അതിതീവ്രമഴ; കണ്ണൂരും കാസർകോടും പ്രളയസമാനം,എല്ലാ ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കനത്ത മഴയിൽ കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിലും കണ്ണൂരിൽ പലയിടത്തും പ്രളയസമാന സാഹചര്യമാണുള്ളത്. കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണുള്ളത്. വരുംദിവസങ്ങളിൽ മഴ കനത്താൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇന്നലെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിഴിഞ്ഞത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 9 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Photo Courtesy: Google/ images are subject to copyright

