ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യൻ; ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി
ദിവ്യ ദേശ്മുഖ് ഫിഡെ വനിതാ ചെസ് ലോകകപ്പ് ചാമ്പ്യനായി. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ചെസ് വനിതാ ലോകകപ്പിന്റെ ടൈ ബ്രേക്കില്‍ മറ്റൊരു ഇന്ത്യന്‍ താരം കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് 19കാരിയായ ദിവ്യ ചാമ്പ്യനായത്. ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്.
ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി.
റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളിലാണ് ടൈ ബ്രേക്കര്‍ ഗെയിമുകള്‍. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം. ഹംപിയോ, ദിവ്യയോ ആര് ജയിച്ചാലും ഇന്ത്യക്ക് ആദ്യ വനിതാ ലോകകപ്പ് ചാമ്പ്യന്‍ ഉറപ്പായിരുന്നു. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
Photo Courtesy: Google/ images are subject to copyright

