ഫേഷ്യൽ മസ്സാജ് കൊണ്ടുള്ള ഗുണങ്ങൾ
സൗന്ദര്യസംരക്ഷണത്തിനായി പലവിധ സൗന്ദര്യവർദ്ധകവസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറിയപങ്കും. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുകമാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ ആവശ്യമായ രീതിയിലുള്ള സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ഫേസ് മസാജ്. മുഖത്തെ പേശികൾക്കു വേണ്ടത്ര ചലനവും ചർമ്മത്തിനു സുലഭമായി രക്തയോട്ടവും ലഭിച്ചാൽ ചർമ്മത്തിന്റെ തുടിപ്പും കാന്തിയും എന്നും നില നിൽക്കും. മുഖചർമ്മത്തിനു തിളക്കവും സൗന്ദര്യവും യൗവനവും തിരിച്ചു പിടിക്കാനുള്ള എളുപ്പവഴികളിലൊന്നാണു മുഖത്തു സ്വയം ചെയ്യാവുന്ന ഫേഷ്യൽ മസാജുകൾ. ഇത്തരത്തിൽ വീട്ടിത്തന്നെ ചെയ്യാവുന്ന ഫേഷ്യൽ മസാജിന്റെ പ്രക്രിയകളാണ് ചുവടെ ചേർത്തിരിക്കുന്നത്
ക്ലെൻസിങ്
ഫേഷ്യൽ മസാജുകൾ ചെയ്യാനുള്ള ഏറ്റവും ആദ്യത്തെ പ്രക്രിയ നിങ്ങളുടെ മുഖത്ത് മേക്കപ്പിന്റെ അംശങ്ങൾ ഏതെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് നീക്കം ചെയ്യുകയെന്നതാണ്. നിലവാരമുള്ള ഏതെങ്കിലും ക്ലെൻസറുകൾ ഇതിനായി ഉപയോഗിക്കാം. ബേബി ഓയിലുകൾ മികച്ച ഒരു മേക്കപ്പ് റിമൂവറുകളാണ്. ഒരു പഞ്ഞി ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖത്തെ മുഴുവനും മേക്കപ്പും തുടച്ചു നീക്കാം. മേക്കപ്പ് മുഴുവനും തുടച്ചുനീക്കിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കുക.
നല്ല നിലവാരമുള്ള ഏതെങ്കിലും ഒരു ക്ലെൻസറുകൾ തെരഞ്ഞെടുത്ത് അതിൽ നിന്ന് അൽപ്പം നിങ്ങളുടെ കൈപ്പത്തിയിൽ ഒഴിക്കുക. സൗമ്യമായ രീതിയിൽ ഇത് മുഖത്ത് മുഴുവനും പുരട്ടി തടവുക. നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെല്ലാം നിങ്ങളുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമാണ് എന്ന് സ്വയം ഉറപ്പുവരുത്തുക. ക്ലെൻസർ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോൾ കൂടുതൽ സമ്മർദം ചെലുത്താതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം മൃദുവായ ഒരു സ്പോഞ്ച് എടുത്ത് വെള്ളത്തിൽ മുക്കി മുഖം നല്ലവണ്ണം തുടച്ചുവൃത്തിയാക്കുക.
സ്‌ക്രബ്ബിംഗ്
ക്ലെൻസ് ചെയ്തശേഷം മുഖചർമ്മത്തിലെ മൃതകോശങ്ങൾ മാറ്റുന്നതിലേക്കായി നിങ്ങൾക്ക് അനുയോജ്യമായതും മികച്ചതുമായ ഏതെങ്കിലും എക്സ്ഫോളിയേറ്ററുകൾ തിരഞ്ഞെടുക്കുക. ഇത് മുഖത്തു പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. മൂക്ക്, താടി എന്നീ ഭാഗങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകുന്നത് നല്ലതാണ്.
മസാജിങ്
സ്‌ക്രബ്ബിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ, ഉടൻ തന്നെ നിങ്ങൾക്ക് മസാജിങ് ആരംഭിക്കാം. കുറച്ച് മസാജ് ക്രീം നിങ്ങളുടെ കൈപ്പത്തിയിൽ വച്ച് കുറച്ച് നേരം തടവുക. അങ്ങനെയെങ്കിൽ ക്രീം കൂടുതൽ ലോലവും ഊഷ്മളവുമായി മാറുകയും ഇത് നിങ്ങളുടെ മസാജിങ്ങ് കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കുകയും ചെയ്യും. കഴുത്തിൽ നിന്നും തുടങ്ങി മുഖത്തിലേക്ക് വ്യാപിക്കുന്നതരത്തിൽ മുകളിലേക്കാണ് മസാജ് ചെയ്യേണ്ടത്. കവിളുകൾ മസാജ് ചെയ്യുമ്പോൾ മൂക്കിന്റെ വശത്തുനിന്നും കവിളുകളിലൂടെ ചെവിയുടെ ഭാഗത്തേക്ക് മസാജ് ചെയ്യുക. രണ്ട് കണ്ണുകളുടെയും മൂലകളിൽ നിന്ന് മുകളിലേക്ക് പതിയെ മസാജ് ചെയ്യുക. ശേഷം രണ്ട് കൺപോളകളും തള്ളവിരൽ ഉപയോഗിച്ച് അടച്ചു വച്ചുകൊണ്ട് കുറച്ചു സമയം കണ്ണുകൾക്ക് വിശ്രമം നൽകുക. ശേഷം നനഞ്ഞ മൃദുവായ ഒരു സ്പോഞ്ച് ഉപയോഗിച്ച് മുഖം നല്ലവണ്ണം തുടയ്ക്കുക.
ഫേസ് പായ്ക്ക്
ശേഷം നിങ്ങളുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഏതെങ്കിലുമൊരു ഫെയ്സ് പായ്ക്ക് തയ്യാറാക്കിയെടുത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ടോണർ എടുത്തശേഷം ഒരു പഞ്ഞിയിൽ മുക്കി മുഖത്ത് പതിയെ തേയ്ക്കുക. അതിനുശേഷം വിരൽത്തുമ്പിൽ കുറച്ച് ഐ ക്രീം എടുത്ത് കണ്ണുകളുടെ ഭാഗത്ത് ചർമ്മത്തിന് മുറുക്കം അനുഭവപ്പെടാത്ത രീതിത്തിൽ സൗമ്യമായി മസാജ് ചെയ്യുക. ശേഷം ഒരു മോയ്‌സ്ചുറൈസർ എടുത്ത് കവിൾ, നെറ്റി, താടി, കഴുത്ത് എന്നിവിടങ്ങളിൽ നന്നായി പുരട്ടുക.

