ (mutual separation) ” കത്തുകളിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത്. യഥാർത്ഥത്തില്‍ ഞങ്ങളെ മനപൂർവ്വം പരാജയപ്പെടുത്തുകയാണുണ്ടായത്. ഭാവി ഇരുളടഞ്ഞതായി തോന്നുന്നതിനാൽ നിരവധി ട്രെയിനികൾ വലിയ മാനസിക പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത്’
സംഭവത്തിൽ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻഐടിഇഎസ് പറഞ്ഞു.
Photo Courtesy: Google/ images are subject to copyright