ചുണ്ടുകളിലെ കരുവാളിപ്പ് മാറ്റാനുള്ള പ്രകൃതിദത്തമാർഗ്ഗങ്ങൾ
തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകൾ എന്നൊക്കെ നാം കേട്ടുകാണും. സൗന്ദര്യത്തിന് ചുണ്ടുകൾ പ്രധാന ഘടകങ്ങളാണ്. മൃദുവായ, ചുവന്ന ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ചുണ്ടുകളുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. ചുണ്ടുകൾ വളരെ ലോലമാണ്. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിന്റെ പ്രധാന കാരണം പരിപാലനക്കുറവും തെറ്റായ ഭക്ഷണക്രമവുമൊക്കെയാണ്. കരിവാളിപ്പകറ്റി ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കുന്നതിന് സഹായിക്കുന്ന ചിലസ്വാഭാവികമാർഗ്ഗങ്ങൾ എന്തെന്ന് നോക്കാം.
നാരങ്ങ
പൊതുവേ ബ്ലീച്ചിംഗ് ഇഫക്ടുള്ള ഒന്നാണ് നാരങ്ങ. ഇതിലെ വൈറ്റമിൻ സി ചർമ്മത്തിന് പല ഗുണങ്ങളും നല്കുന്ന ഒന്നാണ്. ചുണ്ടുകൾക്കും ഇത് പ്രശ്നങ്ങളില്ലാതെ ബ്ലീച്ചീംഗ് ഇഫക്ട് നല്കുന്നതോടൊപ്പം മൃതകോശങ്ങൾ അകറ്റി ചുണ്ടുകൾക്ക് മാർദ്ദവം നല്കാൻ സഹായിക്കുകയും ചെയ്യുന്നു. പഞ്ചസാര നല്ലൊരു സ്ക്രബറാണ്. കെമിക്കലുകളുടെ ദോഷമില്ലാതെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര വളരെ നല്ലതാണ്.
തക്കാളി
സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന മറ്റൊന്നാണ് തക്കാളി. തക്കാളിയിലും വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് . ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീന് എന്ന ഘടകം ചർമ്മത്തിന് മികച്ച ഗുണം നല്കുന്നു. തക്കാളിയിലും ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നിറം നൽകാനും തിളക്കം നൽകാനും സഹായിക്കും. ഇത് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന്റെ പിഎച്ച് മൂല്യം സന്തുലിതമാക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു.
തേൻ
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ തേൻ സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. ഇത് പല സൗന്ദര്യഗുണങ്ങളും നല്കുന്നു. മുഖക്കുരു അകറ്റുന്നതിനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും തേൻ സഹായിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന പാടുകൾ നിയന്ത്രിക്കാനും അണുബാധകളിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകാനും തേൻ സഹായിക്കും.
ബീറ്റ്റൂട്ട്
ചുണ്ടുകൾക്ക് നിറം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ലിപ്സ്റ്റിക്ക് ആണ് ബീറ്റ്റൂട്ട്. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുത്ത ബീറ്റ്റൂട്ട് കഷ്ണം ചുണ്ടിൽ ഇടക്കിടക്ക് ഉരസുക. വെറുതെയിരിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.
ബദാം ഓയിൽ
ചുണ്ടുകൾക്ക് കൂടുതൽ തിളക്കവും നൽകാൻ ബദാം ഓയിൽ അത്യുത്തമമാണ്. ഉറങ്ങുന്നതിന് മുമ്പായി അല്പം ബദാം ഓയിൽ ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾക്ക് തിളക്കം നൽകാനും കൂടുതൽ നിറവും മൃദുത്വവും നൽകാനും സഹായിക്കും.
വെള്ളരിക്ക നീര്
ഇരുണ്ട നിറമുള്ള ചുണ്ടുകൾ ഉള്ളവർ അല്പം വെള്ളരിക്കയുടെ നീരെടുത്ത ചുണ്ടുകളിൽ പുരട്ടുക. ഈ നീര് ഉണങ്ങികഴിയുമ്പോൾ ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ച് ചുണ്ടുകൾ വൃത്തിയാക്കുക.
തൈര്
തൈരിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മകോശങ്ങളെ ദൃഢമാക്കാനും യുവത്വം നിലനിർത്താനുമെല്ലാം സഹായിക്കുന്നു. ദിവസവും തെെര് കൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നത് നിറം കൂട്ടാനും വരൾച്ച അകറ്റാനും സഹായിക്കും.
കറ്റാർവാഴ ജെൽ
അലോസിൻ എന്ന ഫ്ലേവനോയ്ഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കറ്റാർവാഴ ഇരുണ്ട ചുണ്ടുകളെ ഫലപ്രദമായി കുറയ്ക്കാൻ സഹായം ചെയ്യും. ഈ പോളിഫെനോളിക് സംയുക്തം ചർമ്മത്തിലെ അമിത പിഗ്മെന്റേഷൻ പ്രക്രിയയെ പ്രതിരോധിക്കുകയും ചുണ്ടുകളുടെ ആരോഗ്യകരമായ തിളക്കവും നിറവും നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
നെയ്യ്
രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച തടയാനും ചുണ്ടിന് നിറം വയ്ക്കാൻ സഹായിക്കും.
ഒരു നാരങ്ങ രണ്ടായി മുറിയ്ക്കുക. ഇത് ചെറിയ തരികളുള്ള പഞ്ചസാരയിൽ മുക്കുക. ശേഷം ഈ നാരങ്ങാമുറി കൊണ്ട് ചുണ്ടിൽ ഉരസുക. അല്പനേരം ഇതു ചെയ്യണം. ഇത് ചുണ്ടിലെ കരുവാളിപ്പ് മാറാനും മൃതകോശങ്ങൾ മാറി ചുണ്ട് മാർദ്ദവുള്ളതാകാനും സഹായിക്കുന്നു. 10 മിനിറ്റുനേരം ഇതുപോലെ സ്ക്രബ് ചെയ്യാം. ശേഷം ഇത് തുടച്ചു കളയാം. തക്കാളിനീരിൽ അല്പം തേൻ ചേർത്ത് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റ് ശേഷം കഴുകാം. ഇത് ആഴ്ചയിൽ രണ്ടു മൂന്ന് ദിവസം ചെയ്യാം. തൈരിൽ അൽപ്പം പഞ്ചസാര ചേർത്ത് ചുണ്ടുകളിൽപ്പുരട്ടി മൃദുവായി മസ്സാജ് ചെയ്യുക. ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയുക. തുർച്ചയായി ഈ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ പാർശ്വഫലങ്ങൾ ഇല്ലാതെ ചുണ്ടിലെ കരുവാളിപ്പ് മാറ്റാം.
Photo Courtesy: Google/ images are subject to copyright

