ഇന്ത്യയുടെ നാവികശക്തിക്ക് കരുത്ത് പകരാൻ കെ-6 ഹൈപ്പർസോണിക് മിസൈൽ
അന്തർവാഹിനികളിൽ നിന്നും വിക്ഷേപണം നടത്താവുന്ന 8000 കിലോമീറ്റർ പരിധിയുള്ള ഹൈപ്പർസോണിക് സബ്‌മറിൻ മിസൈലിൻറെ വികസനം അവസാനഘട്ടത്തിൽ. DRDOയുടെ അഡ്വാൻസ്ഡ് നാവൽ സിസ്റ്റം ലബോറട്ടറിയിലാണ് കെ-6 ഹൈപ്പർസോണിക് മിസൈൽ അവസാന ഘട്ട വികസനം പുരോഗമിക്കുന്നത്. ഇന്ത്യ തൻറെ നാവിക ശക്തി കൂടുതൽ ശക്തിപ്പെടുത്തുകയാണ്. വിമാനവാഹിനികൾ, സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ, സബ്‌മറിനുകൾ തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപങ്ങളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കെ-6 ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയുടെ ആണവമിസൈൽ കരുത്തിന്റെ പുതിയ അധ്യായമാണ് കെ-6. ശബ്ദ വേഗത്തേക്കാൾ 7.5 മടങ്ങ് കൂടുതലായ 9,261 കിലോമീറ്റർ/മണിക്കൂർ വേഗതയിലായിരിക്കും കെ-6 കുതിക്കുന്നത്. 2030-ഓടെ മിസൈൽ പരീക്ഷണം നടക്കുമെന്നാണ് പ്രതീക്ഷ.
ബ്രഹ്മോസ് പദ്ധതിയുമായി ബന്ധപ്പെട്ട മുൻ ശാസ്ത്രജ്ഞൻ പങ്കുവെച്ച വിവരങ്ങളനുസരിച്ച്, കെ-6 മിസൈലിന് 8,000 കിലോമീറ്റർ ദൂരപരിധിയുണ്ട്. മുമ്പ് ഇന്ത്യ സഫലമായി പരീക്ഷിച്ച കെ-3 (1,000-2,000 കിലോമീറ്റർ), കെ-4 (3,500 കിലോമീറ്റർ), കെ-5 (5,000-6,000 കിലോമീറ്റർ) മിസൈലുകൾ ഇതിനകം നാവികസേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ശേഷിയോടെ വരുന്ന കെ-6, ആഗ്നി-5 മിസൈലിനൊപ്പം ഇന്ത്യയുടെ ആണവപ്രതിരോധശേഷിയെ ശക്തിപ്പെടുത്തും. അത്യാധുനിക സാങ്കേതികവിദ്യ, ഉയർന്നവേഗത, ദൂരം, തന്ത്രപരമായ ലക്ഷ്യങ്ങൾ എന്നിവയിലൂടെയും അതിന്റെ വികസനം ഇന്ത്യയെ ആഗോള ആണവ ശക്തികളുടെ നിരയിലേക്ക് കൊണ്ടുവരുന്നു.
Photo Courtesy: Google/ images are subject to copyright

