ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക് അറസ്റ്റിൽ
ലഡാക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, സാമൂഹികപ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുകിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തു. സമരം അക്രമാസക്തമായതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 4 പേർ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എൺപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വാങ്ചുക്കിനെ പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായിയാണ് വിവരം.
സെപ്റ്റംബർ 10 മുതൽ സോനം വാങ്ചുക്ക് ഉൾപ്പെടെ 15 പേർ 35 ദിവസത്തെ നിരാഹാരസമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരത്തിൽ പങ്കെടുത്ത രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിനു പിന്നാലെ, ലേയിലെ ബുദ്ധമത സംഘടനയായ ലേ ഏപ്പെക്സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. സമരം അക്രമാസക്തമായതോടെ സുരക്ഷാ സേന വെടിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുക്കിന്റെ പ്രസ്താവനകളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
ഇതിന് പിന്നാലെ, വാങ്ചുക്കിന്റെ സന്നദ്ധസംഘടനയായ ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL)-ന്റെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ലംഘിച്ചതാണ് ഇതിന് പിന്നിലെ കാരണം.
നിലവിൽ ലഡാക്ക് കലാപവുമായി ബന്ധപ്പെട്ട കേസുകൾ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിൽ വാങ്ചുക്കിന്റെ പാക്കിസ്ഥാൻ യാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

